മാലിന്യമലയിൽനിന്നു താഴെയിറങ്ങാൻ സംസ്ഥാനത്തിനു വഴികളുണ്ടോ? വിദഗ്ധർ വിലയിരുത്തുന്നു

ഡോ. എം.രാമചന്ദ്രൻ, ഡോ. ശ്രീധർ രാധാകൃഷ്ണൻ
SHARE

പല മേഖലകളിലും വികസിത രാജ്യങ്ങൾക്കൊപ്പം മുന്നേറിയ കേരളത്തിൽ പലയിടങ്ങളിലും മാലിന്യസംസ്കരണത്തിന് ഇപ്പോഴുമുള്ളത് പ്രാകൃതരീതികൾ. മാലിന്യമലയിൽനിന്നു താഴെയിറങ്ങാൻ സംസ്ഥാനത്തിനു വഴികളുണ്ടോ? വിദഗ്ധർ വിലയിരുത്തുന്നു

നയം വേണം; തന്ത്രങ്ങളും: ഡോ. എം.രാമചന്ദ്രൻ 

ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ യഥാർഥ കാരണം അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട്.  കൊച്ചിയിൽ താമസിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് ഇവിടത്തെ ജനങ്ങൾ, പ്രത്യേകിച്ചു ബ്രഹ്മപുരത്തും സമീപത്തുമുള്ളവർ അനുഭവിച്ച ദുരിതങ്ങൾക്കു ഞാൻ സാക്ഷിയാണ്. തീപിടിത്തം മൂലമുള്ള ഗുരുതര അന്തരീക്ഷ മലിനീകരണത്തെത്തുടർന്ന് ഉണ്ടാകാവുന്ന  ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഇപ്പോൾ പറയാനാവില്ല. എന്തുതന്നെയായാലും, ജനങ്ങളെ ദുരിതത്തിലാക്കിയ പാളിച്ചകളുണ്ടായി എന്നു വ്യക്തം. തീപിടിത്തം എങ്ങനെ സംഭവിച്ചു, എന്തുകൊണ്ടു തടയാനായില്ല –ഇവയാണ് പ്രധാന ചോദ്യങ്ങൾ. 

 എല്ലാ വർഷവും വേനലിൽ തീപിടിത്ത സാധ്യത കൂടുതലാണെന്നു പറയാം. മുൻകാല അനുഭവങ്ങളുണ്ടെങ്കിൽ, ഈ സാഹചര്യം മുൻകൂട്ടിക്കണ്ട് ഒരു മഹാനഗരത്തിൽനിന്നു പ്രതീക്ഷിക്കുന്ന തയാറെടുപ്പുകൾ കൊച്ചി നടത്തിയിരുന്നില്ല.  നഗരമാലിന്യം കൈകാര്യം ചെയ്യാൻ കൃത്യമായ രീതിയുണ്ട്. മാലിന്യശേഖരണം, വേർതിരിക്കൽ, റീസൈക്ലിങ് എന്നിവയെക്കാൾ പുനരുപയോഗത്തിനാവണം  പ്രാധാന്യം. നഗര ഖരമാലിന്യത്തിന്റെ പരമാവധി ഉപയോഗം ചെലവു കുറഞ്ഞ രീതിയിൽ നടപ്പാക്കുന്നതിന് 5 ആർ (R) തത്വമാണ് പാലിക്കേണ്ടത്; Reduce, Reuse, Recover, Recycle, Re manufacture (കുറയ്ക്കൽ, പുനരുപയോഗം, വീണ്ടെടുക്കൽ, പുനഃചംക്രമണം, പുനരുൽപാദനം) എന്നിവയാണവ. കാലാവധി കഴിയുന്ന ഉൽപന്നങ്ങളെ റീസൈക്ലിങ്ങിലൂടെ സമ്പദ് വ്യവസ്ഥയിലേക്കു തിരികെ കൊണ്ടുവരണം. ഒപ്പം, മാലിന്യത്തോത് കുറയ്ക്കണം, പുനരുപയോഗം വർധിപ്പിക്കണം.

ശുചീകരണത്തിനുള്ള ആസൂത്രണം നഗരതലത്തിലും ദീർഘകാല തന്ത്രങ്ങൾ സംസ്ഥാനതലത്തിലും തയാറാക്കണമെന്നാണ് ദേശീയ നഗര ശുചിത്വ നയവും (2008) തുടർന്നു വന്ന സ്വച്ഛ് ഭാരത് മിഷൻ നയരേഖയും നിർദേശിക്കുന്നത്. നഗരമാലിന്യം കൈകാര്യം ചെയ്യാനുള്ള സമഗ്രപദ്ധതിയാണ് ‘മാലിന്യത്തിൽനിന്ന് ഊർജോൽപാദനം’ ലക്ഷ്യമാക്കുന്ന ദേശീയ കർമ സമിതി മുന്നോട്ടുവച്ചത്. അതനുസരിച്ച് ദേശീയതലത്തിൽ ഖരമാലിന്യ സംസ്കരണ തന്ത്രം ഉണ്ടാകണം.  സംസ്ഥാനങ്ങൾ അവരവരുടെ നയവും പ്രയോഗശൈലിയും രൂപപ്പെടുത്തണം.  സംസ്ഥാനങ്ങളിൽ ഖരമാലിന്യ മാനേജ്മെന്റ് അതോറിറ്റിയും നഗരസഭകളിൽ    ഖരമാലിന്യ മാനേജ്മെന്റ് വിഭാഗവും വേണമായിരുന്നു. 

ഭരണഘടനയുടെ അനുച്ഛേദം 243(W) ന്റെ പട്ടികപ്രകാരം ഖരമാലിന്യ സംസ്കരണം നഗരസഭകളുടെ ഉത്തരവാദിത്തമാണ്. എന്നാൽ, അതു വേണ്ടവിധം നിർവഹിക്കാൻതക്ക അധികാരം നഗരസഭകൾക്കുണ്ടോ?. മാലിന്യ ഉറവിടങ്ങളെക്കുറിച്ചു നിരന്തരം വിലയിരുത്തൽ നടത്താനോ മാലിന്യത്തിന്റെ സ്വഭാവമാറ്റം, സംസ്കരണരീതി എന്നിവ പഠിക്കാനോ സംസ്ഥാന സർക്കാരുകൾ തയാറാകുന്നുണ്ടോ?. സംസ്ഥാനങ്ങൾക്ക് ഇതിനു നയമോ, ശ്രദ്ധിക്കേണ്ട മേഖലകളിലെ പുരോഗതി വിലയിരുത്തി വേണ്ട മാറ്റങ്ങൾ നിർദേശിക്കാനുള്ള സംവിധാനമോ ഉണ്ടോ? 

ഉത്തരങ്ങൾ ലഭിക്കേണ്ടിയിരിക്കുന്നു. മാലിന്യ സംസ്കരണത്തിന്റെ നിലവാരം വിലയിരുത്താൻ  ‘സർവീസ് ലെവൽ ബെഞ്ച്മാർക്സ്’ രീതിയുണ്ട്.   ലഭിക്കുന്ന സേവനത്തെ ചിട്ടയായും തുടർച്ചയായും അളക്കുകയും നിരീക്ഷിക്കുകയുമാണ്  ചെയ്യുന്നത്.  നഗരമാലിന്യത്തിന്റെ ശേഖരണത്തോതും ശാസ്ത്രീയമായ സംസ്കരണത്തിന്റെ വ്യാപ്തിയും ഉൾപ്പെടെ എട്ടു ഘടകങ്ങളാണ് പരിശോധിക്കുക. തങ്ങളുടെ നഗരം എവിടെ നിൽക്കുന്നുവെന്ന് ഏതെങ്കിലും നഗരസഭ ജനങ്ങളെ അറിയിക്കാറുണ്ടോ? 

എല്ലാ നഗരങ്ങളുടെയും പട്ടണങ്ങളുടെയും അവയുടെ പരിസര പ്രദേശങ്ങളുടെയും മാലിന്യ സംസ്കരണത്തിനു കൃത്യമായ നയം രൂപീകരിച്ച്, മതിയായ ഫണ്ടു നൽകി സംസ്ഥാന ശുചിത്വ മിഷനെ ശാക്തീകരിക്കാൻ സർക്കാർ തയാറാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം. നഗരമേഖലകൾ മാലിന്യമുക്തമാക്കുന്നതിനൊപ്പം, സംസ്ഥാന സർക്കാർ ഖരമാലിന്യ സംസ്കരണത്തിനുള്ള ചെലവു കണ്ടെത്താൻ നഗരസഭകളെ സഹായിക്കുകയും വേണം. മാലിന്യ സംസ്കരണം നിശ്ചിത ഇടവേളകളിൽ ബാഹ്യവും സ്വതന്ത്രവുമായ ഓഡിറ്റിങ്ങിനു വിധേയമാക്കണം. 

(കേന്ദ്ര നഗരവികസന വകുപ്പ് മുൻ സെക്രട്ടറിയാണ് ലേഖകൻ) 

ജൈവമാലിന്യം നീക്കാൻ ഉറവിട സംസ്കരണം: ഡോ. ശ്രീധർ രാധാകൃഷ്ണൻ

കേരളത്തിലെ സാഹചര്യത്തിൽ വികേന്ദ്രീകൃത മാലിന്യസംസ്കരണമാണ് വിജയകരമെന്ന് ഇതുവരെയുള്ള അനുഭവങ്ങൾ തെളിയിക്കുന്നു. തിരുവനന്തപുരത്തും ആലപ്പുഴയിലും ഈ മാതൃകകൾ ഫലപ്രദമാണ്; പ്രാദേശികമായി മാലിന്യശേഖരണത്തിലെ വീഴ്ചകൾകൊണ്ട് ചില കുറവുകൾ ഉണ്ടാകാമെന്നു മാത്രം. 

കേരളത്തിൽ ദിവസേനയുണ്ടാകുന്ന മാലിന്യങ്ങളിൽ 50 മുതൽ 70% വരെ ജൈവമാലിന്യങ്ങളാണ്. വെർമി, പൈപ്പ്, ബാസ്കറ്റ് പോലുള്ള കംപോസ്റ്റ് രീതികളിൽ വീടുകളിൽതന്നെ സംസ്കരണം നടത്താനാകും. ഇതിനായി ആവശ്യമായ സാങ്കേതികസൗകര്യങ്ങൾ ജനങ്ങൾക്കു തദ്ദേശ സ്ഥാപനങ്ങളും സർക്കാരും സബ്സിഡിയോടെ ലഭ്യമാക്കണം. ഉറവിടമാലിന്യ സംസ്കരണം സാധിക്കാത്ത സ്ഥലങ്ങളിൽ തുമ്പൂർമുഴി മോ‍ഡൽ എയ്റോബിക് കംപോസ്റ്റിങ് ടെക്നിക്, വിൻഡ്രോ കംപോസ്റ്റ് പോലുള്ള പൊതുമാലിന്യ സംസ്കരണ മാതൃകകൾ ഉപയോഗിക്കാം. അജൈവമാലിന്യങ്ങളിൽ പ്ലാസ്റ്റിക്കും ചില്ലും കടലാസും മറ്റും മെറ്റീരിയൽ റിക്കവറി ഫെസിലിറ്റിയിൽ എത്തിച്ച് തരംതിരിച്ച് പുനരുപയോഗിക്കണം. 

പിന്നീടും ബാക്കിയാകുന്നവ മറ്റു രീതിയിൽ ശാസ്ത്രീയമായി സംസ്കരിക്കണം. ബാറ്ററിയും ഇലക്ട്രിക്കൽ പാഴ്‌വസ്തുക്കളുംപോലുള്ള ഇ മാലിന്യങ്ങൾ ശേഖരിച്ച് യഥാവിധി സംസ്കരിക്കാനും ഇപ്പോൾ സംവിധാനമുണ്ട്. ഒരിക്കലും വിവിധതരം മാലിന്യങ്ങൾ കൂട്ടിക്കലർത്തി ശേഖരിക്കുകയോ സംസ്കരണ കേന്ദ്രത്തിലേക്കു കൊണ്ടുപോകുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കുന്നതു ഫലപ്രദമായാൽ പൊതുസ്ഥലങ്ങളിൽ മാലിന്യക്കൂനകൾ കുറഞ്ഞുവരുന്നതായാണു കാണുന്നത്. പരമ്പരാഗതമായി മാലിന്യം കുന്നുകൂടിയിരുന്ന ചില സ്ഥലങ്ങൾ ഇന്നു പാർക്കുകൾ പോലുമായി. അതേസമയം, ജൈവമാലിന്യങ്ങൾ സംസ്കരിച്ച് ഇന്ധനമാക്കി മാറ്റാമെന്ന ആശയം വിജയകരമല്ല. ഇവയിൽനിന്നു കാര്യമായ ഊർജം ലഭിക്കില്ലെന്നതാണു പ്രധാന കോട്ടം. 

(പരിസ്ഥിതി ശാസ്ത്രജ്ഞനാണ് ലേഖകൻ) 

English Summary : Write up about waste management System

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS