വാചകമേള

vachakamela
എ കെ ആൻറണി, സി രാധാകൃഷ്ണൻ
SHARE

എ.കെ.ആന്റണി : സ്വാതന്ത്ര്യത്തിനു മുൻപും ശേഷവും നമ്മുടെ നാട്​ പ്രതികരണശേഷിയുള്ള സാംസ്കാരിക നായകരുടെ നാടായിരുന്നു. ഇപ്പോൾ അതിനു മാറ്റം വന്നിരിക്കുന്നു. എവിടെയോവച്ച്​ സാംസ്കാരിക നായകരുടെ പ്രതികരണശേഷി നഷ്ടമായി.  13 ദിവസം കൊച്ചി നഗരം ഗ്യാസ്​ ചേംബറിലായിട്ടും ടി.പത്മനാഭനെപ്പോലെ ചുരുക്കം ചിലരൊഴികെ കലാ, സാംസ്കാരിക രംഗത്തുള്ളവരും ഏതിനും സംയുക്ത പ്രസ്താവന ഇറക്കുന്നവരും പൂർണനിശ്ശബ്​ദരായിരുന്നു.

സി.രാധാകൃഷ്ണൻ : കുറച്ചുകഴിയുമ്പോൾ സർവകലാശാലകളെ ചുറ്റിപ്പറ്റി ഒരു ബോർഡ് പ്രത്യക്ഷപ്പെടും എന്നു ഞാൻ കരുതുന്നു. ‘ഡോക്ടറേറ്റിനുള്ള പ്രബന്ധങ്ങൾ എഴുതപ്പെടും’ എന്നോ ‘ഗവേഷണ പ്രബന്ധ രചനാ ആപ്പീസ്’ എന്നോ ആയിരിക്കും ആ ബോർഡുകളിൽ. കുറച്ചുകൂടിക്കഴിഞ്ഞാൽ തീസിസ് എഴുത്തുകാരുടെ സംഘടനയും രൂപപ്പെടാം, അതും മുന്നണികൾക്ക് വെവ്വേറെ.

കെ.എസ്.ചിത്ര: എല്ലാ അർഥത്തിലും പെർഫെക്‌ഷനിസ്റ്റാണ് കീരവാണി സാർ. താൻ ഉദ്ദേശിക്കുന്നതു പൂർണമായും ഗായകരിൽനിന്നു ലഭിക്കുന്നതുവരെ ക്ഷമയോടെ കാത്തിരിക്കും. നമുക്കു തൃപ്തി തരുന്ന ആലാപനം ആയിരിക്കില്ല അദ്ദേഹത്തിനു സ്വീകാര്യം. അദ്ദേഹത്തിന്റെ ഇഷ്ടം ‌നമുക്കു തൃപ്തികരമായി തോന്നണമെന്നുമില്ല. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എത്ര ശരിയായിരുന്നു എന്നു നാം മനസ്സിലാക്കുക പാട്ടുകൾ റിക്കോർഡ്‌ ചെയ്തു കേൾക്കുമ്പോഴാണ്. 

ഡോ.ജോസ് സെബാസ്റ്റ്യൻ: കാര്യക്ഷമതയില്ലാത്ത സംസ്ഥാനങ്ങ ൾക്ക് ഒരുപാട് കാശ് കൊടുക്കുന്നതിനു പകരം കേന്ദ്രം പദ്ധതികൾ കാര്യക്ഷമമായും സമയബന്ധിതമായും പൂർത്തിയാക്കുന്നതാണ് സമൂഹത്തിനു നല്ലത്. അങ്ങനെ നോക്കുമ്പോൾ കേന്ദ്രം വിഭവങ്ങൾ കയ്യടക്കുന്നു എന്ന വാദമൊക്കെ ഉപരിപ്ലവമാണെന്നു കാണാം. 

കൽപറ്റ നാരായണൻ: എഴുത്തിൽ ബഷീറിനെ അതിശയിക്കുന്ന കയ്യടക്കക്കാരൻ മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്നു സംശയം. അദ്ഭുത‘കര’മാണ് ബഷീറിന്റെ കലാവൈഭവം. അഥവാ ദൈവികമായ കയ്യുണ്ട് ബഷീറിൽ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെയും അതിന്റെ ദുഃഖകരം കൂടിയായ അന്ത്യത്തിന്റെയും കഥ പറയാൻ സാധാരണഗതിയിൽ എഴുനൂറോ എണ്ണൂറോ പുറങ്ങളെങ്കിലും വേണ്ടിടത്ത് പറയേണ്ടതൊന്നും വിട്ടുപോകാതെതന്നെ ബഷീറിന്റെ ‘മതിലുകളിൽ’ അതിനുവേണ്ടിവന്നത് വെറും അൻപത്തൊൻപതു പുറങ്ങൾ.

കെ.സി.ഉമേഷ്ബാബു: മലയാള സാംസ്കാരികലോകത്തെ ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരും പത്രാധിപന്മാരും മറ്റുമായ ആളുകളിൽ കുറച്ചുപേരൊഴിച്ചുള്ളവരെല്ലാം സിപിഎം അടിമപ്പറ്റങ്ങളാണ്.

English Summary : Vachakamela

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS