സിപിഎം സംസ്ഥാന സെക്രട്ടറിയായശേഷം എം.വി.ഗോവിന്ദൻ നയിച്ച ആദ്യജാഥ ഇന്നു സമാപിക്കുകയാണ്. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയായിരുന്നു ജനകീയ പ്രതിരോധ ജാഥയെങ്കിലും യാത്രയവസാനിക്കുമ്പോൾ തിളച്ചുമറിയുന്നത് കേരള രാഷ്ട്രീയമാണ്. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഉയർത്തിയ പുതിയ ആരോപണങ്ങൾ മുതൽ, നിയമസഭയിലെ ഭരണ–പ്രതിപക്ഷ കയ്യാങ്കളിവരെയുള്ള സംഭവങ്ങളുടെ ചൂടിലാണ് രാഷ്ട്രീയ കേരളം. ജാഥയെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും എം.വി.ഗോവിന്ദൻ പ്രതികരിക്കുന്നു
? ജാഥാ വിഷയങ്ങൾക്കു ജനങ്ങൾക്കിടയിൽ സ്വീകാര്യത ഉറപ്പിക്കാനായോ.
കുറെ ആളുകൾ വന്നു ജാഥ കണ്ടുപോയി എന്നല്ല. പ്രതിരോധം മനസ്സിൽ രൂപപ്പെടുത്താനുള്ള ആയുധം അവർക്കു നൽകുകയാണു ചെയ്തത്. കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തിക സമീപനം തുറന്നുകാണിക്കാനായി. കേരളം വിവിധ മേഖലകളിൽ ഒന്നാം സ്ഥാനത്തു വന്നപ്പോൾ, കേരളത്തെ പിന്നോട്ടടിക്കാനാണു കേന്ദ്രം നോക്കിയത്. അർഹമായ ധനസഹായം നിഷേധിച്ചെന്നു മാത്രമല്ല, കടമെടുക്കാനുള്ള പരിധിപോലും വെട്ടിക്കുറച്ചു. എന്നിട്ടും കേരളം പിടിച്ചുനിന്നത് അദ്ഭുതമാണ്.
? ബിജെപിക്കു സ്വാധീനമില്ലാത്ത കേരളത്തിൽ അവർക്കെതിരെ സിപിഎം ജാഥ നടത്തുന്നു. അതേസമയം, ദേശീയതലത്തിൽ ബിജെപിയെ നേരിടുന്നതു തങ്ങളാണെന്നാണല്ലോ കോൺഗ്രസ് അവകാശപ്പെടുന്നത്.
ദേശീയതലത്തിൽ അല്ല, സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസ് ബിജെപിയെ എതിരിടുന്നില്ല. സമീപകാലത്തെ നിയമസഭാ തിരഞ്ഞെടുപ്പുകൾ എടുക്കുക. ചില സംസ്ഥാനങ്ങളിൽ ഏതാനും സീറ്റിൽ കോൺഗ്രസ് ജയിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ബിജെപി വിരുദ്ധ വോട്ട് ഏകോപിപ്പിക്കാൻ സിപിഎം ഉൾപ്പെടെ സ്വീകരിച്ച നിലപാടിന്റെ ഫലമായാണു കോൺഗ്രസിന് ഈ സീറ്റുകൾ ലഭിച്ചത്. 44 സീറ്റുള്ള കോൺഗ്രസ് ദേശീയതലത്തിൽ ബദലാകാൻ പുറപ്പെട്ടിട്ടു കാര്യമുണ്ടോ.
? അങ്ങനെയെങ്കിൽ ബിജെപിക്കെതിരെ സിപിഎം വിഭാവനം ചെയ്യുന്ന ദേശീയബദലിൽ കോൺഗ്രസ് ഉൾപ്പെടുന്നില്ലേ.
ദേശീയ ബദൽ സിപിഎം വിഭാവനം ചെയ്യുന്നേയില്ല. ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായി എടുക്കുകയാണ്. അവിടുത്തെ സാഹചര്യം നോക്കി ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കും. അവിടെ വല്യേട്ടൻ താനാണെന്നു പറഞ്ഞു കോൺഗ്രസ് നടന്നാൽ അവർക്ക് ഒറ്റസീറ്റും കിട്ടാൻ പോകുന്നില്ല. അവരെ വച്ച് ദേശീയാടിസ്ഥാനത്തിൽ മുന്നണിയുണ്ടാക്കാൻ പ്രാദേശിക പാർട്ടികൾപോലും തയാറാകില്ല.

? ജാഥയിൽ സർക്കാരിനെക്കുറിച്ചുള്ള വിവാദങ്ങളും വിശദീകരിക്കേണ്ടിവന്നില്ലേ? ജാഥയുടെ അജൻഡയെക്കാൾ ജാഥാ കാലയളവിൽ പൊതുസമൂഹം ചർച്ച ചെയ്തതു മറ്റു ചിലതല്ലേ.
ഉയർന്നു വരുന്ന എല്ലാ കാര്യങ്ങൾക്കും മറുപടി പറഞ്ഞിട്ടുണ്ട്. എന്നാൽ ആരെങ്കിലുമുണ്ടാക്കുന്ന നെഗറ്റീവ് വിഷയങ്ങളുടെ പിന്നാലെ പോകാനില്ല. പിന്നെ പൊതുസമൂഹം എന്നത് ആരുടെയെങ്കിലും കയ്യിലല്ല. ഒരു വിവാദവും സർക്കാരിന്റെ പ്രതിഛായയെ ബാധിച്ചിട്ടില്ല. മറിച്ച് വലിയ അംഗീകാരം നേടുകയാണു ചെയ്തത്.
? സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണത്തിനെതിരെ പാർട്ടി സെക്രട്ടറി നോട്ടിസ് അയച്ചു. പങ്കില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമല്ലോ അത്. ആ ബോധ്യം മുഖ്യമന്ത്രിയടക്കം ആരോപണം നേരിട്ട മറ്റുള്ളവർക്കില്ലേ.
മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും ഇക്കാര്യത്തിൽ ആരോപണമുന്നയിക്കാൻ തുടങ്ങിയിട്ട് എത്രയോ വർഷമായി. അതെല്ലാം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളം സൂക്ഷ്മമായി പരിശോധിച്ച്, നല്ലപോലെ തള്ളിയതാണ്. പിന്നെ എന്തിന്റെ ഭ്രാന്തിനാണു കോടതിയിൽ പോകുന്നത്. ഇതേ വ്യക്തിയുടെ ആരോപണത്തിനു വിധേയരായ മറ്റു നേതാക്കൾക്കു നിയമനടപടിക്കു പാർട്ടി അനുമതി നൽകിയിരുന്നു. ഈ ആരോപണവും നേരത്തേ ഉന്നയിച്ചതാണ്. പേരു പറഞ്ഞത് ഇപ്പോഴാണെന്നു മാത്രം. അതുകൊണ്ടു നിയമനടപടി വേണ്ടെന്ന് അവർ തീരുമാനിച്ചു. എനിക്കെതിരെ വന്നത് ആദ്യത്തെ ആരോപണമായതിനാലാണു നോട്ടിസ് അയച്ചത്.

? കേരളയാത്ര, പാർട്ടിയിലെ ശുദ്ധീകരണ പ്രക്രിയ, മുഖ്യമന്ത്രി പോലും മടിച്ചുനിൽക്കേ ആരോപണത്തിനെതിരെ നിയമനടപടി. സ്വന്തം പ്രതിഛായ മിനുക്കാൻ എം.വി.ഗോവിന്ദൻ ബോധപൂർവമായ ശ്രമം നടത്തുന്നുണ്ടോ.
വ്യക്തിപരമായ പ്രതിഛായാ നിർമാണം എന്റെ ലക്ഷ്യമല്ല. പാർട്ടിയുടെ പ്രതിഛായയാണ് എന്റെ വിഷയം. ഞാൻ മാനഷ്ടക്കേസ് കൊടുക്കണമെന്നതു പാർട്ടിയുടെ തീരുമാനമാണ്. പിന്നെ, സെക്രട്ടറിയായതുകൊണ്ട് ജാഥ നയിക്കുന്നു എന്നേയുള്ളൂ. എന്നെ കണ്ടിട്ടാണു ജാഥയിലേക്കു ജനം വരുന്നതെന്നു ഞാൻ ചിന്തിക്കുന്നില്ല.
? മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാനിയായിരുന്ന എം.ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തു. മറ്റൊരു പ്രധാനി സി.എം.രവീന്ദ്രനെ ചോദ്യം ചെയ്തു. സിപിഎം ഭരിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ എപ്പോഴും പാർട്ടിയുടെ ഒരു നോട്ടമുണ്ടാകാറുണ്ട്. അതു നഷ്ടപ്പെട്ടോ.
ചോദ്യം ചെയ്തതുകൊണ്ട് എന്തു സംഭവിക്കാനാണ്? ശിവശങ്കറിന്റേതു കഴിഞ്ഞുപോയ കാര്യമാണ്. ഉദ്യോഗസ്ഥർ അമ്മാതിരി പണിയെടുക്കുന്നതിനു മുഖ്യമന്ത്രി എന്തു ചെയ്യാനാണ്? ഇവരെല്ലാം കേന്ദ്ര സർവീസിന്റെ ഭാഗമായവരല്ലേ. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയമിച്ചതിലൊന്നും ഒരു ജാഗ്രതക്കുറവുമുണ്ടായിട്ടില്ല. സ്വപ്നയുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോഴല്ലേ ഇതൊക്കെയുണ്ടായത്. അതുവരെ നല്ല ഉദ്യോഗസ്ഥനായിരുന്നല്ലോ.
? പ്രതിപക്ഷം സ്വാഭാവികമായി സമരം നടത്തും. അതിനെ നിയമസഭയിലും പുറത്തും അടിച്ചമർത്തുന്നതു കേന്ദ്രത്തിലെ ബിജെപി രീതിയാണെന്ന് അവർ ആരോപിക്കുന്നുണ്ടല്ലോ.
സമരം ചെയ്യാൻ ഇവർക്കു വല്ല വിഷയവുമുണ്ടോ? ഏതോ ഒരു കുട്ടിയുടെ പ്രശ്നം പറഞ്ഞ് അടിയന്തരപ്രമേയം കൊണ്ടുവന്നിട്ട് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കുകയല്ലേ ചെയ്തത്. വിഷയദാരിദ്ര്യവും തെറ്റായ സമരരീതിയുമൊക്കെ മഹാദ്ഭുതമായി മാധ്യമങ്ങൾ അവതരിപ്പിക്കുകയാണ്. ഈ സമരരീതി ജനം അംഗീകരിക്കില്ല. ഇടതുമുന്നണി സെക്രട്ടേറിയറ്റ് വളഞ്ഞിട്ടുണ്ട്. വേണ്ടിവന്നാൽ ഇനിയും വളയും. ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തിയിട്ട് ആർക്കും ഒരു പോറൽപോലും ഏൽപിച്ചിട്ടില്ല.

? സിൽവർലൈൻ, വിഴിഞ്ഞം തുറമുഖം, ഇന്ധന വിലവർധന തുടങ്ങിയ വിഷയങ്ങളിലെ സമരങ്ങളെ സർക്കാരും പൊലീസും കൈകാര്യം ചെയ്ത രീതി ശരിയാണോ? തുടർഭരണത്തിൽ ജനകീയ സമരങ്ങളോടുള്ള സിപിഎമ്മിന്റെ സമീപനം മാറിയോ.
പൊലീസ് ഞങ്ങളുടെ പൊലീസല്ല. ഇന്ത്യൻ ഭരണകൂടത്തിന്റെ ഭാഗമാണ്. സർക്കാരിന്റേതു നയം മാത്രമേയുള്ളൂ. ആ നയമുള്ളതുകൊണ്ടാണു വിഴിഞ്ഞത്തു വെടിവയ്പിലേക്കു പോകാതിരുന്നത്. പത്തിരുപത്തഞ്ചു പൊലീസുകാരെയും സ്റ്റേഷനും ആക്രമിച്ചാൽ എന്താകുമായിരുന്നു സ്ഥിതി. കേരളത്തിലായതുകൊണ്ടല്ലേ ആത്മസംയമനം പാലിച്ചു പൊലീസ് വെടിവയ്ക്കാതിരുന്നത്. എല്ലാ സമരങ്ങളിലും കേരളത്തിലെ പൊലീസ് എടുത്ത സമീപനം ശരിയാണ്. ചാവാൻ പോകുന്ന സമരക്കാരെ രക്ഷിക്കാനാണു പിണറായിക്ക് ഇത്രയും വലിയ സന്നാഹം തന്നെ കൊടുത്തത്. വണ്ടിക്കു മുൻപിൽ ചാടിയവരൊക്കെ തലനാരിഴ വ്യത്യാസത്തിനാണു രക്ഷപ്പെട്ടതെന്ന് അവർതന്നെ പറഞ്ഞിട്ടുണ്ടല്ലോ.
? ഇത്തരം സമരരീതി സിപിഎമ്മും മുൻപു സ്വീകരിച്ചിട്ടുണ്ടല്ലോ.
