ADVERTISEMENT

ഹളങ്ങളിൽ അലങ്കോലപ്പെട്ട് മറ്റൊരു പാർലമെന്റ് സമ്മേളനംകൂടി തുടർച്ചയായി ഫലശൂന്യമാകുമ്പോഴും നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി അനിശ്ചിതകാലത്തേക്കു പിരിയുമ്പോഴും തോൽക്കുന്നതു നമ്മുടെ ജനാധിപത്യമാണ്. ഏതു സങ്കീർണസാഹചര്യത്തിലും നിയമനിർമാണസഭകളുടെ കാര്യനിർവഹണം മുടങ്ങാതെ നോക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്തം ജനപ്രതിനിധികൾക്കുണ്ട്. ജനങ്ങളുടെ നികുതിപ്പണംകെ‍ാണ്ടാണ് പാർലമെന്റും നിയമസഭയും പ്രവർത്തിക്കുന്നതെന്നതു മറക്കാനും പാടില്ല. 

ഈ മാസം 30 വരെ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനമാണ് ഇന്നലെ അവസാനിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസുകൾ പരിഗണിക്കാതെയും പല നിർണായക ബില്ലുകളും ചർച്ചയില്ലാതെ പാസാക്കിയും സമ്മേളനം വെട്ടിച്ചുരുക്കിയപ്പോൾ ജനാധിപത്യക്രമത്തിനാണു മുറിവേറ്റത്. പ്രതിപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെട്ട സമ്മേളനം എന്ന ചീത്തപ്പേരോടെയാണു തിരശീല വീണതും. നിയമസഭാ സമ്മേളനം നേരത്തേ പിരിയാൻവേണ്ടി, ചർച്ചയില്ലാതെ കൂട്ടത്തോടെ ബില്ലുകൾ പാസാക്കിയതിലൂടെ (ഗില്ലറ്റിൻ) പുറത്തെ വിവാദങ്ങൾ സഭയിലെത്താതിരിക്കാനാണു സർക്കാർ ശ്രമിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. 

രാവിലെ 9 മുതൽ 10 വരെ സഭയിