ADVERTISEMENT

ഈയിടെ ഐക്യരാഷ്ട്രസംഘടനയുടെ സസ്റ്റെയ്നബിൾ ഡവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്, 2022ലെ ലോക ഹാപ്പിനെസ് റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. 146 രാജ്യങ്ങളിൽ സർവേ നടത്തിയാണ് ഇതു തയാറാക്കിയത്. റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലൻഡാണ്. സന്തോഷിക്കാൻ അധികം വക നൽകാത്ത കാലാവസ്ഥയാണ് അവിടത്തേത്. ശരാശരി താപനില മൈനസ് 20 ഡിഗ്രി. പലയിടങ്ങളിലും മാസങ്ങളോളം സൂര്യനെ കാണാൻ കിട്ടില്ല. ഇരുണ്ട, കൊടുംതണുപ്പുള്ള ആ രാജ്യത്തു ജീവിക്കുന്ന ജനങ്ങൾ വളരെ സന്തുഷ്ടരാണെന്ന് സർവേയുടെ ചോദ്യാവലിക്കു കാലങ്ങളായി ഉത്തരം നൽകിവരുന്നു.

ലോകത്ത് ഏറ്റവും സന്തോഷമില്ലാത്ത രാജ്യം അഫ്ഗാനിസ്ഥാനാണ്. അവിടത്തെ ജനങ്ങൾത്തന്നെ കരുതുന്നതാണിത്. പട്ടികയിൽ ഏറ്റവും താഴെയുള്ള 146 ആണ് റാങ്ക്. ദക്ഷിണേഷ്യയിൽ അഫ്ഗാനിസ്ഥാൻ കഴിഞ്ഞാൽ സന്തോഷം കുറവുള്ളവരുടെ രാജ്യം ഇന്ത്യയാണ്; റാങ്ക് 139. ശ്രീലങ്ക (32), നേപ്പാൾ (87), ചൈന (84), പാക്കിസ്ഥാൻ (105), ബംഗ്ലദേശ് (101), മ്യാൻമർ (126) എന്നീ അയൽക്കാർ നമ്മളെക്കാൾ സന്തുഷ്ടരാണ്. ഭൂട്ടാൻ ഈ സർവേയിൽ പങ്കെടുത്തില്ല. പറയുമ്പോൾ അവിടത്തെ സർക്കാരിന്റെ പ്രഖ്യാപിതനയം മൊത്ത ദേശീയ സന്തോഷം (gross national happiness) വർധിപ്പിക്കുക എന്നതാണല്ലോ. അഴിമതി, പകർച്ചവ്യാധി, അക്രമം, ദാരിദ്ര്യം തുടങ്ങി അനിഷ്ടകരമായ കാര്യങ്ങളിൽനിന്നു ശ്രദ്ധതിരിക്കാനുള്ള പ്രചാരണായുധമാണ് മൊത്ത ദേശീയ സന്തോഷം എന്ന വിമർശനം ഇവിടെ മറക്കുന്നില്ല.

ഏറെ അസന്തുഷ്ടരുള്ള രാജ്യമായ ഇന്ത്യയിൽ കേരളത്തിന്റെ സ്ഥാനമെന്താണ്? ഐക്യരാഷ്ട്രസംഘടന നടത്തുന്ന പോലെയുള്ള പഠനങ്ങൾ ഇക്കാര്യത്തിലുണ്ടായിട്ടില്ല. 2021ൽ ഇംഗ്ലിഷ് വാരിക ‘ഇന്ത്യ ടുഡേ’ കേരളത്തെ രാജ്യത്ത് ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. ആളോഹരി വരുമാനം, ‌

വിദ്യാഭ്യാസം, ആരോഗ്യം, ഭരണക്ഷമത, ക്രമസമാധാനം, പരിസ്ഥിതി, ശുചിത്വം എന്നിവ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം വസ്തുനിഷ്ഠമായാണ് ഈ കണ്ടെത്തലിൽ എത്തിയത്. ഇതേ കണക്കുകൾ സ്വീകരിക്കുകയാണെങ്കിൽ ജപ്പാൻ, സൗദി അറേബ്യ, യുഎഇ, ഇറ്റലി, സിംഗപ്പൂർ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ ലോക ഹാപ്പിനെസ് റിപ്പോർട്ടിൽ മുൻപന്തിയിലായിരുന്നേനെ. എന്നാൽ, ഈ രാജ്യങ്ങളുടെ സ്ഥാനം ഇരുപതിൽ താഴെയാണ്. സന്തോഷം ഒരു മാനസികാവസ്ഥയാണ്; അതു ചോദിച്ചുതന്നെ മനസ്സിലാക്കണം.

അസന്തോഷം കൊടുമ്പിരിക്കൊള്ളുന്നു എന്നു കണ്ടെത്തിയ രാജ്യത്തിന്റെ ഭാഗമായ കേരളത്തിലെ സ്ഥിതി ഏറെ വ്യത്യസ്തമാണോ? ഇതിന് ഉത്തരം കണ്ടെത്താൻ ലോക ഹാപ്പിനസ് റിപ്പോർട്ടിന്റെ മാനദണ്ഡങ്ങൾ കേരളത്തിലെ ചുറ്റുപാടുകളുമായി എങ്ങനെ ചേർന്നുപോകുന്നുവെന്നു നോക്കേണ്ടിയിരിക്കുന്നു. ആദ്യത്തെ മാനദണ്ഡം ആളോഹരി വരുമാനമാണ്. ഇതിൽ രാജ്യത്ത് കേരളത്തിന്റെ സ്ഥാനം പതിനൊന്നാമതാണ്. ദക്ഷിണേന്ത്യയിൽ ആന്ധ്ര ഒഴികെയുള്ള സംസ്ഥാനങ്ങളെല്ലാം കേരളത്തിനു മുകളിലാണ്. ദേശീയ ശരാശരിയെക്കാൾ മുകളിലാണെങ്കിലും കേരളത്തിൽ പണത്തിനു ബുദ്ധിമുട്ടുള്ള വലിയ വിഭാഗം ജനങ്ങളുണ്ട്. അവർ സന്തുഷ്ടരാകാനിടയില്ല.

അടുത്ത ഘടകം സമൂഹത്തിന്റെ പിന്തുണയാണ്. പ്രായമേറിക്കൊണ്ടിരിക്കുന്ന സമൂഹമാണു നമ്മുടേത്. അതിനൊപ്പമാണ് പത്തൊൻപതാം നൂറ്റാണ്ടിൽ ആരംഭിച്ച് 1970കളിൽ മൂർധന്യാവസ്ഥയിൽ എത്തിയ കുടിയേറ്റവും. പല വീടുകളും വയോധികർ മാത്രം താമസിക്കുന്ന ഒഴിഞ്ഞ കൂടുകളാണ്. കുടിയേറിയവർ കുടിയേറ്റസ്ഥലത്തും അവരുടെ കുടുംബം നാട്ടിലും ഏകാന്തരായി കഴിയുന്നു. ഏകാന്തത ബാധിച്ച ഒരു വലിയ പറ്റം ആളുകൾ അധികം സന്തോഷിക്കാൻ വകയില്ല.

ഏകാന്തത അതിന്റെ ഭീകരരൂപം പ്രദർശിപ്പിക്കുന്നതു സമൂഹമാധ്യമങ്ങളിലാണ്. പലരുടെയും സമൂഹജീവിതംതന്നെ ഇന്റർനെറ്റിലാണ്. സ്വന്തം പേരുകൾ ഉപേക്ഷിച്ച് അജ്ഞാതരായി അവർ രൂക്ഷമായ ഭാഷയിൽ സംവദിച്ചുകൊണ്ടിരിക്കുന്നു. വെബ്ബിലെ മലയാളി, ആഗോളതലത്തിൽത്തന്നെ കുപ്രസിദ്ധി നേടിയിട്ടുണ്ട്. ടെന്നിസ് താരം മരിയ ഷറപ്പോവയോടു ചോദിച്ചുനോക്കൂ. സച്ചിൻ തെൻഡുൽക്കർ ആരാണെന്ന് അവർ നിഷ്കളങ്കമായി ചോദിച്ചതിനു മറുപടിയായി ലഭിച്ച ചീത്തകളിൽ പലതും മലയാളത്തിലായിരുന്നു.

ആരോഗ്യകരമായ ജീവിതദൈർഘ്യമാണു മറ്റൊരു ഘടകം. ജീവിതദൈർഘ്യത്തിൽ കേരളം മുന്നിലാണെങ്കിലും അത് ആരോഗ്യകരമാണോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അടുത്ത കാലത്തെ ഒരു കണക്കനുസരിച്ച് നാലിലൊരു മലയാളി പ്രമേഹരോഗിയാണ്. ഫിൻലൻഡിലും സ്കാൻഡിനേവിയയിലെ മറ്റു രാജ്യങ്ങളിലും ജനം സന്തുഷ്ടരായിരിക്കുന്നതിനു കാരണം സൗജന്യ വൈദ്യസഹായമാണ്. (തികച്ചും സൗജന്യം എന്നു പറഞ്ഞുകൂടാ. ഈ രാജ്യങ്ങളിൽ വരുമാനത്തിന്റെ നല്ലൊരു ഭാഗം നികുതിയും ഇൻഷുറൻസുമായി പോകും.) രോഗാതുരത കൂടുതലുള്ള കേരളത്തിൽ സർക്കാരിന്റെ ആരോഗ്യസംവിധാനത്തിന്റെ കുറവു കാരണം പലപ്പോഴും ചെലവേറിയ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടിയിരിക്കുന്നു.

ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യമാണ് അടുത്ത ഘടകം. മതപരവും പരമ്പരാഗതവുമായ കാരണങ്ങളാൽ വിവാഹം തുടങ്ങിയ പ്രധാനപ്പെട്ട തീരുമാനങ്ങൾ പലർക്കും, പ്രത്യേകിച്ചു സ്ത്രീകൾക്ക്, എടുക്കാൻ സാധിക്കുന്നില്ല എന്നത് ഇന്ത്യയിലെ പൊതുവായ സ്ഥിതിവിശേഷത്തിന്റെ ഭാഗമാണ്. ആധുനികവും നാഗരികവുമായ കേരളത്തിന് അങ്ങനെ പറഞ്ഞൊഴിയാനാകില്ല എന്നതു മറ്റൊരു കാര്യം.

മഹാമനസ്കതയാണു മറ്റൊരു ഘടകം. സാമൂഹികമായി മലയാളി സഹജീവിസ്നേഹത്തിൽ കാണിക്കുന്ന ഉദാരതയുടെ ഒരു ഉദാഹരണം 2018ലെ പ്രളയകാലത്ത് കേരളമൊന്നായി ഉണർന്നതാണ്. ആ കാര്യത്തിൽ മലയാളി പിറകിലല്ല എന്നു തോന്നുന്നു. എന്നാൽ, വ്യക്തിജീവിതത്തിൽ മലയാളികൾ മഹാമനസ്കത പുലർത്തുന്നുണ്ടോ എന്നതിന് ഉത്തരം കണ്ടെത്താൻ വലിയ പഠനം വേണ്ടിവരും.

ഇനിയൊരു ഘടകം അഴിമതിയാണ്. സർക്കാർ ജോലിക്കാരിൽ ചെറുപ്പക്കാരും വിദ്യാസമ്പന്നരും ഏറെയുണ്ടെങ്കിലും സർക്കാർ ഓഫിസ് സന്ദർശനം മലയാളിക്ക് ഇപ്പോഴും പ്രസന്നമായ അനുഭവമല്ല. കാശു വാങ്ങുന്നതു മാത്രമല്ല പ്രശ്നം; മടിച്ചുമടിച്ച് സർക്കാർ ഓഫിസിൽ എത്തുമ്പോൾ പലപ്പോഴും കാണുന്നത് ഒഴിഞ്ഞ കസേരകളാണ്. മാറിമാറി വരുന്ന സർക്കാരുകൾക്കെതിരെ ദിവസേന എന്ന രീതിയിൽ അഴിമതിയാരോപണങ്ങൾ ഉയരുകയും ചെയ്യുന്നു.

സസ്റ്റെയ്നബിൾ ഡവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്കിന്റെ ചോദ്യാവലി പിന്തുടർന്നാൽ മലയാളിക്ക് സന്തോഷത്തിനു വലിയ വകയില്ലെന്നു തോന്നുന്നു. ഇതിനിടയിൽ മലയാളി സന്തോഷം കണ്ടെത്തുന്നില്ലേ? മലയാളിയുടെ ആഹ്ലാദങ്ങളെക്കുറിച്ച് ഉൾക്കാഴ്ചയോടെ കെ.സി.നാരായണൻ ‘മലയാളിയുടെ രാത്രികളിൽ’ എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട്. ഇപ്പോൾ ‘വൈകിട്ടത്തെ പരിപാടി’ക്കു മറ്റൊരു അർഥമാണ്. വർധിച്ചുവരുന്ന മദ്യാസക്തി സന്തോഷമുള്ള സമൂഹത്തിന്റെ ലക്ഷണമല്ല. അതിനു പുറമേയാണ് അക്രമവാസന. ഫുട്ബാൾ പോലെ ആനന്ദം നൽകുന്ന കളി കാണുന്നതിനിടയിലും ബ്രസീൽ-അർജന്റീന എന്നൊക്കെ ചേരിതിരിവുണ്ടാക്കി കായികമായി മല്ലടിക്കുന്നു. നമ്മുടെ സന്തോഷത്തിന്റെ അളവിനെക്കുറിച്ചു കുറെക്കൂടി വ്യക്തമായ ഉത്തരം ലഭിക്കാൻ ഒരു സർവേതന്നെ വേണ്ടിവരും. അതു നടത്തേണ്ടത് ആവശ്യമാണുതാനും. കാരണം, ആഹ്ലാദം എല്ലാവിധ സാമൂഹിക, സാമ്പത്തിക വ്യവഹാരങ്ങളുടെയും ചുരുക്കെഴുത്താണ്.

English Summary: writeup about Kerala's measure of happiness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com