ADVERTISEMENT

പൗരസ്വാതന്ത്ര്യം പൂർണമായി അനുവദിച്ച ഏകാധിപതി, ഇന്ത്യയെ ആക്രമിച്ച പട്ടാളമേധാവി, അതേസമയം ഇന്ത്യയുമായി അടുക്കാൻ ഏറ്റവുമധികം ശ്രമിച്ച പാക്ക് ഭരണാധികാരി. അടവുകൾ ഒരുക്കുന്നതിൽ സമർഥൻ, എന്നാൽ തന്ത്രങ്ങളോ പരാജയം - ഇതെല്ലാമായിരുന്നു ഇന്നലെ അന്തരിച്ച മുൻ പാക്ക് ഭരണാധികാരി പർവേസ് മുഷറഫ്.

പാക്കിസ്ഥാനുമായി അടുക്കാൻ ശ്രമിച്ച പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി 1999 ഫെബ്രുവരിയിൽ ലഹോറിലേക്കു ബസ് യാത്ര നടത്തുമ്പോൾത്തന്നെ, അന്നു സൈനിക മേധാവിയായിരുന്ന മുഷറഫ് കാർഗിൽ ആക്രമണ പദ്ധതി തയാറാക്കുകയായിരുന്നു എന്നാണു പറയപ്പെടുന്നത്.  തീവ്രവാദികളും സൈനികരും ചേർന്ന് മഞ്ഞുകാലത്തു മലമുകളിൽ തമ്പടിക്കുക, മഞ്ഞുരുകുമ്പോൾ അവിടെയിരുന്ന് പാക്ക് പീരങ്കികൾക്ക് ഇന്ത്യയുടെ സൈനിക സന്നാഹങ്ങൾ തകർക്കാൻ ലക്ഷ്യങ്ങൾ കാട്ടിക്കൊടുക്കുക, അങ്ങനെ ലഡാക്ക് പിടിച്ചെടുക്കുക.

എന്നാൽ, അക്കൊല്ലം നേരത്തേ മഞ്ഞുരുകിയതോടെ പദ്ധതി പാളി. പാക്ക് സൈനികസന്നാഹം തയാറാകുന്നതിനുമുൻപേ ഇന്ത്യൻ സൈന്യം കാര്യമറിഞ്ഞു പ്രത്യാക്രമണം നടത്തി. നിയന്ത്രണരേഖ കടക്കാതെ പോരാട്ടം നടത്തി ലോകരാജ്യങ്ങളിൽനിന്നു പിന്തുണ നേടി. ചുരുക്കത്തിൽ മുഷറഫിന്റെ സമർഥമായ അടവുകൾ ഇന്ത്യയുടെ മികച്ച തന്ത്രത്തിനു മുന്നിൽ നിഷ്പ്രഭമായി.

 

ഷരീഫുമായി ഇടയുന്നു

FILES-PAKISTAN-POLITICS-MUSHARRAF
പാക്കിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫും ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും ആഗ്രയി‍ൽ. (2001 ജൂലൈ 15)

സൈനികനീക്കത്തിലെ പരാജയത്തിന്റെ പഴി സൈന്യത്തിനുമേൽ കെട്ടിവയ്ക്കാൻ ശ്രമിച്ചതിലാണു പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിനു പിഴച്ചത്. ഈ നടപടി സൈന്യത്തെ ചൊടിപ്പിച്ചു. മുഷറഫ് ശ്രീലങ്കൻ സന്ദർശനത്തിനുപോയ തക്കത്തിൽ ഷരീഫ് അദ്ദേഹത്തെ മാറ്റി മറ്റൊരാളെ സൈന്യാധിപനായി നിയമിച്ചു. മുഷറഫുമായി മടങ്ങിവന്ന യാത്രാവിമാനം പാക്കിസ്ഥാനിൽ ഇറങ്ങാൻ അനുവദിച്ചില്ല. ഒടുവിൽ മുഷറഫിനോടു കൂറുണ്ടായിരുന്ന സൈനിക കമാൻഡർമാർ അധികാരം പിടിച്ചെടുത്ത് വിമാനം ഇറക്കുകയും അദ്ദേഹത്തെ ഭരണാധികാരിയായി പ്രതിഷ്ഠിക്കുകയും ചെയ്തു.