ഞങ്ങൾ മന്ത്രിമാരെ തടഞ്ഞിട്ടുണ്ട്. കരിങ്കൊടി പ്രകടനം നടത്തിയിട്ടുണ്ട്. ഇതുപോലെ ഒന്നും രണ്ടുമല്ല, ആയിരക്കണക്കിനാളുകളെ അണിനിരത്തിയുള്ള സമരമായിരുന്നു അത്. കൂത്തുപറമ്പിൽ മന്ത്രിയെ കരിങ്കൊടി കാണിച്ചതൊക്കെ അങ്ങനെയാണ്. അതാണു ജനകീയ സമരം. ഇവരുടേത് ആളില്ലാത്ത സമരമാണ്. അതിനെ എങ്ങനെ സമരമെന്നു വിളിക്കും.

? സമരസംഘടനകളായാണു സിപിഎമ്മും ഡിവൈഎഫ്ഐയുമൊക്കെ വിശേഷിപ്പിക്കപ്പെടുന്നത്. തുടർഭരണത്തിൽ ആ സമരവീര്യം നിലനിർത്താനാകുന്നുണ്ടോ.
വീര്യം ചോർന്നില്ല എന്നതു ഗവർണർക്കെതിരെയുള്ള സമരത്തിൽ തെളിഞ്ഞതല്ലേ. പ്രതിപക്ഷം നടത്തിയ സമരങ്ങളിൽ ആകെ പങ്കെടുത്തവരെക്കാൾ കൂടുതൽപേർ ആ ഒറ്റ ദിവസത്തെ സമരത്തിനെത്തി. ഗവർണർ സർക്കാരിനെ വെല്ലുവിളിച്ചു നടക്കുകയായിരുന്നല്ലോ. ആ സമരത്തോടെ ഗീർവാണ പ്രസംഗം തീർന്നു.
? കഴിഞ്ഞ സർക്കാരിന്റെ കാലത്തു ശബരിമല വിഷയം, ഇപ്പോൾ സഭാതർക്കം. സാമുദായിക മാനേജ്മെന്റിൽ സർക്കാർ പരാജയപ്പെടുന്നുണ്ടോ.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയത്തിനു വലിയ സ്വാധീനമുണ്ടാക്കാനായില്ലെന്നതാണു വസ്തുത. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും വല്ല സാധ്യതയുമുണ്ടോ എന്നു കേരളത്തിലെ ന്യൂനപക്ഷം പരീക്ഷിച്ചു നോക്കുകയായിരുന്നു. ഓർത്തഡോക്സ്– യാക്കോബായ സഭകളുടേതു വർഷങ്ങൾ നീണ്ട തർക്കമാണ്. അതു പരിഹരിക്കാനുള്ള ശ്രമമാണു സർക്കാർ നടത്തിപ്പോന്നത്. പരിഹരിക്കപ്പെടാതെ വരുമ്പോൾ സ്വാഭാവികമായി ഇടപെടേണ്ടിവരും.
? രാഹുൽ ഗാന്ധി വീണ്ടും കേരളത്തിൽ മത്സരിക്കുന്നതിനെ സിപിഎം എങ്ങനെ കാണുന്നു.
കോൺഗ്രസ് കേരളത്തിൽ എവിടെയെങ്കിലും മത്സരിക്കുന്നതിനെ സിപിഎം സ്വാഗതം ചെയ്യേണ്ട കാര്യമില്ലല്ലോ. ഒരാശയക്കുഴപ്പവും ഞങ്ങൾക്കില്ല. രാഹുലിനെതിരെ മത്സരിക്കും. തോൽപിക്കാൻ ശ്രമിക്കും. സ്വന്തമായി ജയിക്കുന്ന ഏതു സീറ്റാണു കേരളത്തിൽ കോൺഗ്രസിനുള്ളത്. മുസ്‌ലിംലീഗില്ലാതെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ ജയിക്കില്ല. ലീഗാണു യുഡിഎഫിലെ പ്രധാന പാർട്ടി. ആ മുന്നണിയിൽ ഒറ്റയ്ക്കു ജയിക്കാവുന്ന പാർട്ടി അവർ മാത്രം. തമിഴ്നാട്ടിലും കോൺഗ്രസിന്റെ സ്ഥിതി ഇതു തന്നെ. അവിടെ ഡിഎംകെയുടെ ജൂനിയർ പങ്കാളി മാത്രമാണവർ.
? ലീഗിനോടു വീണ്ടും ചങ്ങാത്തം കാണിച്ചുതുടങ്ങുകയാണോ.
വെറുതേ പോയിട്ട്, ഇങ്ങു വന്നോ എന്നു പറയലല്ല. രാഷ്ട്രീയ നയവും നിലപാടുമാണു പ്രശ്നം. ഏതെങ്കിലും ഒരു അഭിപ്രായത്തെ സ്വാഗതം ചെയ്തതുകൊണ്ട് മുന്നണിയിൽ എടുക്കാൻ പോകുന്നു എന്നു കരുതേണ്ട.
? തൃശൂർ എടുക്കുമെന്നു പറഞ്ഞിരുന്ന സുരേഷ് ഗോപി ഇപ്പോൾ കണ്ണൂർകൂടി എടുക്കാമെന്നാണു പറയുന്നത്. ആറു മണ്ഡലങ്ങളിൽ ബിജെപി പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്.
അവർ ഒറ്റ മണ്ഡലത്തിൽപോലും ജയിക്കില്ല. ഇപ്പോഴെന്നല്ല പിന്നീടുമില്ല. എവിടെയെങ്കിലും മൂന്നാം സ്ഥാനം കിട്ടണമെന്ന ആഗ്രഹത്തിൽ കേന്ദ്രീകരിച്ചാൽ അതു നടന്നേക്കും.

? മൈക്ക് ഓപ്പറേറ്ററെ ശാസിച്ചതുൾപ്പെടെ ജാഥയിലെ ചില പ്രസംഗവും പെരുമാറ്റവുമെല്ലാം ട്രോളുകൾക്കും വിമർശനങ്ങൾക്കും വിഷയമായല്ലോ.
ട്രോളുകൾ മൈൻഡ് ചെയ്തില്ല. നെഗറ്റീവ് കാര്യങ്ങൾക്കു ചെവി കൊടുക്കാറുമില്ല. മൈക്ക് ഓപ്പറേറ്ററെ അപമാനിച്ചെന്നു ഞാൻ വിശ്വസിക്കുന്നില്ല. പോയാട്ടെ, പോട്, പൊയ്ക്കോ എന്നാണു പറഞ്ഞത്. ഈ വാക്കുകളിൽ എന്തപമാനം.
? ജാഥ അവസാനിച്ചശേഷം ഇനിയെന്ത്.
പാർട്ടിയിൽനിന്നു വിഭാഗീയതയുടെ ഭാഗമായി പുറത്തുപോയവരെയും മാറി നിൽക്കുന്നവരെയും തിരിച്ചുകൊണ്ടുവരും. എന്തു കാരണത്തിനു വിട്ടുപോയവർക്കും തിരിച്ചുവരാം. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിൽനിന്നു പുതിയതായി വരുന്നവരെയും ആവശ്യമായ ചുമതലകൾ നൽകി ഒപ്പം നിർത്തും.
? ആർഎംപി ഉൾപ്പെടെ ആശയപരമായി വിട്ടുപോയവരുണ്ടല്ലോ.
ആശയപരമായി വിട്ടുപോയവർ ആരുമില്ല. ആർഎംപി അങ്ങനെ പോയതുമല്ല. എന്നാൽ അങ്ങനെയുള്ളവർക്കും തിരിച്ചുവരാം. പാർട്ടിയെന്ന നിലയ്ക്കല്ല, വ്യക്തിപരമായി വരാം. പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു മുന്നോട്ടുപോകാൻ താൽപര്യമുള്ള എല്ലാവരെയും ഉൾക്കൊള്ളും.
? സിൽവർലൈനിനെക്കുറിച്ചു ജാഥയിലുടനീളം പരാമർശിച്ചു. സിൽവർലൈൻ വരുമെന്നു താങ്കൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ.
ഇപ്പോഴത്തെ കേന്ദ്രസർക്കാർ മാറിയാൽ മാത്രമേ സിൽവർലൈനിനു സാധ്യതയുള്ളൂ. കേരളത്തിൽ ഒരു വികസനവും നടക്കാൻ പാടില്ലെന്ന ബിജെപിയുടെയും കോൺഗ്രസിന്റെയും നിലപാടാണു കാരണം. വലിയ പദ്ധതികൾക്കു പാര വയ്ക്കുകയും, എന്നിട്ടു പദ്ധതികളില്ലെന്നു പറയുകയുമാണ് ഒരു കൂട്ടർ. വലിയ പദ്ധതികൾക്കല്ല, ജനങ്ങളുടെ ജീവിതനിലവാരമുയർത്തുന്നതിനാണ് ഇടതുപക്ഷം മുൻഗണന കൊടുക്കുന്നത്. 64000 അതിദരിദ്ര കുടുംബങ്ങളെ ദത്തെടുത്ത സർക്കാരാണ്. ഭൂമിയില്ലാത്ത ഒരു മനുഷ്യനുമുണ്ടാകരുതെന്നു തീരുമാനിച്ച സർക്കാരാണിത്.
English Summary : Those who left CPM party will come back says MV Govindan