ADVERTISEMENT

കർഷകനെ വായ്പ സഹായിക്കുന്നത് എങ്ങനെ? തൂക്കിലേറ്റപ്പെടുന്നവനെ തൂക്കുകയർ സഹായിക്കുന്നത് എങ്ങനെയോ അതുപോലെ. കൃഷിയുടെ സാമ്പത്തികശാസ്ത്രം പഠിക്കുന്ന ക്ലാസുകളിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ പഴമൊഴി ഇന്നും പ്രസക്തം. കേരളത്തിലെ കർഷകരുടെ ആളോഹരി കടത്തെക്കുറിച്ചുള്ള പഠനങ്ങൾ പുറത്തുകൊണ്ടുവരുന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. പക്ഷേ, നമ്മുടെ കേന്ദ്ര, സംസ്ഥാന ബജറ്റുകളൊന്നും ആ കണക്ക് കാര്യമായെടുത്തില്ല.  

കേരളത്തിലെ 72% കർഷകരും കടക്കെണിയിലാണ്. നമ്മൾ കണ്ടുമുട്ടുന്ന 4 കർഷകരിൽ മൂന്നുപേരും കടക്കെണിയിലാണെന്നു സാരം. രണ്ടുവർഷത്തിനിടെ കടം ഇരട്ടിയായി. ഒരു കർഷകന്റെ ശരാശരി കടബാധ്യത 5.46 ലക്ഷം രൂപയായി. കേരളത്തിലെ കർഷകകുടുംബങ്ങളുടെ കടബാധ്യത ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്. നാഷനൽ സാംപിൾ സർവേ ഓർഗനൈസേഷന്റെ സ്ഥിതി വിലയിരുത്തൽ സർവേ 2021, ദേശീയ വായ്പ – നിക്ഷേപ താരതമ്യ സർവേ എന്നിവയുടെ അടിസ്ഥാനത്തിലാണിത്.

കൂലിപ്പണിയാണ് ലാഭം

നാഷനൽ സാംപിൾ സർവേ ഓർഗനൈസേഷന്റെ സ്ഥിതി വിലയിരുത്തൽ സർവേ (2018–19) പ്രകാരം 14 ലക്ഷം കർഷകകുടുംബങ്ങളാണു കേരളത്തിലുള്ളത്. ഇതിൽ 70% പേരും ഒരുഹെക്ടറിൽ താഴെ ഭൂമിയുള്ള ചെറുകിട കർഷകരാണ്. കൃഷിയിലും മറ്റു ജോലികളിൽനിന്നുമുള്ള അവരുടെ (അ‍ഞ്ചംഗ കർഷകകുടുംബത്തിന്റെ) ശരാശരി മാസവരുമാനം 17,915 രൂപയാണ്. അത്രയൊക്കെ കിട്ടുന്നുണ്ടല്ലേ എന്നു തോന്നാൻ വരട്ടെ. ഈ തുകയിൽ 10,201 രൂപ കർഷകനു കിട്ടുന്നതു കൂലിപ്പണിയിൽനിന്നാണ്! കാർഷികാദായം (നേരിട്ടുള്ള കൃഷിച്ചെലവുകൾ കിഴിച്ച്) 3638 രൂപയും. കാർഷികേതര, മൃഗപരിപാലന രംഗത്തുനിന്നാണു മറ്റു വരവുകൾ. അതായത് കേരളത്തിലെ കർഷകകുടുംബത്തിന് കൃഷിയിൽനിന്നു കിട്ടുന്നതിന്റെ മൂന്നിരട്ടിത്തുക കൂലിപ്പണിയിൽനിന്നു കിട്ടും. ഇടുക്കി, വയനാട്, പാലക്കാട് പോലുള്ള കാർഷികാശ്രിത ജില്ലകളിലെ ഭൂരിഭാഗം കർഷകരും മറ്റുള്ളവരുടെ പറമ്പിൽ കൂലിപ്പണിക്കു പോകുന്നതിനു വേറെ കാരണം അന്വേഷിക്കേണ്ടതില്ല.

100 ഇട്ടാൽ കിട്ടുക 57

കർഷകരെ കടത്തിലേക്കു തള്ളിവിടുന്ന പ്രധാന വില്ലൻ കൃഷിയിലെ ചെലവും വരുമാനവും തമ്മിലുള്ള അന്തരമാണ്. സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച വരവുചെലവു നിലവാര സൂചികയിൽ ചെലവിന്റെ സൂചിക 2021ൽ 2011നെ അപേക്ഷിച്ച് ഇരട്ടിയിലേറെയായി. മറ്റു വീട്ടുചെലവുകളും ഇരട്ടിയോളമായി. എന്നാൽ, ഉൽപന്നങ്ങൾ വിറ്റാൽ കിട്ടുന്ന വരുമാനമാകട്ടെ അതേ നിലവാരത്തിൽ വർധിക്കുന്നില്ല. ചെലവും വരവും തമ്മിലുള്ള താരതമ്യസൂചികയായ പാരിറ്റി ഇൻഡക്സ് 2011ലെ 63ൽനിന്ന് 10 വർഷം കൊണ്ട് 57.6 ആയി താഴ്ന്നു. അതായത് 100 രൂപ കൃഷിക്കും ഗാർഹികാവശ്യത്തിനുമായി ചെലവഴിക്കുന്ന കർഷകനു കിട്ടുന്ന വരുമാനം 57.6 രൂപയാണ്. 100 രൂപ മുടക്കിയാൽ 57 രൂപ തിരിച്ചുകിട്ടുന്ന നഷ്ടക്കച്ചവടമാണ് കൃഷി.

അപകട ‘സൈക്കിൾ’

നെല്ലിന്റെ സംഭരണവില 28 രൂപയാണെങ്കിലും കർഷകന് 5 വർഷത്തിനിടെ ലഭിച്ച ശരാശരി വില 22.32 രൂപയാണ്. പണം കിട്ടാനുള്ള കാലതാമസം മൂലം സർക്കാരിന്റെ സംഭരണത്തിനു കാത്തുനിൽക്കാതെ സ്വകാര്യ മില്ലുകാരുടെ ‘റെഡി കാഷ്’ എന്ന കുറഞ്ഞവില ഓഫർ കർഷകർ തിരഞ്ഞെടുക്കുന്നു. പൊതുവേ ലാഭകരമെന്നു കരുതുന്ന നേന്ത്രവാഴക്കൃഷിയിലാകട്ടെ വില കിലോയ്ക്ക് 44 രൂപയിൽനിന്ന് 33 ആയി കുറഞ്ഞു (ഇക്കണോമിക് റിവ്യൂ 2022). കുരുമുളകിനും വിലയിടിഞ്ഞു.

നഷ്ടത്തിൽനിന്നു കരകയറാൻ വീണ്ടും വായ്പയെടുത്തു കൃഷിയിറക്കുമ്പോൾ കടം ഇരട്ടിക്കുന്നു. ആ ‘ലൈഫ് സൈക്കിളി’ന് ഒടുവിൽ പലർക്കും കിടപ്പാടം പോലും നഷ്ടമാകുന്നു.

കുരുക്കാകുന്ന വായ്പ

ഹ്രസ്വകാല വിളകൾക്കു ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും കാർഷിക വായ്പ നൽകുന്നതിന് അതതു ജില്ലകളിലെ കൃഷിച്ചെലവിന്റെ അടിസ്ഥാനത്തിൽ വായ്പത്തോത് (സ്കെയിൽ ഓഫ് ഫിനാൻസ് ) നിശ്ചയിക്കാറുണ്ട്. നബാർഡ് പ്രതിനിധിയടക്കമുള്ള വിദഗ്ധസമിതി നിശ്ചയിക്കുന്ന തോത് പലപ്പോഴും അശാസ്ത്രീയമാണ്. ഉദാഹരണത്തിന്, തൃശൂർ ജില്ലയിലെ നെൽക്കൃഷി വായ്പത്തോത് 2019–20 കാലത്ത് ഹെക്ടറിന് 90,000 മുതൽ 1.10 ലക്ഷം രൂപ വരെയായിരുന്നു. അതേസമയം, സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിവിവരക്കണക്കു പ്രകാരം നെൽക്കൃഷിയുടെ ചെലവ് 63,420 രൂപയും. നെല്ലും വൈക്കോലും വിൽക്കുമ്പോൾ ശരാശരി 1,52,807 രൂപ വിറ്റുവരവു ലഭിക്കുന്നു. അതായത് ഹെക്ടറിന് 89,387 രൂപ ലാഭം. എന്നാലോ ഏറ്റവും കുറഞ്ഞ തുകയായ 90,000 രൂപ വായ്പയെടുക്കുന്ന കർഷകൻ ആറുമാസത്തെ പലിശ സഹിതം തിരിച്ചടയ്ക്കേണ്ടത് 91,800 രൂപ. വരവിനെക്കാൾ കൂടിയ തുക വായ്പത്തിരിച്ചടവു വരുമെന്നു സാരം. വായ്പത്തോത് കൃഷിച്ചെലവിനെ അടിസ്ഥാനമാക്കിത്തന്നെ നിലനിർത്തിയില്ലെങ്കിൽ സഹായം പിന്നീടു കെണിയായി മാറുമെന്നുറപ്പ്.

