കേന്ദ്ര ബജറ്റ്: പുതിയ നികുതി രീതിയിൽ 4 ഇളവുകൾ മാത്രം

HIGHLIGHTS
  • കേന്ദ്ര ബജറ്റിലെ നികുതി സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം
tax-representational
SHARE

നികുതി, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള ചില ഉത്തരങ്ങൾ ഇതാ. 

ബാങ്ക് പലിശയും നിക്ഷേപ പെൻഷനും മാത്രം വരുമാനമായുള്ള 75 വയസ്സു കഴിഞ്ഞവർ റിട്ടേൺ ഫയൽ ചെയ്യേണ്ട എന്നൊരു നിർദേശം ബജറ്റിനു മുൻപു വന്നതായി കേൾക്കുന്നു. ഇതിലെ വാസ്തവം എന്താണ് ? 

∙ ശരിയാണ്. ബാങ്ക് പലിശയും നിക്ഷേപ പെൻഷനും മാത്രം വരുമാനമായുള്ള എഴുപത്തഞ്ചോ അതിൽ കൂടുതലോ പ്രായമുള്ള സ്ഥിരനിവാസി (റസിഡന്റ്) ആദായനികുതി നിയമമനുസരിച്ചുള്ള സത്യവാങ്മൂലം നിർദിഷ്ട ബാങ്കുകളിൽ സമർപ്പിച്ചാൽ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടതില്ല. വകുപ്പ് 194പി പ്രകാരമാണ് ഈ സൗകര്യം.

babu-abraham-kallivayalil
ബാബു ഏബ്രഹാം കള്ളിവയലിൽ

ഇനി സ്വാഭാവികരീതി പുതിയ നികുതിസമ്പ്രദായമാണെന്നു പറഞ്ഞു. അപ്പോൾ പഴയതിൽ തുടരാൻ എന്തുചെയ്യണം ? 

∙ റിട്ടേൺ സമർപ്പിക്കേണ്ട അവസാനതീയതിക്കോ (നിലവിൽ ജൂലൈ 31) നികുതി നിയമത്തിൽ നിഷ്കർഷിക്കുന്ന തീയതിക്കോ മുൻപ് വ്യക്തികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, സഹകരണസംഘങ്ങൾ ഒഴികെയുള്ള വ്യക്തികളുടെ കൂട്ടായ്മകൾ (എഒപി) തുടങ്ങിയവർക്ക് അവരുടെ ഇഷ്ടാനുസരണം നികുതിസമ്പ്രദായം തിരഞ്ഞെടുക്കാം. അല്ലാത്തപക്ഷം പുതിയ നികുതിസമ്പ്രദായം സ്ഥിരസ്ഥിതി (ഡിഫോൾട്ട്) ആകുമെന്നും ബജറ്റിൽ പറഞ്ഞിട്ടുണ്ട്.

ഒരുതവണ പുതിയരീതി തിരഞ്ഞെടുത്ത നികുതിദായകന് അടുത്തവർഷം പഴയരീതിയിലേക്കു തിരിച്ചുപോകാനാകുമോ ? 

∙ ആദായനികുതി വകുപ്പിലെ 115 ബിഎസി പ്രകാരം വ്യക്തികൾ ഉൾപ്പെടെ മേൽപറഞ്ഞവർക്ക് ഓരോ സാമ്പത്തികവർഷവും അവരുടെ ഇച്ഛാനുസരണം പുതിയ അല്ലെങ്കിൽ പഴയ സമ്പ്രദായം തിരഞ്ഞെടുക്കാം. ഈ സൗകര്യം തദ്ദേശീയർക്കും വിദേശ ഇന്ത്യക്കാർക്കും ലഭ്യമാണ്.

