കാണാതിരിക്കരുത് ഈ ആശങ്കകൾ

Mail This Article
സഹിഷ്ണുതയും നാനാത്വത്തിലെ ഏകത്വവുമാണ് ഇന്ത്യൻ ദേശീയതയുടെ ആത്മാവ്. എല്ലാ സംസ്‌കാരങ്ങളെയും സ്വാംശീകരിക്കുന്നതാണ് നമ്മുടെ മുഖമുദ്ര. രാജ്യം കൃഷ്ണമണിപോലെ കാത്തുപോരുന്ന ആ മഹനീയ സമന്വയത്തിനു മുറിവേൽക്കുന്നതൊന്നും ഉണ്ടാവാൻ പാടില്ലാത്തതുമാണ്. അതുകൊണ്ടുതന്നെ, രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഇപ്പോഴുള്ള ആശങ്കകൾ അതീവഗൗരവമുള്ളതാകുന്നു.
ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള അക്രമങ്ങൾ രാജ്യത്തിനുതന്നെ തീരാക്കളങ്കമാണെന്നതിൽ സംശയമില്ല. ഭാരതം മുറുകെപ്പിടിക്കുന്ന മതനിരപേക്ഷതയ്ക്കുതന്നെയാണ് ആ വേളകളിലൊക്കെയും മുറിവേൽക്കുന്നത്. ക്രൈസ്തവർക്കെതിരെ രാജ്യത്തു വിദ്വേഷവും ആക്രമണവും രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാരും നിയമ, നീതിന്യായ സംവിധാനങ്ങളും അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യവുമായി ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഡൽഹി ജന്തർമന്തറിൽ നടന്ന പ്രതിഷേധസംഗമം ആഴമുള്ള ആശങ്കകളാണു പങ്കുവച്ചത്.
യുപി, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക, ജാർഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) പറയുന്നു. യുസിഎഫിന്റെ കണക്കുകളനുസരിച്ച് 2022ൽ മാത്രം ക്രൈസ്തവർക്കെതിരെ 21 സംസ്ഥാനങ്ങളിലായി 597 അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെ നടന്നത് 1198 അക്രമങ്ങളാണ്. ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്യുന്നതിനും കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനും സംസ്ഥാനങ്ങളിൽ പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിക്കുക, ആക്രമണങ്ങൾക്ക് ഉത്തരവാദികളായ സംഘങ്ങളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുക, നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ട ക്രിസ്ത്യൻ വിഭാഗക്കാർക്കു നഷ്ടപരിഹാരം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഡൽഹിയിലെ പ്രതിഷേധസംഗമം ഉയർത്തുകയുണ്ടായി. നീതിയുക്തമായ പരിഹാരമാണ് ഇവർ തേടുന്നത്.
പശുക്കടത്ത് ആരോപിച്ച് രണ്ടു മുസ്‌ലിം യുവാക്കളെ ഹരിയാനയിലെ ഭിവാനിയിൽ ചുട്ടുകൊന്നതു പോലെയുള്ള സംഭവങ്ങൾ മതനിരപേക്ഷ ഭാരതത്തിനുതന്നെ അപമാനമായിത്തീരുന്നു. ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഹനിക്കപ്പെടുന്നുവെന്ന ആരോപണം ഉയരുമ്പോൾ അതിന് ഉചിത മറുപടി നൽകേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനുണ്ട്. ബഹുസ്വരത നിറഞ്ഞ സാമൂഹികക്രമം ഉറപ്പാക്കി സ്വതന്ത്രചിന്തയും വിശ്വാസങ്ങളും സാധ്യമാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം സർക്കാരിനാണെന്നും കടുത്ത അസഹിഷ്ണുതയുടേതായ മനോഭാവം ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാകില്ലെന്നും സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുള്ളതുമാണ്.
ഭരണഘടനാ ശിൽപി ഡോ. ബി.ആർ.അംബേദ്കറുടെ 125–ാം ജന്മവാർഷികത്തോടനുബന്ധിച്ചു 2015ൽ, ഭരണഘടനയെക്കുറിച്ചു പാർലമെന്റിൽ നടന്ന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇന്നും പലരും ഓർമിക്കുന്നുണ്ടാവും. രാജ്യമാണു സർക്കാരിന്റെ മതമെന്നും ഭരണഘടനയാണ് വിശുദ്ധഗ്രന്ഥമെന്നും അദ്ദേഹം അന്നു പ്രഖ്യാപിക്കുകയുണ്ടായി. ഭൂരിപക്ഷവും ന്യൂനപക്ഷവും കയ്യോടു കൈ ചേർക്കണം, ബഹുസ്വരതയെ സംരക്ഷിക്കണം, ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കുകയും വേണം എന്നിങ്ങനെയുള്ള, അദ്ദേഹത്തിന്റെ അന്നത്തെ മറ്റു പ്രഖ്യാപനങ്ങളും ഇപ്പോൾ കൂടുതൽ പ്രസക്തമാകുന്നു. അതു പ്രാവർത്തികമാകുന്നതാകണം രാജ്യത്തിന്റെ ഓരോ ദിനവും.
മറ്റൊരാളുടെ മതത്തെ അറിയാനും അംഗീകരിക്കാനും ആദരിക്കാനും സാധിക്കുന്ന ക്രിയാത്മക നിലപാടാണ് ഇന്ത്യയുടെ മതനിരപേക്ഷതയുടെ കാതൽ. സഹജീവിയുടെ മതത്തെ ആദരിക്കാനായാൽ മാത്രമേ സമുദായസൗഹാർദം കാത്തുസൂക്ഷിക്കുക എന്ന പൗരധർമം നിർവഹിക്കാനാകൂ. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ആവശ്യമായ തുടർനടപടികളും നിരന്തരശ്രദ്ധയും ഭരണാധികാരികളിൽനിന്നുണ്ടാകേണ്ടത് ഈ കാലത്തിന്റെതന്നെ ആവശ്യമാണ്. എല്ലാ വിഭാഗങ്ങളും സുരക്ഷിതരായി ജീവിക്കുന്ന, വ്യത്യസ്ത ആശയങ്ങളും സ്വതന്ത്രചിന്തയും നിലനിൽക്കുന്ന ലിബറൽ സമൂഹമെന്ന അതുല്യപദവി ഒരു സാഹചര്യത്തിലും നമ്മുടെ രാജ്യത്തിനു കൈമോശം വരരുത്.
English Summary : Editorial about minority community crisis