ഒരു ഹെക്ടറിൽ 2500 നേന്ത്രവാഴ നടുന്ന കർഷകന് വായ്പത്തോത് 7.62 ലക്ഷം രൂപ വരെയാണ്. സാമ്പത്തിക സ്ഥിതിവിവരവകുപ്പിന്റെ കണക്കുപ്രകാരം കൃഷിച്ചെലവ് 2,64,248 രൂപ. കൃഷിയിൽനിന്നുള്ള ശരാശരി വരുമാനം 6,43,170 രൂപയും. അതായത് ഈ തുകയിൽനിന്ന് 7.62 ലക്ഷം വരെ വായ്പ തിരിച്ചടയ്ക്കേണ്ടി വരും. വരുമാനത്തെക്കാൾ 80,000 രൂപയോളം കൂടുതൽ!

ഡോ. പി.ഇന്ദിരാദേവി
ഡോ. പി.ഇന്ദിരാദേവി

(ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഇമെരിറ്റസ് പ്രഫസറും കേരള കാർഷിക സർവകലാശാല ഗവേഷണവിഭാഗം മുൻ മേധാവിയുമാണ് ലേഖിക)

കർഷകരെ കരകയറ്റാൻ

∙ ബജറ്റിൽ കർഷകർക്കു കടാശ്വാസം പ്രഖ്യാപിക്കുന്നതിനൊപ്പം വിപണിവില ഉറപ്പാക്കുന്ന മൂലധന നിക്ഷേപ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

∙ കേന്ദ്രബജറ്റിൽ മൂലധന നിക്ഷേപ പദ്ധതികൾക്കായി 10 ലക്ഷം കോടി രൂപ വകയിരുത്തിയതിൽനിന്ന് കർഷകർക്കു സഹായകമാകുന്ന പദ്ധതികൾ കണ്ടെത്തി നടപ്പാക്കണം.

∙ സംരംഭകരും ഇടപെടണം.

∙ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച അഗ്രി ആക്സിലറേറ്റഡ് ഫണ്ട് പദ്ധതി പ്രകാരമുള്ള സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ യുവാക്കൾക്കു പിന്തുണ നൽകണം.

∙ വായ്പത്തോത് നിർണയം ശാസ്ത്രീയമാക്കണം.

∙ കിസാൻ ക്രെഡിറ്റ് കാർഡ് സൗകര്യം പരമാവധി ഉപയോഗിക്കാൻ കർഷകരെ പരിശീലിപ്പിക്കണം. കിസാൻ ക്രെഡിറ്റ് കാർഡിൽ അനുവദിക്കുന്ന വായ്പത്തുകയിൽ ആവശ്യമുള്ളതു മാത്രം കർഷകനെടുക്കാം. ആ തുകയ്ക്കു മാത്രമേ പലിശ അടയ്ക്കേണ്ടി വരികയുള്ളൂ. ഏതെങ്കിലും സാഹചര്യത്തിൽ പണം കയ്യിൽ വന്നാൽ അടച്ചുതീർത്ത് സുരക്ഷിതമാകുകയും ചെയ്യാം.

∙ കിസാൻ ക്രെഡിറ്റ് കാർഡുകൾ നൽകാൻ ബാങ്കുകളെ നിയമം മൂലം നിർബന്ധിക്കണം. റിസർവ് ബാങ്ക് എല്ലാ ബാങ്കുകൾക്കും നിഷ്കർഷിച്ചിട്ടുള്ള സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങളെ ഇതിനായി ഉപയോഗിക്കാം.

English Summary : Dr P Indira Devi writeup about farmers crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com