ADVERTISEMENT

വീണ്ടും ജനംതന്നെ തോറ്റു. ഇന്ധനവിലയിലടക്കം ബജറ്റ് അടിച്ചേൽപിച്ച കനത്ത നികുതിഭാരങ്ങളിൽ ചെറിയ ഇളവുപോലും നൽകില്ലെന്നു വ്യക്തമാക്കിയതോടെ, ജനകീയമെന്നു പെരുമ പറഞ്ഞുകെ‍ാണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ യഥാർഥ മുഖം ഒരിക്കൽക്കൂടി വെളിപ്പെടുകയാണ്. ജനങ്ങളുടെ ആളുന്ന മനസ്സും കേരളമാകെ ഇരമ്പുന്ന പ്രതിഷേധവും കണ്ടില്ലെന്നു നടിച്ച്, നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കു മന്ത്രി കെ.എൻ.ബാലഗോപാൽ നൽകിയ മറുപടി നാടിനെ വല്ലാതെ നിരാശപ്പെടുത്തുന്നതായി. സമീപകാലത്തെ‍‍ാന്നും സംസ്ഥാനം അനുഭവിക്കാത്തവിധത്തിലുള്ള കൂട്ട ആഘാതമാണ് ഇത്തവണത്തെ ബജറ്റിലുള്ളത്. ഇന്നലെ ഇളവുകളെ‍ാന്നും പ്രഖ്യാപിക്കാതിരുന്നതോടെ ഇന്ധനവില, വൈദ്യുതി നിരക്ക്, ഭൂമി ന്യായവില, കെട്ടിടനികുതി എന്നിവയടക്കം വിവിധ മേഖലകളിലുണ്ടായ ഭാരങ്ങളെല്ലാം ജനം നിസ്സഹായതയോടെ സഹിക്കേണ്ടിവരുമെന്ന് ഉറപ്പായി. നേരത്തേതന്നെ ഉയർന്നുനിൽക്കുന്ന ഇന്ധനവില രണ്ടുരൂപ കൂടി കൂട്ടിയതോടെ ഓട്ടോ, ടാക്സി ഡ്രൈവർമാരടക്കം എല്ലാ വിഭാഗം ജനങ്ങളെയും സർക്കാർ പ്രഹരിച്ചുവെന്നു മാത്രമല്ല, ചരക്കുനീക്കത്തിന്റെ ചെലവു കൂടുമെന്നതിനാൽ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ സർവവസ്തുക്കളുടെയും വിലക്കയറ്റത്തിനു വാതിൽ തുറന്നുവയ്ക്കുകയും ചെയ്തിരിക്കുന്നു. പെട്രോൾ–ഡീസൽ സെസും ഭൂമി ന്യായവിലവർധനയും ബജറ്റിലൂടെ അടിച്ചേ‍ൽപിച്ച ദിവസംതന്നെ പരസ്യപ്രഖ്യാപ‍നമില്ലാതെയാണ് വെള്ളത്തിനു വില കൂട്ടിയത്. മാർച്ചിനു ശേഷമാകും വർധനയെന്നാണു നേരത്തേ പറഞ്ഞിരുന്നത്. ചാർജ് പരിഷ്കരിച്ചുള്ള ജല അതോറിറ്റിയുടെ ഉത്തരവു പുറത്തുവന്നതോടെ വിവിധ സ്ലാബുകളിലായി മാസം 50 മുതൽ 500 രൂപ വരെ വർധിക്കുമെന്നുറപ്പായി. വൻതുക കുടിശികയുടെ പേരിലും നഷ്ടത്തിന്റെ പശ്ചാത്തലത്തിലുമാണ് വാട്ടർ ചാർജ് കുത്തനെ കൂട്ടാൻ സർക്കാരിന് ഇടതുമുന്നണി അനുമതി നൽകിയത്. എന്നാൽ, ജല അതോറിറ്റിക്കു പിരിഞ്ഞുകിട്ടാനുള്ള തുകയിൽ 70 ശതമാനവും നൽകാനുള്ളത് സർക്കാർ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളുമാണെന്നത് കുടിശികയുടെയും നഷ്ടത്തിന്റെയും കണക്കുകളെ പരിഹാസ്യമാക്കുന്നു. കൃത്യമായി കുടിശിക പിരിച്ചിരുന്നെങ്കിൽ ഈ വലിയ ഭാരം ജനത്തിനുമേൽ അടിച്ചേൽപിക്കേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നു എന്നതിൽ സംശയമില്ല. അധിക‍ൃതരുടെ നിരുത്തരവാദിത്തംകെ‍ാണ്ടു പാഴാവുന്ന വെള്ളത്തിന്റെ കണക്കുകൂടി വാട്ടർ ചാർജ് വർധനയോടു ചേർത്തുവയ്ക്കണം. ‘കണക്കില്ലാതെ’യല്ല പൈപ്പുകൾ പൊട്ടുന്നത്. കൃത്യമായ കണക്ക് ജല അതോറിറ്റിയുടെ റജിസ്റ്ററിലുണ്ട്. ഉദാഹരണം: കോട്ടയം പബ്ലിക് ഹെൽത്ത് (പിഎച്ച്) സബ് ഡിവിഷനു കീഴിൽ മാത്രം, 2016 മേയ് മുതൽ 2022 ജൂൺ 12 വരെ 1564 തവണ പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടുണ്ട്. സംസ്ഥാനത്താകെ പെ‍ാട്ടുന്ന പൈപ്പുകളുടെ എണ്ണം ഇതിൽനിന്നു സങ്കൽപിക്കാവുന്നതേയുള്ളു. ഭൂമി ന്യായവിലയിലെ അന്യായ വർധനയിൽ ഇളവു പ്രതീക്ഷിച്ചവരും പാടേ നിരാശരായി. വിപണിവിലയെക്കാൾ ന്യായവില ഉയർന്നുനിൽക്കുന്ന പ്രദേശങ്ങളിൽ ഭൂമി വാങ്ങിയാൽ റജിസ്ട്രേഷൻ ചെലവ് ഏപ്രിൽ ഒന്നു മുതൽ കുതിച്ചുയരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇത്തവണ ബജറ്റിൽ ന്യായവില 20 ശതമാനമാണു വർധിപ്പിച്ചത്. 2010ൽ ഭൂമി ന്യായവില നിലവിൽ വന്നശേഷം ഇത് ആറാം തവണയാണു വർധന നടപ്പാക്കുന്നത്. അശാസ്ത്രീയ നിർണയം കാരണം ഒട്ടേറെ ഇടങ്ങളിൽ വിപണിവിലയെക്കാൾ ന്യായവില ഉയർന്നുനിൽക്കുന്നുമുണ്ട്. പത്തു ജില്ലകളിലെ ഉയർന്ന ന്യായവില തലസ്ഥാനത്തെ ഏറ്റവും ഉയർന്ന ന്യായവിലയെക്കാൾ അധികമായിട്ടും സർക്കാരിന്റെ കണ്ണിൽപെടുന്നില്ല. ന്യായവില ഓരോ ബജറ്റിലും കൂട്ടി വരുമാനം ഉറപ്പാക്കുന്നതല്ലാതെ ഇതു ശാസ്ത്രീയമായി പരിഷ്കരിക്കാൻ തയാറാകുന്നതുമില്ല. പരിഷ്കരണത്തിനായി രണ്ടു തവണ സമിതികളെ നിയോഗിച്ചെങ്കിലും ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. ന്യായവില വർധനയുടെ അധികഭാരം സാധാരണക്കാരെ കാര്യമായി ഉലയ്ക്കുന്നതാണ്. അടിസ്ഥാന ന്യായവില പരിഷ്കരിച്ചാൽ മാത്രമേ ഇൗ പ്രശ്നം പരിഹരിക്കാനാകൂ. നികുതിവർധനയിലുയരുന്ന പ്രതിഷേധങ്ങളെ പരിഹസിക്കാനും സർക്കാർവക ധൂർത്തിനെ ന്യായീകരിക്കാനും ഇന്നലെ നിയമസഭയിൽ സമയം കണ്ടെത്തിയ ധനമന്ത്രി, സാധാരണക്കാരുടെ നെഞ്ചിലെ ആകുലതയുടെ ആഴവും പരപ്പും കാണാതെപോയതാണ് ഏറ്റവും വലിയ ദുരന്തം.

English Summary : Kerala budget 2023, cess not reduced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com