ADVERTISEMENT

വിശ്വാസങ്ങളിലും സംസ്കാരത്തിലും കൽപിക്കപ്പെടുന്ന പവിത്രതയും നൽകുന്ന ഉൽപന്നങ്ങളുടെ ഗുണവും കാരണം ലഭിക്കുന്ന പ്രത്യേക പരിഗണനയിൽ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു ഇന്ത്യയിലെ പശുക്കൾ. അവയെയാണ് രാഷ്ട്രീയത്തൊഴുത്തിന്റെ വലതുവശത്തു പിടിച്ചുകെട്ടിയത്. ഇപ്പോൾ, പശുവിനെ തങ്ങളുടെ തൊഴുത്തിൽ നിർത്താൻ വയ്യ, എന്നാലൊട്ട് ഇറക്കിവിടാനും വയ്യ എന്ന സ്ഥിതിയിലാണ് ബിജെപി. 

വാലന്റൈൻസ് ദിനത്തിൽ എല്ലാ ഇന്ത്യക്കാരും പശുവിനെ കെട്ടിപ്പിടിച്ചാൽ പാശ്ചാത്യ സംസ്കാരത്തിനെതിരെ പ്രതിരോധശേഷി ലഭിക്കുമെന്നത് ഗുജറാത്തിൽനിന്നുള്ള കേന്ദ്ര മൃഗക്ഷേമ മന്ത്രിക്കു തോന്നിയ ആശയമാണ്. സഹമന്ത്രി അതിനോടു യോജിച്ചില്ല. പശുവും പശുവും പായുമ്പോൾ ഇടയ്ക്കുള്ള പുല്ലുതേയും എന്നാണു പ്രമാണം. അത്തരമൊന്നായിരുന്നു മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ പ്രതിസന്ധി. 

ഒടുവിൽ, വാലന്റൈൻസ് ദിനത്തിൽ പശുക്കളെ കെട്ടിപ്പിടിക്കാൻ മൃഗക്ഷേമ ബോർഡ് ആഹ്വാനം ചെയ്തു. ദിവസങ്ങൾക്കകം ആഹ്വാനം പിൻവലിക്കപ്പെട്ടു. മോദി സർക്കാരിന്റെ ഒൻപതോളം വർഷത്തിനിടെ, ഇത്രയും വേഗം പിൻവലിക്കപ്പെട്ട മറ്റൊരു നിർദേശമില്ല. 

മൂക്കുനീട്ടി അടുത്തുചെന്നാൽ ചില പശുക്കൾ‍ കുത്താനും ചില നേതാക്കളുമായെങ്കിലും കൊമ്പുകോർക്കാനുമുള്ള സാധ്യതകൾ കണക്കിലെടുത്താണ് ആലിംഗനാഹ്വാനം പിൻവലിച്ചതെന്നു കരുതാനാവില്ല. കാരണം, പ്രകടനപത്രികയിലെ പശു വോട്ടു ചുരത്തുന്ന കാലമുണ്ടായിരുന്നു; തെരുവിലും വയലിലും അലയുന്ന പശു വോട്ടു തൊഴിച്ചുതെറിപ്പിക്കും എന്നതാണ് ഇപ്പോൾ സ്ഥിതി. അപ്പോൾ, പ്രശ്നക്കാരിപ്പശുവിനെ കെട്ടിപ്പിടിക്കുന്നതെങ്ങനെ? 

മൃഗക്ഷേമ മന്ത്രിയുടെ ഗുജറാത്തിൽ‍, നഗരങ്ങളിൽ അലയുന്ന പശുക്കളെയും കാളകളെയും നിയന്ത്രിക്കാൻ ഹൈക്കോടതിയെ ഭയന്നു സർക്കാർ നിയമം തയാറാക്കി. പശുക്കൾ പങ്കാളികളായ റോഡ് അപകടങ്ങളാണ് കോടതിയുടെ ഇടപെടലിനു കാരണമായത്. എന്നാൽ, പശുപാലക വിഭാഗമായ മാൽധാരികൾ നിയമത്തെ എതിർത്തു. തെരുവിലെ പശു വീണ്ടും നിയമത്തിന് അതീതയായി. ഇപ്പോൾ, 50,000 കാളകളെ വന്ധ്യംകരിച്ചാൽ ഇനിയങ്ങോട്ട് പശുക്കളുടെ എണ്ണം കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് സർക്കാർ. 

ബിജെപിയുടെയും അവർ മുന്നോട്ടുവച്ച രാഷ്ട്രീയത്തെയോർത്ത് പശുപാലനത്തിനു നിർബന്ധിതരായ കോൺ‍ഗ്രസിന്റെയും പിടിയിൽ പശു നിൽക്കാത്ത സ്ഥിതിയാണിപ്പോൾ. 2019ലെ കന്നുകാലി സെൻസസ് പ്രകാരം, രാജ്യത്ത് 50.21 ലക്ഷം പശുക്കളും കാളകളും തെരുവിലുണ്ട്. 2012ൽ ഇത് 52.87 ലക്ഷമായിരുന്നു. 

തെരുവിലുള്ള പശുക്കളും കാളകളും ദേശീയ കണക്കിൽ കുറഞ്ഞു. എന്നാൽ, യുപിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും അവയുടെ എണ്ണം കുത്തനെ കൂടിയിരിക്കുകയാണ്. ഇപ്പോൾ തെരുവു പശു–കാള എണ്ണത്തിന്റെ 66% ഈ സംസ്ഥാനങ്ങളിലാണ്. യുപിയിൽ മാത്രം 11 ലക്ഷത്തിലേറെ. ഒരു ലക്ഷത്തിലേറെ തെരുവു പശു–കാളകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഗുജറാത്തും ഹരിയാനയും മഹാരാഷ്ട്രയും ഒഡീഷയും പഞ്ചാബും ചത്തീസ്ഗഡുമുണ്ട്. 

ദിവസവും കറവ കഴിഞ്ഞാൽ പശുവിനെ തെരുവിലേക്കു വിടുകയെന്ന രീതി ഉത്തരേന്ത്യയിൽ പലയിടത്തും പുതിയതല്ല. എന്നാൽ, കറവ വറ്റിയവയെ മാംസാവശ്യത്തിന് ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണം വരികയും നിയമപാലനവും പശുനിരീക്ഷണവും രാഷ്ട്രീയപ്രവർത്തകർ ഏറ്റെടുക്കുകയും ചെയ്തപ്പോഴാണ് പല സംസ്ഥാനങ്ങളിലും പ്രതിസന്ധി കൊഴുത്തത്. 

കറവ വറ്റിയ പശുക്കൾ അനാഥരായി, തെരുവിൽനിന്നു തെരുവിലേക്കു നടന്നു. പ്രത്യക്ഷത്തിൽ വിശേഷിച്ചു പ്രയോജനമൊന്നുമില്ലാത്ത കാളകളും തെരുവിൽത്തന്നെ. അവർ സംഘടിച്ച് തെരുവകൾ കടന്ന് പാടങ്ങളിലേക്കും റെയിൽവേ പാളങ്ങളിലേക്കും കയറി. 2019 മുതൽ കഴിഞ്ഞ ജനുവരിവരെ രാജ്യത്തു മൊത്തം 1,01,924 പശുക്കൾക്കും കാളകൾക്കുമാണ് ട്രെയിൻ തട്ടി ജീവൻ പോയത്; റെയിൽ പാളങ്ങളിലെ പശു–കാള നടത്തം കാരണം 1,32,025 ട്രെയിൻ സർവീസുകൾ വൈകി. 

മ‍ൃഗക്ഷേമ സഹമന്ത്രിയുടെ സംസ്ഥാനമായ യുപിയിൽ, ഇക്കഴിഞ്ഞ തണുപ്പുകാലത്ത് വയലുകളിൽ പശുക്കളും കാളകളും കയറാതിരിക്കാൻ കാവലിരുന്നു മരിച്ചവരുണ്ട്; വിളകൾ നശിപ്പിക്കപ്പെട്ടതു താങ്ങാൻ കെൽപില്ലാതെ ജീവനൊടുക്കിയ കർഷകരുമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പശുക്കൾ ബിജെപിയുടെ വോട്ടുവിളയും നശിപ്പിക്കേണ്ടതായിരുന്നു. പശുപ്രശ്നം ഉടനെ പരിഹരിക്കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ഉറപ്പാണ് പാർട്ടിയെ സഹായിച്ചത്. 

ലോക്സഭയിൽ രണ്ടാഴ്ചമുൻപ് യുപിയിലെ പശുക്കാര്യം ചോദ്യമായി ഉന്നയിച്ചതു ബിജെപിയിലെ എംപിമാരാണ്. അലയുന്ന കന്നുകാലികൾ കാരണം സംസ്ഥാനത്തുള്ള വലിയ പ്രശ്നങ്ങൾ സർക്കാരിനറിയാമോ എന്നായിരുന്നു ചോദ്യം. അമേഠി, റായ്ബറേലി ജില്ലകളിലെ കലക്ടർമാർ‍ക്ക് ഈയിടെ മന്ത്രി സ്മൃതി ഇറാനി എഴുതിയ കത്തിൽ ആവശ്യപ്പെട്ടതും കന്നുകാലികൾ വയലുകളിൽ കടക്കുന്നതു തടയാനാണ്. 

അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പിൽ പശുപ്രശ്നമായിരിക്കും യുപിയിലെ മുഖ്യവിഷയമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചുകഴിഞ്ഞു. അപ്പോൾ, തിരഞ്ഞെടുപ്പിനു മുൻപു പശുക്കൾ വഴിമാറണം. അല്ലെങ്കിൽ വോട്ടു ചോദിക്കാൻ ബിജെപി എംപിമാർക്കു മണ്ഡലങ്ങളിലിറങ്ങാനാവില്ല. 

രാജ്യത്തെതന്നെ ആദ്യത്തെ പശുസങ്കേതം മുസഫർനഗറിൽ 52 ഹെക്ടറിൽ പണിയാൻ കേന്ദ്രം 63 കോടി രൂപ അനുവദിച്ചിരിക്കുന്നതിൽ വ്യക്തമാണ് പാർട്ടിയുടെ പശുപ്പേടി. ഇത്തരം സങ്കേതങ്ങൾ യുപിയിൽ എല്ലാ ജില്ലകളിലും പണിത്, അലയുന്നതിൽ 50% പശുക്കളെയെങ്കിലും ഈ വർഷംതന്നെ പിടിച്ചുകെട്ടാനാണ് ആലോചന. 

പെഹ്‌ലു ഖാൻ, അലിമുദിൻ അൻസാരി, റഖ്ബർ ഖാൻ എന്നിങ്ങനെ പലരെ പശുക്കടത്തിന്റെയും പശുമാംസത്തിന്റെയും പേരിൽ പല സംസ്ഥാനങ്ങളിലായി കൊലപ്പെടുത്തിയത് പശുവോ കാളയോ അല്ല, മനുഷ്യരാണ്. രാജസ്ഥാനിലെ ഭരത്പൂരിൽനിന്നുള്ള നസീറും ജുനൈദും കഴിഞ്ഞ ദിവസം ഹരിയാനയിലെ ഭിവാനിയിൽ ചുട്ടുകരിക്കപ്പെട്ടത് പശുസംരക്ഷകരാലാണെന്ന് അവരുടെ കുടുംബം ആരോപിക്കുന്നു. 

പശുവിന്റെ പേരുപറഞ്ഞ് മനുഷ്യരെ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി ഉൾപ്പെടെ പലരും പലതവണ പറഞ്ഞു. എന്നിട്ടും അക്രമവും കൊലപാതകവും സംഭവിക്കുന്നു. വാക്കുകൊണ്ടുള്ള മൂക്കുകയറിനു പരിമിതിയുണ്ടെന്നാണ് ഹരിയാനയിൽനിന്നുള്ള ഏറ്റവുമൊടുവിലത്തെ വാർത്തയും വ്യക്തമാക്കുന്നത്. 

English Summary : Deseeyam column about North India politicis surrounding cow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com