എന്നാൽ, മുൻ സൈനികഭരണാധികാരികളിൽനിന്നു വ്യത്യസ്തമായി പട്ടാളനിയമം പ്രഖ്യാപിക്കാനോ പൗരസ്വാതന്ത്ര്യത്തിൽ കൈകടത്താനോ മുഷറഫ് മുതിർന്നില്ല. എന്നു തന്നെയല്ല, മൗലികവാദികളുടെ എതിർപ്പു വകവയ്ക്കാതെ ഉദാരമായ വ്യക്തിനിയമങ്ങളും നിയമവ്യവസ്ഥയും അനുവദിച്ചു. വ്യക്തിപരമായി തന്റെ കൈകളിൽ അഴിമതിക്കറ പുരളാതെയും കുടുംബജീവിതത്തിൽ കളങ്കമുണ്ടാവാതെയും പെരുമാറ്റത്തിൽ മാന്യത കൈവിടാതെയും ശ്രദ്ധിച്ചു. പൊതുസ്ഥലങ്ങളിൽ തന്റെ ചിത്രങ്ങളോ സന്ദേശങ്ങളോ പ്രചരിപ്പിക്കുന്നതുപോലും അദ്ദേഹം നിരുത്സാഹപ്പെടുത്തി. അതേസമയം, വിമർശനം അനുവദിക്കുകയും ചെയ്തു.

 

തന്ത്രം പിഴയ്ക്കുന്നു

ഇന്ത്യയോടു പോരാടുന്നതിനു പകരം ചർച്ചകളാണു വേണ്ടതെന്നു താമസിയാതെ മുഷറഫിനു ബോധ്യമായി. എന്നാൽ, നയതന്ത്രം അദ്ദേഹത്തിനറിയില്ലായിരുന്നു. പ്രധാനപ്രശ്നം കശ്മീരല്ലേ, അതു ചർച്ചചെയ്തു കളയാം - അതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അതല്ല, പ്രധാനപ്രശ്നം പരിഹരിക്കണമെങ്കിൽ മറ്റുള്ളവകൂടി (പ്രത്യേകിച്ച് കശ്മീരിലേക്കു ഭീകരരെ അയയ്ക്കുന്നത്) സമഗ്രമായി ചർച്ച ചെയ്തു പ്രശ്നപരിഹാരത്തിന് അന്തരീക്ഷം സൃഷ്ടിക്കുകയാണ് ആദ്യം വേണ്ടതെന്ന പരമ്പരാഗത നയതന്ത്രചിന്ത അദ്ദേഹത്തിനു രസിച്ചില്ല. അതോടെ ആഗ്രയിൽ വാജ്പേയിയുമായി നടത്തിയ ഉച്ചകോടി പൊളിഞ്ഞു.

അങ്ങനെ ബന്ധങ്ങൾ മരവിച്ചിരിക്കെയാണ്, അഫ്ഗാനിസ്ഥാൻ താവളമാക്കിയിരുന്ന ഉസാമ ബിൻ ലാദന്റെ പിണിയാളുകൾ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ചതും അമേരിക്ക അഫ്ഗാനിസ്ഥാനിലെ താലിബാനെതിരെ യുദ്ധം പ്രഖ്യാപിച്ചതും. അതുവരെ താലിബാനു സഹായം നൽകിയിരുന്ന മുഷറഫ് രായ്ക്കുരാമാനം കളം മാറ്റിച്ചവിട്ടി, യുദ്ധത്തിൽ അമേരിക്കയ്ക്കു വേണ്ട സഹായം നൽകുമെന്നായി. താലിബാൻ താവളങ്ങളുടെ സ്ഥാനവും മറ്റും പാക്ക് സൈന്യം യുഎസിനു കാട്ടിക്കൊടുത്തു. 

എന്നാൽ, അതിനിടയിൽ അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന പാക്ക് സൈനികോപദേഷ്ടാക്കളെയും പാക്കിസ്ഥാനു താൽപര്യമുള്ള താലിബാൻ നേതാക്കളെയും രക്ഷപ്പെടുത്താൻ ശ്രമിച്ചതു പ്രശ്നമായി. മുഷറഫ് ഇരുവശത്തും കളിക്കുകയാണെന്നു ബോധ്യമായ യുഎസ്, റഷ്യയുടെയും ഇന്ത്യയുടെയും സമ്മതത്തോടെ അഫ്ഗാനിസ്ഥാനിലെ വടക്കൻ സഖ്യത്തെ കാബൂൾ പിടിച്ചെടുക്കാനനുവദിച്ചത് മുഷറഫിനു തിരിച്ചടിയായി.