എന്നാൽ, കച്ചവട വരുമാനമുള്ള വ്യക്തികളും മറ്റും ഒരിക്കൽ പുതിയനികുതി സമ്പ്രദായം തിരഞ്ഞെടുത്താൽ ആ രീതി മുന്നോട്ടുള്ള വർഷങ്ങളിലും തുടരാൻ ബാധ്യസ്ഥരാണ്. എന്നിരുന്നാലും, ജീവിതകാലത്തിലൊരിക്കൽ പുതിയനികുതി സമ്പ്രദായം വേണ്ടെന്നു വയ്ക്കാൻ അനുവാദം ഉണ്ട്. തന്മൂലം ഇക്കൂട്ടർ ഏതു സമ്പ്രദായം വേണമെന്നത് കൃത്യതയോടെ തിരഞ്ഞെടുക്കണം.

പുതിയ സ്കീം തിരഞ്ഞെടുത്താൽ സീനിയർ സിറ്റിസൻസിനുള്ള ബേസിക്‌ എക്സംപ്ഷൻ  കിട്ടുമോ ?

∙ പുതിയ നികുതി സമ്പ്രദായം തിരഞ്ഞെടുത്താൽ മുതിർന്ന പൗരന്മാർക്കുള്ള (60 വയസ്സു തികഞ്ഞവർ) അടിസ്ഥാന നികുതിരഹിത പരിധിയായ മൂന്നു ലക്ഷം രൂപയുടെയും അതിമുതിർന്ന പൗരന്മാർക്കുള്ള (80 വയസ്സ്) അഞ്ചു ലക്ഷം രൂപയുടെയും ആനുകൂല്യം ലഭ്യമല്ല.

പുതിയ സ്കീമിൽ സ്റ്റാൻഡേഡ് ഡിഡക്‌ഷൻ കിട്ടുമെന്നു കേട്ടു. ഇത് എല്ലാവർക്കും ലഭ്യമാണോ. ഇതല്ലാതെ വേറെ ഏതെങ്കിലും കിഴിവുകൾ കിട്ടുമോ ?

∙ പുതിയ നികുതി സമ്പ്രദായത്തിൽ ശമ്പള വരുമാനക്കാർക്ക് പഴയ സമ്പ്രദായത്തിലുള്ള 50,000 രൂപ തന്നെ മാനകമായ കിഴിവ് (സ്റ്റാൻഡേഡ് ഡിഡക്‌ഷൻ) നടപ്പു സാമ്പത്തികവർഷം മുതൽ ലഭ്യമാണ്. വരുമാന പരിധിയൊന്നും കണക്കാക്കാതെ എല്ലാ ശമ്പളക്കാർക്കും ഇതു ലഭ്യമാണ്. ഇതിനു പുറമേ,  ദേശീയ പെൻഷൻ പദ്ധതിയിലേക്കു തൊഴിലുടമ നടത്തുന്ന അനുവദനീയമായ കിഴിവ് (80 സിസിഡി (2), പട്ടാളക്കാർക്കു വേണ്ടിയുള്ള പുതിയ അഗ്നീവീർ പദ്ധതിയിലേക്കു കേന്ദ്ര സർക്കാർ നടത്തുന്ന നിക്ഷേപം, വകുപ്പ് 80 ജെജെഎഎ അനുസരിച്ചുള്ള അധികത്തൊഴിലാളികളുടെ വേതനത്തിന്റെ 30 ശതമാനം തുടങ്ങിയവ മാത്രമാണു കിഴിവായി ലഭിക്കുക. വകുപ്പ് 80സി, ഭവന, വിദ്യാഭ്യാസ വായ്പകളുടെ പലിശ, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം എന്നിവ ഉൾപ്പെടെ മറ്റൊരു കിഴിവും ലഭ്യമല്ല.

പുതിയ സ്കീമിൽ 7 ലക്ഷം രൂപ വരെ വരുമാനമുള്ളവർ നികുതി അടയ്ക്കേണ്ടതില്ലെന്ന് ധനമന്ത്രി പറഞ്ഞല്ലോ. പിന്നെ എന്തിനാണ് 3 മുതൽ 6 ലക്ഷം വരെയുള്ള സ്ലാബ്. റിബേറ്റിന്റെ ആനുകൂല്യം എല്ലാവർക്കും ലഭ്യമാണോ? പഴയ  സ്കീമിൽ എത്ര രൂപ വരെയാണ് റിബേറ്റ് കിട്ടുക?

∙ ആദായനികുതി റിബേറ്റ് (വകുപ്പ് 87എ പ്രകാരം) പരിധി പുതിയ നികുതി സമ്പ്രദായത്തിൽ ഉള്ളവർക്ക് അഞ്ചു ലക്ഷത്തിൽ നിന്ന് ഏഴു ലക്ഷം രൂപയായി ഉയർത്തി. അതായത് ഏഴു ലക്ഷം രൂപവരെ വരുമാനമുള്ളവർ നികുതി അടയ്ക്കേണ്ടതില്ല. എന്നാൽ, വരുമാനം ഏഴു ലക്ഷം രൂപയ്ക്കു മുകളിലാണെങ്കിൽ (ഒരു രൂപ ആണെങ്കിൽ കൂടി ) പുതിയ നികുതി സമ്പ്രദായം അനുസരിച്ചുള്ള  നികുതി അടയ്ക്കണം. പഴയ സമ്പ്രദായത്തിൽ ഉള്ളവർക്ക് അഞ്ചു ലക്ഷം രൂപ തന്നെയാണ് റിബേറ്റിന്റെ ആനൂകൂല്യത്തിനുള്ള വരുമാനത്തിന്റെ പരിധി.

സീനിയർ സിറ്റിസൻസ് സേവിങ് സ്കീമിലെ പരിധി എത്രയാണ് ഉയർത്തിയത്?

∙ മുതിർന്ന പൗരന്മാരുടെ സേവിങ്സ് നിക്ഷേപ പദ്ധതിയിൽ നിലവിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 15 ലക്ഷം രൂപയാണ്. ഇത് 30 ലക്ഷമാക്കി. ഇതിലെ അഞ്ചു വർഷത്തെ നിക്ഷേപത്തിനു പഴയ സമ്പ്രദായകാർക്കു നികുതികിഴിവ് ലഭിക്കും. കൂടാതെ എല്ലാവർക്കും കൂടിയ പലിശയുടെ ഗുണവും കിട്ടും.

ലൈഫ് ഇൻഷുറൻസ് പോളിസിയിൽനിന്നു കിട്ടുന്ന തുകയ്ക്ക് ബജറ്റിൽ നികുതി ഏർപ്പെടുത്തി എന്നുപറയുന്നത് ശരിയാണോ. ഇത് എല്ലാ പോളിസികൾക്കും ബാധകമാണോ ?

∙ 2023 ഏപ്രിൽ ഒന്നിനോ അതിനുശേഷമോ എടുക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസികൾക്ക് (യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പോളിസി ഒഴികെ ) അടയ്‌ക്കേണ്ട വാർഷിക പ്രീമിയം അഞ്ചു ലക്ഷം രൂപ വരെയാണെങ്കിൽ മാത്രമേ മച്യുരിറ്റി ആനുകൂല്യങ്ങളുടെ നികുതി ഇളവ് ലഭിക്കൂ. പോളിസി കാലാവധിക്കുള്ളിൽ ഏതെങ്കിലും ഒരു വർഷം അടയ്‌ക്കേണ്ട പ്രീമിയം അഞ്ചു ലക്ഷം രൂപയിൽ  കൂടുതലാണെങ്കിൽ പോളിസി ഉടമ ജീവിച്ചിരിക്കുമ്പോൾ ആ പോളിസിയിൽനിന്നു കിട്ടുന്ന എല്ലാ തുകയ്ക്കും നികുതി കൊടുക്കണം.  പോളിസി തുകയുടെ 10 മുതൽ 20% വരെ പ്രീമിയം അടച്ചിട്ടുള്ളവ ഒഴികെ വകുപ്പ് 10 (10 ഡി) പ്രകാരമുള്ള പോളിസികളിൽ നിന്നു കിട്ടുന്ന തുകയ്ക്കു നികുതി ബാധകമല്ല.

 പുതിയ രീതിയിൽ, 80സി പോലുള്ള കാര്യങ്ങൾ ഇല്ലാതാകുമ്പോൾ ഫോം 16 മുതലായ രേഖകൾ സമർപ്പിക്കേണ്ടതുണ്ടോ ?

∙ പുതിയ നികുതി സമ്പ്രദായത്തിൽ ഫോം 16, 16 ബി തുടങ്ങിയ ഫോമുകൾ സമർപ്പിക്കുന്നതു തുടരും. ഇതിനെ അടിസ്ഥാനമാക്കിയാണ് സ്രോതസ്സിലെ നികുതികിഴിവും (ടിഡിഎസ്) മറ്റും കണക്കിലെടുക്കുന്നത്. ഇത് ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നായിരിക്കണം.

ക്യാപ്പിറ്റൽ ഗെയിൻ വീട് വാങ്ങാൻ ഉപയോഗിച്ചാലുള്ള ആനുകൂല്യത്തിന് എന്തു മാറ്റമാണ് വരുത്തിയത്?

∙ ദീർഘകാല മൂലധന വർധനലാഭം ഭവനനിർമാണത്തിനോ വാങ്ങുന്നതിനോ മുടക്കിയാൽ കിഴിവ് ലഭിച്ചിരുന്നു. രണ്ടു വീടിനുവരെയാണ് ഈ കിഴിവ്. വകുപ്പ് 54 അഥവാ 54 എഫ് അനുസരിച്ചുള്ള ഈ കിഴിവ് ഭവനങ്ങളിലെ നിക്ഷേപത്തിനു പത്തുകോടി രൂപ വരെയായി പരിമിതപ്പെടുത്തി.

ഇപിഎഫിലെ തുക പിൻവലിക്കാനുള്ള ടിഡിഎസിൽ വ്യത്യാസം വരുത്തിയോ ?

∙ പാൻ ഇല്ലാത്തവർ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽനിന്ന് പണം പിൻവലിക്കുമ്പോൾ സ്രോതസ്സിലുള്ള നികുതി കിഴിവ് (ടിഡിഎസ്) 30ൽനിന്ന് 20 ശതമാനം ആയി കുറച്ചു.

വിദേശ വിനോദയാത്ര പാക്കേജുകൾക്കു കൊടുക്കുന്ന പണത്തിനു ടിഡിഎസ് ഏർപ്പെടുത്തിയെന്നത് ശരിയാണോ. ഇത് എത്ര ശതമാനം ആണ്?

∙ വിദേശ വിനോദയാത്രാ പാക്കേജുകൾക്കു കൊടുക്കുന്ന പണത്തിനു നിലവിൽ സ്രോതസ്സിൽ നികുതി ശേഖരിച്ചിരുന്നു (ടിഡിഎസ്). ഇത് 5 ശതമാനം നിരക്കിലായിരുന്നു. ഇത് 20 ശതമാനമാക്കി. എന്നാൽ, പ്രതിവർഷം 7 ലക്ഷം രൂപയിൽ താഴെ അടക്കുന്ന തുകയ്ക്കു ടിഡിഎസ് ഇല്ല. ഇതിനുപുറമേ വിദേശവിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി അംഗീകൃത വിദേശ നാണ്യ വ്യാപാരികൾ വഴി നടത്തുന്ന എല്ലാ ഇടപാടുകൾക്കും ഇനി മുതൽ 20 ശതമാനം ടിഡിഎസ് ശേഖരിക്കും.

(പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും കോൺഫെഡറേഷൻ ഓഫ് ഏഷ്യ പസിഫിക് അക്കൗണ്ടന്റ്‌സ് പബ്ലിക് ഫിനാൻസ് കമ്മിറ്റി അംഗവുമാണ് ലേഖകൻ)

English Summary : Answers about taxes from union budget 2023

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS