ADVERTISEMENT

 ഭൂചലനങ്ങൾ തുർക്കിക്കാർക്ക് അപരിചിതമല്ല. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ 2019ൽ എത്തിയതിനുശേഷം തുടർച്ചയായ ചെറുഭൂചലനങ്ങൾ എനിക്കും പരിചിതമായി. രണ്ടു മുഖ്യഭൗമപാളികൾ ചേരുന്നിടത്താണു തുർക്കി സ്ഥിതിചെയ്യുന്നത് എന്നതിനാൽ ഇടയ്ക്കിടെയുള്ള ഭൂചലനങ്ങളോടു നാം പൊരുത്തപ്പെടണമെന്ന് ഇവിടത്തെ സുഹൃത്തുക്കൾ എന്നോടു പറഞ്ഞു. എന്നാൽ, കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 4.17നു സംഭവിച്ചതു മറ്റൊന്നായിരുന്നു. ഞാൻ രാത്രിജോലി കഴിഞ്ഞു തിരിച്ചെത്തി വൈകി ഉറങ്ങുകയായിരുന്നു. അപ്പോഴാണു വൻഭൂകമ്പമുണ്ടായത്. എന്റെ കിടക്ക കുലുങ്ങുന്നുണ്ടായിരുന്നു. പുറത്തു മഞ്ഞു പെയ്തുകൊണ്ടിരുന്നു. തെരുവിനു നടുവിൽ കനത്ത മഞ്ഞുവീഴ്ചയിൽ തപ്പിത്തട‌യുന്ന അയൽവാസികളെ ഞാൻ കണ്ടു.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സിറിയൻ അതിർത്തിയോടു ചേർന്ന് 600 കിലോമീറ്റർ തെക്കുകിഴക്കായി തുർക്കിയിലെ കഹർമൻ മറാഷ് പ്രവിശ്യയിലായിരുന്നു. ഓഫിസിൽ ഞാൻ തിരിച്ചെത്തുമ്പോഴാണ് അറിഞ്ഞത്, ഭൂകമ്പബാധിതമായ 10 പ്രവിശ്യകളിൽനിന്നുള്ള ഞങ്ങളുടെ ഒരു ഡസനോളം റിപ്പോർട്ടർമാരുടെയെങ്കിലും വീടുകൾ തകർന്നു. ചിലർക്കു കുടുംബാംഗങ്ങൾ നഷ്ടമാകുകയും ചെയ്തു. കഹർമാൻ മറാഷിനു പുറമേ ഹതായി, ഗസിയാൻടെപ്, അഡാന, മലാട്ട്യ, കിലിസ്, അടിയാമാൻ, ദിയാർബക്കീർ, സാൻലിഉർഫ, ഉസ്മാനിയേ എന്നീ പ്രവിശ്യകളാണു പൂർണമായി തകർന്ന‌ത്. ഈ മേഖലയാകെ 1.3 കോടി ജനസംഖ്യയുണ്ട്. ഇതിൽ ഗസിയാൻടെപ്, ദിയാർബക്കീർ എന്നിവ ഉയർന്ന ജനസാന്ദ്രതയുള്ള നഗരങ്ങളാണ്; ഓരോ നഗരത്തിലും 20 ലക്ഷത്തോളം ആളുകൾ പാർക്കുന്നു. 

തകർച്ച കൺമുന്നിൽ 

ഗസിയാൻടെപ്പിനു സമീപം മലയോരത്തു താമസിക്കുന്ന മാധ്യമപ്രവർത്തകൻ ഒക്തയ് യാൽചിൻ തന്റെ കിടക്ക മറിഞ്ഞാണ് ഉറക്കത്തിൽനിന്നു ഞെട്ടിയുണർന്നത്. ഭൂചലനമാണെന്നു തിരിച്ചറിയാൻ സമയമെടുത്തു. യാൽചിൻ പുറത്തിറങ്ങി നോക്കുമ്പോൾ താഴെ നഗരമധ്യത്തിൽനിന്ന് പൊടിയും പുകയും ഉയരുന്നുണ്ടായിരുന്നു. ‘അത് അണുബോംബ് ഇട്ടതുപോലെയായിരുന്നു’ – അദ്ദേഹം പറഞ്ഞു. ഗസിയാൻടെപ്പിൽ ആദ്യമുണ്ടായത് 7.7 തീവ്രതയുള്ള ഭൂചലനമായിരുന്നു. പക്ഷേ, യാൽചിന്റെ വീടിന് ഒന്നും സംഭവിച്ചില്ല. ആദ്യ ചലനത്തിനു പിന്നാലെ അദ്ദേഹവും കുടുംബവും വീടിനു പുറത്തിറങ്ങി നിൽക്കുമ്പോൾ 15 മിനിറ്റിനുശേഷം ശക്തമായ മറ്റൊരു ഭൂചലനം കൂടി സംഭവിച്ചു; 6.5 തീവ്രതയുള്ളത്. തന്റെ വീടിരുന്ന പാർപ്പിടസമുച്ചയം ചീട്ടുകൊട്ടാരംപോലെ തകർന്നടിയുന്നത് അദ്ദേഹം കണ്ടുനിന്നു. ‘എല്ലാം പെട്ടെന്നു കഴിഞ്ഞു. ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. ഞങ്ങൾക്കു ജീവൻ മാത്രം തിരിച്ചുകിട്ടി’ – യാൽചിൻ പറഞ്ഞു. തുടർന്ന് യാൽചിൻ സഹോദരനൊപ്പം തകർന്നുതരിപ്പണമായ ഗസിയാൻടെപ് നഗരമധ്യത്തിലേക്കാണു പോയത്. ഏതാനും മണിക്കൂറുകൾ മുൻപു വരെ ജനങ്ങൾ തിങ്ങിനിറഞ്ഞ നഗരത്തിലെ വൻകിട ഷോപ്പിങ് മാളുകൾ, തിയറ്റുകൾ, നൈറ്റ് ക്ലബ്ബുകൾ എന്നിവയെല്ലാം തകർന്നടിഞ്ഞു കൂമ്പാരം മാത്രമായി ശേഷിച്ചു. ഇതെഴുതുമ്പോഴേക്കും ആകെ 700 തുടർചലനങ്ങളുണ്ടായെന്നാണു കണക്ക്. അതിലൊന്നിന് 7.6 തീവ്രതയുണ്ടായിരുന്നു. രണ്ടായിരം വർഷം പഴക്കമുള്ള ഗസിയാൻടെപ് കോട്ടയ്ക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.

ഭൂകമ്പത്തിൽ കേടുപാടു സംഭവിച്ച ഗസിയാൻടെപ് കോട്ട.
ഭൂകമ്പത്തിൽ കേടുപാടു സംഭവിച്ച ഗസിയാൻടെപ് കോട്ട.

∙ ഇന്ത്യക്കാർ ആരെങ്കിലും

മേഖലയിലുള്ള ഇന്ത്യക്കാർ ആരെങ്കിലും അപകടത്തിൽപെട്ടോ എന്നായിരുന്നു അടുത്ത ഉത്കണ്ഠ. കർണാടകയിൽനിന്നുള്ള ഫ്രാൻസിസ് ദൊണ്ഡുവിനെ എനിക്ക് ഫോണിൽ കിട്ടി. ഭൂകമ്പമേഖലയായ ഹതായിയിൽ പൂർണമായി തകർന്നടിഞ്ഞ അന്ത്യോക്യ പട്ടണത്തിലായിരുന്നു അദ്ദേഹം. ‘ഞങ്ങളുടെ മുഴുവൻ സംവിധാനവും തകർന്നിരിക്കുന്നു. ആരെയും ബന്ധപ്പെടാനാകാത്ത അവസ്ഥ. ഫോണിൽപോലും വിളിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ്’ – ഇന്ത്യൻ സമൂഹത്തിന്റെ വാട്സാപ് ഗ്രൂപ്പിൽ ഫ്രാൻസിസ് ദൊണ്ഡ‍ു തിങ്കളാഴ്ച രാവിലെ അയച്ച സന്ദേശമാണിത്. വൈകിട്ടായപ്പോഴേക്കും അദ്ദേഹവും കുടുംബവും പ്രദേശത്തെ സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കു മാറിയതായി അറിയിച്ചു. ചൊവ്വാഴ്ച പുലരുമ്പോഴേക്കും ഒരു വാർത്തയെത്തി. മലാട്ടിയ പ്രവിശ്യയിലെ അശ്വർ ഹോട്ടലിൽ താമസക്കാരനായ ഡെറാഡൂൺ സ്വദേശി വിജയകുമാറിനെ കാണാനില്ല. ആ ഹോട്ടൽ ഭൂചലനത്തിൽ പൂർണമായി തകർന്നടിഞ്ഞിരുന്നു. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. അദ്ദേഹം സുരക്ഷിതനായി മടങ്ങിയെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഏതാനും മാസം മുൻപാണു ഗസിയാൻടെപ്പിൽനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള സാൻലിഉർഫ പ്രവിശ്യ സന്ദർശിച്ചത്. ഈ പ്രദേശത്തും ഭൂചലനത്തിൽ കനത്ത നാശം സംഭവിച്ചു. ‘പ്രവാചകരുടെ നഗരം’ എന്ന് അറിയപ്പെടുന്ന ഈ പ്രദേശം പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. പഴയനിയമത്തിലെ അബ്രഹാം ജനിച്ചതും കാനാൻദേശത്തേക്കു പോകുംമുൻപ് ജീവിച്ചതും ഇവിടെയാണെന്നു വിശുദ്ധഗ്രന്ഥങ്ങളിൽ പറയുന്നു. ഈജിപ്തിലേക്കു മടങ്ങും മുൻപ് ഏഴു വർഷം മോശ ആട്ടിടയനായി കഴിഞ്ഞതും ഇവിടെയാണ്.

gilani
ഇഫ്തിക്കർ ഗീലാനി

∙ ഭൂകമ്പ പ്രതിരോധം

തുർക്കിയിൽ ഭൂചലനങ്ങൾ മൂലമുള്ള ദുരന്തങ്ങൾ നേരിടാൻ വിപുലമായ സംവിധാനങ്ങളുണ്ട്. ഭൂകമ്പ പ്രതിരോധ പരിശീലനമായ ‘ഡ്രോപ്, കവർ, ഹോൾഡ്’ കഴിഞ്ഞ നവംബർ നവംബർ 12ന് ആണു നടത്തിയത്. കോവിഡിനുശേഷമുള്ള ഈ ആദ്യ പരിശീലനം 1999ൽ തുർക്കിയിലുണ്ടായ വൻ ഭൂചലനത്തിന്റെ വാർഷികത്തോടനുബന്ധിച്ചായിരുന്നു. പ്രകൃതിദുരന്തങ്ങളിലെ പ്രതിരോധ, രക്ഷാ പ്രവർത്തനങ്ങൾക്കായി 2021ൽ 5.6 കോടി പേർക്കു പരിശീലനം നൽകിയതായി തുർക്കിയിലെ ദുരന്തനിവാരണ അതോറിറ്റിയുടെ (അഫഡ്) ചെയർമാനായ യുനുസ് സെസർ പറയുന്നു. കഴിഞ്ഞ വർഷം 94,000 പേർക്കു പ്രായോഗിക പരിശീലനവും നൽകി. ഭൂകമ്പ മേഖലയായതിനാൽ തുർക്കിയിൽ കെട്ടിടനിർമാണച്ചട്ടങ്ങൾ കർശനമാണ്. 1980കൾ മുതൽ നഗരങ്ങളിൽ വ്യക്തിക്കായി വീടു പണിയാൻ അനുമതിയില്ല. പകരം ബഹുനില കെട്ടിടങ്ങളിലെ അപ്പാർട്മെന്റുകൾക്കു മാത്രമാണ് അനുമതി. കെട്ടിടം പണി പൂർത്തിയായാൽ ദുരന്തനിവാരണ അതോറിറ്റിയായ അഫഡ് പരിശോധിച്ച് അംഗീകാരം നൽകണം. ഓരോ 10 വർഷം കൂടുമ്പോഴും അഫഡ് സംഘം എത്തി കെട്ടിടത്തിന്റെ ബലം പരിശോധിക്കും. രാജ്യത്തെ ഏതാണ്ട് എല്ലാ കെട്ടിടങ്ങൾക്കും ഇൻഷുറൻസുണ്ട്. ഇൻഷുറൻസ് ഇല്ലെങ്കിൽ ആ കെട്ടിടത്തിലേക്ക് വൈദ്യുതി, വെള്ളം, ഗ്യാസ് കണക്‌ഷൻ തുടങ്ങിയവ ലഭിക്കില്ല. ഒരു കെട്ടിടം സുരക്ഷിതമല്ലെന്ന് അധികൃതർ കണ്ടെത്തിയാൽ മുനിസിപ്പിൽ അധികൃതർ താമസക്കാർക്കു മുൻകൂർ നോട്ടിസ് നൽകിയശേഷം പൊളിച്ചുനീക്കും. തുടർന്നു പുതിയ കെട്ടിടം പണിതുനൽകും. ഇതിന്റെ ചെലവ് ഇൻഷുറൻസ് കമ്പനികളാണു വഹിക്കുക.

രക്ഷാപ്രവർത്തകരുടെ ധീരത

ഭൂകമ്പത്തിൽ എല്ലാം തകർന്നടിഞ്ഞപ്പോൾ, കടുത്ത മ‍ഞ്ഞിലും മഴയിലും രാവും പകലും നോക്കാതെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ സന്നദ്ധപ്രവർത്തകരുടെ ധീരത പരാമർശിക്കാതിരിക്കാനാകില്ല. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒട്ടേറെപ്പേരെ രക്ഷിക്കാനും അടിയന്തര ശുശ്രൂഷ നൽകാനും അവർക്കായി. ഇന്ത്യക്കാരും രംഗത്തിറങ്ങി. നെവ്ശേഷിർ പ്രവിശ്യയിലെ കാപഡോഷ്യയിലെ നമസ്തേ ഇന്ത്യ റസ്റ്ററന്റിന്റെ ഉടമ ദേപേന്ദ്ര ഗാരെൻ സൗജന്യഭക്ഷണം വിതരണം ചെയ്തു. ഡോക്ടറായ ഇർഫാൻ ദുരിതബാധിതർക്കു വൈദ്യസഹായമെത്തിക്കാനും അഭയമൊരുക്കാനും മുന്നിലുണ്ടായിരുന്നു.

turkey-syrian-earthquake-3

(തുർക്കിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മാധ്യമപ്രവർത്തകനാണ് ലേഖകൻ)

English Summary : Writeup about turkey-syria earthquake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com