 

പുതിയ നീക്കങ്ങൾ

ഇതോടെ, മുഷറഫ് വീണ്ടും ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമമാരംഭിച്ചു. പിന്നാമ്പുറ ചർച്ചകൾ വളരെയധികം പുരോഗമിച്ചിരുന്നുവെന്നാണ് അറിയുന്നത്. നിയന്ത്രണരേഖയുടെ കാര്യത്തിൽ വരെ ഏതാണ്ട് അഭിപ്രായസമന്വയമുണ്ടായത്രേ. എന്നാൽ, കശ്മീരിലെ ഭീകരപ്രസ്ഥാനത്തിനു പിന്തുണ നൽകുന്നത് അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ ആവശ്യത്തിനു മറുപടി ഇല്ലായിരുന്നു. ഒടുവിൽ 2004 ജനുവരിയിലെ സാർക് ഉച്ചകോടിയോടനുബന്ധിച്ചു നടത്തിയ ചർച്ചകളിൽ അക്കാര്യത്തിലും മുഷറഫ് ഉറപ്പുനൽകിയതോടെ സമഗ്രചർച്ചകൾ ആരംഭിക്കാമെന്നായി.

എന്നാൽ, പാക്കിസ്ഥാനിലെ മൗലികവാദികളുടെയും സൈന്യത്തിലെ ഒരു വിഭാഗത്തിന്റെയും പിന്തുണ നേടിയെടുക്കാൻ മുഷറഫിനായില്ല. വിമർശനം ശക്തമായതോടെ പഴയ ഉദാരമതിയായ ഭരണാധികാരി ഏകാധിപത്യ പ്രവണത കാട്ടിത്തുടങ്ങി. പൗരസ്വാതന്ത്ര്യത്തിനായി വാദിച്ച സുപ്രീം കോടതി ജഡ്ജിമാരെ പുറത്താക്കിയതോടെ പുരോഗമനവാദികളുടെയും ബുദ്ധിജീവികളുടെയും പിന്തുണയും നഷ്ടമായി. അതു വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, വിദേശത്തായിരുന്ന ബേനസീർ ഭൂട്ടോയെ പാക്കിസ്ഥാനിൽ പ്രവേശിപ്പിച്ചെങ്കിലും പൊതുജനസമ്പർക്കഘോഷയാത്രയിൽ അവർ കൊല്ലപ്പെട്ടതോടെ മുഷറഫ് ജനങ്ങളുടെ കണ്ണിൽ പ്രതിക്കൂട്ടിലായി. രാജിവച്ചൊഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പിലൂടെ എത്തിയ ആസിഫ് അലി സർദാരി ഭരണകൂടം രാജ്യദ്രോഹാരോപണങ്ങൾവരെ ഉയർത്തിയതോടെ രാജ്യം വിടേണ്ട ഗതിയായി. ശിക്ഷ ഏറ്റുവാങ്ങി ജയിലിൽ പോകേണ്ടിവരാതിരുന്നത് സൈന്യത്തിൽനിന്ന് അദ്ദേഹത്തിന് എന്നും ലഭിച്ചിരുന്ന പിന്തുണ കൊണ്ടുമാത്രമാണ് എന്നു പറയപ്പെടുന്നു. 

 

60 വർഷത്തിനുശേഷം ജനന സർട്ടിഫിക്കറ്റ്

1943 ഓഗസ്‌റ്റ് 11ന് ഡൽഹിയിൽ ജനിച്ച്, വിഭജനത്തെത്തുടർന്നു പാക്കിസ്ഥാനിലെ കറാച്ചിയിലെത്തിയ പർവേസ് മുഷറഫിന് 6 പതിറ്റാണ്ടുകൾക്കു ശേഷമാണ് ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നത് – 2005ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ.

രേഖകൾ പ്രകാരം, 1943 ഓഗസ്‌റ്റ് 11ന് ഡൽഹിയുടെ ഹൃദയഭാഗത്തുള്ള മിസിസ് ഗിർധാരി ലാൽ മെറ്റേണിറ്റി ഹോസ്പിറ്റലിലാണു മുഷറഫ് ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം പഴയ ഡൽഹിയിലാണു താമസിച്ചിരുന്നത്. 2005ൽ ത്രിദിന സന്ദർശനത്തിനെത്തിയ മുഷറഫിന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങാണ് ജനന സർട്ടിഫിക്കറ്റ് സമ്മാനിച്ചത്.

കറാച്ചി സ്വദേശിയായ ഷേബയാണ് മുഷറഫിന്റെ ഭാര്യ. ഏകമകൾ ഐല ആർക്കിടെക്ട് ആണ്. പാക്ക് ചലച്ചിത്ര സംവിധായകൻ അസിം റാസയാണ് മരുമകൻ.

 

മുഷറഫ് കാലം

1943 ഓഗസ്റ്റ് – സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന സയ്യിദ് മുഷറഫുദ്ദീന്റെ പുത്രനായി പഴയ ഡൽഹിയിൽ ജനനം.

1964 ജൂൺ – പാക്ക് മിലിറ്ററി അക്കാദമിയിൽ.

1998 ഒക്ടോബർ – കരസേനാ മേധാവിയായി പ്രധാനമന്ത്രി നവാസ് ഷരീഫ് നിയമിച്ചു

1999 ജൂലൈ - കാർഗിൽ ആക്രമണത്തിന്റെ സൂത്രധാരനായി, തോൽവി ഏറ്റുവാങ്ങി.

1999 ഒക്ടോബർ – സൈനിക അട്ടിമറിയിലൂടെ നവാസ് ഷരീഫിനെ പുറത്താക്കി. 

2001 ജൂൺ – പാക്ക് പ്രസിഡന്റ് മുഹമ്മദ് റഫീഖ് തരാർ രാജിവച്ചതിനെത്തുടർന്ന് പ്രസിഡന്റായി സ്വയം അവരോധിച്ചു.

2001 ജൂലൈ– ഇന്ത്യൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുമായി ആഗ്രയിൽ ഉച്ചകോടി. 

2001 ഡിസംബർ – ഇന്ത്യൻ പാർലമെന്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകളാണെന്ന് ഇന്ത്യ.

2002 മാർച്ച് – പാക്കിസ്ഥാന്റെ മണ്ണിൽ തീവ്രവാദത്തിനെതിരെ പോരാടുമെന്ന് മുഷറഫ്.

2002 സെപ്റ്റംബർ – നിയന്ത്രണരേഖയിലെ വെടിനിർത്തലിന് യുഎൻ പൊതുസഭയിൽ മുഷറഫിന്റെ ആഹ്വാനം.

2004 ജനുവരി – ഇസ്‌ലാമാബാദിൽ സാർക് ഉച്ചകോടിയിൽ വാജ്‌പേയി – മുഷറഫ് ചർച്ച.

2006 സെപ്റ്റംബർ– ഭീകരതയ്ക്കെതിരെ ഇന്ത്യയും പാക്കിസ്ഥാനും ഒന്നിച്ചു പ്രവർത്തിക്കാൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമായി ധാരണ.

2007 നവംബർ – കരസേനാ മേധാവി പദമൊഴിഞ്ഞ് സിവിലിയൻ പ്രസിഡന്റായി സത്യപ്രതിജ്ഞ.

2008 ഓഗസ്റ്റ് – കുറ്റവിചാരണ ചെയ്‌തു പുറത്താക്കാനുള്ള നീക്കം അന്തിമഘട്ടത്തിൽ എത്തിയതോടെ പ്രസിഡന്റ് പദവി രാജിവച്ചു

2010 ഓഗസ്റ്റ് – ഓൾ പാക്കിസ്‌ഥാൻ മുസ്‌ലിം ലീഗ് എന്ന രാഷ്‌ട്രീയപാർട്ടി രൂപീകരിച്ചു.

2016 മാർച്ച് –  ദുബായിലേക്കു കടന്നു.

2019 ഡിസംബർ – ഭരണഘടന അട്ടിമറിച്ചെന്ന കേസിൽ രാജ്യദ്രോഹക്കുറ്റത്തിനു പ്രത്യേക കോടതി വധശിക്ഷ വിധിച്ചു

2020 ജനുവരി – ലഹോർ ഹൈക്കോടതി വധശിക്ഷ റദ്ദാക്കി

2023 ഫെബ്രുവരി – ദുബായിൽ അന്തരിച്ചു

English Summary: Musharraf's moves changed the political picture of Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com