ADVERTISEMENT

ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതു സംബന്ധിച്ച കേസിൽ നവംബർ നാലിനു സുപ്രീം കോടതിയിൽനിന്നുണ്ടായ വിധി ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തിൽ ആശ്വാസലേപനമായിത്തീരുമെന്നാണു രാജ്യം കരുതിയത്. എന്നാൽ, ഇത് അനുവദിച്ചുകിട്ടുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതാവസ്ഥയും ആശയക്കുഴപ്പവും ആശങ്കയുമാണ് നിലനിൽക്കുന്നത്.

ജോലിയിലിരിക്കെ ശമ്പളത്തില്‍നിന്നു പ്രതിമാസ വിഹിതം നല്‍കിയിട്ടുപോലും ന്യായമായ പെന്‍ഷന്‍ ലഭിക്കുന്നതിനായി തൊഴിലാളികള്‍ ഇത്രയും നീണ്ട നിയമയുദ്ധം നടത്തേണ്ടിവന്ന കഷ്ടസാഹചര്യം ലോകത്ത് മറ്റൊരിടത്തും ഉണ്ടായിക്കാണില്ല. വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളും രാജ്യത്തെ പരമോന്നത കോടതിയും തൊഴിലാളികള്‍ക്ക് അനുകൂലമായി പലതവണ വിധി നല്‍കിയിട്ടും അതിനെതിരെ പുനഃപരിശോധനാ ഹര്‍ജിയുമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) കോടതിയിലെത്തി. ഏറ്റവുമൊടുവില്‍, എല്ലാ ഹര്‍ജികളും ഒന്നിച്ചു തീര്‍പ്പാക്കിക്കൊണ്ട്, ഭാഗികമായി തൊഴിലാളികള്‍ക്ക് അനുകൂലമായി സുപ്രീം കോടതി വിധി പ്രഖ്യാപിക്കുകയായിരുന്നു. 

ആറരക്കോടിയിലേറെ വരിക്കാരുള്ള ഇപിഎഫ്ഒയില്‍ 30 ലക്ഷത്തോളം തൊഴിലാളികള്‍ക്കു മാത്രമാണ് പുതിയ വിധിയിലൂടെ ഉയര്‍ന്ന പെന്‍ഷന് അര്‍ഹത ലഭിക്കുക. ഉയര്‍ന്ന പെന്‍ഷന്‍ പദ്ധതിയിലേക്കു മാറാന്‍ തൊഴിലാളികൾ തൊഴിലുടമയുമായി ചേര്‍ന്ന് ജോയിന്റ് ഓപ്ഷൻ നൽകേണ്ടതുണ്ട്. അതിനു കോടതി അനുവദിച്ച കാലാവധി കഴിയാൻ കഷ്ടിച്ച് നാലാഴ്ച മാത്രമുള്ളപ്പോഴും അർഹതയുള്ള ബഹുഭൂരിപക്ഷത്തിനും ഓപ്ഷൻ നൽകാനുള്ള അവസരം ഇപിഎഫ്ഒ ഒരുക്കിയിട്ടില്ല. അതേസമയം, ഓപ്ഷൻ നൽകാതെ 2014നു മുൻപു വിരമിച്ച് പിന്നീട് വിവിധ കോടതി ഉത്തരവുകളിലൂടെ ഉയർന്ന പെൻഷൻ വാങ്ങുന്നവരിൽനിന്നു തുക തിരിച്ചുപിടിക്കാനുള്ള നടപടി പലയിടത്തും തുടങ്ങുകയും ചെയ്തു.

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ നൽകണമെന്ന സുപ്രീം കോടതി വിധി സാമ്പത്തികവും അല്ലാത്തതുമായ ബാധ്യതകളുണ്ടാക്കുന്നതിനാൽ വിശദ പഠനം വേണമെന്നാണിപ്പോൾ കേന്ദ്ര സർക്കാർ പറയുന്നത്. പെൻഷൻകാർക്കെതിരെ സർക്കാർ എടുക്കുന്ന ഈ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സുപ്രീം കോടതി ഉത്തരവു നടപ്പാക്കാൻ ഇപിഎഫ്ഒ മാർഗനിർദേശം ഉടൻ നൽകുമോ എന്ന പാർലമെന്റിലെ ചോദ്യത്തിന് ‘ഉത്തരവ് വിശദമായി പഠിച്ചുവരികയാണ്’ എന്നായിരുന്നു കഴിഞ്ഞ ദിവസം തൊഴിൽ മന്ത്രാലയത്തിന്റെ മറുപടി. 2014 സെപ്റ്റംബർ ഒന്നിനുശേഷം വിരമിച്ചവരും ഇപ്പോഴും സർവീസിൽ തുടരുന്നവരുമായ ആളുകൾക്കു കോടതി ഉത്തരവുപ്രകാരം ഓപ്ഷന് അപേക്ഷിക്കാൻ ഇപിഎഫ്ഒ നടപടികളെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി ലഭിച്ചതുമില്ല. 

ഓപ്ഷൻ നൽകാ‍ൻ ഇപിഎഫ്ഒയുടെ പുതിയ ഉത്തരവിനു കാത്തിരിക്കേണ്ടതില്ലെന്ന് കഴിഞ്ഞയാഴ്ച മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അർഹതയുള്ളവർ സുപ്രീം കോടതി നിർദേശിച്ച സമയത്തിനകം ഓപ്ഷൻ നൽകിയാൽ സ്വീകരിക്കാൻ ഇപിഎഫ്ഒ ബാധ്യസ്ഥമാണെന്നും കോടതി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി, ഓപ്ഷൻ നൽകാനുള്ള ലിങ്ക് എപ്പോൾ വരുമെന്ന് അറിയാൻ ഡൽഹിയിലെ ഇപിഎഫ്ഒ ആസ്ഥാനത്തു ബന്ധപ്പെട്ടവർക്ക് ‘ഉടൻ’ എന്ന ഒറ്റവാക്ക് മറുപടിയാണു ലഭിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ ഒൗദ്യോഗിക അറിയിപ്പു നൽകാൻ അധികൃതർ തയാറാകുന്നില്ല. ഇനി, പുതിയ ലിങ്ക് വന്നാൽ പോലും ലക്ഷക്കണക്കിനാളുകൾ ഓപ്ഷൻ നൽകുമ്പോൾ വെബ്സൈറ്റ് പണിമുടക്കുമോ എന്ന ആശങ്കയുമുണ്ട്.

അക്കൗണ്ടിലിട്ട പെൻഷൻ തുക തിരിച്ചുപിടിച്ച ഇപിഎഫ്ഒയ്ക്ക് എതിരെ കടുത്ത പ്രതിഷേധവുമായി പിഎഫ് പെൻഷൻകാർ രംഗത്തിറങ്ങിക്കഴിഞ്ഞു. നേരത്തേ കോടതി ഉത്തരവു വഴി ഉയര്‍ന്ന പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്നവരുടെ പെന്‍ഷന്‍ തിരികെപ്പിടിക്കണമെന്ന് പുതിയ ഉത്തരവില്‍ പറയുന്നില്ലെന്നിരിക്കെ ഇതു സംബന്ധിച്ച് ഇപിഎഫ് ഇറക്കിയ വിജ്ഞാപനത്തിനെതിരെയും രൂക്ഷ വിമര്‍ശനമുയരുന്നുണ്ട്. സുപ്രീം കോടതി ഉത്തരവു നടപ്പാക്കുന്നതിനു പകരം, കോടതി പറയാത്ത കാര്യങ്ങൾ നടപ്പാക്കാനാണ് ഇപിഎഫ്ഒ തിടുക്കം കാട്ടുന്നതെന്നാണ് ആരോപണം. ഈ അനിശ്ചിതത്വം ഇങ്ങനെ തുടരുന്നതു കടുത്ത വഞ്ചന തന്നെയാണ്.

English Summary : Editorial about EPFO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com