പേരിനുമതിയോ പെണ്ണിന് ?

HIGHLIGHTS
  • പ്രാദേശികതലത്തിൽ അധികാരസ്ഥാനങ്ങളിലെത്താൻ സംവരണം സ്ത്രീകളെ വലിയതോതിൽ സഹായിച്ചിട്ടുണ്ട്. എന്നാൽ, മുകൾത്തട്ടിലേക്കു നോക്കുമ്പോഴോ?. പലപ്പോഴും പുരുഷന്മാർ സ്പോൺസർ ചെയ്യുന്ന പദവികളേ സ്ത്രീക്കു ലഭിക്കുന്നുള്ളൂ
sudha
SHARE

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിൽ കേരളീയ സമൂഹം കണ്ട സുപ്രധാന മാറ്റങ്ങളിൽ ഒന്നാണ് പൊതുരംഗത്തേക്കു കടന്നുവരുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ വർധന. അതിന്റെ ചാലകശക്തികൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സ്ത്രീസംവരണവും കുടുംബശ്രീയും ആണെന്നു പറയാം. അത്രമേൽ സർവതലസ്പർശിയായ ഘടകങ്ങൾ വേറെയില്ല.

സംവരണം ഉണ്ടായിരുന്നില്ലെങ്കിൽ ഈ സ്ത്രീകളിൽ ഭൂരിപക്ഷവും അദൃശ്യരായി പോകുമായിരുന്നു. പ്രാദേശികതലത്തിൽ സ്ത്രീകളുടെ സാമൂഹികപദവി വർധിപ്പിക്കാനും തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെ ഉയർത്താനുമൊക്കെ ഒരു പരിധിവരെ സ്ത്രീസംവരണം കാരണമായിട്ടുണ്ട്. എന്നാൽ, ഭരണതലത്തിലുള്ള ഈ പ്രാതിനിധ്യം സമൂഹത്തിനു സ്ത്രീയോടുള്ള മനോഭാവം മാറ്റുകയോ അധികാരം തുല്യമായി വിഭജിക്കേണ്ടതാണെന്ന ബോധ്യം സമൂഹത്തിൽ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. 

സ്ത്രീശാക്തീകരണത്തിലേക്കുള്ള ഒരു പ്രധാനപടവാണ് രാഷ്ട്രീയാധികാരത്തിലുള്ള പ്രാതിനിധ്യം. എന്നാൽ, അത് എല്ലാ വിവേചനവും ഇല്ലാതാക്കുന്ന ‘മാന്ത്രികവിളക്ക്’ ആയി കാണുന്നതിൽ അർഥമില്ല. സ്ത്രീപ്രാതിനിധ്യം കൃത്യമായി ഉപയോഗിക്കുകയും അതിനനുസരിച്ചുള്ള നയപരിപാടികൾ ആവിഷ്കരിക്കുകയും ചെയ്താൽ മാത്രമേ ഈ അധികാരംകൊണ്ട് കാര്യമുള്ളൂ. നിർഭാഗ്യവശാൽ, പുരുഷാധിപത്യവ്യവസ്ഥയുടെ ചട്ടക്കൂടുകളിൽനിന്നുകൊണ്ടാണ് ഇവിടെ അധികാരപങ്കാളിത്തം നടപ്പാക്കുന്നത്. പൊതുപ്രവർത്തകരായ സ്ത്രീകളെ അംഗീകരിക്കാതെ, അധികാരത്തിലെ അവരുടെ പ്രാതിനിധ്യംകൂടി പുരുഷനേതാക്കളുടെ രാഷ്ട്രീയത്തിനു മുകളിൽ വച്ചുകെട്ടുന്ന രീതിയും കാണാറുണ്ട്. 

1957ലെ കേരള നിയമസഭയിലെ 114 അംഗങ്ങളിൽ ആറുപേർ സ്ത്രീകളായിരുന്നു. എന്നാൽ, ഇപ്പോഴത്തെ 140 അംഗ സഭയിലാകട്ടെ 12 സ്ത്രീകൾ. 65 വർഷം കൊണ്ടാണ് ഇരട്ടിയായത് എന്നോർക്കണം. 2011ൽ എണ്ണം വെറും ഏഴായിരുന്നു, 2016ൽ എട്ടും. കേരളത്തിലെ വോട്ടർമാരിൽ പകുതിയിലേറെയും സ്ത്രീകളാണ്. എന്നിട്ടും സ്ത്രീകളുടെ നിയമസഭയിലെ പ്രാതിനിധ്യം വെറും 8.57% മാത്രം. ഒൻപതു വനിതകൾ മാത്രമേ കേരളത്തിൽനിന്ന് ഇതുവരെ ലോക്‌സഭയിൽ എത്തിയിട്ടുള്ളൂ. രാജ്യസഭയിൽ അഞ്ചുപേരും. 1974ൽ ലീലാ ദാമോദരമേനോനുശേഷം 2010 വരെ കാത്തിരുന്നിട്ടാണ് ടി.എൻ.സീമയിലൂടെ ഒരു വനിത  രാജ്യസഭയിൽ എത്തുന്നത്. പിന്നീട് കഴിഞ്ഞവർഷം ജെബി മേത്തറും. ഇടതുപക്ഷ പാർട്ടികളുടെ ജില്ലാ സെക്രട്ടറിമാരിൽ ഒരു സ്ത്രീപോലുമില്ല. കോൺഗ്രസിൽ കൊല്ലം ഡിസിസി പ്രസിഡന്റായി ബിന്ദുകൃഷ്ണ വന്നു എന്നതു മാത്രമാണ് ചെറിയ മാറ്റം. നമ്മുടെ തൊഴിലാളിസംഘടനകളിലെ അംഗങ്ങളിൽ ഭൂരിഭാഗവും സ്ത്രീകളല്ലേ? എന്നിട്ട്, എത്ര സംഘടനകളുടെ നേതൃസ്ഥാനത്തു സ്ത്രീകൾ എത്തുന്നുണ്ട്? ഒരു വനിതാമുഖ്യമന്ത്രിയോ വനിതാ ആഭ്യന്തരമന്ത്രിയോ നമുക്ക് എന്നെങ്കിലും ഉണ്ടാകുമോ? 

സംവരണം ഉള്ളതുകൊണ്ടുമാത്രമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെങ്കിലും സ്ത്രീകൾക്കു പ്രാതിനിധ്യമുള്ളത്. നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളിലെ വനിതാ നേതാക്കൾ സത്യത്തിൽ അവകാശലംഘനമാണ് അനുഭവിക്കുന്നത്. പലപ്പോഴും അധികാരമോഹമായി വ്യാഖ്യാനിക്കപ്പെടും എന്നതിനാലും അച്ചടക്കലംഘനമാകുമോ എന്നു ഭയന്നും സ്ത്രീകൾക്ക് തങ്ങളുടെ അവകാശം കൃത്യമായി നേതൃത്വങ്ങളെ ബോധ്യപ്പെടുത്താനാകുന്നില്ല. അത്, ഒരവസരമായിക്കണ്ട് ആണുങ്ങൾ പരസ്പരം പദവികൾ വീതിച്ചെടുക്കുന്ന ഒരു സംസ്കാരമാണ് എല്ലാ പാർട്ടികളിലും. സ്ത്രീകളുടെ സ്വതന്ത്രമായ അധികാരത്തിലും പ്രാതിനിധ്യത്തിലും അതിൽനിന്ന് ഉരുത്തിരിയുന്ന പരിവർത്തനാത്മക രാഷ്ട്രീയത്തിലും വിശ്വസിക്കാതെ, രാഷ്ട്രീയപ്പാർട്ടികൾ പുരുഷാധിപത്യ സാമൂഹികഘടനയുടെ മൂല്യബോധം ഇപ്പോഴും പിന്തുടരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌. പുരുഷന്മാർ സ്പോൺസർ ചെയ്യുന്ന ശാക്തീകരണ മോഡൽ ആണ് നമ്മുടേത്‌. 

മാത്രമല്ല, സ്ത്രീയുടെ വളർച്ചയിൽ കുടുംബം ഇപ്പോഴും ഒരു ഘടകമായി നിൽക്കുന്നുമുണ്ട്. പുരുഷന്റെ കാര്യത്തിൽ അങ്ങനെയല്ല. ഒരു സ്ത്രീ അമ്മയാകുന്നതോടൊപ്പം പുരുഷൻ അച്ഛനുമാകുന്നുണ്ട്. പക്ഷേ, രാഷ്ട്രീയനേതാവ് എന്ന നിലയിലോ പ്രഫഷനൽ എന്ന നിലയിലോ പുരുഷന്റെ മുന്നോട്ടുള്ള യാത്രയിൽ അതൊരു ഘടകമാകുന്നില്ല. എന്നാൽ, പ്രിവിലേജ് ഒന്നുമില്ലാത്ത ഒരു സ്ത്രീ ഗർഭിണി ആകുന്നതോടെ അവരുടെ സാമൂഹികവും തൊഴിൽപരവുമായ സജീവത ദുർബലമാകുന്നു. സമൂഹത്തിലെ ഓരോ ഇടങ്ങളെയും കൃത്യമായി നിർവചിച്ച്, സ്ത്രീക്കും പുരുഷനുമായി വെവ്വേറെ ഇടം നൽകുകയാണ് പൊതുബോധം ചെയ്യുന്നത്. കുടുംബം, കുട്ടികൾ എന്നീ വൈകാരിക- സ്വകാര്യ ഇടങ്ങളാണ് സ്ത്രീകൾക്കു പതിച്ചു നൽകുന്നത്. ഈ ഇടങ്ങളിലെ തൃപ്തികരമായ പങ്കാളിത്തത്തിനുശേഷം മാത്രമാണ് സാമൂഹിക– രാഷ്ട്രീയ ഇടങ്ങളിൽ സ്ത്രീകൾക്കു ദൃശ്യരാകാൻ കഴിയുന്നത്. കുടുംബം, വീട് തുടങ്ങിയ ഇടങ്ങളുടെ വൈകാരിക-വിശുദ്ധപരിവേഷം നിലനിൽക്കുന്നതു സ്ത്രീകളുടെ അതിരില്ലാത്ത ഊർജത്തെയും അധ്വാനത്തെയും കാലങ്ങളോളം ചൂഷണം ചെയ്താണ്. അതുകൊണ്ടാണ് സ്ത്രീകൾക്കു സ്വയം ആവിഷ്കരിക്കാൻ കഴിയാതെ പോകുന്നതും. 

നമ്മുടെ സാമ്പ്രദായിക കുടുംബ സങ്കൽപങ്ങളും സ്ത്രീ വൈകാരികതയെ ചൂഷണം ചെയ്യുന്ന തൊഴിൽ വിഭജനങ്ങളും മാറാതെ,  വെറും അധികാരപങ്കാളിത്തംകൊണ്ട് സ്ത്രീകൾ സ്വതന്ത്രരാവില്ല. എന്നാൽ, നിർഭാഗ്യവശാൽ രാഷ്ട്രീയത്തിലെ ജനാധിപത്യം നിരന്തരം ചർച്ച ചെയ്യപ്പെടുമ്പോഴും കുടുംബത്തിലെ ജനാധിപത്യം ഒരിക്കലും ചർച്ച ചെയ്യപ്പെടാറില്ല. കുടുംബഘടനയിൽ ലിംഗസമത്വവും നീതിയും സ്ത്രീകളുടെ സ്വതന്ത്രചിന്തകളുടെ ആവിഷ്കാരവും നടപ്പാക്കാൻ കഴിഞ്ഞാൽ അതു സമൂഹത്തിലേക്കും രാഷ്ട്രീയത്തിലേക്കും മനോഹരമായി പകർത്താൻ കഴിയും. അതിനുള്ള ആർജവമാണ് ഉണ്ടാകേണ്ടത്. സ്ത്രീകളുടെ പ്രാതിനിധ്യവും അധികാര പങ്കാളിത്തവും അർഥപൂർണമാകുന്നത് അപ്പോഴാണ്.

English Summary: writeup about an increase in the number of women entering the public 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS