ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) നടത്തിയ ഖനന പരീക്ഷണങ്ങളിൽ, വലിയതോതിൽ ലിഥിയം ശേഖരം കണ്ടെത്തിയതു മാധ്യമശ്രദ്ധ നേടിയിരുന്നു. ലാപ്ടോപ്പിലും മൊബൈൽ ഫോണിലും ക്യാമറയിലുമൊക്കെയുള്ള റീചാർജബിൾ ബാറ്ററികളിൽ ‘ലിഥിയം അയോൺ’ സെല്ലുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇലക്ട്രിക് കാറുകളിൽ ഉപയോഗിക്കുന്ന റീചാർജബിൾ ബാറ്ററികളിലും ലിഥിയം അവശ്യഘടകമാണ്. ഏകദേശം 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരം റിയാസി ജില്ലയിൽ ഉണ്ടാകുമെന്നാണ് ജിഎസ്ഐ കണക്കാക്കിയിട്ടുള്ളത്.
യുഎസിന്റെ ജിയോളജിക്കൽ സർവേയുടെ കണക്കുപ്രകാരം ലോകത്താകെയുള്ള ലിഥിയം ശേഖരം 80 ദശലക്ഷം ടൺ ആണ്. അർജന്റീന, ചിലെ, ബൊളീവിയ, ചൈന, ഓസ്‌ട്രേലിയ തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ ലിഥിയം ഉൽപാദിപ്പിക്കുന്ന രാജ്യങ്ങൾ. ഒരാഴ്ചയ്ക്കു മുൻപ് ഇറാനിലും 8.5 ദശലക്ഷം ടൺ ലിഥിയം കണ്ടെത്തിയതായി വാർത്തയുണ്ടായിരുന്നു.
ലിഥിയത്തിന്റെ രസതന്ത്രം
മൂലകങ്ങളുടെ ക്രമപ്പട്ടികയായ പീരിയോഡിക് ടേബിളിലെ ഒന്നാം ഗ്രൂപ്പിൽ ഉൾപ്പെട്ടതും അറ്റോമിക് നമ്പർ മൂന്നായതുമായ ലിഥിയം വെള്ളിനിറത്തിൽ കാണപ്പെടുന്നു. പ്രകൃതിയിൽ ശുദ്ധമായ ലോഹമായല്ല ലിഥിയം സ്ഥിതി ചെയ്യുന്നത്.

പ്രധാനമായും പെറ്റലൈറ്റ് (LiAl(Si2O5)2, ലെപ്പിഡോലൈറ്റ് K(Li,Al)3(Al,Si,Rb)4O10 (F,OH)2, സ്പോഡ്യുമീൻ LiAl(SiO3)2 എന്നീ അയിരുകളിൽ നിന്നും വെള്ളത്തിൽ അലിഞ്ഞുചേർന്ന ലിഥിയം ലവണങ്ങളിൽ നിന്നുമാണ് വ്യാവസായിക അടിസ്ഥാനത്തിൽ ലിഥിയം വേർതിരിച്ചെടുക്കുന്നത്.
ഇന്ത്യയുടെ സാധ്യതകൾ
ഇന്ത്യയെ സംബന്ധിച്ചിടത്തോളം റിയാസിയിലെ കണ്ടുപിടിത്തം വളരെ വിലപ്പെട്ടതാണ്. ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ ഓട്ടമോട്ടീവ് ഉൽപാദക രാജ്യമാണ്. പരമ്പരാഗത ഊർജ സ്രോതസ്സുകളിൽനിന്നു മാറി ‘പുനരുപയോഗിക്കാവുന്ന ഊർജം’ കഴിവതും ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ, 2030ന് അകം ഇന്ത്യയിൽ നിർമിക്കുന്ന മുപ്പതു ശതമാനം സ്വകാര്യ കാറുകൾ ഇലക്ട്രിക് ആക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. ഇതിനിടയിലാണ് നമുക്കു സ്വയംപര്യാപ്തത നൽകാവുന്ന അളവിലുള്ള ലിഥിയം കണ്ടെത്തുന്നത്.
ഇന്ത്യയുടെ വ്യാവസായിക വളർച്ചയിൽ നാഴികക്കല്ലായേക്കാവുന്ന ഒരു കണ്ടുപിടിത്തം തന്നെയാണ് ഇതെന്ന് ഒട്ടേറെ സാമ്പത്തിക വിദഗ്ധർ ഇതിനകം വിലയിരുത്തുകയുണ്ടായി. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ധാരാളം വെല്ലുവിളികളും നേരിടേണ്ടിവരും. ഒന്നാമത്തെ കാര്യം, ഇപ്പോൾ കണ്ടെത്തിയ ലിഥിയത്തിന്റെ ഗുണനിലവാരം സംബന്ധിച്ചാണ്.
ബാറ്ററികൾ നിർമിക്കാൻവേണ്ട ഗുണനിലവാരത്തിലുള്ള എത്രത്തോളം ലിഥിയം ഇതിൽനിന്നു വേർതിരിച്ചെടുക്കാം എന്നതിനെപ്പറ്റി കൂടുതൽ രാസപരിശോധനകൾ ആവശ്യമുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളാണ് മറ്റൊരു വെല്ലുവിളി. ഖനനം നടത്തുമ്പോൾ ചുറ്റുപാടുകളിൽ ഉണ്ടാകാവുന്ന പാരിസ്ഥിതിക ആഘാതം, ഭൂഗർഭജല മലിനീകരണ സാധ്യത, ആവാസവ്യവസ്ഥയുടെ മാറ്റങ്ങൾ തുടങ്ങിയവ പഠനവിധേയമാക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഇന്ത്യയ്ക്ക് ഉണർവു പകരുന്ന ഒരു സംഭവം തന്നെയാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഈ ലിഥിയം ശേഖരം കണ്ടെത്തൽ.
ബാറ്ററികളിൽകൂടാതെ ലിഥിയവും അതിന്റെ ഒട്ടേറെ ലോഹസംയുക്തങ്ങളും പലതരം വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. ചൂട് പ്രതിരോധിക്കാൻ ശേഷിയുള്ള ഗ്ലാസുകൾ, ലൂബ്രിക്കന്റുകൾ തുടങ്ങിയവയുടെ നിർമാണത്തിനും അലുമിനിയം, ഇരുമ്പ്, സ്റ്റീൽ തുടങ്ങിയ ലോഹങ്ങൾ ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഫ്ലക്സ് സങ്കലന പദാർഥങ്ങൾക്കും ലിഥിയം ആവശ്യമാണ്.
English Summary : Writeup about lithium mines in india