ADVERTISEMENT

അവിടെയുള്ളവരുടെ അന്തസ്സുറ്റ പെരുമാറ്റത്തിലൂടെ മാതൃകാസ്ഥാനമായി മാറേണ്ട നിയമസഭ, നാണക്കേടിന്റെ നെല്ലിപ്പലകയിൽ നിൽക്കുന്നതു കാണുകയാണിപ്പോൾ കേരളം. പ്രതിപക്ഷം സ്പീക്കറുടെ ഓഫിസിനു മുന്നിൽ നടത്തിയ ഉപരോധസമരം നേരിടാനുള്ള വാച്ച് ആൻഡ് വാർഡിന്റെയും ഭരണപക്ഷ അംഗങ്ങളുടെയും ശ്രമം അസാധാരണ സംഘർഷത്തിനു വഴിയൊരുക്കിയതു സഭയ്ക്കു വലിയ കളങ്കം ചാർത്തുന്നു. കയ്യാളുന്ന പദവിയുടെ നിഷ്‌പക്ഷതയും നീതിബോധവും മാറ്റിവച്ച്, പാർട്ടി ഓഫിസിലെന്നപോലെ സ്പീക്കർ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പെരുമാറുകകൂടി ചെയ്തപ്പോൾ ജനാധിപത്യത്തിന്റെ ശബ്‌ദം സഭയിൽ പാടേ മുങ്ങിപ്പോവുകയും ചെയ്തു.

തുടർച്ചയായി രണ്ടാം ദിവസവും അടിയന്തരപ്രമേയ നോട്ടിസ് തള്ളിയതിനെതിരെയാണ് പ്രതിപക്ഷം ഇന്നലെ ഉപരോധ സമരം നടത്തിയത്. തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് പ്ലസ് വൺ വിദ്യാർഥിനിയെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഉമ തോമസ് നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതു വലിയ പ്രതിഷേധത്തിലേക്കു വാതിൽതുറക്കുകയായിരുന്നു. സ്ത്രീസുരക്ഷയെന്ന സുപ്രധാന വിഷയം ചർച്ച ചെയ്യാൻപോലും തയാറാവാത്ത സർക്കാർ എന്തിനെയാണു ഭയക്കുന്നതെന്നാണു പ്രതിപക്ഷം ചോദിച്ചത്. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനുതാഴെ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടതു ചർച്ച ചെയ്യാനല്ലെങ്കിൽ പിന്നെ എന്തിനാണു നിയമസഭ, ഇതു നിയമസഭയോ അതോ കൗരവസഭയോ എന്നിങ്ങനെ അവർ ചോദിച്ച ചോദ്യങ്ങൾ തീർച്ചയായും മറുപടി അർഹിക്കുന്നു.

വനിതകളടക്കമുള്ള ചില പ്രതിപക്ഷ അംഗങ്ങൾക്കു നേരെയാണ് സംഘർഷത്തിനിടെ കയ്യേറ്റമുണ്ടായത്. സ്പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ നിയമസഭയെ നിയന്ത്രിക്കേണ്ട ‘സ്പീക്കർ പാനലിൽ’ വനിതകൾ മാത്രം അടങ്ങിയതിന്റെ പേരിൽ കഴിഞ്ഞ സമ്മേളനകാലത്ത് ചരിത്രത്തിൽ ഇടംപിടിച്ച അതേ നിയമനിർമാണസഭയാണ് ഇന്നലെ സ്ത്രീപക്ഷത്തെ അപമാനിച്ചതെന്നതാണു വൈരുധ്യം. കയ്യേറ്റത്തിൽ പരുക്കേറ്റ പ്രതിപക്ഷ അംഗങ്ങൾ ചികിത്സ തേടിയിട്ടുണ്ട്. കെ.കെ. രമയുടെ വലതു കൈ പൊട്ടി. വാച്ച് ആൻഡ് വാർഡിനു പുറമേ ചില ഭരണപക്ഷ എംഎൽഎമാർ മർദിച്ചെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പ്രതിപക്ഷ എംഎൽഎമാരും അവരുടെ പഴ്സനൽ അസിസ്റ്റന്റുമാരും ചേർന്നു മർദിച്ചെന്ന്, ചികിത്സ തേടിയ വനിതകളടക്കമുള്ള വാച്ച് ആൻഡ് വാർഡ് അംഗങ്ങളും ആരോപിച്ചു. 

പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കാനുള്ള ഇടപെടലുകളുണ്ടാകുമെന്നും നിയമസഭയിൽ താ‍ൻ നിഷ്പക്ഷനായിരിക്കുമെന്നും സ്പീക്കർസ്ഥാനമേറ്റെടുത്ത വേളയിൽ‌ വിവിധ വേദികളിൽ ഉറപ്പിച്ചുപറഞ്ഞ എ.എൻ.ഷംസീറിൽനിന്നാണു കഴിഞ്ഞ ദിവസങ്ങളിൽ ജനാധിപത്യവിരുദ്ധവും പക്ഷപാതിത്വപരവുമായ നടപടികളുണ്ടായത്. കൊച്ചി കോർ‌പറേഷനിൽ യുഡിഎഫ് അംഗങ്ങളെ പെ‍ാലീസ് മർദിച്ചതു സഭ നിർത്തിവച്ചു ചർച്ചചെയ്യണമെന്ന അടിയന്തരപ്രമേയ നോട്ടിസ് ചെ‍ാവ്വാഴ്ച സ്പീക്കർ തള്ളുകയുണ്ടായി. ഇതെത്തുടർന്ന് ചരിത്രത്തിലാദ്യമായി, സഭയുടെ നടുത്തളത്തിൽ സമാന്തരസമ്മേളനം ചേർന്നു പ്രതിപക്ഷം പ്രതിഷേധമറിയിച്ചു. തൊള്ളായിരത്തോളം തദ്ദേശ സ്ഥാപനങ്ങളുണ്ടെന്നും അവിടത്തെ വിഷയങ്ങളൊക്കെ ചർച്ച ചെയ്യാനാവില്ലെന്നും സ്പീക്കർ നിലപാടെടുത്തതും വിമർശിക്കപ്പെട്ടു. 

ചെ‍ാവ്വാഴ്ച, ‘സ്പീക്കർ നീതിപാലിക്കുക’ എന്ന വലിയ ബാനർ പിടിച്ചുനിന്ന പ്രതിപക്ഷത്തെ ഓരോരുത്തരെയായി പേരെടുത്തു വിളിച്ച്, ജനങ്ങൾ കാണുന്നുണ്ടെന്നു സ്പീക്കർ ഓർമിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സ്പീക്കറിൽനിന്നുണ്ടായ ജനാധിപത്യവിരുദ്ധ നടപടികളും ജനങ്ങൾ കാണുന്നുണ്ടെന്നു സ്വയം ഓർക്കാതെയാണോ ഈ ഓർമപ്പെടുത്തലുണ്ടായത്?. പ്രതിപക്ഷ ബാനർ മാറ്റാതിരുന്നതോടെ, മുന്നിൽനിന്ന ഷാഫി പറമ്പിൽ അടുത്തതവണ തോൽക്കുമെന്നുവരെ പറഞ്ഞപ്പോൾ ആ വിശിഷ്ട സ്ഥാനത്തിന്റെ മൂല്യമല്ലേ സ്പീക്കർ കളഞ്ഞുകുളിച്ചത്? ഇത്തരം ശാപവാക്കുകളും വിലകെട്ട ശകാരവുമാണോ നമ്മുടെ ജനാധിപത്യത്തിന്റെ ശ്രീകോവിൽ നിയന്ത്രിക്കുന്നയാളിൽനിന്നുണ്ടാവേണ്ടത്? യുഡിഎഫ് സർക്കാരിന്റെ കാലത്ത്, 2015ലെ ബജറ്റ് ദിനത്തിൽ നിയമസഭയിൽ സ്പീക്കറുടെ വേദി തകർത്ത്, ഇപ്പോൾ ഭരണപക്ഷത്തുള്ള അന്നത്തെ പ്രതിപക്ഷാംഗങ്ങൾ നടത്തിയ കയ്യാങ്കളി ഇതോടു ചേർത്ത് പലരും ഓർക്കുന്നുണ്ടാവും. 

നിഷ്‌പക്ഷതയും നീതിബോധവുംകെ‍ാണ്ടു സഭകൾ നയിച്ച പല സ്പീക്കർമാരെയും കേരളം കണ്ടിട്ടുണ്ട്. അംഗങ്ങൾക്കു നേരെ ചാട്ടവാറെടുത്തിരുന്നില്ല, അവർ. ജനപ്രതിനിധികൾ ആദരണീയരാണെന്ന തിരിച്ചറിവ് മറന്നതുമില്ല. അതുകൊണ്ടുതന്നെ, പ്രതിപക്ഷത്തിന്റെപോലും വിശ്വാസ്യതയും ആദരവും നേടാൻ അവർക്കു കഴിയുകയും ചെയ്‌തു. നിയമസഭ സമ്മേളിക്കാതിരിക്കുന്ന ഘട്ടത്തിൽ പോലും സ്‌പീക്കറുടെ നിഷ്‌പക്ഷത അലംഘനീയമാണ്. നിയമസഭ സ്വതന്ത്രവും നീതിപൂർവകവുമായി മുന്നോട്ടുപോകണമെങ്കിൽ പുലർത്തേണ്ട അന്തസ്സുറ്റ നിലപാട് ഏതു സാഹചര്യത്തിലും സഭാധിപൻ മറന്നുകൂടാ.

English Summary : Editorial about happenings in kerala assembly 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com