സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തുന്ന ‘ ജനകീയ പ്രതിരോധജാഥ’യിൽ ഇടതു മുന്നണി കൺവീനർ ഇ.പി. ജയരാജൻ പങ്കെടുക്കണമെന്ന് സത്യത്തിൽ ജയരാജനും പത്രക്കാർക്കുമല്ലാതെ മറ്റാർക്കെങ്കിലും നിർബന്ധമുണ്ടായിരുന്നോ എന്നു സംശയം. ജാഥ തുടങ്ങുന്ന സമയത്ത് ‘ക്ഷണിച്ചില്ലെന്നില്ല, എന്നാൽ വരണമെന്നൊന്നുമില്ല’ എന്ന മട്ടിൽ ഒരു ആംഗ്യം ഗോവിന്ദൻ കാട്ടിയതായി കേൾവിയുണ്ട്. പക്ഷേ ‘ഇപി വരുമോ ഇല്ലയോ’ എന്നതു മാത്രമായി പിന്നങ്ങോട്ടു സംസാരം.
സിപിഎം സെക്രട്ടറി സ്ഥാനത്ത് ഗോവിന്ദൻ കയറിയിരുന്നതിലുള്ള കുശുമ്പു മുതൽ ‘വൈദേകം’ റിസോർട്ട് വിവാദമാക്കിയ പി.ജയരാജന്റെ കുന്നായ്മ വരെ ഇപി വരാത്തതിനു കാരണമാണെന്നു വാർത്ത വന്നുമറിയാൻ തുടങ്ങി. ‘ ഒന്നു വന്നിട്ടു പോയാൽ പുലിവാല് ഒഴിയുമല്ലോ ’ എന്നു ഗോവിന്ദനും തോന്നിത്തുടങ്ങിയെന്നു കരുതണം. അങ്ങനെയാണ് ജാഥ രണ്ടാഴ്ച ആയപ്പോൾ തൃശൂരിൽ ജയരാജൻ ട്രെയിനിൽ ‘ലാൻഡ്’ ചെയ്യുന്നത്.
ട്രെയിനിൽ ലാൻഡ് ചെയ്തു എന്നു വെറുതേ പറഞ്ഞതല്ല. ‘ഇൻഡിഗോ’ വിമാനം ജയരാജനെയും ജയരാജൻ വിമാനത്തെയും മത്സരിച്ചു വിലക്കിയതുകൊണ്ട് യാത്ര പഴയതുപോലെ എളുപ്പമല്ല കക്ഷിക്ക്. ‘എന്നെ വിളിച്ചോ’ എന്ന് ഇടയ്ക്കിടയ്ക്കു ജയരാജൻ ചോദിക്കാതെ ചോദിക്കുന്നുണ്ടെങ്കിലും ഇൻഡിഗോ ഗൗനിച്ചതായി തെളിവൊന്നുമില്ല. ജയരാജൻ ഒപ്പം വേണമെന്നില്ലാത്ത കാര്യത്തിൽ ഗോവിന്ദനും ഇൻഡിഗോയുമൊക്കെ ഒരുപോലെയായത് സമയദോഷം എന്നു കരുതണം. ‘ മോശം സമയത്താണ് കല്യാണം കഴിക്കാനും വീടു വയ്ക്കാനും തോന്നുക’ എന്നൊരു പഴഞ്ചൊല്ലുണ്ട്. റിസോർട്ട് തുടങ്ങുന്നത് അക്കാലത്തു കേട്ടുകേൾവിയില്ലായിരുന്നു. അല്ലെങ്കിൽ പഴഞ്ചൊല്ലിൽ അതുകൂടി ഉൾപ്പെടുത്തിയേനെ
വൈകിയെത്തിയെങ്കിലും ജയരാജൻ കേടു തീർത്തു. ഒറ്റമണിക്കൂർ പ്രസംഗത്തിൽ പെണ്ണുങ്ങളുടെ വസ്ത്രധാരണം മുതൽ സ്ത്രീ പുരുഷ സമത്വം വരെ ഇടതുപക്ഷം കുത്തകവച്ചു നടത്തിയ പല പുരോഗമന സങ്കൽപങ്ങളെയും എടുത്തു കുടഞ്ഞു. ‘കണ്ടാൽ ആണാണോ പെണ്ണാണോ എന്നു തിരിച്ചറിയാൻ പറ്റാതെ ജീൻസുമിട്ട് മുടിയും ക്രോപ് ചെയ്ത് പൊലീസിനെ പറ്റിക്കാൻ ഇറങ്ങി നടക്കുന്നുവെന്ന്’ പെണ്ണുങ്ങളെ കണക്കിനു ചീത്ത പറഞ്ഞു. ‘കുടുംബ വിവാദത്തിൽ ഞാൻ ഒറ്റയ്ക്കല്ല ’ എന്നു സഖാക്കളെ ബോധ്യപ്പെടുത്താനെന്ന മട്ടിൽ പിണറായിയുടെ കുടുംബത്തിന്റെ ഗുണങ്ങൾ പലവട്ടം പറഞ്ഞു. കേന്ദ്രവിരുദ്ധമെന്നു പറയുന്നുണ്ടെങ്കിലും പാർട്ടിയും സർക്കാരും പെട്ടുകിടക്കുന്ന കുടുക്കുകളെ പ്രതിരോധിക്കാനാണ് ഗോവിന്ദന്റെ ജാഥ എന്നാണു ജനം ധരിച്ചിരുന്നത്. അത് ഒന്നുകൂടി ഉറച്ചു. വരേണ്ടിയിരുന്നില്ല എന്നു ഗോവിന്ദനും നേരത്തേ വരേണ്ടതായിരുന്നു എന്ന് ഇപിക്കും ഇപ്പോൾ തോന്നുന്നുണ്ടാവണം
സാധാരണ ‘ബോഡി ഷെയ്മിങ് ’ സ്ത്രീകളിൽ ഒതുങ്ങാറാണ് പതിവ്. ഇപി പുരുഷന്മാരിലേക്കും കടന്നു. ‘കുഴൽമാടൻ ’ എന്നൊരു മാടൻ ഇറങ്ങിയിട്ടുണ്ടെന്നുവരെ പറഞ്ഞുകളഞ്ഞു. മാത്യു കുഴൽനാടനെയാണ് ഉദ്ദേശിച്ചതെന്നു കരുതണം. പ്രാവിന്റെ ശരീരവും മാടന്റെ മനസ്സുമാണ് കുഴൽനാടന്. ‘മാടപ്രാവ്’ എന്നു വിളിക്കാമായിരുന്നു. മാടന്റെ ശരീരവും പ്രാവിന്റെ മനസ്സുമുള്ളവർക്കും ആ പേരു തന്നെ മതി.
ഗോവിന്ദന്റെ ജാഥാവഴിയിൽ ഒരു അള്ളുകൂടി വിതറിയിട്ടേ ഇപി അടങ്ങിയുള്ളൂ. തനിക്കെതിരായ പാർട്ടി ഗൂഢാലോചനയിൽ പി. ജയരാജനു പങ്കുണ്ടെന്നുകൂടി പറഞ്ഞുവച്ചു. ഇതെല്ലാം ഒറ്റയ്ക്കു പ്രതിരോധിക്കാൻ ഗോവിന്ദനെക്കൊണ്ട് ആവുമെന്നു തോന്നുന്നില്ല. മുഖ്യമന്ത്രിക്കു സഞ്ചരിക്കാൻ വാടക നിശ്ചയിച്ച ഹെലികോപ്റ്റർ നേരത്തേ കൊണ്ടുവന്ന് ഇപിയെ അതിൽ കയറ്റുകയേയുള്ളൂ താൽക്കാലിക പോംവഴി. യാത്ര തീരുംവരെ നിലംതൊടാൻ സമ്മതിക്കരുത്. വിമാനത്തിൽ കയറിയാലെങ്കിലും അടങ്ങുമോ എന്നറിയണമല്ലോ.
ഈ പൊല്ലാപ്പുകൾക്കിടയിലാണ് ‘ ഒത്തുതീർപ്പിനു മുപ്പതുകോടി രൂപ വാഗ്ദാനവുമായി എം.വി.ഗോവിന്ദൻ ദൂതനെ അയച്ചു’ എന്നു സ്വപ്ന സുരേഷിന്റെ ആരോപണം വരുന്നത്. മുഖ്യമന്ത്രിയുടെ കുടുംബം, തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, പി ശ്രീരാമകൃഷ്ണൻ എന്നിങ്ങനെ സ്വപ്നയ്ക്കു മുന്നിൽ മുൻപേ വീണുകിടക്കുന്നവർ ഏറെയാണ്. അപമാനത്തിലും ഒരു മാനമുണ്ടെന്നു കണ്ടെത്തി അടങ്ങിയിരിക്കുകയാണ് അവരെല്ലാം. പക്ഷേ, ഗോവിന്ദൻ അങ്ങനെയല്ല. മാനാഭിമാനമുള്ള മാഷാണ്. നിയമനടപടിക്കു തന്നെയാണു നീക്കം. അതു തങ്ങളെ കുരുക്കിലാക്കാനുള്ള ദുരഭിമാനമാണോ എന്നു കൂട്ടുകാർക്കു തോന്നിയാൽ തെറ്റു പറയാനില്ല.
ഇതെല്ലാം ചേർത്ത് ആകെ പ്രാന്തു പിടിച്ചിരിക്കുമ്പോഴാണ് ഗോവിന്ദനെ ഉച്ചഭാഷിണിയുടെ പ്രവർത്തനം പഠിപ്പിക്കാൻ സ്റ്റേജിൽ മൈക്കുകാരനെത്തിയത്. സങ്കടവും നിരാശയും അയാളോടു തീർത്തു. ‘നിന്റെ മൈക്കിന്റെ കുഴപ്പത്തിനു ഞാനാണോ ഉത്തരവാദി ’ എന്നൊക്കെ പരസ്യമായി വിരട്ടി. പാവം പേടിച്ചുപോയി. വേണ്ടിയിരുന്നില്ല. ഒരു തൊഴിലാളിയാണെന്ന മിനിമം പരിഗണന തൊഴിലാളിപ്പാർട്ടിയുടെ നേതാവു നൽകേണ്ടതായിരുന്നു. ഒച്ചപ്പാടായപ്പോൾ ‘ മൈക്കുകാരനു ക്ലാസെടുത്തതാണ്’ എന്നായി വിശദീകരണം. ഇങ്ങനെയാണ് ക്ലാസിന്റെ രീതിയെങ്കിൽ കേട്ടിരിക്കാൻ കേരളത്തിലെ തൊഴിലാളി നിൽക്കില്ല. ബംഗാളിലെ പട്ടിണിപ്പാവങ്ങളായ പഴയ സഖാക്കൾ നിൽക്കുമായിരിക്കും. അവരെല്ലാം മൈക്കാടു പണിക്കാരായി ഇവിടെയുള്ളതിനാൽ യാത്രച്ചെലവില്ല. ദിവസക്കൂലി കൊടുത്താൽ മതി ‘സേട്ടാ’.
ശ്വാസകോശം സ്പോഞ്ച് പോലെ, മനസ്സ് കല്ലുപോലെ
അങ്ങനെ രണ്ടാഴ്ച ബ്രഹ്മപുരം പുകഞ്ഞു പുകഞ്ഞ് കൊച്ചിക്കാരുടെ ജീവിതവും മനസ്സും ഒരു പരുവമായി. താങ്ങാനാകാതെ കൊതുകുകൾകൂടി സ്ഥലം വിട്ടെന്നാണു കേൾവി. സ്ഥലം മാറ്റിയ കലക്ടർ യാത്രയയപ്പിനുപോലും നിൽക്കാതെ കേട്ടപടി ബാഗുമെടുത്ത് ഓഫിസ് കാലിയാക്കി. ഒരു മിനിറ്റു മുൻപേ ശ്വാസം വലിക്കാൻ ചാൻസ് കിട്ടിയാൽ ആരും പാഴാക്കില്ല. നാടുവിടാൻ ചുറ്റുപാടുള്ളവരൊക്കെ ശ്വാസം കിട്ടുന്ന ഇടങ്ങളിൽ ചേക്കേറിയെന്നു കേൾക്കുന്നു. അതിനും വഴിയില്ലാത്തവർ വഴിയാധാരമായി തുടരുന്നു. ശ്വാസകോശം സ്പോഞ്ച് പോലെ എന്നാണു ധാരണ. എന്തായാലും ഒരാഴ്ച കാത്തുനിന്ന് വിഷം ശ്വസിച്ച ജനമൊന്നും മരിച്ചില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം സ്ഥലം സന്ദർശിക്കാൻ ധൈര്യം കാട്ടിയ രണ്ടു മന്ത്രിമാരെ പ്രത്യേകം ശ്ലാഘിക്കാതെ വയ്യ. ശ്വാസകോശമേ സ്പോഞ്ചു പോലുള്ളൂ. ഭരിക്കുന്നവരുടെ മനസ്സ് എന്നും കല്ലു തന്നെയാണ്.
മാലിന്യ സംസ്കരണത്തെപ്പറ്റി കൊച്ചി മറൈൻ ഡ്രൈവിൽ ആഴ്ചകൾ മാത്രം മുൻപ് കൊട്ടും ഘോഷവുമായി ശുചിത്വ മിഷൻ കോൺക്ലേവ് നടത്തിയതും മുഖ്യമന്ത്രി അത് ഉദ്ഘാടനം ചെയ്തതും ഈ പുകഞ്ഞു കത്തുന്ന 110 ഏക്കർ മാലിന്യ ഭണ്ഡാരമുള്ള നവകേരളത്തിലാണെന്നോർക്കണം. മാലിന്യത്തിനോ ഭരണത്തിനോ കൂടുതൽ ദുർഗന്ധം എന്ന് ആരും മൂക്കത്തു വിരൽവച്ചു പോകും. ഒട്ടേറെ ഘടാഘടിയന്മാർ അന്നു വന്നുപോയതാണ്. ഒരാളെയെങ്കിലും ബ്രഹ്മപുരത്തു കൊണ്ടുപോയി ഈ അഗ്നിപർവതം കാട്ടിയതായി കേട്ടില്ല. കുളിരുള്ള ഹാളിൽ സെമിനാർ നടത്തുന്നതുപോലെ എളുപ്പമല്ല എരിഞ്ഞു നാറുന്ന മാലിന്യമല നേരിട്ടു കാണുന്നത്; ഓക്കാനം വരും.
പി.ടി.തോമസിന്റെ വിയോഗത്തിനു പിന്നാലെ ഉപതിരഞ്ഞെടുപ്പു നടന്ന തൃക്കാക്കര മണ്ഡലത്തിലാണ് ജനത്തിന്റെ നെഞ്ചത്തു വച്ച ഈ നെരിപ്പോട് എരിയുന്നത്. ഇടതു സർക്കാരിനു നൂറ് എംഎൽഎമാരെ തികയ്ക്കാൻ കിട്ടിയ ഭാഗ്യാവസരമായിട്ടാണ് അന്നു തിരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. പക്ഷേ, 25,000 വോട്ടിന്റെ ഭൂരിപക്ഷം നൽകി പി.ടിയുടെ ഭാര്യ ഉമയെ ജയിപ്പിച്ചാണ് ജനം മറുപടി പറഞ്ഞത്. കലിപ്പു തീർക്കാൻ പറ്റിയ അവസരമാണ്. ഇതിപ്പൊ രണ്ടാഴ്ചയേ ആയിട്ടുള്ളൂ. 25 ദിനമെങ്കിലും വോട്ടർമാരെ പീഡിപ്പിക്കാൻ കഴിഞ്ഞാൽ പകവീട്ടിയ ചാരിതാർഥ്യം വരും.
പുകയിൽ കരിഞ്ഞും ശ്വാസം കിട്ടാതെ പുകഞ്ഞും കണ്ണു തുറിക്കുമ്പോഴും ട്രോളുകൾ സൃഷ്ടിച്ചും കണ്ടും ചിരിച്ചും കണ്ണുനിറയുന്ന കൊച്ചിക്കാരന്റെ മനസ്സാന്നിധ്യത്തിനു സല്യൂട്ട് നൽകാതെ വയ്യ. ആമസോൺ കാടുകൾ കത്തിയത് അണയ്ക്കാത്തതിനെതിരെ ഡൽഹിയിൽ ബ്രസീൽ എംബസിക്കു മുന്നിൽ പ്രതിഷേധിച്ചു ലോകത്തെ നടുക്കിയ മുഹമ്മദ് റിയാസാണ് ട്രോളുകളിലെ വീരനായകൻ. മുഖ്യമന്ത്രിയുടെ ജാമാതാവു കൂടിയായ മന്ത്രി റിയാസിന്റെ വകുപ്പിൽപെടുന്ന റോഡുകൾ ന്യൂയോർക്കിലേതിനു തുല്യമെന്ന് ആരോ പറഞ്ഞതു പിണറായി ആവർത്തിച്ചത് അമേരിക്കയ്ക്കുള്ള അപമാനമാണോ കേരളത്തിനുള്ള അഭിനന്ദനമാണോ എന്ന സന്ദേഹം ഇപ്പോഴും മാറിയിട്ടില്ല. കാരണം അത്ര ദയനീയമാണ് നാട്ടിലെ മിക്ക വഴികളും. ‘കൊച്ചി മൂടുന്ന പുക നയാഗ്ര മൂടുന്ന നീഹാരബിന്ദുക്കൾ പോലെ’ എന്നൊന്നും ഇതുവരെ ആരും ഭാഗ്യത്തിനു പറഞ്ഞിട്ടില്ല.
ഹൈക്കോടതി ഇടപെട്ടതുകൊണ്ടു മാത്രമാണ് ജീവൻ ബാക്കി നിൽക്കുന്നതെന്ന തോന്നൽ കൊച്ചിക്കാർക്കുണ്ട്. മനുഷ്യനിർമിത ദുരന്തം എന്നതു കേരളത്തിനു പുത്തരിയൊന്നുമല്ല. ഡാമുകൾ നിറയാൻ കാത്തുനിന്ന് തുറന്നുവിട്ടു ജനത്തെ മുക്കിയതാണോ എന്നതിൽ തീർപ്പാകാനുണ്ട്. ഇപ്പോൾ മാലിന്യം നിറയാൻ കാത്തുനിന്ന് പുകച്ചു കൊല്ലാൻ നോക്കുന്നു എന്നേയുള്ളൂ. മരിച്ചിട്ടില്ല. മനുഷ്യന്റെ പുക കണ്ടേ അടങ്ങൂ എന്നിടത്തോളം വാശി കാട്ടാതെ കനിവുണ്ടാകണം, രാജാക്കന്മാരേ.
സ്റ്റോപ് പ്രസ്
‘കണ്ണൂർ എനിക്കു തരൂ’ എന്ന് അമിത് ഷായോട് സുരേഷ് ഗോപി. തൃശൂർകാരെ വേദനിപ്പിക്കരുത്.
English Summary: Aazhchakurippukal by vimathan