ADVERTISEMENT

രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടുമൊരു സങ്കടവാർത്ത നൽകിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ വട്ടപ്പാറ വളവ്. ദേശീയപാത 66ൽ, കോട്ടയ്ക്കലിനും വളാഞ്ചേരിക്കുമിടയിലുള്ള ഈ വളവിൽ ഇന്നലെ സവാള ലോറി 30 അടി താഴ്ചയിലേക്കു മറിഞ്ഞു മൂന്നുപേരാണു മരിച്ചത്. ഇവിടം സ്ഥിരം അപകടകേന്ദ്രമായിട്ടു ദശാബ്ദങ്ങളായെങ്കിലും ശാശ്വതപരിഹാരം കാണാൻ ദേശീയപാതാ അതോറിറ്റിക്കോ സംസ്ഥാന സർക്കാരിനോ കഴിയാത്തതു നിർഭാഗ്യകരമാണ്. 

വട്ടപ്പാറ വളവിൽ ഒരു മാസത്തിനിടെയുണ്ടായ നാലാമത്തെ അപകടമാണിത്. ഇന്നലത്തെ അപകടമൊഴിച്ച് മറ്റു മൂന്നെണ്ണത്തിലും ജീവാപായമുണ്ടായില്ലെന്നതാണ് ആശ്വാസം. ഇതിനുമുൻപ് ഇവിടം കുരുതിക്കളമായത് 2021 ഫെബ്രുവരിയിലാണ്. ഉരുക്കുകമ്പിയുമായി വന്ന ലോറി മറിഞ്ഞ് ഡ്രൈവറടക്കം രണ്ടു പേരാണ് മരിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽമാത്രം മുന്നൂറിലേറെ അപകടങ്ങൾക്ക് വട്ടപ്പാറ സാക്ഷ്യം വഹിച്ചു. മുപ്പതിലേറെപ്പേരുടെ മരണങ്ങളും കണ്ടുകഴിഞ്ഞു. ഓരോ തവണ അപകടമുണ്ടാകുമ്പോഴും നിർദേശങ്ങളും പരിഹാരമാർഗങ്ങളും ചർച്ചകളും മുറപോലെ കടന്നുവരുമെങ്കിലും അവയൊന്നും ഇതുവരെ വളവുതിരിഞ്ഞ് വട്ടപ്പാറയിലെത്തിയിട്ടില്ലെന്നുമാത്രം. 

കഞ്ഞിപ്പുര ഇറക്കം മുതൽ വട്ടപ്പാറ അടിവാരം വരെയുള്ള അരക്കിലോമീറ്ററിനുള്ളിൽ അഞ്ചു വളവുകളുണ്ട്. ഇതിൽ അപകടപ്പെരുപ്പംകൊണ്ടു കുപ്രസിദ്ധിയാർജിച്ചതാണ് നാലാമത്തെ ഹെയർപിൻ വളവ്. ഇന്നലെ അപകടമുണ്ടായതും ഇവിടെത്തന്നെ. കരിങ്കൽ സുരക്ഷാഭിത്തിയും തകർത്തുവീഴുന്ന ഭാരവാഹനങ്ങൾ മുപ്പതടി താഴ്ചയിലേക്കാണു മറിയുക. ടാങ്കർ ലോറി ഉൾപ്പെടെയുള്ള വാഹനങ്ങളുടെ വീഴ്ച ഇവിടെ പതിവായതോടെ വീടൊഴിഞ്ഞു പോയവരുണ്ട്. 

രക്ഷാപ്രവർത്തനത്തിനു മുന്നിട്ടിറങ്ങുന്ന നാട്ടുകാരുടെ നന്മയാണ് വട്ടപ്പാറയിൽ ഒട്ടേറെപ്പേരുടെ ആയുസ്സു കാക്കുന്നത്. പക്ഷേ, ഇത്രയും താഴ്ചയിൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. സംസ്ഥാനത്തെ സ്ഥിരം അപകടകേന്ദ്രമായിട്ടും വട്ടപ്പാറയ്ക്കു സമീപം ഒരു ഫയർസ്റ്റേഷൻ പോലുമില്ല. തിരൂരിൽനിന്നോ പൊന്നാനിയിൽനിന്നോ അഗ്നിരക്ഷാ സേന എത്തിയിട്ടു വേണം രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ. വട്ടപ്പാറയ്ക്കു സമീപം ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. വട്ടപ്പാറ വളവിനു മേൽഭാഗത്ത്, അരക്കിലോമീറ്റർ മാത്രം അകലെയുള്ള കഞ്ഞിപ്പുരയിൽ സ്ഥലം കണ്ടെത്തി അഗ്നിരക്ഷാ സേനയ്ക്കു കൈമാറിയതുമാണ്. പക്ഷേ, പദ്ധതി നടപ്പായില്ലെന്നു മാത്രം. 

അപകടത്തിൽപെടുന്ന വാഹനങ്ങൾ ഉയർത്തിവേണം കാബിനിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ. എന്നാൽ, അതിനുള്ള ക്രെയിൻ സംവിധാനം സമീപത്തൊന്നുമില്ല. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിൽ നിന്നാണ് ക്രെയിൻ എത്തിക്കുന്നത്. നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഇടപ്പള്ളി – മംഗളൂരു ആറുവരിപ്പാതയുടെ നിർമാണക്കമ്പനിയുടെ ക്രെയിൻ സമീപമുണ്ടായിരുന്നതിനാൽ ഇന്നലെ അതുപയോഗിച്ചാണു ലോറി ഉയർത്തിയത്. രാത്രികാലങ്ങളിൽ വട്ടപ്പാറയിലെത്തുന്ന ചരക്കു വാഹനങ്ങളിലെ ഡ്രൈവർമാരെ ബോധവൽക്കരിക്കാനും ഉറക്കച്ചടവൊഴിവാക്കാൻ ചുക്കുകാപ്പി നൽകാനുമായി ഉണ്ടായിരുന്ന സംവിധാനം ഇപ്പോൾ നിലച്ച അവസ്ഥയിലാണ്.

വട്ടപ്പാറയിലൂടെയുള്ള അപകടയാത്രയൊഴിവാക്കാൻ പതിറ്റാണ്ടുകൾക്കു മുൻപേ വന്ന ബദൽനിർദേശമാണ് കഞ്ഞിപ്പുര - മൂടാൽ ബൈപാസ്. എന്നാൽ, 2013ൽ നിർമാണോദ്ഘാടനം നടത്തിയ ബൈപാസ് ഇന്നുവരെ പൂർത്തിയായിട്ടില്ല. അതേസമയം, വട്ടപ്പാറ വളവ് ഒഴിവാക്കി കടന്നുപോകുന്ന ഇടപ്പള്ളി – മംഗളൂരു ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയായാൽ ചരക്കു വാഹനങ്ങൾക്കും ദീർഘദൂര യാത്രക്കാർക്കും ഈ മേഖലയിലൂടെ അപകടഭീഷണിയില്ലാതെ സഞ്ചരിക്കാനാകും. 

രാത്രിയാത്രകളിൽ ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതും വഴി പരിചിതമല്ലാത്തതുമാണ് വട്ടപ്പാറയിലെ അപകടങ്ങൾക്കു കാരണമെന്നു പറയുന്നവരുണ്ട്. എന്നാൽ, കണ്ണടഞ്ഞുപോകുന്നത് അധികൃതർക്കാണെന്നതാണ് സത്യം. ദേശീയപാതാ അതോറിറ്റിയും സംസ്ഥാന സർക്കാരും കാണേണ്ടതു കാണാതെ പോകുമ്പോൾ ജീവൻ പൊലിഞ്ഞുകെ‍ാണ്ടേയിരിക്കുന്നു. അനാസ്ഥ വെ‍ടിഞ്ഞ്, വട്ടപ്പാറയിൽ ഇനിയും ചോര വീണുകൂടെന്ന നിശ്ചയദാർഢ്യത്തോടെയുള്ള അടിയന്തര നടപടികളാണ് അധികൃതരിൽനിന്നുണ്ടാവേണ്ടത്.

English Summary : Editorial about Vattappara hairpin turn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com