ADVERTISEMENT

നികുതിവർധനയ്ക്കുള്ള സകലസാധ്യതകളും ഉപയോഗപ്പെടുത്തുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നലെ കേരളത്തിനുനേരെ പ്രയോഗിച്ചത്. സമീപകാലത്തെ‍‍ാന്നും സംസ്ഥാനം അനുഭവിക്കാത്തവിധത്തിലുള്ള സർവാഘാതമാണ് ഈ ബജറ്റിലെന്നതു വ്യാപകപ്രതിഷേധത്തിനു കാരണമായിരിക്കുന്നു. 

കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ, നികുതിപരിഷ്കരണത്തിലൂടെ ഇത്രയും വലിയ വിഭവസമാഹരണത്തിനു സംസ്ഥാന സർക്കാർ തുനിഞ്ഞിട്ടില്ല. അടുത്ത ബജറ്റിനുമുൻപു തിരഞ്ഞെടുപ്പ് ഇല്ലാത്തതുകെ‍ാണ്ട്, തിരിച്ചടി പേടിക്കാതെയാണു നികുതിവർധന. കേന്ദ്ര സർക്കാർ കടമെടുപ്പുതുക വെട്ടിക്കുറച്ചതു മൂലമുള്ള വരുമാനനഷ്ടം നികത്താനാണു നികുതി വർധിപ്പിച്ചതെന്നാണു ധനമന്ത്രിയുടെ ന്യായീകരണം. എന്തൊക്കെ കാരണങ്ങൾ നിരത്തിയാലും നാട്ടിലെ പാവപ്പെട്ടവരുടെമേൽ ഇത്രത്തോളം കഠിനഭാരം അടിച്ചേൽപിച്ചതിന് അതൊന്നും മറുപടിയാകില്ല. ക്ഷേമപെൻഷനുകളിൽ 100 രൂപയുടെ വർധനപോലും  വരുത്തിയില്ലെന്നതും നിർഭാഗ്യകരം. 

കേരളത്തിൽ ഇപ്പോൾതന്നെ ഉയർന്നുനിൽക്കുന്ന ഇന്ധനവിലയിൽ രണ്ടുരൂപ കൂടി കൂട്ടിയതോടെ ഓട്ടോ, ടാക്സി ഡ്രൈവർമാരടക്കം എല്ലാവിഭാഗം ജനങ്ങൾക്കുമേലും അധികഭാരം അടിച്ചേൽപിക്കുകയാണു സർക്കാർ ചെയ്തത്. കേരളത്തിൽ വില കൂടുതലായതിനാൽ കെഎസ്ആർടിസി ബസുകൾ കർണാടകയിൽനിന്നു ഡീസൽ നിറയ്ക്കാൻ നിർദേശിച്ച സംസ്ഥാനത്താണ് ഇതുണ്ടായതെന്നും ഓർക്കണം. മിൽമ പാലിന്റെയും വൈദ്യുതിയുടെയും വെള്ളത്തിന്റെയുമെ‍ാക്കെ വിലവർധനയുടെ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ വിലക്കയറ്റംകൂടി ചേരുമ്പോൾ അതെത്രമേൽ കേരളത്തെ വലയ്ക്കുന്നതാവുമെന്നു തീർച്ച.

ഇന്ധനവിലയിലെ കയറ്റം അതിൽ മാത്രം ഒതുങ്ങുന്നതല്ല. ചരക്കുനീക്കത്തിന്റെ ചെലവു കൂടുമെന്നതിനാൽ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ സർവവസ്തുക്കളുടെയും വിലക്കയറ്റമാണു ഫലം. കോവിഡ് പ്രതിസന്ധിയിൽനിന്നു ചെറുതായി ഉണർന്ന ബസ്, ഓട്ടോ, ടാക്സി മേഖലകളിൽ ഇതുണ്ടാക്കാൻ പോകുന്ന ആഘാതം കനത്തതാകും. ഒട്ടേറെ സംസ്ഥാനങ്ങൾ  ഇന്ധനനികുതി കുറച്ച് ജനങ്ങൾക്കെ‍ാപ്പംനിന്ന വേളകളിലെ‍ാന്നും അതിനു തയാറാകാതിരുന്ന കേരള സർക്കാർ ഇപ്പോൾ ഇന്ധനത്തിനു സാമൂഹിക സുരക്ഷാ സെസ് കൂടി ഏർപ്പെടുത്തിയതിലൂടെ ജനവിരുദ്ധതയുടെ അടുത്തതലത്തിലേക്കു കടന്നിരിക്കുന്നു. 

വാഹനങ്ങൾക്കും ഫ്ലാറ്റിനുമെ‍ാക്കെ വില കൂടുന്നതു സാധാരണക്കാരുടെ സ്വപ്നങ്ങളിലാണു വിള്ളലേൽപിക്കുന്നത്. കാറുകൾ അടക്കം സ്വകാര്യ ആവശ്യത്തിനുപയോഗിക്കുന്ന വാഹനങ്ങൾക്കുള്ള ഒറ്റത്തവണ നികുതി വർധിപ്പിക്കുകയാണ്. സാധാരണ കൂട്ടാറുള്ളത് 10 ശതമാനമാണെങ്കിൽ, ഇക്കുറി ഭൂമിയുടെ ന്യായവിലയിൽ 20% വർധനയാണ്. വിപണിമൂല്യം വർധിച്ച പ്രദേശങ്ങളിൽ ന്യായവില 30% വരെ വർധിപ്പിക്കാൻ‌ പഠനം നടത്തുന്നുമുണ്ട്. ഫ്ലാറ്റുകളുടെ മുദ്രവില കൂട്ടിയിരിക്കുന്നു. കോവിഡിനുശേഷം ആത്മവിശ്വാസം കൈവരിച്ചുതുടങ്ങുന്ന റിയൽ എസ്റ്റേറ്റ് മേഖലയെ വീണ്ടും തളർ‌ത്താനേ ഈ വർധനകൾ ഉപകരിക്കൂ. ഭൂമിലഭ്യത കുറഞ്ഞ കേരളത്തിനു വിവിധ നിലകളായുള്ള ഫ്ലാറ്റുനിർമാണമാണ് അഭികാമ്യമെന്നിരിക്കെ, ഇപ്പോഴത്തെ തീരുമാനം അതിനു വിഘാതമാവും. തദ്ദേശവകുപ്പ് ഇൗടാക്കുന്ന കെട്ടിടനികുതി, അപേക്ഷാ ഫീസ്, പരിശോധനാ ഫീസ്, ഗാർഹിക–ഗാർഹികേതര കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള പെർമിറ്റ് ഫീസ് എന്നിവ പരിഷ്കരിക്കും. 

ഒരു വ്യക്തിയുടെ ഉടമസ്ഥതയിൽ ഒന്നിലധികം വീടുകളുണ്ടെങ്കിൽ ആദ്യത്തേതിനെ‍ാഴിച്ചു പ്രത്യേക നികുതിയും ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്കു പ്രത്യേക നികുതിയും കെ‍ാണ്ടുവരികയാണ്. വാണിജ്യ, വ്യവസായ യൂണിറ്റുകളുടെ വൈദ്യുതി ചാർജ് കൂട്ടിയത് ആ മേഖലയ്ക്കും വലിയ ആഘാതമാവും. കോടതിയിൽ വ്യവഹാരം നടത്തുന്നവരെപ്പോലും ബജറ്റ് വെറുതേവിടുന്നില്ല. മദ്യത്തിനും ബജറ്റ് വിലകൂട്ടുന്നു. മദ്യത്തിന്റെ വിലവർധന ചിലരെയെങ്കിലും ലഹരിമരുന്നുകളുടെ വഴിയിലേക്കു തിരിച്ചുവിടുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. 

ഈ സാമ്പത്തിക വർഷം വിലക്കയറ്റത്തെ നിയന്ത്രിക്കാൻ കഴിഞ്ഞെന്നും ഇന്ത്യയിൽതന്നെ ഏറ്റവും കുറഞ്ഞ വിലക്കയറ്റനിരക്കുള്ള സംസ്ഥാനമായി കേരളം അടയാളപ്പെടുത്തപ്പെട്ടുവെന്നും അഭിമാനംകെ‍ാള്ളുന്ന ധനമന്ത്രി ബജറ്റിൽ ഇങ്ങനെയും പറഞ്ഞു: ‘വിലക്കയറ്റത്തിന്റെ ഭീഷണി പൂർണമായും ഒഴിഞ്ഞുമാറിയിട്ടില്ല എന്നതു പരിഗണിച്ച് ശക്തമായ വിപണി ഇടപെടലുകൾ തുടരുന്നതിനായി 2023-24ലേക്ക് 2000 കോടി രൂപ വകയിരുത്തുന്നു.’ സർവത്ര വിലക്കയറ്റത്തിനു വാതിൽ തുറന്നിട്ട ഒരു ബജറ്റിലാണ് ഈ പെരുമകെ‍ാള്ളലും ഇടപെടലും എന്നതിലാണു വൈരുധ്യം. കേരളത്തിന്റെ ശാപമെന്നുതന്നെ പറയാവുന്ന സർക്കാർവിലാസം ധൂർത്ത് എങ്ങനെയെ‍ാക്കെ കുറയ്ക്കാം എന്നതിനെക്കുറിച്ചുകൂടി ധനമന്ത്രി ചിന്തിച്ചിരുന്നെങ്കിൽ! 

മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി വകയിരുത്തിയ 50 കോടി രൂപയുടെ വിനിയോഗം ഫലപ്രദമാകേണ്ടതുണ്ട്. മെൻസ്ട്രുവൽ കപ്പിന്റെ ഉപയോഗം പ്രചരിപ്പിക്കുന്നതിനായി 10 കോടി മാറ്റിവച്ചതിലും വയോജന ക്ഷേമം ലക്ഷ്യമിട്ടുള്ള സായംപ്രഭ, വയോമിത്രം പദ്ധതികൾക്കായി തുക വകയിരുത്തിയതിലും നേത്രാരോഗ്യത്തിനുള്ള പദ്ധതിയിലും സർക്കാർ ഓഫിസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്ന പദ്ധതിയിലുമെ‍ാക്കെ തെളിയുന്ന കരുതൽ അഭിനന്ദനീയമാണ്. ലോക കാൻസർ ദിനത്തിന്റെ തലേന്ന് അവതരിപ്പിച്ച ബജറ്റിൽ സംസ്ഥാനത്തെ കാൻസർ ചികിത്സാസൗകര്യങ്ങളുടെ വികസനത്തിനായി പ്രത്യേകം ശ്രദ്ധ കാണിച്ചത് ഉചിതമായി. 

റബർ വിലയിടിവു തടയുന്നതിന് 600 കോടി വകയിരുത്തിയതും തേങ്ങയുടെ സംഭരണവില രണ്ടു രൂപ ഉയർത്തിയതും മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്ക് 50.85 കോടി വകയിരുത്തിയതുമെ‍ാക്കെ സ്വാഗതാർഹമെങ്കിലും കാർഷികകേരളത്തിന്റെ പ്രതീക്ഷകൾക്കെ‍ാത്ത് ബജറ്റ് ഉയർന്നിട്ടില്ല. അടിസ്ഥാനസൗകര്യ വികസനത്തിനുള്ള വിവിധ പദ്ധതികൾക്കെ‍ാപ്പം മത്സ്യബന്ധന മേഖലയുടെയും തീരദേശത്തിന്റെയും ഉൾനാടൻ ജലഗതാഗതത്തിന്റെയും വികസനത്തിനുള്ള പദ്ധതികളുമുണ്ട്. 

തോട്ടം മേഖലയിൽ പഴവർഗങ്ങൾ കൃഷി ചെയ്യാനും സംസ്കരണവും വിപണനവും സാധ്യമാക്കാനുമുള്ള മുൻ ബജറ്റ് നിർദേശങ്ങളിൽ തുടർനടപടി ഉണ്ടായില്ല. ഈ ബജറ്റും അതെക്കുറിച്ചു മൗനം പാലിക്കുന്നു. ഇടുക്കി, വയനാട്, കാസർകോട് വികസന പാക്കേജുകൾക്കും രണ്ടാം കുട്ടനാട് പാക്കേജിനും വിഹിതം മാറ്റിവയ്ക്കുന്നതു പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും മുൻ പാക്കേജുകളുടെ ദുർവിധി ഉണ്ടാകില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഭക്ഷ്യവിഷബാധ തടയാനും ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്താനുമുള്ള വിവിധ ഇടപെടലുകൾക്കും പരിശോധനകൾക്കുമായി 7 കോടി രൂപ കൂടി അനുവദിച്ചത് ഈ കാലം ആവശ്യപ്പെടുന്നതുതന്നെ.

അതേസമയം, കടുത്ത നികുതിനിർദേശങ്ങൾ ബജറ്റിലെ വിവിധ ആശ്വാസപ്രഖ്യാപനങ്ങളെപ്പോലും മങ്ങലേൽപിക്കുന്നുണ്ടെന്നതാണു യാഥാർഥ്യം. വിലക്കയറ്റം പിടിച്ചുനിർത്താൻ 2000 കോടി വകയിരുത്തിയ മന്ത്രി, വിലവർധനയിലൂടെയും നികുതിഭാരത്തിലൂടെയും, ജനത്തിന്റെ കീശയിൽ കയ്യിട്ടു നടത്തുന്ന അധിക വിഭവസമാഹരണം എത്രയാണെന്നുകൂടി നോക്കാം: 2955 കോടി! ഈ സംഖ്യകൾ തമ്മിലുള്ള വ്യത്യാസത്തിൽ ഒരു നാടിന്റെയാകെ കഷ്ടഭാരമുണ്ടെന്നു സർക്കാർ ഓർക്കാതെ പോയതെന്തേ ?

English Summary: Editorial about Kerala Budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com