ADVERTISEMENT

പദ്ധതികളുടെ എണ്ണവും അവയിൽ ഉൾപ്പെടുന്ന പണവും മറ്റും പരിഗണിക്കുമ്പോൾ ഗൗതം അദാനി രാജ്യത്തിന്റെ സ്വകാര്യമേഖലയിലെ സമീപകാല രാജശിൽപിയാണ്. ഓഹരിക്കാര്യത്തിൽ ക്രമക്കേട് ആരോപിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് തന്റെ കമ്പനിക്കെതിരെ മാത്രമുള്ളതല്ല, ഇന്ത്യയ്ക്കെതിരെതന്നെ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് അദ്ദേഹം വ്യാഖ്യാനിക്കുന്നു. പ്രശ്നത്തെ രാജ്യത്തിന്റേതാക്കി അദ്ദേഹം സ്വയം ഉയർത്തിയിരിക്കുന്നു.

രാജ്യസ്നേഹത്തിന്റെ കണ്ണടയിലൂടെ നോക്കിയാൽ ഇത്തരമൊരു വ്യാഖ്യാനത്തിനു വൈകാരികമൂല്യമുണ്ടായേക്കാം. അദാനിയുടെ കഴിഞ്ഞ ഏതാനും വർഷത്തെ വളർച്ച രാജ്യത്തിനകത്തെന്നല്ല പുറത്തും ആർക്കും അസൂയയുണ്ടാക്കുന്നതാണ്. ഇന്ത്യയുടെ സാമ്പത്തികവളർച്ചയുടെ പുതിയ കഥയിൽ പ്രധാന റോളുള്ളവരിലൊരാളാണ് എന്നതിനാൽ അദാനി ആക്രമിക്കപ്പെടുമ്പോൾ‍ അതിന്റെ ആഘാതമേൽക്കുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കുകൂടിയാണെന്നു വ്യാഖ്യാനിക്കുന്നതിൽ തെറ്റു പറയാനില്ല.

പൊതുമേഖലയിലെ പ്രധാന ബാങ്കും ഇൻഷുറൻസ് സ്ഥാപനവും അദാനിക്കു വളരാൻ നൽകിയ സാമ്പത്തിക പിന്തുണ വളരെ വലുതാണ്. ഈ സ്ഥാപനങ്ങളെ മറ്റുള്ളവർ ഏൽപിച്ചിട്ടുള്ള സമ്പാദ്യങ്ങൾ വിനിയോഗിച്ചുൾപ്പെടെയാണ് ഈ പിന്തുണ. അതുകൊണ്ടുതന്നെ, അദാനി ഉന്നംവയ്ക്കപ്പെടുമ്പോൾ തങ്ങളുടെ പണത്തിന് എന്തു സംഭവിക്കുമെന്ന ആശങ്ക വിപണിയിലെ കളികളുടെ വിശദാംശങ്ങളറിയാത്ത സാധാരണക്കാർക്കുണ്ടാകും. വലിയ നിർമാണപദ്ധതികൾ അദാനിയെ ഏൽപിച്ച കേരളവും ഒഡീഷയും പഞ്ചാബും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന ആശങ്ക വേറെ. അങ്ങനെ നോക്കിയാൽ അദാനിയുടെ പ്രശ്നം രാജ്യത്തിന്റെ പ്രശ്നം തന്നെയായി മാറുന്നു.

അദാനി തട്ടിപ്പുകാരനെന്ന് ഹിൻഡൻബർഗ് ആരോപിക്കുന്നു; അവർ പറയുന്നതൊക്കെയും പച്ചക്കള്ളമാണെന്ന് അദാനിയും. അദാനിയുടെ നീണ്ട നിഷേധക്കുറിപ്പല്ല, ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങളെത്തുടർന്ന് ഓഹരിവിപണിയിലുണ്ടായ ചലനങ്ങളാണ് മൗനം മുറിക്കാൻ കേന്ദ്ര സർക്കാരിനെയും റിസർവ് ബാങ്കിനെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെയും (സെബി) പ്രേരിപ്പിച്ചത്. യുഎസിലിരുന്ന് ഹിൻഡൻബർഗ് പറഞ്ഞതെല്ലാം തള്ളിക്കളഞ്ഞ്, അദാനി ധൈര്യമായി മുന്നോട്ടുപോകൂ എന്നൊരു നിലപാടെടുക്കാൻ സർക്കാരും സെബിയും റിസർവ് ബാങ്കും തയാറായില്ല. അതു സാമാന്യജനത്തിന് ആശ്വാസകരവുമാണ്.

എന്നാൽ, സർക്കാരും റിസർവ് ബാങ്കും സെബിയും കേസ് അന്വേഷിച്ച് റിപ്പോർട്ടുകൾ തയാറാക്കിയതുകൊണ്ടു മാത്രം പ്രശ്നം തീരുന്നില്ല. കാരണം, ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ മുഖവിലയ്ക്കെടുത്താണ് ഓഹരിവിപണി പ്രതികരിച്ചിട്ടുള്ളത്. അവിടംവരെ കാര്യങ്ങൾ എത്തിച്ചതിൽ‍ റെഗുലേറ്ററി സ്ഥാപനങ്ങൾക്കുൾപ്പെടെ പിഴവു സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഹർഷദ് മേത്ത, കേതൻ പരേഖ് കാലങ്ങളിൽനിന്നു റെഗുലേറ്ററി സ്ഥാപനങ്ങൾ എന്തു പഠിച്ചു, എന്തെല്ലാം കൂടി പഠിക്കാനുണ്ട് എന്നു വ്യക്തമാകേണ്ടതുമുണ്ട്. പ്രധാനമന്ത്രിയുമായുള്ള സൗഹൃദം എവിടെയെങ്കിലും അദാനിക്കു പ്രത്യേക പരിഗണന ലഭിക്കാൻ സഹായകമായോയെന്നതാണ് പ്രതിപക്ഷത്തു മാത്രമല്ല, ബിജെപിയിലും പലരും ഉന്നയിക്കുന്ന സംശയം. അതുകൊണ്ടുതന്നെ, സംയുക്ത പാർലമെന്ററി സമിതിയോ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയോ വിഷയം അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നു.

ഒരു കമ്പനിയുടെ മാത്രം പ്രശ്നമെന്ന് വിഷയത്തെ ലഘൂകരിക്കാൻ സർക്കാരും അതിന്റെ സ്ഥാപനങ്ങളും ശ്രമിക്കുക സ്വാഭാവികമാണ്. എന്നാൽ, ഒരു കമ്പനിയുടെ മാത്രം പ്രശ്നമെന്നു കുറച്ചുകാട്ടുന്നത് കൈകഴുകൽ തന്ത്രമാകരുത്. കാരണം, അദാനി പറഞ്ഞതുപോലെ, ഇത് ഇന്ത്യയുടെതന്നെ പ്രശ്നമാണ്. ഇതിനു പൊതു പ്രാധാന്യമുണ്ട്.

കൊൽക്കത്തക്കാരൻ ഹരിദാസ് മുന്ധ്രയെ 1.25 കോടി രൂപയ്ക്ക് ഓഹരികൾ വാങ്ങി എൽ‍ഐസി സഹായിച്ചത് അഴിമതിയെന്നു പാർലമെന്റിൽ ബഹളമായപ്പോഴാണ് ബോംബെ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എം.സി.ചാഗ്ലയെ അന്വേഷണ കമ്മിഷനായി നെഹ്റു സർക്കാർ നിയോഗിച്ചത്, 1957ൽ. അതിനു മുൻപ് 1956ൽ ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.ആർ.തെൻഡൊൽക്കർ അധ്യക്ഷനായൊരു അന്വേഷണ കമ്മിഷനെ സർക്കാർ നിയോഗിച്ചു. ആർ.കെ.ഡാൽമിയയും മറ്റും ഡാൽമിയ ജെയിൻ എയർവേയ്സ് ഉൾപ്പെടെ 9 കമ്പനികളുടെ ഓഹരികളിൽ ക്രമക്കേടു കാട്ടിയെന്ന ആരോപണം അന്വേഷിക്കാനായിരുന്നു അത്.

ജസ്റ്റിസ് തെൻഡൊൽക്കറെത്തന്നെ മുഖ്യ എതിർകക്ഷിയാക്കി ഡാൽമിയ കോടതിയിൽ പോയി. ഒരു കമ്പനിയുടെ പ്രശ്നം, പൊതു പ്രാധാന്യമുള്ള വിഷയമല്ല എന്നതായിരുന്നു പ്രധാന വാദം. പൊതു പ്രാധാന്യമുണ്ടെന്ന് ആദ്യം ബോംബെ ഹൈക്കോടതി പറഞ്ഞു. ഡാൽമിയ അപ്പീലുമായി സുപ്രീം കോടതിയിൽ ചെന്നപ്പോൾ, അഞ്ചംഗ ഭരണഘടനാ ബെഞ്ചും അതുതന്നെ പറഞ്ഞു.

വിഷയം പൊതു പ്രാധാന്യമുള്ളതാണോയെന്ന് എങ്ങനെ പരിശോധിക്കാമെന്ന് അന്നു കോടതി വിശദീകരിച്ചു: ‘വ്യാപകമായ വെള്ളപ്പൊക്കമോ ക്ഷാമമോ രോഗബാധയോ എങ്ങനെ സംഭവിച്ചുവെന്നത് അന്വേഷിക്കുന്നതിൽ പൊതു പ്രാധാന്യമുണ്ട്. കാരണം പഠിച്ച് സർക്കാരിന് ഭാവിയിലേക്കു മുൻകരുതലെടുക്കാനാകും. സാധാരണക്കാരുടെ നിക്ഷേപങ്ങൾക്കു ബാങ്ക് നഷ്ടമുണ്ടാക്കുന്നത് പൊതു പ്രാധാന്യമുള്ളതാണ്; അതിന് ഉത്തരവാദികൾ ആരെന്നു കണ്ടെത്തുന്നതും പ്രധാനം. ഒരു വ്യക്തിയുടെയോ കമ്പനിയുടെയോ വ്യക്തികളുടെയോ കമ്പനികളുടെയോ നടപടികൾ‍ പൊതു നന്മയ്ക്കു ഭീഷണിയാകുംവിധം അപകടകരമെങ്കിൽ അതു തീർച്ചയായും പൊതു പ്രാധാന്യമുള്ളതാണ്; ഉടനെ അന്വേഷണം വേണ്ടതുമാണ്.’

കോൺഗ്രസിന് 2.5 ലക്ഷം രൂപ സംഭാവന നൽകിയതും തൊഴിലാളികൾ വഴിയാധാരമാകുമെന്നതിനാൽ കാൻപുർ കോട്ടൺ മിൽസ് അടച്ചുപൂട്ടുന്നതു വൈകിക്കണമെന്ന അഭ്യർഥന അംഗീകരിച്ചതുമാണ് മുന്ധ്രയ്ക്ക് എൽഐസിയിൽനിന്നു സഹായം കിട്ടാൻ കാരണമായതെന്നാണ് റിസർവ് ബാങ്കിന്റെ ചരിത്രപുസ്തകത്തിൽ പറയുന്നത്. ബജറ്റ് തയാറാക്കുന്ന സമയത്ത് ഹർഷദ് മേത്തയോട് ചില കാര്യങ്ങളിൽ ധനകാര്യ സെക്രട്ടറിതന്നെ ഉപദേശം തേടിയെന്ന് ഓഹരി കുംഭകോണ വിവാദകാലത്ത് റാവു സർക്കാർ പാർലമെന്റിൽ സമ്മതിച്ചിരുന്നു. വ്യക്തിബന്ധങ്ങളും പാർട്ടി ബന്ധങ്ങളുമൊക്കെ എക്കാലത്തും പ്രധാനമാണെന്നു സാരം.

‘മാർക്കറ്റ് ഇക്കോണമി’യുടെ കാലത്ത് വിപണിയിലെ റെഗുലേറ്ററി സ്ഥാപനങ്ങളുടെ ജാഗ്രത ആ വിപണിയുടെ വിശ്വാസ്യതയ്ക്കു പരമപ്രധാനമാണ്. ക്രമക്കേടുകൾ സാധ്യമാകുന്ന വിപണിയെന്ന പ്രതീതി ആ വിശ്വാസ്യത ഇല്ലാതാക്കും. അത്തരം വിപണിയിൽ പണമിറക്കാൻ വിദേശത്തുനിന്നുള്ള നിക്ഷേപകർ മടിക്കും. അതു രാജ്യത്തിന്റെ വളർച്ചയ്ക്കു തടസ്സമാകും. അങ്ങനെ നോക്കുമ്പോഴും, പ്രശ്നത്തെ ഇന്ത്യയുടേതായി കാണുന്ന അദാനിയുടെ നടപടി ശരിയാണ്.

ഹിൻഡൻബർഗ് റിപ്പോർട്ട് ഒരു അവിശ്വാസ പ്രമേയമാണ്. എല്ലാം സുതാര്യവും സംശുദ്ധവുമെന്നു തെളിയിക്കാൻ അദാനിക്കും സർക്കാരിനും സാധിക്കുമ്പോഴേ പ്രമേയം പരാജയപ്പെടൂ.

English Summary : Jomy Thomas desiyam coloumn write up aboutAadani group share crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com