ടാറ്റയുടെ ജോലി നിരസിച്ചു, മോഹിനിയാട്ടത്തിന്റെ അംബാസഡറായി: നൃത്തകലയുടെ കനകകാന്തി

HIGHLIGHTS
  • പാരമ്പര്യ നൃത്തരൂപങ്ങളുടെയും നാട്യദർശനങ്ങളുടെയും ആധികാരിക ഗുരു
Kanak-Rele-2
രാഷ്ട്രപതി പ്രണബ് മുഖർജിയിൽനിന്നു പത്മഭൂഷൺ സ്വീകരിക്കുന്ന ഡോ. കനക് റെലെ. (2013)
SHARE

കേരളത്തിന്റെ തനത് നൃത്തരൂപമായ മോഹിനിയാട്ടത്തിന്റെ കേരളത്തിനു പുറത്തെ അംബാസഡറായിരുന്നു ഡോ.കനക് റെലെ. മുംബൈ കേന്ദ്രീകരിച്ച് ഈ നൃത്തരൂപത്തിനു രാജ്യത്തെങ്ങും വലിയ പ്രചാരം സൃഷ്ടിക്കാനും അക്കാദമിക് തലത്തിൽ അവസരങ്ങൾ ഒരുക്കാനും മാർഗദീപമായത് അവരുടെ പ്രവർത്തനങ്ങളാണ്. ഉന്നതമായ നിലയിൽ നിയമബിരുദം നേടിയിട്ടും ആ മേഖല വിട്ട് നൃത്തം ജീവിതോപാസനയാക്കുകയായിരുന്നു ഡോ.റെലെ. 

ചെറുപ്പത്തിൽ കൊൽക്കത്തയിലെ ശാന്തിനികേതനിൽ കണ്ട മോഹിനിയാട്ടമാണ് റെലെയെ കേരളീയ പാരമ്പര്യകലകളുടെ ആരാധികയാക്കിയത്. ഗവേഷണ താൽപര്യത്തോടെ ചെറുതുരുത്തിയിലെ കലാമണ്ഡലത്തിലേക്ക് എത്തുന്നത് അങ്ങനെയാണ്. ഗുരു കരുണാകരപ്പണിക്കരിൽനിന്ന് കഥകളി അഭ്യസിച്ചതിനൊപ്പം മോഹിനിയാട്ടത്തിന്റെ പുതുവഴികൾ തേടുകയായിരുന്നു ഡോ.റെലെ. 

മോഹിനിയാട്ടത്തിലെ കലാമണ്ഡലം ചിട്ടയിൽ മാറ്റങ്ങൾ വേണമെന്നും സോപാനസംഗീതാധിഷ്ഠിതമാകണമെന്നും വാദിച്ചിരുന്ന കാവാലം നാരായണപ്പണിക്കരുമായുള്ള സൗഹൃദമാണ് അതിനു നിമിത്തമായത്. ഇരുവരും ചേർന്ന് മോഹിനിയാട്ടത്തിൽ ഒരു ‘പുതുചിട്ട’ തന്നെ വെട്ടിത്തുറന്നു. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, അഭിനയപ്രാധാന്യമുള്ള നടനമായിരുന്നു അത്. നാട്യധർമപരമായ ആ അഭിനയ സംഗീതത്തിനു പിൽക്കാലത്ത് മോഹിനിയാട്ടത്തിൽ വലിയ സ്വീകാര്യത ലഭിച്ചു. 

neena-prasad
ഡോ.നീന പ്രസാദ്

മുംബൈ നളന്ദയിൽ ഡോ.റെലെയുടെ നേതൃത്വത്തിൽ നടത്തുന്ന നൃത്തോത്സവത്തിൽ പങ്കെടുക്കാൻ രണ്ടായിരത്തിന്റെ തുടക്കത്തിൽ എന്നെ ക്ഷണിച്ചതോടെയാണ് നേരിട്ടുള്ള പരിചയത്തിന് അവസരം ലഭിക്കുന്നത്. പിന്നീടു നല്ല വ്യക്തിബന്ധമായി. ഖജുരാഹോ നൃത്തോത്സവത്തിൽ എന്റെ പേര് ആദ്യമായി നിർദേശിച്ചതും അവരാണെന്നതു വലിയ അംഗീകാരമായി കാണുന്നു. പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനായി മോഹിനിയാട്ടത്തിലെ രൂപപരിണാമങ്ങൾ സംബന്ധിച്ചു ഞാൻ നടത്തിയ ഒരു പഠനം ഡോ.റെലെയെക്കുറിച്ചായിരുന്നു. മുംബൈയിൽ പോകുമ്പോൾ ഞാൻ ഡോ.റെലെയെ വീട്ടിൽപ്പോയി കാണാറുണ്ടായിരുന്നു. തിരുവനന്തപുരത്തെ എന്റെ വീട്ടിൽ അവരെത്തിയത് അവിസ്മരണീയ അനുഭവമാണ്. കലാമണ്ഡലം കൽപിത സർവകലാശാല ആയപ്പോൾ ഡോ.റെലെയുടെ രണ്ടു പുസ്തകങ്ങൾ റഫറൻസിനായി ശുപാർശ ചെയ്തതും ഞാൻ കൂടി ഉൾപ്പെട്ട കമ്മിറ്റിയായിരുന്നു. ഒടുവിൽ കലാമണ്ഡലത്തിൽ ദേശീയ സെമിനാറിൽ ഞങ്ങൾ ഒരുമിച്ചു പങ്കെടുക്കുകയും ചെയ്തു. 

മോഹിനിയാട്ടത്തിൽ മാത്രമല്ല, മറ്റു പാരമ്പര്യ നൃത്തരൂപങ്ങളിലുള്ളവർക്കും അഭിനയ വഴികളെക്കുറിച്ചും നാട്യദർശനങ്ങളെക്കുറിച്ചും ഭാരതീയ സൗന്ദര്യ സങ്കൽപങ്ങളെക്കുറിച്ചും ആധികാരിക ഗുരുവായി മാറിയ വലിയ കലാകാരിയാണ് വിടപറഞ്ഞത്.

ടാറ്റയുടെ ജോലി നിരസിച്ച് നൃത്തവേദിയിലേക്ക്

മാഞ്ചസ്റ്റർ സർവകലാശാലയിൽനിന്ന് സിവിൽ ഏവിയേഷൻ നിയമം പഠിച്ചിറങ്ങിയ കനക് റെലെയുടെ കഴിവും ബുദ്ധിയും മനസ്സിലാക്കി കനത്ത പ്രതിഫലവുമായി ടാറ്റ എയർലൈൻസിൽ ഉയർന്ന ജോലി വാഗ്ദാനം ചെയ്തത് ജെ.ആർ.ഡി.ടാറ്റ. പക്ഷേ, ശാന്തിനികേതനിൽ ബാല്യം ചെലവിട്ട ഗുജറാത്തി പെൺകുട്ടിയുടെ ഇഷ്ടവഴി നിറയെ ചിലങ്കയുടെയും സോപാനസംഗീതത്തിന്റെയും താളമായിരുന്നു. ശാന്തിനികേതനിൽനിന്ന് കലാമണ്ഡലത്തിലെത്തി, കേരളത്തെയും തനതുകലകളെയും അത്രമേൽ സ്നേഹിച്ച് അവർ വിളക്കുവച്ച നൃത്തവഴികളും ചിന്തകളുടെ അരങ്ങുകളും ഇന്നും പ്രഭാമയം. 

ശിവദാസ്– മാധുരി ദമ്പതികളുടെ മകളായി ഗുജറാത്തിൽ ജനിച്ച്, അച്ഛന്റെ മരണത്തോടെ കൽക്കട്ടയിൽ ശാന്തിനികേതനിലേക്കു പറിച്ചുനടപ്പെട്ട ബാലികയായിരുന്നു കനക്. ശാന്തിനികേതനിലെ  ജീവിതവും കലകളോടു തോന്നിയ ഇഷ്ടവും പ്രതിഭയെ തൊട്ടുണർത്തി. 10–ാം വയസ്സിൽ കഥകളി പഠനം തുടങ്ങിയതിനു പിന്നാലെ കാലിലെ വേദന അസഹനീയമായി. ഡോക്ടർമാർ പരിശോധിച്ചപ്പോൾ പോളിയോ. നൃത്തപരിശീലനം കൂടുതൽ ഊർജിതമാക്കി കനക് രോഗത്തെ പടികടത്തി. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി അവർ പിൽക്കാലത്തു വികസിപ്പിച്ച ഡാൻസ് തെറപ്പിക്കു പിന്നി‍ൽ ഈ അനുഭവമായിരുന്നു. 

kanak
കനക് റെലെ ചിത്രം കടപ്പാട്: സുരേഷ് മുരളീധരൻ

മോഹിനിയാട്ടമെന്ന കലാരൂപത്തിന്റെ പൊരുൾതേടിയുള്ള യാത്ര റെലെയെ ലോകപ്രശസ്തയാക്കി. ഭാരതീയ നൃത്തകലകളെക്കുറിച്ച് ഒട്ടേറെ വിദേശ സർവകലാശാലകളിൽ പഠിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിനു കീഴിലെ കലാ, സാംസ്കാരിക വകുപ്പ് ഉപദേശകയുമായിരുന്നു. 1967 ലായിരുന്നു നളന്ദ ഡാൻസ് അക്കാദമി സ്ഥാപിച്ചത്. ഇന്നത് നളന്ദ ഡാൻസ് റിസർച് സെന്ററാണ്. 1977 ൽ നൃത്തത്തിൽ പിഎച്ച്ഡി നേടിയപ്പോൾ അത്തരത്തിലൊരു ഗവേഷണപഠനം ഇന്ത്യയിൽത്തന്നെ ആദ്യമായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലായി വലിയ ശിഷ്യസമ്പത്തുള്ളതിനു പുറമേ നൃത്തമേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ പുസ്തകങ്ങളും പ്രബന്ധങ്ങളും എഴുതിയും ജീവിതം കലയ്ക്കു വേണ്ടി സമർപ്പിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘മി ആൻഡ് മൈ മോഹിനിയാട്ടം’ എന്ന ആത്മകഥാപരമായ പുസ്തകവും ശ്രദ്ധിക്കപ്പെട്ടു.  

  2018ൽ കേരള സർക്കാരിന്റെ പ്രഥമ ഗുരു ഗോപിനാഥ് നാട്യപുരസ്കാരം ഡോ.കനക് റെലെയ്ക്കു സമ്മാനിച്ചത് മോഹിനിയാട്ടത്തിനു രാജ്യാന്തര അംഗീകാരം നേടിക്കൊടുത്ത ആ നൃത്തസപര്യയ്ക്കുള്ള സവിശേഷ ആദരമായാണ്.

(പ്രശസ്ത നർത്തകിയാണ് ലേഖിക)

English Summary : Dr Neena Prasad remembering renowned mohiniyattam exponent Kanak Rele

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA