ADVERTISEMENT

ബഹുനിലക്കെട്ടിടങ്ങൾ ചീട്ടുകൊട്ടാരംപോലെ വീഴുമ്പോഴാണല്ലോ അടിത്തറയിൽ എന്തായിരുന്നു ബലഹീനതയെന്ന് നാം ആരായുന്നത്. മുതലാളിത്ത വ്യവസ്ഥയുടെ സ്വപ്നഭൂമിയായി വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയിൽ സിലിക്കൺ വാലി ബാങ്ക് (എസ്‌വിബി) കഴിഞ്ഞയാഴ്ച തകർന്നു. സ്റ്റാർട്ടപ്പുകളുടെ ബാങ്കായി 1983ൽ തുടങ്ങിയ സിലിക്കൺ വാലി ബാങ്കിന് ഏകദേശം 16 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടായിരുന്നു. വളരെപ്പെട്ടെന്ന് കണ്ണഞ്ചിപ്പിക്കുന്ന വളർച്ച നേടി. അമേരിക്കൻ ബാങ്കുകളുടെ ഇടയിൽ ഇതിന്റെ സ്ഥാനം 16 ആയിരുന്നെങ്കിലും, ഇന്ത്യയിൽ രണ്ടാം നിരയിൽ നിൽക്കുന്ന പിഎൻബി അല്ലെങ്കിൽ എച്ച്ഡിഎഫ്സി ബാങ്ക് പോലുള്ളവയുടെ അത്രയും വലുപ്പം എസ്‌വിബിക്കുണ്ടായിരുന്നു. 

ബാങ്കിന്റെ ആസ്തി അതിന്റെ വായ്പകളും നിക്ഷേപങ്ങളും ആണ്. സാധാരണയായി ബാങ്കുകൾ കടപ്പത്രങ്ങളിലാണ് ഈ നിക്ഷേപം  നടത്തുക. അമേരിക്കയിൽ വളരെയധികം വിപണിമൂല്യമുള്ള കടപ്പത്രങ്ങളാണ് ‘മോഗിജ് സെക്യൂരിറ്റീസ്’ (mortgage securities). വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കൊടുക്കുന്ന ഭവന-നിർമാണ വായ്പകളെ ഒരുമിച്ചാക്കി (‘ബണ്ടിൽ’ ചെയ്ത്) കടപ്പത്രങ്ങളുടെ രൂപത്തിലാക്കുന്നതാണിത്. 

ഈ കടപ്പത്രങ്ങളുടെ അന്തിമ ഉപയോഗം ഭവന-നിർമാണ മേഖലയിലെ ആവശ്യങ്ങൾക്കെന്നു സാരം. ഈ കടപ്പത്രങ്ങൾ ഓഹരിപോലെ വിപണിയിൽ വിനിമയം ചെയ്യാൻ വലിയ സംവിധാനമുണ്ട്. ഒരേ കമ്പനിയുടേതാണെങ്കിൽകൂടി  ഓരോ ഗണത്തിലുള്ള കടപ്പത്രങ്ങൾക്കും പ്രത്യേക വിപണിമൂല്യം ഉണ്ടാകും. 

കടപ്പത്രങ്ങൾ വാങ്ങുമ്പോൾ ഉണ്ടായിരുന്ന  നിരക്കിനെക്കാളും പലിശനിരക്ക് ഉയരുകയാണെങ്കിൽ ഈ കടപ്പത്രങ്ങളുടെ മൂല്യം ഇടിയും. മറിച്ചാണെങ്കിൽ മൂല്യം ഉയരും. കടപ്പത്രങ്ങളുടെ വിലയും പലിശനിരക്കുകളും തമ്മിൽ വിപരീതബന്ധം എന്നതാണ് പൊതുതത്വം.  

നിക്ഷേപകരെ ആകർഷിക്കാൻ എസ്‌വിബി ഉയർന്ന പലിശനിരക്കാണ് നൽകിയിരുന്നത്. സിലിക്കൺ വാലിയിലേതടക്കം സ്റ്റാർട്ടപ്പുകളും അവരുടെ ഉടമസ്ഥരും ഈ ഉയർന്ന പലിശയാൽ ആകർഷിക്കപ്പെട്ടാണ് എസ്‌വിബിയിൽ അവരുടെ പക്കലുള്ള അധികപണം നിക്ഷേപിച്ചത്. പണപ്പെരുപ്പം തടയാൻ അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ പെട്ടെന്നു കുത്തനെ ഉയർത്തിയപ്പോൾ എസ്‌വിബിയുടെ കടപ്പത്രങ്ങളുടെ വിപണിമൂല്യം ഇടിഞ്ഞു. ബാങ്കിനു വലിയ നഷ്ടമുണ്ടായി. കടപ്പത്രത്താൽ തീർത്ത അടിത്തറയിളകി ബാങ്ക് നിലം പതിച്ചു.

  നിക്ഷേപകർക്ക് അത്യാവശ്യം കൊടുക്കാൻ വേണ്ട കരുതൽപണം പോലും ഇല്ലാത്ത അവസ്ഥയിലായി എസ്‌വിബി. സാധാരണ ബാങ്കുകൾക്കെല്ലാം കരുതലായി സൂക്ഷിക്കേണ്ട പണത്തിന്റെ തോതിനെക്കുറിച്ചൊക്കെ കർശന നിർദേശങ്ങളുണ്ട്. പക്ഷേ, ഈ നിർദേശങ്ങളിലെല്ലാം വെള്ളംചേർത്ത് അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമനിർമാണ ഭേദഗതി കൊണ്ടുവന്നിരുന്നു എന്നതാണ് ഈ പ്രശ്നങ്ങളുടെ തുടക്കം. 

ട്രംപും മൃദുനിയന്ത്രണവും

ട്രംപിന്റെ അധികാരവേളയിൽ ചെറിയ ബാങ്കുകളുടെ സമ്മർദംമൂലം അവയുടെ നിയന്ത്രണങ്ങളിൽ വലിയ അയവുവരുത്തി. 2018 മേയിൽ പുതിയ നിയമനിർമാണത്തിലൂടെ 250 ബില്യൻ ഡോളറിന്റെ (ഏകദേശം 20 ലക്ഷം കോടി രൂപ) താഴെ ആസ്തിയുള്ള ‘ചെറിയ’ ബാങ്കുകൾക്ക് കുറെയേറെ പ്രവർത്തന ഇളവുകൾ പ്രഖ്യാപിച്ചു. ലീമാൻ മുതലായ വമ്പൻ ബാങ്കുകളുടെ തകർച്ചയെത്തുടർന്ന് 2008-10 കാലഘട്ടത്തിൽ ഒട്ടേറെ നിയന്ത്രണങ്ങൾ ബാങ്കുകളുടെമേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്നു. ചെറിയ ബാങ്കുകളെ ഈ നിയന്ത്രണങ്ങൾ ശ്വാസം മുട്ടിക്കുന്നെന്ന വിമർശനം കടുത്തതോടെയാണ്, റിപ്പബ്ലിക്കൻ നയങ്ങളുടെ ഭാഗമായി ‘ചെറിയ’ ബാങ്കുകളെ കടുത്ത നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയത്. ഉദാഹരണമായി, എല്ലാ ബാങ്കുകളും ഇടയ്ക്കിടെ ‘സ്ട്രെസ് ടെസ്റ്റ്’ നടത്തണം എന്നൊരു നിർദേശമുണ്ടായിരുന്നു. പലിശ നിരക്കുകളുടെ വ്യതിയാനം ലാഭനഷ്ടത്തെ എങ്ങനെ ബാധിക്കുമെന്ന് ഇതിൽനിന്നു വ്യക്തമാകുമായിരുന്നു. ‘ചെറിയ’ ബാങ്കുകൾക്ക് ഇതിന്റെയൊന്നും ആവശ്യമില്ലെന്നു ട്രംപിന്റെ നിയമപ്രകാരം തീരുമാനിച്ചു. മറ്റൊരിളവ്, രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ട ബാസൽ മൂലധന പര്യാപ്തതാ നിർദേശങ്ങൾ സംബന്ധിച്ചതായിരുന്നു.

aadhi
എസ്.ആദികേശവൻ

സാധാരണ ബാങ്കുകൾ നീക്കിയിരുത്തേണ്ട കരുതൽപണം പോലുള്ളവയുടെ തോതിൽപോലും ട്രംപിന്റെ പുതിയ നിയമം ‘ചെറിയ’ ബാങ്കുകൾക്ക് ഇളവുകൾ നൽകി. ഇത്തരത്തിലുള്ള രാജ്യാന്തര നിർദേശങ്ങൾ ജെപി മോർഗൻ, സിറ്റി പോലുള്ള വലിയ ബാങ്കുകൾക്കു മാത്രം മതി എന്നു തീരുമാനിച്ചതോടെ, എസ്‌വിബി പോലെയുള്ള ബാങ്കുകൾ ‘മൃദു നിയന്ത്രണത്തിന്റെ’ (ലൈറ്റ് ടച്ച് റഗുലേഷൻ) പരിധിയിൽ വന്നു. അത് എത്രത്തോളം ദോഷം ചെയ്തു എന്നതാണ് ഇപ്പോൾ വ്യക്തമായത്. 

ബാക്കിപത്രം എന്ത് ?

തകർന്ന ഈ ബാങ്കിനെപ്പോലെ സ്റ്റാർട്ടപ്പ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന രണ്ടോ മൂന്നോ ബാങ്കുകളുടെ ഓഹരി മൂല്യം സമ്മർദത്തിലാണ്. ഈ ബാങ്കുകളിലെല്ലാം സ്റ്റാർട്ടപ്പുകൾക്ക് വായ്‌പയെക്കാളേറെ നിക്ഷേപങ്ങളാണുള്ളത്.  അവരുടെ കൈവശമുള്ള മിച്ചം പണം ഈ ബാങ്കുകളിൽ നിക്ഷേപമായി നൽകുന്നു. ആശങ്ക മൂലം പെട്ടെന്നു പണം പിൻവലിക്കാനുള്ള സമ്മർദം ഈ ബാങ്കുകളെയും പ്രതിസന്ധിയിലാക്കുമെങ്കിലും 2008നു സമാനമായ സ്ഫോടനങ്ങളൊന്നും ഇക്കുറി ഉണ്ടാകണമെന്നില്ല. കാരണം, അമേരിക്ക ഇന്നും ലോകത്തെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥ തന്നെയാണ്. ഇന്ത്യയുമായി താരതമ്യം ചെയ്താൽ ഏകദേശം എട്ടു മടങ്ങ് വലുപ്പമുള്ളത്. അവിടത്തെ വലിയ രാജ്യാന്തര ബാങ്കുകളെ ഈ സംഭവങ്ങൾ പ്രതികൂലമായി ബാധിച്ചിട്ടില്ല.  സ്റ്റാർട്ടപ്പുകളുടെ നിക്ഷേപത്തുകകൾ സംഭരിച്ച സ്ഥാപനങ്ങൾ എന്ന നിലയ്ക്ക് ബാങ്കുകളുടെ ഉലഞ്ഞാട്ടം അമേരിക്കൻ സ്റ്റാർട്ടപ്പുകളെ താൽക്കാലികമായി ബാധിച്ചേക്കാമെന്നു മാത്രം.

ഇന്ത്യൻ അടിത്തറ ശക്തം

കടപ്പത്രങ്ങളുടെ നിക്ഷേപം നമ്മുടെ ബാങ്കുകൾക്കുണ്ടെങ്കിലും പൊതുവേ അവ സർക്കാർവക കടപ്പത്രങ്ങളിലായതുകൊണ്ട് പലിശ നിരക്ക് മൂലമുള്ള ചാഞ്ചാട്ടത്തിന് ഇവിടെ സാധ്യത വളരെക്കുറവാണ്. സർക്കാർ എന്ന വ്യവസ്ഥയിലുള്ള ‘പൊതു വിശ്വാസം’ ആണ് ഇതിനു കാരണം. ഇതേ കടപ്പത്രങ്ങൾ സ്വകാര്യ മേഖലയുടേതാണെങ്കിൽ വിപണിയിലെ വ്യതിയാനങ്ങൾ കൂടുതൽ അസ്ഥിരമായേനെ. അങ്ങനെ നമ്മുടെ കടപ്പത്ര വിപണി വേറിട്ടു നിൽക്കുന്നു. കൂടാതെ, പൊതുമേഖലാ ബാങ്കുകളുടെ മേധാവിത്വം നമ്മുടെ ബാങ്കിങ് സംവിധാനത്തിന്റെ സുപ്രധാന കരുത്തു തന്നെയാണ്. 

രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട ബാസൽ നിർദേശങ്ങൾ നമ്മുടെ എല്ലാത്തരം ബാങ്കുകൾക്കും റിസർവ് ബാങ്ക് ബാധകമാക്കിയിട്ടുണ്ട്; ഒട്ടും വെള്ളം ചേർക്കാതെ തന്നെ. ഒന്നോ രണ്ടോ ലക്ഷം കോടി രൂപയിൽ താഴെമാത്രം ബിസിനസുള്ള കേരളത്തിലേതടക്കമുള്ള സ്വകാര്യ ബാങ്കുകൾക്കും ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും (50 ലക്ഷം കോടി ആസ്തി) ഇവിടെ ഒരേ ബാങ്കിങ് നിയമങ്ങളാണ് ബാധകം. അവയുടെ മേൽനോട്ടവും ഒരേപോലെ. ഇതു ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെങ്കിലും അന്തിമമായി ഇന്ത്യയുടെ ബാങ്കിങ് അടിത്തറയ്ക്കു ശക്തിയേകുന്നു എന്നു സിലിക്കൺ വാലിയിലെ സംഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു.

(ബാങ്കിങ് വിദഗ്ധനാണ് ലേഖകൻ)

English Summary: writeup about lesson given by the silicon valley bank 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com