ഒരു പതിറ്റാണ്ടു മുൻപു കേരളം കണ്ട തിളക്കമുള്ള ആ സ്വപ്നത്തെ ‘സ്റ്റാർട്ടപ്’ എന്നു വിളിക്കാം. അഭ്യസ്തവിദ്യരായ യുവത തൊഴിൽതേടി അലയുന്ന പരമ്പരാഗതരീതി ഉപേക്ഷിച്ച്, സ്വന്തം സംരംഭത്തിലൂടെ തൊഴിൽദാതാക്കളായി മാറുന്ന അദ്ഭുതത്തിന്റെ പേരു കൂടിയായിരുന്നു അത്. യുഎസിലെ സിലിക്കൺവാലിയിൽ പണ്ടേ മുളച്ചു പടർന്നുപന്തലിച്ച സ്റ്റാർട്ടപ് സംസ്കാരം ബെംഗളൂരു ഉൾപ്പെടെ ഇന്ത്യയിലെ പല നഗരങ്ങളിലും വേരുപിടിച്ചശേഷമാണ് കേരളത്തിലെത്തുന്നത്. പഠനം പൂർത്തിയാക്കിയശേഷം ജോലി തേടുന്ന നാട്ടുനടപ്പിനെ ‘ട്രാഷ് ബിന്നി’ൽ തള്ളിയ പല യുവാക്കളും കോളജ്കാലത്തുതന്നെ സ്വന്തം സ്റ്റാർട്ടപ് സംരംഭം തുടങ്ങി നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ചു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കളമശേരിയിൽ ആരംഭിച്ച സ്റ്റാർട്ടപ് വില്ലേജാണ് സ്റ്റാർട്ടപ് സംരംഭങ്ങളുടെ ആദ്യ ഈറ്റില്ലം. സ്റ്റാർട്ടപ് വില്ലേജ് ഇല്ലാതായെങ്കിലും അതിന്റെ തുടർച്ച മേക്കർ വില്ലേജും സ്റ്റാർട്ടപ് ഇന്നവേഷൻ സോണും ഉൾപ്പെടെ പല കൈവഴികളിലൂടെ ഒഴുകുന്നു. സംസ്ഥാന സർക്കാരിന്റെ നോഡൽ ഏജൻസിയായ സ്റ്റാർട്ടപ് മിഷൻ പുതുസംരംഭകർക്കു തണലൊരുക്കാൻ മുന്നിലുമുണ്ട്. പക്ഷേ, കേരളത്തിലെ സ്റ്റാർട്ടപ് ഭൂമിക ഇപ്പോഴും നിവർന്നുനിൽക്കാറായില്ല എന്നതാണു യാഥാർഥ്യം. വലിയ സാധ്യതകൾ മുന്നിലുള്ളപ്പോൾതന്നെ അതിലേക്കെത്താനുള്ള കടമ്പകൾ ഏറെയാണ്. ‘മലയാള മനോരമ’ സ്റ്റാർട്ടപ് സംരംഭകർക്കായി സംഘടിപ്പിച്ച ‘സ്റ്റാർസ്... അപ്’ ആശയക്കൂട്ടായ്മ ശ്രദ്ധ ക്ഷണിച്ചതും ഈ വിഷയത്തിലേക്കു തന്നെ.
ഒരു മേശയ്ക്കു ചുറ്റുമിരുന്ന്, യുവാക്കളുടെ ആ സംഘം പങ്കുവച്ചതു കേരളത്തിലെ സ്റ്റാർട്ടപ്പുകൾ നേരിടുന്ന വെല്ലുവിളികൾക്കൊപ്പം തിളക്കമുള്ള ഭാവിക്കായി സർക്കാരും നിക്ഷേപകരും സമൂഹവും ചെയ്യേണ്ട കാര്യങ്ങൾ കൂടിയാണ്. കേരളത്തിൽ പിറന്ന ഒരു സ്റ്റാർട്ടപ്പിനു മികച്ച ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാക്കാൻ കഴിയില്ലെന്ന മുൻവിധി നാം മാറ്റിവയ്ക്കേണ്ട കാലമായെന്ന് അവരിൽ പലരും പറഞ്ഞു. പതിനായിരക്കണക്കിനു യുവപ്രതിഭകൾ പുതിയ ആശയങ്ങളുമായി സ്റ്റാർട്ടപ് സംരംഭങ്ങൾ തുടങ്ങുന്ന കാലത്ത്, അവരിലൊരാളായിട്ടു കാര്യമില്ല. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച ആശയം, ഏറ്റവും മികച്ച ഉൽപന്നമോ സേവനമോ ആക്കി മാറ്റുന്ന കഠിനശ്രമം ആവശ്യമായിവരുന്നു. അത്തരം കടമ്പകൾ കഠിനാധ്വാനവും പ്രതിഭയും ഉപയോഗിച്ചു മറികടന്നാണ് സ്റ്റാർട്ടപ് സംരംഭകർ വിശാലമായ വിപണിയുടെ അഗ്നിച്ചൂടിലേക്ക് ഇറങ്ങുന്നത്.
അവർക്ക് ഏറ്റവും ആവശ്യമായി വരുന്നതു മുന്നോട്ടുകുതിക്കാനുള്ള ഇന്ധനം അഥവാ നിക്ഷേപമാണ്. സീഡ് ഫണ്ടിങ് മുതൽ പല ഘട്ടങ്ങളിലായി നിക്ഷേപം വരേണ്ടതുണ്ട്. സ്റ്റാർട്ടപ് മിഷൻ പോലുള്ള സർക്കാർ ഏജൻസികളും ഏയ്ഞ്ചൽ നിക്ഷേപകരുമൊക്കെ സഹായത്തിനുണ്ടെങ്കിലും വൻതോതിലുള്ള നിക്ഷേപം ആവശ്യമായി വരുന്ന സ്റ്റാർട്ടപ്പുകൾ നേരിടുന്നതു വലിയ പ്രതിസന്ധിയാണ്. ഫണ്ട് ലഭ്യമാക്കാൻ കേരളത്തിലെ സ്വകാര്യമേഖലയും ഉയർന്ന വരുമാനമുള്ള വ്യക്തികളും (ഹൈ നെറ്റ്‌വർത് ഇൻഡിവിജ്വൽസ്) മുന്നോട്ടുവരേണ്ടതുണ്ടെന്ന അഭിപ്രായം സംരംഭകർ ഒരേസ്വരത്തിൽ പങ്കുവയ്ക്കുകയുണ്ടായി.
ഉപകരണങ്ങൾ നിർമിക്കാനുള്ള അനുബന്ധ ഘടകങ്ങൾ ലഭ്യമാകാനുള്ള തടസ്സങ്ങളാണ് സോഫ്റ്റ്‌വെയർ അധിഷ്ഠിത സ്റ്റാർട്ടപ്പുകളെ അപേക്ഷിച്ചു ഹാർഡ്‌വെയർ സ്റ്റാർട്ടപ്പുകൾ നേരിടുന്ന അധിക പ്രതിസന്ധി. വെല്ലുവിളികൾ പലതുണ്ടെങ്കിലും ‘സ്വന്തം മണ്ണിൽ’ നിന്നു വളരാനാണു കേരളത്തിലെ യുവസംരംഭകർ ആഗ്രഹിക്കുന്നത്. അതിനുള്ള ആവാസ വ്യവസ്ഥയാണ് ഇനിയും വളരേണ്ടത്. അതിന് അവർ മുന്നോട്ടുവയ്ക്കുന്നതു പുതിയൊരാശയമാണ്– കേരള ബ്രാൻഡ് സ്റ്റാർട്ടപ്. ടൂറിസം പ്രചാരണത്തിനായി കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി ബ്രാൻഡ് ചെയ്തതുപോലെ, സ്റ്റാർട്ടപ്പുകളുടെ സ്വന്തം നാടായി കേരളത്തെ അവതരിപ്പിക്കണം. അതിനു സർക്കാരിന്റെയും നിക്ഷേപകരുടെയും പൊതുസമൂഹത്തിന്റെയും കൂട്ടായ ശ്രമം അത്യാവശ്യമാണ്. ഗൂഗിൾ പോലെ, ആപ്പിൾ പോലെ ഒരു കമ്പനി കേരളത്തിന്റെ മണ്ണിൽനിന്ന് ഉയർന്നുവരുന്നതു നമുക്കു സ്വപ്നം കാണാം.
English Summary : Editorial about startup enterprises