ദീർഘകാലം മറ്റൊരാളുടെ നിയന്ത്രണത്തിലായിരുന്ന ഒരാളെ പെട്ടെന്നു സ്വതന്ത്രനാക്കിയാൽ എന്തു സംഭവിക്കും? എന്തു ചെയ്യണമെന്നറിയാതെ അയാൾ ആകെ വിഷമിക്കും. അടിമത്തം നൽകിയിരുന്ന സംരക്ഷണമായിരുന്നു ഭേദമെന്നുവരെ ചിന്തിച്ചേക്കാം.
അതാണ് പാക്കിസ്ഥാന് ഇന്നു സംഭവിച്ചിരിക്കുന്നതും. കഴിഞ്ഞ ഏഴരപ്പതിറ്റാണ്ടിനിടെ 33 വർഷം നേരിട്ടുള്ള സൈനികഭരണത്തിലും ബാക്കിയുള്ള കാലം സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള രാഷ്ട്രീയനേതാക്കളുടെ ഭരണത്തിലും കഴിഞ്ഞ പാക്കിസ്ഥാനിൽ കഴിഞ്ഞകൊല്ലം വിരമിച്ച സൈനികമേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ ഒരു പ്രഖ്യാപനം നടത്തി: രാഷ്ട്രീയകാര്യങ്ങളിൽനിന്ന് സൈന്യം പിന്മാറുകയാണെന്ന്. മിക്ക മേധാവിമാരും ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടുള്ളതിനാൽ അന്നത് ആരും അത്ര കാര്യമായെടുത്തില്ല. എന്നാൽ, അദ്ദേഹത്തിന്റെ പിൻഗാമിയായെത്തിയ ജനറൽ അസിം മുനീർ രാഷ്ട്രീയകാര്യങ്ങളിൽ നിന്നു വിട്ടുനിന്നതോടെ ഇക്കുറി സൈന്യം തമാശപറയുന്നതല്ലെന്ന് പാക്ക് ജനതയ്ക്കും രാഷ്ട്രീയനേതാക്കൾക്കും ബോധ്യമായി.
പാക്കിസ്ഥാനിലെ പ്രധാന രാഷ്ട്രീയകക്ഷികളെല്ലാം തന്നെ സൈന്യത്തിന്റെ തണലിൽ തഴച്ചുവളർന്നവരാണെന്നതാണ് രസകരം. 1960കളിൽ സൈനികമേധാവി യഹ്യ ഖാന്റെ തണലിലായിരുന്നു ഭൂട്ടോ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ വളർച്ച. സൈനികനേതൃത്വവുമായുള്ള ഉരസലിലാണ് സുൾഫിക്കർ അലി ഭൂട്ടോയുടെ വീഴ്ച ആരംഭിക്കുന്നത്. ഒടുവിൽ 1970കളുടെ അന്ത്യത്തിൽ ജനറൽ സിയാ ഉൾ ഹഖ് അദ്ദേഹത്തെ പുറത്താക്കി. 1980കളിൽ പാക്കിസ്ഥാൻ അടക്കിവാണ സിയാ തന്നെയാണ് നവാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ മുസ്‌ലിംലീഗിനെ വളർത്തിക്കൊണ്ടുവന്നത്.
1990കളിൽ ഇരുപാർട്ടികളെയും സൈന്യം മാറിമാറി സഹായിച്ച് അധികാരത്തിലേറ്റുകയും പുറത്താക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒടുവിൽ 1998ൽ നവാസ് ഷരീഫിനെ പുറത്താക്കി അധികാരത്തിലേറിയ ജനറൽ പർവേസ് മുഷറഫ് ആദ്യഘട്ടത്തിൽ രാഷ്ട്രീയകക്ഷികളിൽനിന്ന് അകന്നുനിന്നെങ്കിലും അവസാനഘട്ടത്തിൽ മുസ്‌ലിംലീഗിലെ ചെറിയൊരു വിഭാഗത്തെ പിന്തുണയ്ക്കുകയും അധികാരം കൈവിട്ടശേഷം പുതിയൊരു പാർട്ടി രൂപീകരിക്കാൻ വിഫലശ്രമം നടത്തുകയും ചെയ്തു. തുടർന്ന് പീപ്പിൾസ് പാർട്ടിയുടെയും മുസ്‌ലിംലീഗിന്റെയും ഭരണകൂടങ്ങളെ നയപരമായ കാര്യങ്ങളിൽ നിയന്ത്രിക്കവേ തന്നെ മുൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടിയെ വളർത്തിക്കൊണ്ടുവന്നതും സൈന്യമാണ്. 2018ലെ തിരഞ്ഞെടുപ്പിൽ സൈന്യത്തിന്റെ പൂർണപിന്തുണ ലഭിച്ചതാണ് അദ്ദേഹം അധികാരത്തിലെത്താനുള്ള കാരണമെന്നും പറയപ്പെടുന്നു. ഒടുവിൽ കഴിഞ്ഞകൊല്ലം ഇമ്രാനെ പുറത്താക്കാൻ വലുതും ചെറുതുമായ 11 പാർട്ടികൾ ഒത്തുകൂടി പ്രക്ഷോഭമാരംഭിച്ചപ്പോൾ സൈന്യം അദ്ദേഹത്തെ കൈവിടുകയും ചെയ്തു.
ചുരുക്കിപ്പറഞ്ഞാൽ, പാക്കിസ്ഥാൻ രാഷ്ട്രീയത്തിലെ മൂന്നു വൻപാർട്ടികളും – പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി, പാക്കിസ്ഥാൻ മുസ്‌ലിംലീഗ്, പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ്– സൈന്യത്തിന്റെ സൃഷ്ടികളാണ്. എന്നാൽ, അധികാരത്തിലെത്തി ഏതാനും മാസങ്ങളോ വർഷങ്ങളോ കഴിയുമ്പോൾ ഓരോ പാർട്ടിയും സ്വയംകരുത്തരായെന്നു ധരിച്ച് സൈന്യവുമായി ഇടയുകയുമായിരുന്നു. ഓരോരുത്തരുടെയും പതനങ്ങൾക്കു പിന്നിൽ സൈന്യവുമായുള്ള ഉരസലുകൾക്കു വലിയൊരു പങ്കുണ്ട്.
‘പട്ടാളപ്പേടി’ മാറി ജനങ്ങൾ
ഇമ്രാന്റെ പതനത്തിനുശേഷം വന്ന ഷഹ്ബാസ് ഷരീഫിന്റെ ഇടക്കാല കൂട്ടുകക്ഷി ഭരണകൂടത്തെ സൈന്യം പിന്തുണയ്ക്കുന്നുവെങ്കിലും രാഷ്ട്രീയത്തിൽ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് അറിവ്. ഇതു പാക്കിസ്ഥാനെ സംബന്ധിച്ചു താരതമ്യേന പുതിയൊരു അനുഭവമാണ്.
പുറത്താക്കപ്പെട്ടതോടെ ഇമ്രാൻ സൈന്യത്തിനെതിരെ ആക്രമണം ശക്തമാക്കി. തന്നെ പുറത്താക്കിയതു സൈന്യമാണെന്നും അന്നത്തെ സൈനികമേധാവി ജനറൽ ബജ്‌വ അമേരിക്കയുടെ ചൊൽപ്പടിയിലാണെന്നും മറ്റുമാണ് ഇമ്രാന്റെ ആരോപണങ്ങൾ. ഇത് അദ്ദേഹത്തിന്റെ അനുയായികൾ ഏറ്റുപിടിച്ച് ആവർത്തിച്ചുതുടങ്ങിയതോടെ ജനങ്ങൾക്കിയിലുള്ള പഴയ ‘പട്ടാളപ്പേടി’ മാറിത്തുടങ്ങി.
സ്ഥാനഭ്രഷ്ടനാക്കപ്പെട്ടശേഷം ഇമ്രാന്റെ ജനപിന്തുണ വർധിച്ചിട്ടുണ്ട്. അതിർത്തിയിലെ പഠാൻ പ്രദേശങ്ങളിൽ സൈന്യം നടത്തിയ ഭീകരവേട്ട അമേരിക്കയുടെ പണം വാങ്ങി ഭരണകൂടം സ്വന്തം ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതായാണ് ഇമ്രാൻ ചിത്രീകരിക്കുന്നത്. ഇടക്കാല പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്‌ലിംലീഗിന് ഏറെ സ്വാധീമുണ്ടായിരുന്ന പഞ്ചാബ് പ്രവിശ്യയിലാണ് ഇമ്രാന് ഇപ്പോൾ ഏറ്റവും ജനപിന്തുണയുള്ളതെന്നാണ് കരുതുന്നത്.
ഇമ്രാന്റെ നയങ്ങൾ പാക്ക് താലിബാന്റെ ഭീകരവാഴ്ചയ്ക്കു വളംവച്ചുകൊടുക്കുന്നതാണെന്ന ആരോപണം മുൻപേയുണ്ട്. അതെത്തുടർന്ന് ധനസഹായം യുഎസ് വെട്ടിക്കുറച്ചതാണ് സാമ്പത്തികനില തകരാനുള്ള പ്രധാനകാരണമായി വിലയിരുത്തുന്നത്. ചൈനയുമായുള്ള സാമ്പത്തിക ഇടപാടുകളും മറ്റൊരു കാരണമാണ്. എന്നാൽ, ഇമ്രാൻ പുറത്തായിട്ടും സാമ്പത്തികനിലയിൽ പുരോഗതിയുണ്ടാവാത്തത് ഭരണകൂടത്തെയും സൈന്യത്തെയും വെട്ടിലാക്കിയിരിക്കുന്നു. വെള്ളവും വെളിച്ചവും ഭക്ഷണവും ഇന്ധനവും കിട്ടാത്ത നിലയാണ് രാജ്യത്തു പലയിടങ്ങളിലും. സൈന്യത്തിന്റെ റേഷൻവരെ വെട്ടിക്കുറയ്ക്കേണ്ട അവസ്ഥയിലാണ് രാജ്യം.
ഉടൻ തിരഞ്ഞെടുപ്പിന് ഇമ്രാന്റെ തന്ത്രം
ഉടൻ തിരഞ്ഞെടുപ്പു നടത്തി ഭൂരിപക്ഷഭരണകൂടം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാൻ ആരംഭിച്ച പ്രക്ഷോഭം തുടരുകയാണ്. നിലവിലുള്ള നാഷനൽ അസംബ്ലി(പാർലമെന്റ്)യുടെ കാലാവധി ഓഗസ്റ്റ് വരെയാണ്. അതിനുള്ളിൽ ഇമ്രാനെ അഴിമതിയാരോപണങ്ങളിൽ കുടുക്കി ജനപിന്തുണ കുറയ്ക്കാനാണ് ഭരണസഖ്യത്തിന്റെ ശ്രമം.
ഇതിനിടെ, തിരഞ്ഞെടുപ്പു നേരത്തേയാക്കാൻ ഇമ്രാൻ മറ്റൊരു ബുദ്ധി പ്രയോഗിച്ചിരിക്കുകയാണ്. തന്റെ പാർട്ടി ഭരിക്കുന്ന പഞ്ചാബ്, ഖൈബർ പഖ്തൂൺക്വ പ്രവിശ്യകളിലെ ഭരണകൂടങ്ങളെക്കൊണ്ട് രാജിവയ്പിച്ചു ഗവർണർമാരോടു തിരഞ്ഞെടുപ്പിനു വഴിയൊഴുക്കാനാവശ്യപ്പെട്ടു. ഈ സർക്കാരുകൾ ജനുവരിയിൽ രാജിവച്ചതോടെ, ഭരണഘടനയനുസരിച്ച് നാലു മാസത്തിനുള്ളിൽ രണ്ടു പ്രവിശ്യകളിലും തിരഞ്ഞെടുപ്പു നടത്തേണ്ട സ്ഥിതിയാണ്.
സാമ്പത്തികഞെരുക്കത്തിന്റെ പേരുപറഞ്ഞ് തിരഞ്ഞെടുപ്പു മാറ്റിവയ്പിക്കാൻ ഭരണകൂടം ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഏപ്രിൽ മുപ്പതിനുള്ളിൽ പഞ്ചാബ് തിരഞ്ഞെടുപ്പു നടത്തണമെന്നാണ് ഉത്തരവ്.

പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ഇമ്രാൻ തന്റെ ജനപിന്തുണ തെളിയിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. സർക്കാർസ്വത്ത് കൈക്കലാക്കിയതു മുതൽ ജഡ്ജിയെ ഭീഷണിപ്പെടുത്തിയതു വരെയുണ്ട് അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ. കേസുകളിൽ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, ഇമ്രാന്റെ അണികൾ തെരുവിലിറങ്ങിയതോടെ അറസ്റ്റ് നീളുകയാണ്.
സൈന്യത്തിന്റെ സഹായം തേടാതെ അറസ്റ്റ് നടത്താനാണ് ഭരണകൂടത്തിന്റെ നീക്കം. എന്നാൽ, ഇപ്പോൾതന്നെ അതിർത്തി സുരക്ഷാസേനയായ പാക്ക് റേഞ്ചേഴ്സിനെ നഗരങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നാണ് ഇമ്രാന്റെ ആരോപണം. (ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് പാക്ക് റേഞ്ചേഴ്സ്.) തന്നെ അറസ്റ്റ് ചെയ്താലും തന്റെ അണികൾ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന ഭീഷണി ഭരണകൂടത്തെ ശരിക്കും അങ്കലാപ്പിലാക്കിയിരിക്കുന്നു. ഇതിനിടെ ഇമ്രാനു കാലിൽ വെടിയേറ്റതോടെ അദ്ദേഹത്തിന്റെ ‘രക്തസാക്ഷിപ്രതിഛായ’യ്ക്ക് പുതിയൊരു പരിവേഷവും കൈവന്നു. അറസ്റ്റ് ചെയ്താൽ അദ്ദേഹത്തിന്റെ പ്രതിഛായ കൂടുതൽ വർധിപ്പിക്കുമോ എന്നാണ് ഭരണകൂടത്തിലെ പലരുടെയും ആശങ്ക. ഇമ്രാനെ തുറുങ്കിലടക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാകുകയോ ചെയ്താൽ രാജ്യത്തു കലാപം പൊട്ടിപ്പുറപ്പെടുമെന്നും ആശങ്കയുണ്ട്.
രാജ്യം കടുത്ത സാമ്പത്തിക– രാഷ്ട്രീയപ്രതിസന്ധി നേരിടുമ്പോൾ സൈന്യത്തിന് എത്രനാൾ കൈകെട്ടി നിൽക്കാനാവും?
English Summary : Analysis on crisis in Pakistan over attempt to arrest Imran Khan