മൈക്ക് ചെറിയൊരു യന്ത്രമല്ല

cartoon
SHARE

ലക്ഷം ലക്ഷം പിന്നാലെ എന്ന അലങ്കാരമുള്ള മഹാസമ്മേളനങ്ങളിൽ മൈക്കും ഉച്ചഭാഷിണിയും വഹിച്ചിട്ടുള്ള പങ്കോർത്താൽ എം.വി. ഗോവിന്ദൻസഖാവ് മുതൽ അപ്പുക്കുട്ടൻ വരെ ആർക്കും രോമാഞ്ചമുണ്ടായിപ്പോകും. ഈ രോമാഞ്ചം ആദ്യമായി പൊതുവേദിയിൽ വിളമ്പിയതിന്റെ ഖ്യാതി ഗോവിന്ദൻസഖാവിനുതന്നെ. 

തൃശൂർ ജില്ലയിലെ മാളയിൽ കഴിഞ്ഞയാഴ്ച മൈക്ക് ഓപ്പറേറ്ററെ പോടാ, പോയേ എന്ന് ഉച്ചഭാഷണംകൊണ്ടു കുത്തി അദ്ദേഹം പ്രഖ്യാപിച്ചു: മൈക്ക് ചെറിയ കാര്യമല്ല... ആൾക്കാരോടു സംവദിക്കാൻ ഉതകുന്ന രീതിയിൽ ഉപയോഗിക്കാൻ കഴിയണം.

അങ്ങനെ ഉപയോഗിക്കുന്നവരാണ് സമ്മേളനങ്ങൾക്കൊടുവിൽ മൈക്കിലൂടെ വിളിച്ചുകൂവുന്നത്: കൊട്ടാരക്കരയിൽനിന്നു വന്ന നാലു വാഹനങ്ങൾ വനിതാ കോളജിനു പിന്നിൽ പാർക്ക് ചെയ്തിട്ടുണ്ട്; ഉടൻ പുറപ്പെടും. 

കൊട്ടാരക്കരയിൽനിന്നു വന്ന നാലേ നാലുപേർ കയറിയ ജീപ്പിൽനിന്നാണ് മൈക്കിന്റെ ഗർജനം. നാലിലൊരാൾക്കു സംശയം വന്നു: കൊട്ടാരക്കരേന്നു നാലു വാഹനമുണ്ടോ? നമ്മൾ നാലു പേരല്ലേയുള്ളൂ?

നാൽവർസംഘ നേതാവ് ഗോവിന്ദൻസഖാവിന്റെ ഭാഷയിൽ സംവദിച്ചു: കൊട്ടാരക്കരയിൽനിന്നു നാലു വാഹനം വന്നു എന്നു പറഞ്ഞാൽ നാലു ബസ് നിറയെയാളുകൾ വന്നു എന്ന് എല്ലാവർക്കും മനസ്സിലായില്ലേ? അതാണ് മൈക്ക് രാഷ്ട്രീയം.

‘സംവദിക്കാൻ ഉതകുന്ന രീതിയിൽ’ മൈക്ക് ഉപയോഗിച്ചിരുന്നെങ്കിൽ ഇ.പി.ജയരാജൻസഖാവ് ജാഥ ബഹിഷ്കരിച്ചത് ഇരുചെവിയറിയാതെ പരിഹരിക്കാമായിരുന്നു. കാസർകോട്ടുനിന്നു തുടങ്ങിയ ജാഥയിൽ കാസർകോട്ടോ കണ്ണൂരിലോ കോഴിക്കോട്ടോ ഒന്നും ഇപി സഖാവ് ചേർന്നില്ല. 

എല്ലാ ദിവസവും ജാഥയുടെ സമാപനസമ്മേളനം സന്ധ്യമയങ്ങും നേരത്തായതിനാൽ ഒരു സായംകാലത്ത് മൈക്ക് തന്ത്രം നടപ്പാക്കാമായിരുന്നു. ഒരൊറ്റ മൈക്ക് പ്രയോഗം: ഈ ജാഥയോടൊപ്പം വന്നിട്ടുള്ള പാർട്ടിയുടെ രോമാഞ്ചം ഇ.പി.ജയരാജൻസഖാവ് സ്റ്റേജിനു പിന്നിലേക്കു വരണമെന്ന് അഭ്യർഥിക്കുന്നു. സ്റ്റേജിലേക്കു വരാൻ ഒരിക്കലും പറയരുത് എന്നതാണ് ഈ സംവദിക്കലിന്റെ ഗൂഢശാസ്ത്രം. സ്റ്റേജിലേക്കു വരുന്നവരെ സദസ്യർ കാണുകയും വരാത്തവരെ കാണാതിരിക്കുകയും ചെയ്യും. സ്റ്റേജിനു പിന്നിലാവുമ്പോൾ, അതും സന്ധ്യമയങ്ങും നേരം, ഇ.പി. സഖാവ് വന്നോ വരാതിരുന്നോ എന്ന് ആരും കാണാൻ പോകുന്നില്ല. 

സ്റ്റേജിന്റെ പിന്നിൽ വന്നുകാണും എന്ന് സ്റ്റേജിനു മുൻപിലിരിക്കുന്ന ജനം വിശ്വസിക്കും. കാണാതെ വിശ്വസിക്കുന്നതിനു ബലം കൂടും. ഇ.പി.ജയരാജൻ അനുസരണയുള്ള സഖാവായി ഗോവിന്ദൻ സഖാവിന്റെ യാത്രയ്ക്കൊപ്പമുണ്ടെന്നതിനു വേറെ തെളിവു വേണ്ട. ബഹിഷ്കരണം എന്ന ബൂർഷ്വാ മാധ്യമങ്ങളുടെ പ്രചാരണം തള്ളിപ്പോകും. 

മൈക്ക് എങ്ങനെ ഉപയോഗിക്കണമെന്നും മൈക്ക് ഓപ്പറേറ്ററെ എങ്ങനെ പരസ്യമായി ചീത്ത പറയണമെന്നും കൃത്യമായി അറിയാവുന്ന നേതാവിനു വലിയൊരവസരമാണ് കൈമോശം വന്നത്. അതുകൊണ്ടാണല്ലോ ഇ.പി.സഖാവ് ഇടയ്ക്കൊരു ജില്ലയിലും പിടി കൊടുക്കാതെ തൃശൂരിലെത്തി ഒരു വീണ്ടുവിചാരംപോലെ ജാഥയിൽ ചേരേണ്ടി വന്നത്. 

പോയബുദ്ധിപോലെ തന്നെ മൈക്കിലേക്കു പോയ വാക്കും തിരിച്ചെടുക്കാൻ കഴിയില്ലല്ലോ.

English Summary : Tharangangalil coloum CPM rally analysis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS