പാടാം നമുക്കൊരു അഭിമാനഗാനം

HIGHLIGHTS
  • ഓസ്കറിൽ ഇന്ത്യയ്ക്ക് ഇരട്ട പുരസ്കാരം
oscar-winners-8
ലൊസാഞ്ചലസിൽ ഓസ്കർ പുരസ്കാരങ്ങളുമായി എം.എം.കീരവാണിയും ചന്ദ്രബോസും.
SHARE

ഓസ്കർ ചലച്ചിത്ര പുരസ്കാര വേദിയിൽ 14 വർഷത്തിനുശേഷം വീണ്ടും ഇന്ത്യൻ സംഗീതം ആദരിക്കപ്പെടുമ്പോൾ അതിനു ചരിത്രപരവും രാഷ്ട്രീയവുമായൊരു ഉള്ളടക്കം കൂടിയുണ്ട്. വൈദേശികാധിപത്യത്തിനെതിരായ പോരാട്ടത്തിന്റെ കഥ പറയുന്നൊരു ദക്ഷിണേന്ത്യൻ സിനിമയിൽ, തദ്ദേശ സംസ്കാരത്തിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാൻ രണ്ടു ധീരയുവാക്കൾ ചേർന്ന് ബ്രിട്ടിഷ് വരേണ്യവർഗത്തിനു മുൻപിൽ ആടിത്തിമിർക്കുന്നൊരു നാടൻപാട്ടാണ് ലോക സിനിമാസംഗീതത്തിന്റെ സുവർണസിംഹാസനം സ്വന്തമാക്കുന്നത്. 

എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത തെലുങ്കു ചിത്രം ‘ആർ‌ആർആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഒറിജിനൽ സോങ് വിഭാഗത്തിൽ നേടിയ ഓസ്കർ പുരസ്കാരം അങ്ങനെ സമാനതകളില്ലാത്തൊരു അംഗീകാരമാവുകയാണ്. ഓസ്കർ പുരസ്കാരപ്പെരുമയിൽ രാജ്യത്തിന് ഇക്കുറി ഇരട്ടത്തിളക്കമുണ്ടെന്നതും ശ്രദ്ധേയം.  കാർത്തികി ഗോൺസാൽവസും ഗുനീത് മോംഗയും ചേർന്നൊരുക്കിയ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരമാണ് സ്വന്തമാക്കിയത്. 

ഗോൾഡൻ ഗ്ലോബിലെ പുരസ്കാര നേട്ടത്തിനു പിന്നാലെ ‘നാട്ടു നാട്ടു’ ഓസ്കറിലും ചരിത്രം കുറിക്കുമ്പോൾ എം.എം.കീരവാണി എന്ന സംഗീതസംവിധായകൻ ഇന്ത്യൻ ചലച്ചിത്രസംഗീതത്തിന്റെ ലോകവേദിയിലെ പുതിയ മേൽവിലാസമായി മാറുകയാണ്. 2009ൽ ‘സ്ലംഡോഗ് മില്യനയറി’ലെ ‘ജയ് ഹോ’ എന്ന ഗാനത്തിലൂടെ ഒറിജിനൽ സോങ്ങിനും ഒറിജ‌ിനൽ സ്കോറിനുമുള്ള പുരസ്കാരങ്ങൾ നേടി ഇന്ത്യയ്ക്ക് അഭിമാനമായ സംഗീതസംവിധായകൻ എ.ആർ.റഹ്മാനുശേഷം മറ്റൊരു ദക്ഷിണേന്ത്യക്കാരനിലൂടെയാണ് ഓസ്കർ പുരസ്കാരം ഇന്ത്യയിലെത്തുന്നത്. ‘നാട്ടു നാട്ടു’ എഴുതിയ ചന്ദ്രബോസിനും ഇത് അഭിമാനമുഹൂർത്തം തന്നെ. 

ഇന്ത്യൻ പശ്ചാത്തല‌ത്തിലുള്ളതാണെങ്കിലും ‘സ്ലംഡോഗ് മില്യനയർ’ ബ്രിട്ടിഷ് സിനിമയായിരുന്നു. ഒരു ഇന്ത്യൻ സിനിമയിലെ ഗാനത്തിനു ലഭിച്ച ആദ്യ ഓസ്കർ എന്ന ബഹുമതി ‘ആർആർആറി’ന് അവകാശപ്പെട്ടതാണ്. വിദേശ സംഗീതലോകത്തു പെരുമ നേടിയ ലേഡി ഗാഗ, രിഹാന തുടങ്ങിയവരുടെ ഗാനങ്ങളോടു മത്സരിച്ചാണു ‘നാട്ടു നാട്ടു ’പുരസ്കാരം സ്വന്തമാക്കുന്നത്. 

ബ്രിട്ടിഷ് ഭരണത്തിനെതിരെ 1920കളിൽ വിപ്ലവം നയിച്ച അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതമാണ് ‘ആർആർആർ’ പറയുന്നത്. ഇന്ത്യൻ സിനിമയുടെ തലവര മാറ്റിയ രാജമൗലിയുടെ ‘ബാഹുബലി’ ‌ചിത്രപരമ്പരയുടെ ആത്മാവായിരുന്നു കീരവാണിയുടെ മാന്ത്രിക സംഗീതം. മാഹിഷ്മതി സാമ്രാജ്യത്തിലെ വാഴ്ചകളുടെയും വീഴ്ചകളുടെയും കഥയ്ക്കു പിന്നാലെ തെലുങ്ക് സ്വാതന്ത്ര്യ പോരാട്ടത്തിന്റെ വീരഗാഥ പറഞ്ഞപ്പോഴും രാജമൗലി ബന്ധു കൂടിയായ കീരവാണിയെ കൂടെക്കൂട്ടി. ചന്ദ്രബോസ് എഴുതി കീരവാണി ഈണമിട്ട് കീരവാണിയുടെ മകൻ കാലഭൈരവയും രാഹുലും ചേർന്നു പാടിയ ‘നാട്ടു നാട്ടു’ ലോകവേദികൾ കീഴടക്കുകയും ചെയ്തു. 

മലയാളത്തിലും തമിഴിലും മരഗതമണി എന്ന പേരിലും ഹിന്ദിയിൽ എം.എം.ക്രീം എന്ന പേരിലും പാട്ടുകളൊരുക്കിയ കീരവാണിയുടെ ഈണങ്ങൾ മിക്കതും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചവയാണ്. വിവിധ ഭാഷകളിലായി ഇരുനൂറ്റൻപതിലേറെ പാട്ടുകൾ ഒരുക്കിയ അദ്ദേഹം ഗായകനായും ഗാനരചയിതാവായും കയ്യൊപ്പു ചാർത്തിയിട്ടുണ്ട്. മലയാളത്തിൽ അദ്ദേഹം ഈണമിട്ട ‘നീലഗിരി’, ‘സൂര്യമാനസം’, ‘ദേവരാഗം’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ നാം നെഞ്ചിലേറ്റിയവയാണ്. 

ഹ്രസ്വചിത്ര വിഭാഗത്തിൽ പുരസ്കാരം നേടിയ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ കേരളത്തിലും ചിത്രീകരിച്ചിട്ടുണ്ട്. രഘു എന്ന ആനക്കുട്ടിയെ വളർത്തുന്ന ബൊമ്മന്റെയും ബെല്ലിയുടെയും കഥയാണു ചിത്രം പറയുന്നത്.

‘സ്ലംഡോഗ് മില്യനയറി’ലൂടെ എ.ആർ.റഹ്മാൻ, ഗാനരചയിതാവ് ഗുൽസാർ, ശബ്ദമിശ്രണത്തിനു കേരളത്തിന്റെ സ്വന്തം റസൂൽ പൂക്കുട്ടി, ‘ഗാന്ധി’ സിനിമയിലെ വസ്ത്രാലങ്കാരത്തിലൂടെ ഭാനു അത്തയ്യ എന്നിവരും ഓണററി പുരസ്കാരം നേടി അനശ്വര സംവിധായകൻ സത്യജിത് റായ്‌യും ഓസ്കർ ചരിത്രത്തിൽ നേരത്തേ തന്നെ ഇടംപിടിച്ചുകഴിഞ്ഞു. വരുംകാലങ്ങളിൽ കൂടുതൽ ഓസ്കർ പെരുമകൾ നേടി നമ്മുടെ അഭിമാന പതാക കൂടുതൽ ഉയരത്തിൽ പറക്കട്ടെ; ലോകം ഇന്ത്യൻ സ‌ംഗീതം പാടി ചുവടുവയ്ക്കട്ടെ!

English Summary : Editorial about two Indian nominations winning Oscar awards

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS