ADVERTISEMENT

പുതിയ ആദായനികുതി സ്‌കീമില്‍ നികുതി നിരക്കുകള്‍ കുറച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനോട് സമ്മിശ്ര പ്രതികരണവുമായി വിദഗ്ധര്‍.

ഓപ്പൺ ബാങ്കിങ് രീതിയിലേക്ക് മാറും
∙ എസ്.ആദികേശവൻ (ബാങ്കിങ് വിദഗ്ധൻ)

സന്തുലിത സാമ്പത്തിക വളർച്ചയ്ക്കും സർവസ്പർശിയായ വികസനത്തിനും ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും പ്രധാനപ്പെട്ട പങ്കുണ്ട് എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കാതലായ ചില നടപടികൾ ഉള്ളതാണ് ഈ ബജറ്റ്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള ഗ്യാരണ്ടി ട്രസ്റ്റിലേക്ക് 9000 കോടി രൂപയുടെ നീക്കിയിരുപ്പ് പ്രഖ്യാപിച്ചു. ഇതുമൂലം ഏകദേശം 2 ലക്ഷം കോടി രൂപയുടെ അധിക വായ്പ കൊടുക്കുവാൻ സാധിക്കും. കോവിഡിനെത്തുടർന്ന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന എമർജൻസി ക്രെഡിറ്റ് പദ്ധതിയുടെ ചുവടുപിടിച്ചാണ് ഈ പുതിയ തീരുമാനം. കാർഷിക രംഗത്തിന് പ്രോത്സാഹനം നൽകുന്ന തീരുമാനമാണ് അഗ്രി ആക്സിലറേറ്റർ ഫണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഈ ഫണ്ടിന്റെ നിക്ഷേപം കിട്ടുകയാണെങ്കിൽ അവർക്ക് മറ്റുള്ള സ്വകാര്യ നിക്ഷേപക ഫണ്ടുകളിൽ നിന്നും പണം ലഭിക്കാനുള്ള സാധ്യത ഏറും.

ഇതു കൂടാതെ വനിതകൾക്കു വേണ്ടിയുള്ള 2 വർഷത്തെ നിക്ഷേപ പദ്ധതി (പലിശ നിരക്ക് 7.5% - മഹിളാ സമ്മാൻ ബച്ചത് പത്ര), മുതിർന്ന പൗരന്മാർക്ക് വേണ്ടി പരിധി ഉയർത്തിക്കൊണ്ടു (15 ലക്ഷത്തിൽ നിന്ന് 30 ലക്ഷം) പ്രഖ്യാപിച്ച ഉയർന്ന പലിശ നിരക്കുള്ള (ഇപ്പോൾ 8%) സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം എന്നിവയൊക്കെ സാധാരണക്കാർക്ക് ഉപകാരപ്രദമായിരിക്കും. ഇതിലെല്ലാമുപരിയായി ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിച്ചു ബാങ്ക് ഇടപാടുകാർക്ക് രേഖകൾ സമർപ്പിക്കാനുള്ള സംവിധാനം ലഘൂകരിക്കും. സാങ്കേതികമായി പറഞ്ഞാൽ ഓപ്പൺ ബാങ്കിങ് (അടിസ്ഥാന രേഖകൾ ഓരോ പ്രാവശ്യവും ഇടപാടുകാരൻ പ്രത്യേകം സമർപ്പിക്കാതെ ഒറ്റ ഡിജിറ്റൽ ഉറവിടത്തിൽ നിന്ന് തന്നെ എല്ലാ സ്ഥാപനങ്ങൾക്കും പ്രാപ്യമാകുന്ന സംവിധാനം) രീതിയിലേക്കു മാറുവാനുള്ള സൂചനകളും ഈ ബജറ്റിൽ നമുക്കു കാണാം.

പഴയ നികുതി സമ്പ്രദായം അപ്രസക്തമാകും
∙ ബാബു കള്ളിവയലിൽ (ആദായനികുതി വിദഗ്ധൻ)

ദീർഘകാല അടിസ്ഥാനത്തിലുള്ള വ്യക്തിഗത നികുതിഘടനയുടെ അഭാവമാണ് ഈ ബജറ്റിൽ വ്യക്തമാകുന്നത്. എല്ലാ നികുതി അനുകൂല്യങ്ങളും 3 വർഷം മുൻപ് പ്രഖ്യാപിച്ച പുതിയ നികുതി സമ്പ്രദായത്തിലേക്കു മാത്രമായി പരിമിതപ്പെടുത്തിയതിലൂടെ പഴയ നികുതി സമ്പ്രദായം ഉപേക്ഷിക്കുമെന്നാണു സൂചന. നികുതി ആനുകൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ പദ്ധതികൾക്കും ഇനി ഊന്നൽ ഉണ്ടാകില്ല. നിക്ഷേപത്തിൽനിന്നു വിപണിയിലേക്കു പണം എത്തിക്കുക എന്നതാണു പുതിയ നികുതിസമ്പ്രദായം ലക്ഷ്യമാക്കുന്നത്. അതുവഴി സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുകയായിരിക്കും ധനമന്ത്രിയുടെ ലക്ഷ്യം.

ദാരിദ്ര്യ നിർമാർജനം നടക്കില്ല
∙ ഡോ.സന്തോഷ് കുമാർ (ഡയറക്ടർ, സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ്, കുസാറ്റ്)

ദാരിദ്ര്യം കുറയ്ക്കാനുള്ള മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ചു. പകരം മൂലധന നിക്ഷേപം 10 ലക്ഷം കോടിയാക്കുമെന്ന പ്രഖ്യാപനം കൊണ്ട് ദാരിദ്ര്യ നിർമാർജനം നടക്കില്ല. ബജറ്റിലെങ്ങും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനെപ്പറ്റി പരാമർശമേയില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ കണ്ണുനട്ടിട്ടാണെങ്കിലും പട്ടികവർഗ ജനസംഖ്യയ്ക്ക് വിവിധ പദ്ധതികൾക്കായി 15000 കോടി നീക്കിവച്ചതു നല്ല നിർദേശമായെടുക്കാം.

ഓഹരിവിപണിയിൽ ചലനമുണ്ടാക്കും
∙ ഡോ.മാർട്ടിൻ പാട്രിക് (ചീഫ് ഇക്കണോമിസ്റ്റ്, സിപിപിആർ)

പുതിയ നികുതി പരിഷ്കരണ രീതിയിൽ വിലക്കയറ്റത്തെ ഉൾക്കൊള്ളുന്ന മാറ്റം സംഭവിച്ചിട്ടില്ല. 2014 മുതൽ വിലക്കയറ്റത്തിലെ മാറ്റം 47% ആണ്. എന്നാൽ ഈ കാലയളവിൽ നികുതി ഇളവുകളിൽ മാറ്റം വന്നിട്ടുമില്ല. മൂലധന വിപണിക്ക് ബാധകമായ നേരിട്ടുള്ള നിർദേശങ്ങൾ ബജറ്റിൽ കുറവാണ്. എങ്കിലും മൂലധന ചെലവ് വർധിക്കുമെന്നുള്ള പ്രഖ്യാപനവും ലോഹ - സിമന്റ് വ്യവസായങ്ങൾക്ക് നൽകിയ പ്രാധാന്യവും ഓഹരി വിപണിയിൽ ചലനമുണ്ടാക്കും.

പിഎൽഐ പദ്ധതി കൂടുതൽ മേഖലകളിലേക്കു വ്യാപിച്ചത് വൻകിട വ്യവസായങ്ങളുടെ വളർച്ചയ്ക്കു ഗുണം ചെയ്യും. എന്നാൽ സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾ അടങ്ങുന്ന എംഎസ്എംഇ മേഖലകളുടെ നിക്ഷേപം ഉയർത്തുന്ന ക്രിയാത്മക നടപടികളുടെ അഭാവം വ്യക്തമാണ്. വേണ്ടത്ര വിജയിക്കാതെ പോയ ബാങ്ക് ക്രെഡിറ്റ് പദ്ധതികളുടെ ആവർത്തനമാണ് ബജറ്റിൽ ഇത്തവണ കാണാൻ കഴിയുന്നത്. അടിസ്ഥാന സൗകര്യ മേഖലകളിൽ പതിവ് ഊന്നൽ നൽകിയത് പൊതു- സ്വകാര്യ നിക്ഷേപം വർധിപ്പിക്കും. റെയിൽവേയ്ക്കായി പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ വികസനം മൂലധനച്ചെലവിനെ മെച്ചപ്പെടുത്തും. മൂലധനച്ചെലവ്, ജിഡിപിയുടെ 3.5% ആക്കുമെന്ന പ്രഖ്യാപനവും ഇതിന്റെ പ്രതിഫലനമാണ്. എന്നാൽ, ഇതിന്റെ വിഭവ സമാഹരണത്തിൽ വ്യക്തതയില്ല.

ആരോഗ്യരംഗത്തിനു വേണ്ടത് കിട്ടിയില്ല
∙ ഡോ. എസ്. മുരളീധരൻ
   വിസിറ്റിങ് ഫാക്കൽറ്റി,കെ.എൻ. രാജ് സെന്റർ ഫോർ പ്ലാനിങ് ആൻഡ് സെന്റർ സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസ് (എംജി)

വിദേശ സർവകലാശാലകൾ വരുന്നതിലും ഗവേഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങൾ കൂടുതൽ ഉണ്ടാകണമായിരുന്നു. വിദ്യാഭ്യാസരംഗത്തിനു നൽകിയ പ്രാധാന്യം ആരോഗ്യരംഗത്തിനു നൽകിയിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ നല്ല വർധന പ്രതീക്ഷിച്ചിരുന്നു. അത് ഇല്ലെന്നു മാത്രമല്ല, രാജ്യാന്തര നിഷ്കർഷ പരിധിയായ മൂന്നു ശതമാനം കൈവരിക്കാൻ ഇനിയും ദീർഘദൂരം താണ്ടണം. മരുന്നു മേഖലയുടെ നവീകരണത്തിനായി പ്രത്യേക ഫണ്ട്, സ്വകാര്യ മേഖലയുടെ ഗവേഷണവിഹിതം, സ്വകാര്യ മേഖലയുടെ പങ്ക് എന്നിവയ്ക്കെല്ലാം പ്രാധാന്യം നൽകിയിട്ടുണ്ട്. നിർമിതബുദ്ധി (AI) വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികൾ തൊഴിലവസരങ്ങൾക്കും വിപണി അധിഷ്ഠിത നൈപുണ്യ വികസനത്തിനും സഹായിക്കും. ചുരുക്കത്തിൽ ആരോഗ്യരംഗത്തെക്കാൾ വിദ്യാഭ്യാസ മേഖലയ്ക്കാണ് ഇത്തവണത്തെ ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുള്ളത്. രണ്ടിലും കാതലായ പ്രശ്നങ്ങളെ നേരിടുന്നതിൽ വിമുഖതയുണ്ട്.

അഗ്രി സ്റ്റാർട്ടപ്പുകൾക്ക് നേട്ടമാകും
∙ പി.എസ്.പ്രദീപ് (എംഡി, ഫാർമേഴ്സ് റഷ്സോൺ)

അഗ്രി സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ധനസഹായം നൽകുന്നത് രാജ്യമെമ്പാടും അത്തരം സംരംഭങ്ങൾ വരാൻ ഇടയാക്കും. പാലും മുട്ടയും പച്ചക്കറികളും പോലെ കാർഷികോൽപന്നങ്ങൾ ഉപഭോക്താക്കളിലെത്തിക്കുന്ന ഫാർമേഴ്സ് റഷ്സോൺ പോലെ ഒട്ടേറെ സ്റ്റാർട്ടപ്പുകൾ വരും. ഭക്ഷ്യ സംസ്ക്കരണ രംഗത്തിനും ഇതിന്റെ പ്രയോജനം ലഭിക്കും. കൃഷി വായ്പയ്ക്ക് 20 ലക്ഷം കോടിയാണ് നീക്കിവച്ചിരിക്കുന്നത്. കൃഷിക്കു മാത്രമല്ല അനുബന്ധ മേഖലകൾക്കെല്ലാം ഈ വായ്പകൾ ലഭിക്കും. കാർഷിക രംഗത്തു നിന്നുള്ള സപ്ളൈ ചെയിൻ കമ്പനികൾക്കും പ്രയോജനം ലഭിക്കും. ഗ്രാമങ്ങളിൽ ശീതീകരിച്ച സ്റ്റോറേജ് സൗകര്യം ഒരുക്കുന്നത് കർഷകരുടെ ദീർഘകാല ആവശ്യമാണ്. ഉൽപന്നങ്ങൾ ശേഖരിച്ചുവച്ച് മികച്ച വില കിട്ടുമ്പോൾ വിൽക്കാൻ അത് കർഷകനു സൗകര്യം നൽകുന്നു.

യുവജനതയ്ക്കും മധ്യവർഗത്തിനും തുച്ഛമായ തുക മാത്രം
∙ ഡോ.രശ്മി പി.ഭാസ്കരൻ (പോളിസി അനലിസ്റ്റ്, റീഡ് അസോഷ്യേറ്റ്സ്)

50 കോടിയോളം വരുന്ന യുവജനതയ്ക്കും മധ്യവർഗത്തിന്റെ ഏറ്റവും താഴത്തെ നിലയിലുള്ളവർക്കും വിഭവ വിതരണം വന്നപ്പോൾ വളരെ തുച്ഛമായ തുക മാത്രം. യുവജനത ഏതൊരു രാജ്യത്തിന്റെയും ഏറ്റവും വലിയ വിഭവമാണ്. ആരോഗ്യവും, വിദ്യാഭ്യാസവും, കഴിവുമുള്ള യുവാക്കൾ ഇല്ലാത്തതിനാലാണ് കാനഡയും പല യൂറോപ്യൻ രാജ്യങ്ങളും ആളുകളെ ആകർഷിക്കാനുള്ള പദ്ധതികൾ കൊണ്ടുവരുന്നത്. ഇന്ത്യയ്ക്ക് മികച്ച മനുഷ്യവിഭവശേഷിയുണ്ട്. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമായി കുറഞ്ഞ പക്ഷം ജിഡിപിയുടെ 9% (3+6) കൊടുക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഉന്നത നിലവാരം പുലർത്തിയ രാജ്യങ്ങൾ തങ്ങളുടെ വളർച്ചയുടെ തുടക്കത്തിൽ 12 മുതൽ 20 ശതമാനം വരെ മാനുഷിക വിഭവ വികസനത്തിനായി നീക്കിവച്ചിട്ടുണ്ട്.

ഇത്തവണത്തെ ബജറ്റ് ആരോഗ്യത്തിനായി ഏകദേശം 5.6% നീക്കിവച്ചു. ആരോഗ്യത്തിനുള്ള നീക്കിയിരിപ്പു കോവിഡിന് മുൻപുള്ള കാലത്തെ അപേക്ഷിച്ച് ഇരട്ടിച്ചിട്ടുണ്ട്. എന്നാൽ വിദ്യാഭ്യാസത്തിന് യുപിഎ ഒന്നാം സർക്കാർ ജിഡിപിയുടെ 4 ശതമാനത്തിനു മുകളിൽ ചെലവാക്കിയിട്ടുണ്ട്. നൈപുണ്യവികസന പദ്ധതികൾ ഉണ്ടായാലും അടിസ്ഥാന വിദ്യാഭ്യാസ നിലവാരവും ബൗദ്ധിക വളർച്ചയും വേണ്ടരീതിയിൽ കിട്ടാത്ത യുവതയ്ക്ക്, അതിന്റെ പ്രയോജനം അനുഭവിക്കാൻ കഴിയില്ല. ഭക്ഷണത്തിനായുള്ള സബ്സിഡി വളരെക്കുറയ്ക്കുകയും ചെയ്തു. 2021-22 ൽ 288969 കോടി രൂപയായിരുന്നത്, 2023-24ൽ 197350 കോടി രൂപയായി കുറഞ്ഞു. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കുള്ള സബ്സിഡിയിൽ ഏകദേശം 70000 കോടിയും സമാഹരണത്തിനായുള്ള ഫണ്ടിൽ 20000 കോടിയും ഈ കാലയളവിൽ കുറഞ്ഞു.

എംഎസ്എംഇ മേഖലയ്ക്ക് ഗുണം
∙ ബി.പ്രസന്നകുമാർ (ജില്ലാ വ്യവസായകേന്ദ്രം മുൻ ജനറൽ മാനേജർ)

അടിസ്ഥാന സൗകര്യവികസനത്തിന് 2014ൽ നിന്ന് 30% തുക വർധിപ്പിച്ച് 10 ലക്ഷം കോടി രൂപ വകയിരുത്തിയത് എംഎസ്എംഇ മേഖലയ്ക്ക് ഗുണം ചെയ്യും. അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നൽ നൽകി ധാരാളം വ്യവസായങ്ങൾ ആരംഭിക്കാൻ വഴിയൊരുങ്ങും. കൂടാതെ സ്വകാര്യ നിക്ഷേപം വർധിപ്പിക്കാനായി ഇൻഫ്രാസ്ട്രക്ചറൽ ഫിനാൻസ് സെക്രട്ടേറിയറ്റിന്റെ സഹായവും നൽകും. മാർക്കറ്റിങ് വികസനത്തിനായി കഴിഞ്ഞ ബജറ്റിലാണ് ഒരു ജില്ല, ഒരു ഉൽപന്നം എന്ന പദ്ധതി നിലവിൽ വന്നത്. അത് കൂടുതൽ ശക്തമാക്കാനായി യുണിറ്റി മാൾസ് ആരംഭിക്കാനുള്ള തീരുമാനം നേട്ടമാകുക സംസ്ഥാനങ്ങൾക്കാണ്.

അധിക സെക്യൂരിറ്റി ഇല്ലാതെ വായ്പ നൽകുന്ന പദ്ധതിക്കായി രണ്ടു ലക്ഷം കോടി വകയിരുത്തിയിട്ടുണ്ട്. 2000 മുതൽ നിലവിലുള്ള ഈ പദ്ധതിക്കായി ഈ ബജറ്റിലും തുക വർധിപ്പിച്ചത് സംരംഭങ്ങൾക്കു പ്രചോദനമാകും. കൂടാതെ കോവിഡ് കാലഘട്ടത്തിൽ പ്രവർത്തനം തടസ്സപ്പെട്ട് പെർഫോമൻസ് സെക്യൂരിറ്റി പിടിച്ചുവയ്ക്കപ്പെട്ട യൂണിറ്റുകൾക്ക് 95% തുക തിരികെ നൽകുമെന്ന പ്രഖ്യാപനം വ്യവസായ മേഖലയ്ക്ക് ഉണർവു പകരുന്ന ഒന്നാണ്. ഡിജി ലോക്കർ സ്ഥാപനങ്ങൾക്കു നൽകുന്നത് സംരംഭകർക്ക് മറ്റു പലവിധ റജിസ്ട്രേഷനുകൾ ഒഴിവാക്കാനും പലവിധ രേഖകൾ സമർപ്പിക്കുന്നതിലെ നൂലാമാലകൾ ഒഴിവാക്കാനും സഹായിക്കും. ഒറ്റനോട്ടത്തിൽ ഗുണപരം എന്നു പറയാമെങ്കിലും ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികളുടെ പോരായ്മ ബജറ്റിലുണ്ട്.

English Summary: Experts give mixed reaction to Union Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com