രജതശോഭയോടെ കുടുംബശ്രീ

HIGHLIGHTS
  • ജനകീയ ഹോട്ടൽ: സബ്സിഡി കുടിശിക നൽകാൻ ഇനിയും വൈകരുത്
kudumbashree-logo-1
SHARE

സ്‌ത്രീശാക്‌തീകരണത്തിൽ ലോകത്തിനുതന്നെ മാതൃകയായ കുടുംബശ്രീ 25 സഫലവർഷങ്ങൾ പൂർത്തിയാക്കുന്നതു കേരളത്തിന്റെയാകെ അഭിമാനവും ആഹ്ലാദവുമായി മാറുകയാണ്. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നു തിരുവനന്തപുരത്ത് ഈ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുമ്പോൾ മലയാളിപ്പെൺമയുടെ മുഖശ്രീ കൂടുതൽ പ്രകാശം ചെ‍ാരിയുന്നു; കേരളീയ സ്ത്രീശക്തിയുടെ വേറിട്ട വിളംബരം കൂടുതലുച്ചത്തിൽ മുഴങ്ങുന്നു.

സ്ത്രീശാക്തീകരണത്തിലൂടെ ദാരിദ്ര്യനിർമാർജനം എന്ന ലക്ഷ്യവുമായി, 1998 മേയ് 17നു സംസ്ഥാനതലത്തിൽ പ്രവർത്തനം തുടങ്ങിയ കുടുംബശ്രീ ഇതിനകം സ്വന്തമാക്കിയ നേട്ടങ്ങൾ മറ്റേതൊരു കൂട്ടായ്മയ്ക്കും സ്വപ്നംപോലും കാണാൻ സാധിക്കാത്തത്ര വൈവിധ്യമാർന്നതാണ്. ആലപ്പുഴ പട്ടണത്തിലെ ഏഴു വാർഡുകളിൽ 1992ൽ പരീക്ഷണാർഥം തുടങ്ങിയ പദ്ധതിയാണ് ഇങ്ങനെ പടർന്നുപന്തലിച്ചത്. വനിതകളുടെ വ്യക്തിത്വവികസനം, സാമ്പത്തികഭദ്രത എന്നിവയ്ക്കെ‍ാപ്പം സാമൂഹിക വികസനവും  ഉറപ്പുവരുത്തുന്നതിനായുള്ള നൂറുകണക്കിനു പദ്ധതികളാണ് ഇപ്പോൾ കുടുംബശ്രീയുടെ കരുത്ത്. കേരളത്തിലെ സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക നട്ടെല്ലായി ഈ കൂട്ടായ്മ മാറിക്കഴിഞ്ഞു. 

മലയാളിവനിതയുടെ ആത്മാഭിമാനമാണു കുടുംബശ്രീയുടെ മുഖമുദ്ര. സമാനസ്വഭാവവും സമാന ചിന്താഗതിയുമുള്ള ലക്ഷക്കണക്കിനു വനിതകളെ കൂട്ടുബോധവും പിന്തുണയും നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ സാധിച്ചതുതന്നെയാവും ഈ പ്രസ്‌ഥാനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഫലശ്രുതി. അയൽക്കൂട്ടം, മൈക്രോ ഫിനാൻസ് എന്നീ ആശയങ്ങൾ അടിസ്‌ഥാനമാക്കി കെട്ടിപ്പടുത്ത സംഘബലം ഈ കൂട്ടായ്‌മയുടെ ആധാരശിലയായി. 46 ലക്ഷത്തിലേറെ അംഗങ്ങളുള്ള മൂന്നു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളാണ് ഈ പ്രസ്ഥാനത്തിന്റെ കരുത്ത്. മറ്റു സംസ്ഥാനങ്ങൾക്കു പുറമേ വിവിധ രാജ്യങ്ങളും മാതൃകയാക്കിയ കുടുംബശ്രീയെത്തേടി ഇതിനകം ഒട്ടേറെ ദേശീയ– രാജ്യാന്തര പുരസ്കാരങ്ങളെത്തിക്കഴിഞ്ഞു. 

കരുത്തുറ്റ ജനകീയ അടിത്തറയിൽ, ശ്ലാഘനീയ പ്രവർത്തനം നടത്തുന്ന കുടുംബശ്രീ പുതിയ സമൂഹത്തിന്റെ നിർമിതിയിൽ ശിൽപികളാകുകയാണ്. സംഘടിതമായി സ്വരൂപിക്കുന്ന മൂലധനംകൊണ്ടു ചെറുകിട വ്യവസായം, പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി, ഇടനിലക്കാരില്ലാത്ത ഉൽപന്ന വിപണനം, മാലിന്യ നിർമാർജനവും സംസ്‌കരണവും തുടങ്ങി വിവിധ മാർഗങ്ങളിലൂടെ സ്വന്തമായി വരുമാനമുണ്ടാക്കി സാമ്പത്തിക സ്വാതന്ത്യ്രം നേടുന്ന വീട്ടമ്മമാരാണ് അംഗങ്ങൾ; അടുക്കളയിൽനിന്ന് അരങ്ങത്തേക്കുള്ള സ്വാശ്രയവഴി സ്വന്തമായി തുറന്നവർ. പരമ്പരാഗത തൊഴിൽ സംരംഭങ്ങളിൽനിന്നു പുതുസംരംഭങ്ങളിലേക്കു മാറുന്ന കുടുംബശ്രീയെയാണ് ഇന്നു കാണാൻ കഴിയുക. അഭ്യസ്തവിദ്യരായ കൂടുതൽ സ്ത്രീകൾ കുടുംബശ്രീയിലൂടെ സംരംഭകത്വ മേഖലയിലേക്കു കടന്നുവരികയാണ്. 

സമൂഹത്തിൽ കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകളും ശ്രദ്ധേയമാണ്. മദ്യപാനം, സ്‌ത്രീപീഡനം, അന്ധവിശ്വാസം, ചൂഷണം തുടങ്ങിയ സാമൂഹിക വിപത്തുകൾക്കെതിരെ അവർ നടത്തിയ സംഘടിത പ്രതിഷേധവും പ്രതിരോധവും കേരളത്തിനു മുന്നിലുണ്ട്. കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ അധികാരശ്രേണിയിലേക്കും നമ്മുടെ വനിതകൾ മുന്നേറുകയാണ്.

അതേസമയം, സംസ്ഥാനത്തു കുടുംബശ്രീ നടത്തുന്ന 1116 ജനകീയ ഹോട്ടലുകൾക്കു സബ്സിഡി ഇനത്തിൽ സർക്കാരിൽനിന്നു കുടിശികയുള്ള 30 കോടി രൂപ കിട്ടാനുള്ളത് ഈ ജൂബിലിവേളയിൽ ഒട്ടേറെപ്പേരെ നിരാശയിലാഴ്ത്തുന്നു. എറണാകുളം പോലുള്ള ജില്ലകളിൽ കഴിഞ്ഞവർഷം ഏപ്രിൽ മുതലുള്ള തുക കുടിശികയാണ്. 20 രൂപയ്ക്ക് ഊണും 25 രൂപയ്ക്ക് ഊണ് പാഴ്സലായും നൽകുന്ന ജനകീയ ഹോട്ടലുകൾക്കു 10 രൂപ വീതമാണ് സർക്കാർ സബ്സിഡി. ഈ ഹോട്ടലുകളെല്ലാം കൂടി ദിവസം 2 ലക്ഷത്തോളം ഊണു വിളമ്പുന്നു. എന്നാൽ, ലക്ഷങ്ങളുടെ സബ്സിഡി കുടിശികയായതോടെ മിക്കതിന്റെയും ദൈനംദിന നടത്തിപ്പു പ്രതിസന്ധിയിലായി. അതുകെ‍ാണ്ടുതന്നെ, ഈ കുടിശിക സർക്കാർ എത്രയുംവേഗം കെ‍ാടുത്തുതീർത്താൽ അത് കുടുംബശ്രീ പ്രവർത്തകർക്കു വലിയ ആശ്വാസമാകും.

ആത്മാഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ഒട്ടേറെ വനിതകൾ കൈകോർത്തുപിടിക്കുന്ന ഈ കൂട്ടായ്മ കൂടുതൽ ശോഭയോടെ നാടെങ്ങും വെളിച്ചംവിതറട്ടെ എന്നാണ് ഈ ജൂബിലിവേളയിൽ കേരളത്തിന്റെ ഹൃദയപൂർവമുള്ള ആശംസ.

English Summary: Kudumbashree Silver Jubilee Celebration

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS