ADVERTISEMENT

കുടുംബങ്ങൾക്കും കേരളത്തിനും ശ്രീയായി മാറിയ വനിതാ കൂട്ടായ്മ ഇരുപത്തഞ്ചു വർഷം പിന്നിടുമ്പോൾ കൂടുതൽ യുവത്വമാകുന്നു. മൂന്നു ലക്ഷത്തിൽപരം യുവതികൾ അംഗങ്ങളായ ഇരുപതിനായിരത്തോളം ഓക്സിലറി ഗ്രൂപ്പുകളുമായാണ് ഇനി കുടുംബശ്രീയുടെ മുന്നേറ്റം. പരമ്പരാഗത തൊഴിൽമേഖലകൾക്കൊപ്പം ഐടിയിലേക്കും പുത്തൻലോകത്തിന്റെ സംരംഭങ്ങളിലേക്കുമാണ് ഈ കേരളശ്രീയുടെ ചുവടുവയ്പ്. ഓക്സിലറി ഗ്രൂപ്പുകളുടെ സംരംഭങ്ങൾ ‘ഷീ സ്റ്റാർട്ട്’ എന്ന പേരിൽ ഈ വർഷം ആരംഭിക്കും. ഐടി മേഖലയിൽ ഉൾപ്പെടെ നൈപുണ്യമുള്ള വനിതകളാണ് ഓക്സിലറി ഗ്രൂപ്പിലെ അംഗങ്ങൾ. കേരളത്തിലെ അഭ്യസ്തവിദ്യരായ സ്ത്രീകളിൽ വലിയൊരു വിഭാഗം തൊഴിൽമേഖലകളിലേക്ക് എത്താതെ വീടുകളിൽ ഒതുങ്ങേണ്ടി വരുന്നതിനു പരിഹാരം കൂടിയാണ് പുതിയ ചുവട്. 

കുടുംബശ്രീയുടെ കീഴിൽ മൈക്രോ എന്റർപ്രൈസ് റിസോഴ്സ് സെന്റർ (എംഇആർസി) തിരുവനന്തപുരം, ഇടുക്കി, കോട്ടയം, കാസർകോട് ജില്ലകളിലെ ഓരോ ബ്ലോക്കുകളിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. വയനാടൊഴികെ ബാക്കി 9 ജില്ലകളിൽ 31ന് അകം പ്രവർത്തനക്ഷമമാകും. ആദ്യമായാണ് കുടുംബശ്രീ സൂക്ഷ്മസംരംഭങ്ങൾക്കുവേണ്ടി എംഇആർസി രൂപീകരിക്കുന്നത്.

അയൽക്കൂട്ട വനിതകളുടെ തൊഴിലും വരുമാന സാധ്യതകളും വർധിപ്പിക്കുക, സാമ്പത്തിക സഹായവും സാങ്കേതിക പരിശീലനങ്ങളും അടക്കമുള്ള പിന്തുണ ഉറപ്പാക്കുക എന്നിവയാണു ലക്ഷ്യം. ഓരോ സിഡിഎസിനു (കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റികൾ) കീഴിലുമുള്ള മൈക്രോ എന്റർപ്രൈസ് കൺസൽറ്റന്റുമാർക്കാണു ചുമതല. ബ്ലോക്ക്തലത്തി‍ലുള്ള ഏകജാലക സംവിധാനമായി ഇവ പ്രവർത്തിക്കും.  

ആദ്യഘട്ടമായി എംഇആർസി സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഓരോ ജില്ലയ്ക്കും ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ പദ്ധതി വിഹിതത്തിൽനിന്നു സാമ്പത്തിക പിന്തുണ ലഭിക്കും.

കേരളത്തിന്റെ സാമൂഹിക മൂലധനം 

ഏഷ്യയിലെതന്നെ ഏറ്റവും വലിയ സംഘടനാ സംവിധാനമായ കുടുംബശ്രീ കേരളത്തിന്റെ ഏറ്റവും വലിയ സാമൂഹിക മൂലധനമാണ്. സ്ത്രീശാക്തീകരണ ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾക്കു ലോകത്തിനുതന്നെ മാതൃകയായി മാറിയ പ്രസ്ഥാനം ഇന്ന് 46 ലക്ഷത്തോളം കുടുംബങ്ങളെ പ്രതിനിധാനം ചെയ്യുന്നു. 

ജനകീയാസൂത്രണത്തിന്റെ പശ്ചാത്തലത്തിലാണ് കുടുംബശ്രീയുടെ പിറവി. ദാരിദ്ര്യനിർമാർജനത്തിനു നൂതനമാർഗം ആരായാൻ സംസ്ഥാന സർക്കാർ നിയോഗിച്ച അന്നത്തെ തദ്ദേശഭരണ സെക്രട്ടറി എസ്.എം.വിജയാനന്ദ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.ടി.എം തോമസ് ഐസക്, നബാർഡ് ജനറൽ മാനേജർ ഡോ. പ്രകാശ് ബക്ഷി എന്നിവരടങ്ങിയ കമ്മിറ്റിയുടെ ശുപാർശ പ്രകാരം 1998ൽ ഔദ്യോഗികമായി കുടുംബശ്രീ രൂപീകരിച്ചു. 

കുടുംബശ്രീ പ്രവർത്തനങ്ങൾ 

സാമ്പത്തിക മേഖല

കുടുംബശ്രീ സംഘടനാസംവിധാനത്തെ സജീവമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സഹായകമാകുന്നത് ലഘുസമ്പാദ്യ പ്രവർത്തനങ്ങളാണ്. അയൽക്കൂട്ടങ്ങൾക്ക് 8029.47 കോടി രൂപ സമ്പാദ്യവും 24,237.33 കോടി രൂപ ആന്തരിക വായ്പയും നിലവിലുണ്ട്. 2.27 ലക്ഷം അയൽക്കൂട്ടങ്ങൾ ബാങ്കുകളിൽനിന്ന് 25,895 കോടി രൂപ വായ്പയെടുത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തുന്നു.

ഉപജീവന മേഖല

∙ സൂക്ഷ്മ സംരംഭം, കൃഷി, മൃഗസംരക്ഷണം, കേരള ചിക്കൻ, സ്റ്റാർട്ടപ്പ് വില്ലേജ് ഒൻട്രപ്രനർഷിപ് പ്രോഗ്രാം (എസ്‌വിഇപി), ദേശീയ നഗര ഉപജീവന പദ്ധതി (എൻയുഎൽഎം) തുടങ്ങിയ പദ്ധതികൾ മുഖേന സ്വയം തൊഴിൽ കണ്ടെത്താൻ സഹായം 

∙ തൊഴിൽ ലഭ്യമാക്കാനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ ദീൻദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയുജികെവൈ), സംസ്ഥാന സർക്കാർ പദ്ധതിയായ യുവകേരളം, നഗര ഉപജീവന ദൗത്യത്തിന് കീഴിലുള്ള ഇഎസ്ടിപി എന്നിവ നടപ്പാക്കുന്നു. ഇതുവരെ 91,279 യുവതീയുവാക്കൾക്കു പരിശീലനം നൽകി.

∙  1,08,182 സൂക്ഷ്മ സംരംഭങ്ങളിലായി 2.24 ലക്ഷം സംരംഭകർ. ജനകീയ ഹോട്ടലുകൾ, അജൈവ മാലിന്യ സംസ്കരണത്തിനായി ഹരിതകർമസേന, നിർമാണ സംഘങ്ങൾ, ജീവിതശൈലി രോഗനിർണയം നടത്തുന്ന സാന്ത്വനം വൊളന്റിയേഴ്സ്, വയോജന പരിപാലനത്തിനായി ഹർഷം, ന്യൂട്രിമിക്സ് യൂണിറ്റുകൾ, ഇ സേവാ കേന്ദ്രങ്ങൾ തുടങ്ങിയവ ഉദാഹരണം. 

∙ 31356.78 ഹെക്ടറിൽ കൃഷി ചെയ്യുന്ന 83,354 സംഘകൃഷി ഗ്രൂപ്പുകളിലായി 3,72,319 അയൽക്കൂട്ട അംഗങ്ങൾ. 

∙ കോഴി, ആട്, പശു തുടങ്ങിയവയുടെ പരിപാലനത്തിലൂടെയും മൂല്യവർധിത യൂണിറ്റുകളിലൂടെയും 59,533 പേർക്കു വരുമാനം.  

∙ സംസ്ഥാന സർക്കാർ ആരംഭിച്ച കേരള ചിക്കൻ പദ്ധതി കുടുംബശ്രീ മുഖേന നിലവിൽ 9 ജില്ലകളിൽ. കുടുംബശ്രീക്ക് 105 കേരള ചിക്കൻ ബ്രാൻഡഡ് ഔട്‌ലറ്റുകൾ.  

∙ ഉൽപന്നങ്ങൾക്കു വിപണി ഒരുക്കുന്നതിനു മാസച്ചന്ത, ആഴ്ചച്ചന്ത, വിപണനമേളകൾ, നാനോ മാർക്കറ്റുകൾ, മാർക്കറ്റിങ് കിയോസ്കുകൾ, ഓൺലൈൻ വിപണനം തുടങ്ങിയ മാർഗങ്ങൾ. കുടുംബശ്രീ ബസാർ, ഷോപ്പി, വിപണന കേന്ദ്രം എന്നിങ്ങനെ 65 സ്ഥിരം വിപണന സംവിധാനങ്ങൾ. പ്രീമിയം ഉൽപന്നങ്ങൾ വിൽക്കുന്ന 2 സിഗ്നേച്ചർ സ്റ്റോറുകൾ, 111 മാർക്കറ്റിങ് കിയോസ്കുകൾ. കുടുംബശ്രീ ഉൽപന്നങ്ങൾ വീടുകളിലെത്തിക്കുന്ന ഹോം ഷോപ്പ് സംവിധാനം. കുടുംബശ്രീയുടെ സ്വന്തം   കുടുംബശ്രീ ബസാർ അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വിപണി ഒരുക്കുന്നു.

സാമൂഹിക മേഖല 

∙ നിരാലംബരും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരുമായ സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും സഹായവും താൽക്കാലിക അഭയവുമേകുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്കുകൾ

∙ വനിതാ വികസന പ്രവർത്തനങ്ങൾക്കു മാർഗനിർദേശവും പിന്തുണയും പരിശീലനവും നൽകുന്നതിനുള്ള ജെൻഡർ റിസോഴ്സ് സെന്ററുകൾ, അതിക്രമങ്ങളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള വാർഡ്തല സന്നദ്ധസംഘമായ വിജിലന്റ് ഗ്രൂപ്പുകൾ

∙ സ്കൂളുകളിലും കോളജുകളിലും ജെൻഡർ ക്ലബ്ബുകൾ 

∙ അരക്ഷിതാവസ്ഥാ പഠനം, സ്ത്രീപദവി സ്വയംപഠനം, ക്രൈം മാപ്പിങ് തുടങ്ങിയ പ്രവർത്തനങ്ങളും കലാമേഖലയിലെ സ്ത്രീകൾക്കായി രംഗശ്രീ തിയറ്റർ ഗ്രൂപ്പുകളും 

∙ ഭിന്നശേഷിക്കാർക്കായുള്ള ബഡ്സ് സ്ഥാപനങ്ങളിലൂടെ 11,027 കുട്ടികൾക്കു പരിശീലനം 

∙ അഗതിരഹിത കേരളം പദ്ധതിയിലൂടെ 1,57,382 കുടുംബങ്ങൾക്കു പിന്തുണ 

∙ 28,387 ബാലസഭകളിലായി 3,95,401 കുട്ടികളുടെ സാമൂഹിക ശാക്തീകരണത്തിനും വികസന പങ്കാളിത്തത്തിനുമായുള്ള പ്രവർത്തനങ്ങൾ.

∙ പട്ടികവർഗ മേഖലയിൽ സമഗ്ര വികസനം ലക്ഷ്യമിട്ട് അയൽക്കൂട്ടങ്ങൾ, ഊരുസമിതികൾ, പഞ്ചായത്ത് സമിതികൾ എന്നിവ 

∙ പട്ടികവർഗ ഊരുകളിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ബ്രിജ് കോഴ്സ്

∙ ദേശീയ നഗര ഉപജീവന ദൗത്യം വഴി, നഗരങ്ങളിലെ ഭവനരഹിതരായ പാവപ്പെട്ടവർക്കു വേണ്ടിയുള്ള അഭയകേന്ദ്രങ്ങൾ, നഗരങ്ങളിലെ തെരുവുകച്ചവടക്കാർക്കു തിരിച്ചറിയൽ കാർഡ്, പിഎം സ്വാനിധി പദ്ധതി വഴി ഈടില്ലാതെ പലിശ സബ്സിഡി വായ്പ 

∙ പ്രധാനമന്ത്രി ആവാസ് യോജന (നഗരം) ലൈഫ് പദ്ധതിയുടെ നോഡൽ ഏജൻസി 

∙ തദ്ദേശ സ്ഥാപനങ്ങളുമായുള്ള സംയോജനം ഉറപ്പുവരുത്തുന്നതിനായി വിപിആർപി/ യുപിആർപി (വില്ലേജ് പോവർട്ടി റിഡക്‌ഷൻ പ്ലാൻ/ അർബൻ പോവർട്ടി റിഡക്‌ഷൻ പ്ലാൻ എന്നിവ തയാറാക്കുന്നു.

kudumbasree-2

സംഘടനാ സംവിധാനം

ഓരോ വാർഡിലും പത്തു മുതൽ ഇരുപതുവരെ സ്ത്രീകൾ അംഗങ്ങളായിട്ടുള്ള അയൽക്കൂട്ടങ്ങളാണ് കുടുംബശ്രീയുടെ അടിസ്ഥാനതലം. ഈ അയൽക്കൂട്ടങ്ങളെ ഉൾപ്പെടുത്തി വാർഡ്തലത്തിൽ ഏരിയ ‍ഡവലപ്മെന്റ് സൊസൈറ്റികളും (എഡിഎസ്) എഡിഎസുകൾ ചേർന്ന് തദ്ദേശസ്ഥാപനതലത്തിൽ കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റികളും (സിഡിഎസ്) ഉൾപ്പെടുന്ന ത്രിതല സംഘടനാ സംവിധാനമാണ് കുടുംബശ്രീയുടെ നട്ടെല്ല്.  

കുടുംബശ്രീ അംഗങ്ങൾ: 46,16837

സിഡിഎസ് : 1070 

എഡിഎസ് :19,470

അയൽക്കൂട്ടങ്ങൾ: 3,09,667‌

വയോജന അയൽക്കൂട്ടങ്ങൾ: 25,992, 

അംഗങ്ങൾ  2,83,615

ഭിന്നശേഷി അയൽക്കൂട്ടങ്ങൾ: 3352, 

അംഗങ്ങൾ: 32,860

ട്രാൻസ്ജെൻഡർ അയൽക്കൂട്ടങ്ങൾ: 48, 

അംഗങ്ങൾ : 550

ഓക്സിലറി ഗ്രൂപ്പുകൾ: 19,544 

(18–40 പ്രായക്കാരായ സ്ത്രീകൾ), 

അംഗങ്ങൾ 3,06,692

സിഡിഎസുകൾക്ക് സ്മാർട് ഓഫിസ്

സംസ്ഥാനത്തെ 154 സിഡിഎസ് ഓഫിസുകൾ ഇനി ആധുനിക സംവിധാനങ്ങളോടെ സ്മാർട് ആകും. 154 സിഡിഎസുകളെ മാതൃക സിഡിഎസുകളായി വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. ഇതിനായി 2 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എസി ഓഫിസ് മുറിയിൽ എൽഇഡി ടിവി, ഓൺലൈൻ യോഗങ്ങളിൽ പങ്കെടുക്കാനുള്ള സംവിധാനങ്ങൾ, മികച്ച ഇരിപ്പിടങ്ങൾ, ശുദ്ധജല സംവിധാനം എന്നിവയൊരുക്കും.

വ്യത്യസ്ത മേഖലകളിലെ സംരംഭങ്ങളിലൂടെ നേട്ടമുണ്ടാക്കിയ ഒട്ടേറെ കുടുംബശ്രീ കൂട്ടായ്മകളുണ്ട് കേരളത്തിൽ. ചില വിജയഗാഥകളിലൂടെ...

kudumbasree-3
പാലക്കാട് പെരുമാട്ടിയിലെ ‘പെരുമ’ കയർ ഉൽപന്ന നിർമാണ യൂണിറ്റ്.

ചകിരിനാരിൽ വിജയം നെയ്ത്

ചകിരിനാരുകൊണ്ടു സ്വപ്നങ്ങൾ നെയ്യുന്നവരാണു പാലക്കാട് പെരുമാട്ടി പഞ്ചായത്തിലെ ‘പെരുമ’ കുടുംബശ്രീ കയർ ഉൽപന്ന നിർമാണ യൂണിറ്റ്. ചകിരിനാരു കൊണ്ടുണ്ടാക്കുന്ന ചവിട്ടിയും കരകൗശല വസ്തുക്കളും തേടി തമിഴ്നാട്ടിൽനിന്നുൾപ്പെടെ  ആളുകളെത്തുന്നു.

കുടുംബശ്രീ മിഷനിൽനിന്നുള്ള ഒന്നരലക്ഷം രൂപ ഉപയോഗിച്ച് 2018ൽ പ്ലാച്ചിമട അങ്കണവാടിക്കു സമീപം ആരംഭിച്ച യൂണിറ്റ് വിജയപാതയിലാണ്. മീനാക്ഷിപുരത്തെയും കന്നിമാരിയിലെയും 15 ആദിവാസി വനിതകളാണ് യൂണിറ്റ് നടത്തുന്നത്. കയർ ബോർഡിനു കീഴിലുള്ള സെൻട്രൽ കയർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഇവർ വിദഗ്ധ പരിശീലനം നേടി. വീടുകളിൽകൊണ്ടുചെന്നും ഉൽപന്നങ്ങൾ വിൽക്കും. മാസം മൂന്നുലക്ഷത്തോളം രൂപയുടെ വരുമാനമുണ്ട്.

 ‘ഒരു വീട്ടിൽ ഒരു കയർ ഉൽപന്നം’ എന്നതാണു യൂണിറ്റിന്റെ ലക്ഷ്യം. 5 വർഷംകൊണ്ടു പതിനായിരത്തിലേറെ ചവിട്ടികളും കരകൗശല വസ്തുക്കളുമാണു വിറ്റഴിച്ചത്.

പരീക്ഷയ്ക്ക് ഒരുക്കാൻ ‘യോഗ്യ’

സ്ത്രീകളുടെ തുടർ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഏതു വേദിയിലും എടുത്തു പറയാൻ യോഗ്യമായ പദ്ധതിയാണ് കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്റെ ‘യോഗ്യ’ പദ്ധതി. യോഗ്യ എന്ന പേരു നൽകിയത് ഈ വർഷമാണെങ്കിലും പദ്ധതിയുടെ തുടക്കം കഴിഞ്ഞ വർഷമായിരുന്നു. 30 വയസ്സിനു താഴെയുള്ള കുടുംബശ്രീ പ്രവർത്തകരെ പത്താം ക്ലാസ്, പ്ലസ് ടു തുല്യതാ പരീക്ഷയെഴുതിക്കുന്നതിനായി 13 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതിക്കു കഴിഞ്ഞ വർഷം തുടക്കമിട്ടത്.

പത്താം ക്ലാസ്, പ്ലസ് ടു വിഭാഗങ്ങളിലായി 800 പേരെ തുല്യതാ പരീക്ഷ എഴുതിക്കാൻ കുടുംബശ്രീക്കു കഴിഞ്ഞു.  

പദ്ധതിയിൽ ഇനി തദ്ദേശ സ്ഥാപനങ്ങളും പങ്കാളികളാകും. പത്താം ക്ലാസ്, പ്ലസ് ടു യോഗ്യത നേടാൻ അർഹരായി പതിനയ്യായിരത്തോളം പേർ ജില്ലയിലുണ്ടെന്ന് കുടുംബശ്രീ സർവേയിൽ കണ്ടെത്തിയിരുന്നു. ആദ്യഘട്ടമായി 4000 പേരെ പത്താം ക്ലാസ് പരീക്ഷ എഴുതിക്കാനും 2000 പേരെ പ്ലസ് ടു പരീക്ഷ എഴുതിക്കാനുമാണ് തീരുമാനം. 

കപ്പൽ കയറും, മുരിങ്ങയില കാപ്സ്യൂൾ

നാട്ടിലെങ്ങും താരമായ മുരിങ്ങയില കാപ്സ്യൂൾ ഇനി വിദേശത്തേക്കു കപ്പലുകയറും. കുടുംബശ്രീ അംഗം അംബികയുടെ തൃശൂർ മരോട്ടിച്ചാലിലുള്ള സംരംഭമായ കാര്യാട്ട് ഡ്രൈഫുഡ്സ് ആണ് മുരിങ്ങയില കാപ്സ്യൂൾ ഉൽപാദിപ്പിക്കുന്നത്. മുരിങ്ങയില കാപ്സ്യൂൾ കൂടാതെ പൗഡർ, കുറുക്ക് മിക്സ്, സൂപ്പ് പൗഡർ, റൈസ് മിക്സ്, മുരിങ്ങ ‍ചൂർണം, മുരിങ്ങക്കായ പൗഡർ എന്നിവയ്ക്കും ആവശ്യക്കാർ ഏറെ. പത്തുതരം റൈസ് മിക്സുകളും തയാറാക്കിവരുന്നു. പാവയ്ക്ക കാപ്സ്യൂൾ രൂപത്തിലും പൗഡർ രൂപത്തിലും വിൽക്കുന്നുണ്ട്

ഒല്ലൂർ കൃഷിസമൃദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംരംഭത്തിൽ എട്ടു സ്ത്രീകളാണ് ജോലി ചെയ്യുന്നത്. ഫാം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ 2021ൽ വിതരണം ചെയ്ത മുരിങ്ങത്തൈകളിൽ നിന്നാണ് മുരിങ്ങയില ശേഖരിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിലും 1000 തൈകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്.  

പെൺപെരുമ

കുടുംബശ്രീയുടെ നേതൃത്വത്തിൽ അക്ഷരങ്ങൾ അച്ചടിച്ചു മുന്നേറുന്ന  പ്രസുണ്ട് എറണാകുളം പാലക്കുഴയിൽ. യുണിക്സ് ഡിടിപി ആൻഡ് ബുക്ക് ബൈൻഡിങ് എന്ന പേരിൽ 10 വനിതകൾ ചേർന്ന് 2018ലാണ് സംരംഭം ആരംഭിച്ചത്.  പഞ്ചായത്ത് സബ്സിഡി നിരക്കിൽ അനുവദിച്ച 3 ലക്ഷം രൂപയും ബാങ്ക് വായ്പയും ഉപയോഗിച്ച്  പ്രസ് തുടങ്ങി. സംരംഭം വിജയം കണ്ടു. മാസം ഒരു ലക്ഷം രൂപയോളമാണ് വരുമാനം.

വീണ്ടും വിജയമധുരം 

പ്രതിസന്ധികളിൽ അലിയാത്ത വിജയഗാഥയുമായി വയനാട് പടിഞ്ഞാറത്തറയിലെ കുടുംബശ്രീ കൂട്ടായ്മയുടെ ഐസ്ക്രീം കമ്പനി. പ്രകൃതിദത്ത ചേരുവകൾ മാത്രം ചേർത്ത് ഐസ്ക്രീം, സിപ് അപ്, നെയ്യ് എന്നിവ നിർമിച്ചു വിജയം കൈവരിച്ചിരിക്കുകയാണ് ‍ബാണാ അഗ്രോ ആൻഡ് അലൈഡ് പ്രൊഡ്യൂസർ കമ്പനി  കൂട്ടായ്മ. പഞ്ചായത്തിന്റെ ക്ഷീരസാഗരം പദ്ധതിയുടെ ചുവടു പിടിച്ചാണ് കമ്പനി തുടങ്ങുന്നത്. കുടുംബശ്രീ അംഗങ്ങളായ 105 വനിതകൾക്ക് 2 പശുക്കളെ വീതം നൽകി. അവയുടെ പാൽ ഉപയോഗിച്ച് കമ്പനിയിൽ വിവിധ മൂല്യവർധിത വസ്തുക്കൾ നിർമിക്കുന്നു. 60 ലക്ഷത്തോളം രൂപ മുതൽമുടക്കിലാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്. 7 സെന്റ് സ്ഥലവും കെട്ടിടവും യന്ത്രസാമഗ്രികളും ഇപ്പോൾ സ്വന്തമായുണ്ട്. 2019ൽ പ്രവർത്തനം തുടങ്ങി മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനിടെ ലോക്ഡൗൺ എത്തി.   നിശ്ചയദാർഢ്യത്തോടെ പ്രതിസന്ധികളെ നേരിട്ട വനിതാ കൂട്ടായ്മ വീണ്ടും വിജയപഥത്തിൽ എത്തി.

English Summary : Writeup about Kudumbasree Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com