വിശാല മതനിരപേക്ഷ ചേരിക്കുവേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയായി മാറാൻ ശ്രമിക്കുകയാണ് മുസ്‌ലിംലീഗ്. ആ പോരാട്ടത്തിൽ, ബിജെപിയൊഴിച്ച് ആരെയും അവർ അന്യരായി കാണുന്നുമില്ല.
ഇന്ത്യൻ മനഃസാക്ഷിക്കു മുന്നിൽ കണ്ണുനീർതുള്ളിയായി മാറിയ ജമ്മു കശ്മീർ കഠ്‌വയിലെ എട്ടുവയസ്സുകാരിയുടെ മൂത്തസഹോദരിയുടെ വിവാഹമായിരുന്നു ഇന്നലെ. ആ കുടുംബം ഒരൊറ്റ രാഷ്ട്രീയപ്പാർട്ടിയെ മാത്രമേ ആ ചടങ്ങിലേക്കു ക്ഷണിച്ചുള്ളൂ. അത് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിനെയാണ്.
ജമ്മുവിലെ സാംബ ഗ്രാമത്തിൽ നടന്ന വിവാഹച്ചടങ്ങിൽ ലീഗിന്റെ ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി.കെ.സുബൈറും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി വി.കെ.ഫൈസൽ ബാബുവും പങ്കെടുത്തു. ആ ക്ഷണം ലീഗിനോടുള്ള ആ കുടുംബത്തിന്റെ നന്ദിപ്രകടനമായിരുന്നു. കാപാലികർ കശക്കിക്കൊന്ന ആ കുഞ്ഞിതളിനായി നിയമയുദ്ധം നടത്താൻ തുണയായതു ലീഗാണ്. പാർട്ടിയുടെ ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ ആ വീട്ടിലെത്തി അതിനു മുൻകയ്യെടുത്തു. നിയമപോരാട്ടം നയിച്ച അഭിഭാഷകൻ മുബിൻ ഫാറൂഖിയും ലീഗ് നേതാക്കൾക്കൊപ്പം ഇന്നലെ അവിടെയുണ്ടായി.
ചെന്നൈയിലെ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കിടയിലാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും ഇരുവരോടും ജമ്മുവിലേക്കു തിരിക്കാൻ ആവശ്യപ്പെട്ടത്. ജൂബിലി സമ്മേളനംപോലെ പ്രാധാന്യമുള്ളതായി ആ ക്ഷണത്തെയും പാർട്ടി കണ്ടു.
ലീഗിന്റെ നിലപാടുകളെ സമീപകാലത്തു സിപിഎം പുകഴ്ത്തുന്നതിൽ രാഷ്ട്രീയലക്ഷ്യം കാണുന്നവരാകും കൂടുതൽ. എന്നാൽ, ഒരു മതാധിഷ്ഠിത പാർട്ടി എന്ന ലേബൽ ബോധപൂർവം അവർ പൊട്ടിച്ചെറിയുന്നതാണ് ചെന്നൈ സമ്മേളനത്തിൽ കണ്ടത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രതിബദ്ധത പുലർത്തുന്ന, മതസൗഹാർദത്തിലും മാനവികതയിലും ഉറച്ചു വിശ്വസിക്കുന്ന, വിശാല മതനിരപേക്ഷ ചേരിക്കുവേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയായി മാറാൻ ശ്രമിക്കുന്ന ലീഗിനെയാണ് രാജ്യം കാണുന്നത്. ചെന്നൈ സമ്മേളന നടപടികളിലും തീരുമാനങ്ങളിലും പ്രമേയങ്ങളിലും കൂടി അതാണ് അവർ പറഞ്ഞുവയ്ക്കുന്നത്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ വർധിച്ച പങ്കുവഹിച്ച് ‘പ്രതിപക്ഷ ലീഗിന്റെ’ അവിഭാജ്യഘടകമാകാൻ അവർ ആഗ്രഹിക്കുന്നു. അതേസമയം, പരിമിതികൾ മനസ്സിലാക്കാതിരിക്കുന്നുമില്ല.
ദേശീയ രാഷ്ട്രീയത്തിലേക്ക് ചാരുന്ന കോണി
ചെന്നൈ സമ്മേളനത്തിൽ പ്രഖ്യാപിച്ചില്ലെങ്കിലും അണിയറയിലെ ആസൂത്രണങ്ങളിൽ ലീഗിന്റെ ഒരു ലക്ഷ്യവും ഉൾച്ചേർന്നിരിക്കുന്നു. തമിഴ്നാട് (39), കേരളം (20), പുതുച്ചേരി (ഒന്ന്) എന്നിവിടങ്ങളിലായി ആകെയുള്ള 60 സീറ്റുകളും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷചേരി നേടണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അതു പ്രയാസമുള്ള ലക്ഷ്യമായി അവർ കരുതുന്നില്ല.
ഒരിക്കൽകൂടി ബിജെപി അധികാരത്തിൽ വരരുതെന്ന് ഏറ്റവും ആഗ്രഹിക്കുന്ന പാർട്ടികളിലൊന്നാണ് ഇന്ന് ലീഗ്. പക്ഷേ, നിലവിൽ മൂന്നു ലോക്സഭാംഗങ്ങൾ മാത്രമുള്ളതും പേരിൽ ‘മുസ്‌ലിം’ ഉള്ളതുമായ ഒരു പാർട്ടിക്ക് ആ മതനിരപേക്ഷചേരിയിൽ നേതൃപരമായ പങ്കുവഹിക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ അണിയറയിലെ ആസൂത്രണവും ഏകോപനവുമാണ് അവർ മറ്റു പാർട്ടികൾക്കു വാഗ്ദാനം ചെയ്യുന്നത്. പുതിയ ആസ്ഥാനം ഡൽഹിയിൽ എത്രയും വേഗം തുടങ്ങുന്നത് അതിനുവേണ്ടിക്കൂടിയാണ്.
കോൺഗ്രസിന്റെ ‘ബി ടീം’ എന്ന പരിവേഷവും അവർ മാറ്റുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനൊപ്പം നിൽക്കുക എന്നതു മാറ്റി, അവിടെ ബിജെപിയെ തറപറ്റിക്കാൻ കഴിയുന്ന പാർട്ടികളുമായി സഖ്യം എന്നതാണ് പുതിയ നയം. 75 വർഷം മുൻപു കോൺഗ്രസും പ്രതിപക്ഷത്തു കമ്യൂണിസ്റ്റ് പാർട്ടിയും എന്നതായിരുന്നു ചിത്രമെങ്കിൽ, ഇന്ന് പ്രാദേശിക പാർട്ടികളെ അവർ ഒരു യാഥാർഥ്യമായി കാണുന്നു. മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിനുശേഷം ജാതികളും ഉപജാതികളും കയറിക്കളിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ മുസ്‌ലിം ന്യൂനപക്ഷം മതാടിസ്ഥാനത്തിലുള്ള ന്യൂനപക്ഷമല്ലെന്നും രാഷ്ട്രീയ ന്യൂനപക്ഷമാണെന്നും അവരുടെ പ്രശ്നങ്ങൾ രാഷ്ട്രീയമാണെന്നും സമർഥിച്ചുകൊണ്ട് ഉത്തരേന്ത്യയിലും വേരുറപ്പിക്കാമെന്ന് പാർട്ടി വിചാരിക്കുന്നു. 16 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പ്ലാറ്റിനം ജൂബിലിയിൽ പങ്കെടുത്തത്.
ഇടതുപക്ഷത്തോടുള്ള പാർട്ടിനയം
ജൂബിലിയുടെ സമാപന പൊതുസമ്മേളനത്തിനെത്തിയ തമിഴ്നാട് സിപിഎം സെക്രട്ടറി കെ.ബാലകൃഷ്ണനെ ലീഗിന്റെ ‘വൈറ്റ് ഗാർഡ്’ വൊളന്റിയർമാർ സല്യൂട്ട് ചെയ്തു സ്വീകരിക്കുന്നതു പാർട്ടിയുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ വൈറലായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുഖ്യാതിഥിയായ ആ സമ്മേളനത്തിൽ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും സിപിഐയും പങ്കെടുത്തു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ വ്യക്തിപരമായ അസൗകര്യം മൂലം എത്തിയില്ലെന്നു പാർട്ടി പറയുന്നു. ദലിതരുടെ രാഷ്ട്രീയശബ്ദമായശേഷം കോൺഗ്രസിൽ ചേർന്ന ജിഗ്നേഷ് മേവാനിയായിരുന്നു ഫലത്തിൽ പാർട്ടി പ്രതിനിധി. ഉന്നത കോൺഗ്രസ് നേതാക്കളെ ആരെയും ലഭിക്കുമായിരുന്നെങ്കിലും അതിനു ശ്രമിക്കാതിരുന്നത് കോൺഗ്രസുമായി മാത്രം വല്ലാതെ ചേർന്നുനിൽക്കുന്ന പാർട്ടിയെന്ന പ്രതീതി ഒഴിവാക്കാനാണെന്നു കരുതുന്നവരുണ്ട്.
ചെന്നൈ സമ്മേളനത്തിനു തൊട്ടുമുൻപ് കോഴിക്കോട്ടു നടന്ന പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ യുഡിഎഫ് ഘടകകക്ഷികളുടെ പ്രാതിനിധ്യം മാത്രമല്ല, ലീഗ് ഉറപ്പാക്കിയത്. സിപിഎമ്മിൽനിന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസും സിപിഐയിൽനിന്നു ബിനോയ് വിശ്വം എംപിയും പങ്കെടുത്തു. ഇടതുപക്ഷത്തിനു ലീഗ് വേദികളിലുണ്ടായിരുന്ന അയിത്തം ബോധപൂർവം പാർട്ടി മറക്കുകയാണോ? കോൺഗ്രസിനു തന്നെയാണ് ലീഗ് പ്രഥമപരിഗണന നൽകുന്നത്. പക്ഷേ, ബിജെപിയൊഴിച്ച് മറ്റാരെയും മാറ്റിനിർത്തേണ്ടവരായി ‘പുതിയ ലീഗ്’ കാണുന്നില്ല. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനുള്ളതാണ് അതിലെ രാഷ്ട്രീയ സന്ദേശം.
English Summary : Keraleeyam column about muslim league