അശാന്തി പടർത്തി അമൃത്പാൽ സിങ്; അതിവേഗം, അതിതീവ്രം

HIGHLIGHTS
  • ‘ഭിന്ദ്രൻവാല രണ്ടാമനായി’ അമൃത്പാൽ സിങ് വളർന്നത് വെറും ആറുമാസംകൊണ്ട്. ഇതിനിടെ സ്വന്തം സേനയും ചാവേർപ്പടയുംവരെ രൂപീകരിച്ചു. പാക്കിസ്ഥാന്റെ ഐഎസ്ഐയാണ് നീക്കങ്ങൾക്കു പിന്നിലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കേന്ദ്ര– പഞ്ചാബ് സർക്കാരുകൾ ഇയാൾക്കായി വലമുറുക്കിയത്
അമൃത്പാൽ സിങ്
SHARE

ഭിന്ദ്രൻവാല രണ്ടാമൻ’; പഞ്ചാബിൽ ഖലിസ്ഥാൻ വിഘടനവാദ പ്രസ്ഥാനം പുനരുജ്ജീവിപ്പിക്കാൻ ഇറങ്ങിത്തിരിച്ചപ്പോൾ അമൃത്പാൽ സിങ് (30) സ്വയം സ്വീകരിച്ച വിശേഷണമാണിത്. എൺപതുകളിൽ സംസ്ഥാനത്തു ഭീതിവിതച്ച ഖലിസ്ഥാൻ ഭീകരൻ ജർണെയ്ൽ സിങ് ഭിന്ദ്രൻവാലയുടെ പാത സ്വീകരിച്ച അമൃത്പാൽ, കുറച്ചു മാസങ്ങൾ മുൻപുവരെ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ പോലുമില്ലായിരുന്നു. ഭിന്ദ്രൻവാലയ്ക്കു ശേഷം പഞ്ചാബ് കണ്ട ഏറ്റവും തീവ്രസ്വഭാവമുള്ള ഖലിസ്ഥാൻ അനുകൂലിയായി കഴിഞ്ഞ 6 മാസം കൊണ്ട് അമൃത്പാൽ വളർന്നു. ഇതോടെ, കേന്ദ്ര, പഞ്ചാബ് സർക്കാരുകൾ അപകടം മണത്തു. ഇനിയൊരു ഭിന്ദ്രൻവാല രാജ്യത്തുണ്ടായിക്കൂടാ എന്ന നിശ്ചയദാർഢ്യത്തോടെ ഇരുസർക്കാരുകളും അമൃത്പാലിനായി ഒന്നിച്ചു വലവിരിച്ചു. ഇയാളെ സ്വതന്ത്രനായി വിടുന്നത് പഞ്ചാബിനെ വിഘടനവാദത്തിന്റെ മുറിവുകളിലേക്കു വീണ്ടും തള്ളിവിട്ടേക്കുമെന്നു വിലയിരുത്തിയായിരുന്നു ഇത്. 

ട്രക്ക് ഡ്രൈവറിൽനിന്ന് പ്രഭാഷകനിലേക്ക്

അമൃത്‌സറിലെ ജല്ലൂപുർ സ്വദേശിയായ അമൃത്പാൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയശേഷം ബന്ധുവിന്റെ ട്രാൻസ്പോർട്ട് കമ്പനിയിൽ ജോലി ചെയ്യാൻ ദുബായിലേക്കു പറക്കുന്നത് 2012ൽ ആണ്. അവിടെ ട്രക്ക് ഡ്രൈവറായി ജീവിതം. സിഖ് മതം ഒൗദ്യോഗികമായി സ്വീകരിക്കാതെ, ക്ലീൻ ഷേവ് ചെയ്തു നടന്നിരുന്ന അമൃത്പാൽ സുഹൃത്തുക്കൾക്കിടയിലെ സൗമ്യസാന്നിധ്യമായിരുന്നു. 2021ന്റെ അവസാനമാണ് ഇന്ത്യയിലേക്കെത്തുന്നത്. പഞ്ചാബി നടനും ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ സ്ഥാപകനുമായ ദീപ് സിദ്ദു സമൂഹമാധ്യമമായ ക്ലബ് ഹൗസിൽ പഞ്ചാബിനെക്കുറിച്ചു നടത്തിയ ചർച്ചകളിലെ പതിവു ശ്രോതാവായിരുന്നു ഇയാൾ. (2021ലെ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്തിയ കേസിലെ പ്രതികളിലൊരാളാണ് സിദ്ദു). 

ശ്രോതാവിൽനിന്ന് ചർച്ചകളിലെ പ്രഭാഷകനായി അമൃത്പാൽ പതിയെ മാറി. സംസ്ഥാനത്തെ ജനകീയ പ്രശ്നങ്ങളെയും കർഷക ദുരിതത്തെയും കുറിച്ചുള്ള ക്ലബ് ഹൗസ് ‘ചർച്ചാമുറിയിൽ’ അമൃത്പാൽ പഞ്ചാബിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയുംപറ്റി തീവ്രസ്വരത്തിൽ സംസാരിച്ചു. ഖലിസ്ഥാൻവാദത്തിലേക്കും പഞ്ചാബികൾക്കു സ്വന്തം രാജ്യം എന്ന ആവശ്യത്തിലേക്കും ക്രമേണ തന്റെ പ്രഭാഷണങ്ങളുടെ ഊന്നൽ മാറ്റി. ഇതോടെ അമൃത്പാലിനെ ദീപ് സിദ്ദു ക്ലബ് ഹൗസ് ചർച്ചയിൽ നിന്നൊഴിവാക്കി. 2022 ഫെബ്രുവരിയിൽ ഡൽഹി – ചണ്ഡിഗ‍ഡ് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ദീപ് സിദ്ദു കൊല്ലപ്പെട്ടു. 

ഏതാനും ദിവസത്തിനുശേഷം വാരിസ് പഞ്ചാബ് ദേ സംഘടനയുടെ ഫെയ്സ്ബുക് പേജിൽ ഒരറിയിപ്പ് പ്രത്യക്ഷപ്പെട്ടു: ‘സിദ്ദുവിന്റെ പിൻഗാമിയായി അമൃത്പാൽ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കും’. സംഘടനയുടെ ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്തതാണെന്ന് സിദ്ദുവിന്റെ അനുയായികൾ വാദിച്ചെങ്കിലും ഫലം കണ്ടില്ല; സംഘടന അമൃത്പാലിന്റെ കൈകളിലേക്കെത്തി. 

ഭിന്ദ്രൻവാലയുടെ വഴിയേ...

2022 സെപ്റ്റംബർ 25: ഖലിസ്ഥാൻ പ്രസ്ഥാനത്തോടുള്ള തന്റെ ആഭിമുഖ്യം വെളിപ്പെടുത്തി അമൃത്പാൽ അന്നു പരസ്യമായി രംഗത്തിറങ്ങി. തന്റെ അനുയായികൾക്കൊപ്പം അനന്ത്പുർ സാഹിബിലെ ഗുരുദ്വാരയിലെത്തിയ ഇയാൾ, ഒൗദ്യോഗികമായി സിഖ് മതം സ്വീകരിച്ചു. പിന്നാലെ, ഭിന്ദ്രൻവാലയുടെ ജന്മസ്ഥലമായ റോദെ ഗ്രാമത്തിൽ തന്റെ തലപ്പാവ് ധരിക്കൽ ചടങ്ങ് നടത്തി. 

ഭിന്ദ്രൻവാലയെ അനുസ്മരിപ്പിക്കും വിധം വെളുത്ത നീളൻ കുർത്ത, കാൽപാദം വരെയെത്താത്ത അയഞ്ഞ പാന്റ്സ്, നീല തലപ്പാവ് എന്നിവ തന്റെ വേഷമായി അമൃത്പാൽ സ്വീകരിച്ചു. താടി നീട്ടിവളർത്തി. തന്റെ പിന്നിൽ അണിനിരക്കാൻ പഞ്ചാബിലെ യുവാക്കളോട് ആഹ്വാനം ചെയ്തു. യുവാക്കളെ ആകർഷിക്കാൻ ‘ഖൽസ വഹീർ’ എന്ന യജ്ഞത്തിനു ഗ്രാമങ്ങളിൽ തുടക്കമിട്ടു. 

അമൃത്പാൽ സിങ്ങിനായുള്ള തിരച്ചിൽ തുടരുന്നതിനിടെ ജലന്തറിൽ സുരക്ഷാസൈനികർ ഫ്ലാഗ്‌മാർച്ച് നടത്തുന്നു. ചിത്രം: പിടിഐ

സ്വന്തം സേന മുതൽ ചാവേറുകൾ വരെ

സംസ്ഥാനത്തു വിവിധയിടങ്ങളിൽ നടത്തിയ പ്രസംഗങ്ങളിൽ അമൃത്പാലിനെ കേൾക്കാൻ ആയിരക്കണക്കിനാളുകൾ തടിച്ചുകൂടി. തുടക്കത്തിൽ മതപ്രഭാഷണങ്ങൾ മാത്രം നടത്തിയിരുന്ന ഇയാൾ, ക്രമേണ തീവ്രനിലപാടുകളിലേക്കു കടന്നു. ഇതോടെ, അമൃത്പാൽ പൊലീസ്, ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിലായി. 2022 ഡിസംബറിൽ ജലന്തറിലെ 2 ഗുരുദ്വാരകളിലേക്ക് അമൃത്പാലിന്റെ അനുയായികൾ ഇരച്ചുകയറി. വിശ്വാസികൾക്ക് ഇരിക്കാൻ കസേരകൾ നൽകുന്നത് ആചാരത്തിനു വിരുദ്ധമാണെന്നാരോപിച്ച് ഗുരുദ്വാരകളിലെ കസേരകൾ അവർ തല്ലിത്തകർത്തു. ഇതോടെ, സിഖ് മതസ്ഥരിൽ വലിയൊരു വിഭാഗം അമൃത്പാലിനെ തള്ളിപ്പറഞ്ഞു. 

ഇതിനിടെ, സംസ്ഥാനത്ത് സായുധ പോരാട്ടങ്ങൾ നടത്താൻ അനന്ത്പുർ ഖൽസ ഫോഴ്സ് (എകെഎഫ്) എന്ന പേരിൽ ആയുധധാരികളായ യുവാക്കളെ അണിനിരത്തി സ്വന്തം സേനയ്ക്ക് ഇയാൾ രൂപം നൽകി. എൺപതുകളിൽ രൂപമെടുത്ത ‘ഭിന്ദ്രൻവാല ടൈഗർ ഫോഴ്സ് ഓഫ് ഖലിസ്ഥാൻ’ എന്ന സായുധ സേനയുടെ മാതൃകയിലായിരുന്നു എകെഎഫിന്റെ പ്രവർത്തനം. അമൃത്പാലിന്റെ സുരക്ഷാ ചുമതലയും എകെഎഫ് ഏറ്റെടുത്തു. 

മനുഷ്യ ബോംബായി ചാവേറാക്രമണങ്ങൾ നടത്തുന്നതിനു യുവാക്കളെ അമൃത്പാൽ സജ്ജരാക്കി. പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ ചാവേറാക്രമണത്തിലൂടെ വധിച്ച ഖലിസ്ഥാൻ ഭീകരൻ ദിലാവർ സിങ്ങിന്റെ പാത പിന്തുടരുക എന്നതായിരുന്നു ഇവർക്കുള്ള നിർദേശം. യുവാക്കളെ പരിശീലിപ്പിക്കാനും ആയുധങ്ങൾ സൂക്ഷിക്കാനും അമൃത്‌സറിലെ ഗുരുദ്വാരയും ലഹരിമുക്ത കേന്ദ്രങ്ങളും ഇയാൾ ഉപയോഗിച്ചുവെന്ന വിവരവും അന്വേഷണ ഏജൻസികൾക്കു ലഭിച്ചിട്ടുണ്ട്. 

അമിത് ഷായ്ക്കു ഭീഷണി; ‘ഇന്ദിരയുടെ അതേ ഗതി’

അനുയായികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അമൃത്പാലിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാസം തോക്കും വാളുകളുമേന്തി അമൃത്‌സറിലെ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. ഏതാനും ആഴ്ച മുൻപായിരുന്നു അമൃത്പാലിന്റെ വിവാഹം; വധു ജലന്തർ സ്വദേശിനിയായ യുകെ നിവാസി കിരൺദീപ് കൗർ.

ആധുനിക തോക്കുകളും വഹിച്ച് അത്യാഡംബര കാറുകളിലായിരുന്നു അമൃത്പാലിന്റെയും സംഘാംഗങ്ങളുടെയും സഞ്ചാരം. സംഘത്തിനു രഹസ്യകേന്ദ്രങ്ങളിൽനിന്നു വൻതോതിൽ പണവും ആയുധങ്ങളുമെത്തിയിരുന്നെന്നു വ്യക്തം. പഞ്ചാബിൽ ഖലിസ്ഥാൻ പ്രസ്ഥാനം വളരാൻ അനുവദിക്കില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തോട് അമൃത്പാൽ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: പ്രസ്ഥാനത്തിനെതിരെ മുൻപൊരാൾ നിലപാടെടുത്തിരുന്നു; ഇന്ദിരാ ഗാന്ധി. അവരുടെ അതേ ഗതി അമിത് ഷായ്ക്കുമുണ്ടാകും. 

ലക്ഷ്യം വിഘടനവാദം; പിന്നിൽ പാക്ക് ബന്ധം

അമൃത്പാലിനെക്കുറിച്ച് ഇന്റലിജൻസ് ബ്യൂറോ നടത്തിയ വിശദ അന്വേഷണത്തിൽ ഇയാൾക്കു പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചു. പഞ്ചാബിൽ വിഘടനവാദം വീണ്ടുമുയർത്താൻ ഐഎസ്ഐയുടെ പ്രേരണയിലാണ് ഇയാൾ ദുബായിൽനിന്ന് ഇന്ത്യയിലേക്കെത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചു. ഇതോടെ, ഖലിസ്ഥാനെ അനുകൂലിക്കുന്ന യുവാക്കളിലൊരാൾ എന്ന നിലയിൽ ചെറുതായി കാണേണ്ടയാളല്ല അമൃത്പാലെന്നു സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. പഞ്ചാബിലുടനീളം അശാന്തി പരത്താനുള്ള വീര്യം ഇയാളിലുണ്ടെന്ന് അവർ മനസ്സിലാക്കി. 

അമൃത്പാലിനെ നേരിടാൻ കേന്ദ്ര സഹായം അഭ്യർഥിച്ച് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഫെബ്രുവരി അവസാനം അമിത് ഷായെ കണ്ടു. അമൃത്പാലിനെ അറസ്റ്റ് ചെയ്യാൻ അന്നു തീരുമാനിച്ചെങ്കിലും ജി 20 സമ്മേളനവുമായി ബന്ധപ്പെട്ട യോഗങ്ങൾ പഞ്ചാബിൽ നടക്കുന്നതിനാൽ അതു കഴിയുംവരെ കാത്തിരിക്കാൻ ധാരണയായി. പൊതുശത്രുവിനെതിരെ കൈകോർത്ത കേന്ദ്ര, പഞ്ചാബ് സർക്കാരുകൾ കഴിഞ്ഞ ശനിയാഴ്ച ഇയാൾക്കായി ഒന്നിച്ചുള്ള ഓപ്പറേഷനിറങ്ങി. ഞായറാഴ്ച സംസ്ഥാനത്തുടനീളം പ്രഖ്യാപിച്ച യാത്രയിൽനിന്ന് അമൃത്പാലിനെ തടയുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടായിരുന്നു. 

∙ വിദേശ സഹായം: ഏകോപനത്തിന് ഐഎസ്ഐ

കാനഡ, യുകെ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഖലിസ്ഥാൻ അനുകൂല സംഘടനകളെ ഏകോപിപ്പിച്ചാണ് പാക്കിസ്ഥാന്റെ ഐഎസ്ഐ അമൃത്പാലിനെ നിയന്ത്രിക്കുന്നതെന്നാണ് ഇന്റലിജൻസ് ഏജൻസികളുടെ വിലയിരുത്തൽ. 

കശ്മീർ, ഖലിസ്ഥാൻ എന്നിവ കേന്ദ്രീകരിച്ചു മുൻപു നടത്തിയ ‘കെ 2’ ദൗത്യമാണ് ഐഎസ്ഐ വീണ്ടും പ്രയോഗിക്കുന്നത്. സ്ഫോടകവസ്തുക്കൾ ഉണ്ടാക്കാനുള്ള പരിശീലനം ബർമിങ്ങാം, ഗ്ലാസ്ഗോ എന്നിവിടങ്ങളിലുള്ള ഖലിസ്ഥാൻവാദികൾ ഇയാൾക്കു നൽകിയതായും കണ്ടെത്തി.  വിദേശ രാജ്യങ്ങളിലെ  ഖലിസ്ഥാൻ സംഘടനകളുടെ നേതാക്കളായ അവതാർ സിങ് ഖണ്ഡ, പരംജിത് സിങ് പമ്മ, ലഖ്ബീർ സിങ് റോദെ എന്നിവരാണ് അമൃത്പാലിനെ ‘പഞ്ചാബ് ദൗത്യ’ത്തിനായി ഒരുക്കിയത്. 

അമൃത്പാലിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലേക്കു ഞായറാഴ്ച പ്രകടനം നടത്തിയ ഖലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ പതാക വലിച്ചൂരാൻ ശ്രമിച്ചിരുന്നു. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റും ആക്രമിക്കപ്പെട്ടു. യുകെ, കാനഡ, യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഖലിസ്ഥാൻ അനുകൂല സംഘടനകൾ സജീവമാകുന്നതിനെ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. കണ്ണിമ ചിമ്മാതെ നിരീക്ഷിക്കേണ്ട കൂട്ടരാണിവരെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു.

English Summary : Rapid Growth of Amritpal Singh 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA