ADVERTISEMENT

എൻജിനീയറിങ് വിദ്യാഭ്യാസരംഗത്തു നീണ്ട ചരിത്രം സ്വന്തമായുള്ള സംസ്ഥാനമാണു കേരളം. കേരളത്തിലെ ആദ്യ എൻജിനീയറിങ് കോളജ് (തിരുവനന്തപുരത്തെ കോളജ് ഓഫ് എൻജിനീയറിങ്– സിഇടി) 1939ൽ ആണ് ആരംഭിച്ചത്. ആദ്യ പോളിടെക്നിക് കോളജ് (തൃശൂരിലെ മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്) 1946ൽ തുടങ്ങി. പക്ഷേ, സ്വാതന്ത്ര്യാനന്തരം മറ്റു സംസ്ഥാനങ്ങളിലുണ്ടായ വളർച്ച കേരളത്തിലുണ്ടായില്ല. 

എൺപതുകളുടെ പകുതിയോടെ മറ്റു സംസ്ഥാനങ്ങളിൽ ഒട്ടേറെ സ്വകാര്യ എൻജിനീയറിങ് കോളജുകൾ തുടങ്ങി – പ്രത്യേകിച്ചും തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, അവിഭക്ത ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ. 1991ലെ ഉദാരവൽക്കരണത്തിനു ശേഷമുള്ള ഒരു പതിറ്റാണ്ടുകാലത്തെ അതിവേഗ സാമ്പത്തികവളർച്ച ഇങ്ങനെ പഠിച്ചിറങ്ങിയവർക്കു ജോലിയും നേടിക്കൊടുത്തു. 

2000ൽ ഇന്ത്യയിലാകെ ആയിരത്തിനാനൂറോളം എൻജിനീയറിങ് കോളജുകൾ ഉണ്ടായിരുന്നതിൽ മുപ്പതെണ്ണം മാത്രമായിരുന്നു കേരളത്തിൽ. എൻജിനീയറിങ് വിദ്യാഭ്യാസം സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുക്കുന്നതിന് ഇവിടെ മാറിമാറി വന്ന സർക്കാരുകൾ എതിരായിരുന്നു. മലയാളി വിദ്യാർഥികൾ എൻജിനീയറിങ് പഠിക്കാൻ മറ്റു സംസ്ഥാനങ്ങളിലേക്കു പോയിത്തുടങ്ങി. ആ ഒഴുക്ക് ഇന്നും ഒരുപരിധിവരെ തുടരുന്നു.  

2001ൽ സ്വകാര്യ സ്വാശ്രയ മേഖലയിൽ വൻതോതിൽ കോളജുകൾ അനുവദിച്ചപ്പോഴേക്കും വൈകിപ്പോയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ മുൻപേ തുടങ്ങിയ കോളജുകൾ കമ്പനികളുമായി നല്ല ബന്ധം സ്ഥാപിച്ച് പ്ലേസ്മെന്റ് സാധ്യതകൾ ഉറപ്പാക്കിയിരുന്നു. 

ഇന്നത്തെ സ്ഥിതി

2001നു ശേഷമാണ് കേരളത്തിൽ ഇന്നു കാണുന്ന എൻജിനീയറിങ് കോളജുകളിൽ ഭൂരിഭാഗവും സ്ഥാപിതമായത്. 2014ൽ നിലവിൽവന്ന കേരള സാങ്കേതിക സർവകലാശാലയോട് (കെടിയു) അഫിലിയേറ്റ് ചെയ്താണ് ഇവയിൽ മിക്കതും പ്രവർത്തിക്കുന്നത്. അവയിൽ മുക്കാൽപങ്കും സ്വകാര്യ സ്വാശ്രയ മേഖലയിലുമാണ്. 

ഒരുഘട്ടത്തിൽ 55,000 ബിടെക് സീറ്റുകൾവരെ ലഭ്യമായിരുന്നെങ്കിൽ 2017-21 കാലയളവിൽ ഇതിൽ 11,000 സീറ്റുകൾ കുറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷമായി ശരാശരി 22,000 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. 2018-22 ബാച്ച് ഫലം വന്നപ്പോൾ മൂന്നിലൊന്നു കോളജുകൾക്കു മാത്രമേ 50% വിജയമെങ്കിലും നേടാനായുള്ളൂ. ഇതൊരു അക്കാദമിക പ്രശ്നം മാത്രമല്ല, സാമൂഹികപ്രശ്നം കൂടിയാണ്. പഠിച്ചിറങ്ങുന്നവരിൽ വലിയൊരു പങ്ക് ജോലി ചെയ്യുന്നതു മറ്റു മേഖലകളിലാണു താനും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2022ലെ ദേശീയ വിദ്യാഭ്യാസ റാങ്കിങ് (നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക്- എൻഐആർഎഫ്) പ്രകാരം കേരളത്തിലെ ഏറ്റവും മികച്ച എൻജിനീയറിങ് കോളജിനു ദേശീയതലത്തിൽ 110-ാം സ്ഥാനം മാത്രമാണുള്ളത്. 200-250 റാങ്ക് വിഭാഗത്തിലും 250-300 റാങ്ക് വിഭാഗത്തിലും രണ്ടു കോളജുകൾ വീതമുണ്ട്. ഈ അഞ്ചു കോളജുകളിൽ മൂന്നെണ്ണം സ്വകാര്യമേഖലയിലാണ്. അധ്യയനം, പരീക്ഷാഫലം എന്നീ മാനദണ്ഡങ്ങളിൽ ഇവ മെച്ചപ്പെട്ട സ്കോർ നേടിയെങ്കിലും ഗവേഷണ പ്രബന്ധങ്ങളുടെ പ്രസിദ്ധീകരണം, അവയുടെ നിലവാരം, പേറ്റന്റുകൾ, പിഎച്ച്ഡി നേടുന്നവരുടെ എണ്ണം, വ്യവസായബന്ധിത പ്രവർത്തനങ്ങൾ, വൈവിധ്യമുള്ള വിദ്യാർഥിസമൂഹം തുടങ്ങിയ മാനദണ്ഡങ്ങളിൽ പിന്നാക്കമാകുന്നു. 

മുന്നോട്ടുള്ള വഴി

എൻജിനീയറിങ് വിദ്യാഭ്യാസത്തിൽ ആഗോളതലത്തിലുള്ള മാറ്റങ്ങളും പുതിയ രീതിശാസ്ത്രങ്ങളും ഉൾക്കൊള്ളുകയാണ് കേരളത്തിനു മുന്നോട്ടുള്ള വഴി. പാഠപുസ്തകം മാത്രം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം കാലഹരണപ്പെട്ടു. പഠിച്ച വിഷയങ്ങൾ പ്രയോഗിച്ചു ജീവിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന ഔട്കം ബേസ്ഡ് എജ്യുക്കേഷൻ (OBE) രീതി കൂടുതൽ ഗൗരവമായി സ്വീകരിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ പ്രക്രിയയുടെ എല്ലാ ഘടകങ്ങളും ആ കോഴ്സിന്റെ ഫലങ്ങളിൽ കേന്ദ്രീകരിച്ചു പഠനം ആസ്വാദ്യകരമാക്കുന്ന രീതിയാണിത്. ഇതു കാര്യക്ഷമമായി നടപ്പാക്കിയാൽ ബിരുദധാരികൾ കമ്പനികൾക്കു കൂടുതൽ സ്വീകാര്യരായിത്തീരും. ഇത്തരം പുതിയ അധ്യയനരീതി ഉൾക്കൊള്ളാൻ അധ്യാപകരെ പ്രാപ്തരാക്കുകയും വേണം.

വ്യത്യസ്ത വിഷയങ്ങൾ ഉൾക്കൊള്ളിച്ചു പാഠ്യപദ്ധതി കൂടുതൽ ഇന്റർഡിസിപ്ലിനറി ആകുകയും വേണം. ആഗോളതലത്തിൽതന്നെ എക്കാലത്തും എൻജിനീയറിങ് പാഠ്യപദ്ധതിയിൽ മൊത്തം പഠിക്കാനുള്ളതിന്റെ പകുതിയിൽ താഴെയേ മുഖ്യവിഷയം വരൂ. ശാസ്ത്രം, സാമ്പത്തികശാസ്ത്രം, തത്വചിന്ത, ഭാഷകൾ, മറ്റു മാനവിക വിഷയങ്ങൾ തുടങ്ങിയവയാകും ബാക്കി. ഇലക്ടീവുകൾ, മൈനർ വിഷയങ്ങൾ എന്നിവയ്ക്കും പ്രാധാന്യം കൂട്ടണം.  കെടിയുവിൽ ഈ ദിശയിലുള്ള മാറ്റങ്ങളുണ്ടെങ്കിലും അവ കൂടുതൽ ഊർജിതമാകണം. ഓൺലൈൻ മൂക് (MOOC) കോഴ്സുകളും ഇലക്ടീവുകളായി ഉൾപ്പെടുത്തണം.  

ഡോ.ജോബ് കുര്യൻ

കൈകോർത്ത് നീങ്ങാം

എൻജിനീയറിങ് സ്ഥാപനങ്ങളിൽ ഗവേഷണവും നൂതനാശയങ്ങളും വളരെ പ്രധാനമാണ്. ഗവേഷണത്തിന്റെയും വിജ്ഞാനോൽപാദനത്തിന്റെയും പശ്ചാത്തലമുള്ള സ്ഥാപനങ്ങളിൽ മാത്രമാണ് മികച്ച അധ്യാപനവും അധ്യയനവും നടക്കുന്നത് എന്നതിനു രാജ്യത്തെ മികച്ച സർവകലാശാലകൾ ഉദാഹരണമാണ്. ഗവേഷണത്തിനും ഗവേഷണ പ്രബന്ധങ്ങൾക്കും അധ്യാപകരുടെ സ്ഥാനക്കയറ്റങ്ങളിലും മറ്റും അർഹമായ വെയ്റ്റേജ് നൽകണം.

വ്യവസായ മേഖലയിലെ യാഥാർഥ്യങ്ങൾ മനസ്സിലാക്കേണ്ടതും അനിവാര്യമാണ്. എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട് ഏറ്റവും നല്ല സംശയങ്ങൾ ഉന്നയിക്കാൻ കഴിയുക വ്യവസായ മേഖലയ്ക്കാണ്; അവയ്ക്ക് ഏറ്റവും നല്ല ഉത്തരം നൽകാൻ കഴിയുക അക്കാദമിക് സമൂഹത്തിനാണ്.

സംയുക്ത പ്രോജക്ടുകൾ, ഇന്റേൺഷിപ്പുകൾ, പരിശീലന പദ്ധതികൾ, വ്യവസായബന്ധിത കോഴ്സുകൾ എന്നിവയിലൂടെ ഈ പാരസ്പര്യം ഊട്ടിയുറപ്പിക്കാം. ഇരുകൂട്ടർക്കും ഇതു ഗുണംചെയ്യുമെന്നു മനസ്സിലാക്കാൻ വിദേശത്തൊന്നും പോകേണ്ട, ഇന്ത്യയിലെ മികച്ച ഇൻസ്റ്റിറ്റ്യൂട്ടുകൾ തന്നെ തെളിവാണ്. 

മികച്ച ആശയങ്ങൾ

‘ഇന്നവേഷൻ’, ‘സ്റ്റാർട്ടപ്’ തുടങ്ങിയവ നമ്മുടെ എൻജിനീയറിങ് കോളജുകളിൽ നിരന്തരം പറഞ്ഞുകേൾക്കുന്നുവെന്നതു നല്ല കാര്യമാണ്. ‘ഇന്നവേഷനു’ വാണിജ്യ മൂല്യമില്ലെങ്കിൽ, അതു വെറും കണ്ടുപിടിത്തം മാത്രമാകും. ഇക്കാര്യത്തിൽ ഫലപ്രദമായ അധ്യാപനവും ആഴത്തിലുള്ള പഠനവും ഗവേഷണവും നിർണായകമാണ്. 

ഇന്നവേഷനിലും സ്റ്റാർട്ടപ്പിലും വിദ്യാർഥികൾക്കു കൃത്യമായ മാർഗനിർദേശം കിട്ടണം. പരിമിത സാഹചര്യങ്ങളിൽപോലും തികഞ്ഞ ആത്മവിശ്വാസവും കൂട്ടായ്മയും വെല്ലുവിളികൾ ഏറ്റെടുക്കാൻ ധൈര്യവുമുള്ള വിദ്യാർഥിസമൂഹത്തിനു സജീവമായൊരു സ്റ്റാർട്ടപ് ഇക്കോസിസ്റ്റം രൂപപ്പെടുത്താനാകും. 

പ്രഫഷനലുകൾ ഭരിക്കട്ടെ

എൻജിനീയറിങ് കോളജുകളുടെ ഭരണച്ചുമതല ആർക്കെന്നതും പ്രധാനമാണ്. മികച്ച അക്കാദമിക് പശ്ചാത്തലമുള്ള പ്രഫഷനലുകളെ ചുമതലകൾ ഏൽപിക്കുകയും ബാഹ്യസ്വാധീനങ്ങൾ തീർത്തും ഒഴിവാക്കുകയും വേണം. 

ഇന്ത്യ വിദേശ സർവകലാശാലകളെ ഇവിടേക്കു ക്ഷണിക്കുകയും നമ്മുടെ സ്ഥാപനങ്ങളുടെ വിദേശത്തെ സാധ്യതകൾ തേടുകയും െചയ്യുന്ന സമയമാണല്ലോ ഇത്. സാമ്പത്തികശക്തിയെന്ന നിലയിലും ഭൗമരാഷ്ട്രീയശക്തിയെന്ന നിലയിലുമുള്ള ഇന്ത്യയുടെ വളർച്ച നമ്മുടെ സ്ഥാപനങ്ങൾക്കു മികച്ച രാജ്യാന്തര സഹകരണത്തിനുള്ള വഴിതുറന്നിടുന്നുണ്ട്. വിദ്യാർഥികളെയും അവരുടെ ശേഷികളെയും കയറ്റിയയ്ക്കാൻ മാത്രമുള്ള സ്ഥാപനങ്ങൾ എന്ന മേൽവിലാസം തിരുത്താൻ കിട്ടുന്ന അവസരമാണിത്. 

ഉന്നത യോഗ്യതകളുള്ള പ്രവാസിസമൂഹം ലോകമെങ്ങുമുള്ള കേരളത്തിന് എൻജിനീയറിങ് പഠനമേഖലയിൽ ഈ പുതുസാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയണം. അതിനുവേണ്ടത് സർക്കാരിന്റെയും സർവകലാശാലകളുടെയും തലപ്പത്ത് ദിശാബോധത്തോടെയുള്ള സമീപനവും പ്രഫഷനൽ കാഴ്ചപ്പാടുമാണ്. എത്രവേഗം അതു സംഭവിക്കുന്നുവോ, അത്രയും വേഗം നമ്മുടെ സാമൂഹിക-സാമ്പത്തിക വളർച്ചയ്ക്ക് അതു മുതൽക്കൂട്ടാകും.

തൊഴിൽക്ഷമത: നാം മെച്ചപ്പെടുന്നു

കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷനൽ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിന്റെ (എൻപിഐയു) പഠനമനുസരിച്ച് കേരളത്തിലെ വിദ്യാർഥികളുടെ തൊഴിൽക്ഷമത ദേശീയനിലവാരത്തിലും അൽപംകൂടി മെച്ചമാണ്. 

ഒരു സ്വകാര്യ ഏജൻസിയുടെ പഠനം പറയുന്നതിങ്ങനെ- കംപ്യൂട്ടർ പ്രോഗ്രാമിങ്ങിലും ആൽഗരിതത്തിലുമുള്ള അഭിരുചികൾ നിർണായകമായ ഐടി ഉൽപന്ന മേഖലയിൽ (ഐടി സേവന മേഖലയല്ല) തൊഴിൽക്ഷമതയിൽ മുന്നിലുള്ള ആദ്യ മൂന്നു സംസ്ഥാനങ്ങളിലൊന്നാണു കേരളം. 2021ലെ യുനെസ്കോ സയൻസ് റിപ്പോർട്ട് പ്രകാരം നമ്മുടെ വിദ്യാർഥികളുടെ തൊഴിൽക്ഷമത 2014ലെ 34 ശതമാനത്തിൽനിന്ന് 2019ൽ 47% ആയി വർധിച്ചു. അപ്പോഴും പഠിച്ചിറങ്ങുന്ന രണ്ടുപേരിൽ ഒരാൾക്കു വീതം തൊഴിൽക്ഷമതയില്ല എന്ന കാര്യവും ഓർക്കണം.

(ഐഐടി മദ്രാസ്, ഐഐടി പാലക്കാട് എന്നിവിടങ്ങളിൽ പ്രഫസറും ഡീനുമായിരുന്നു ലേഖകൻ).

Content Highlight : Engineering education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com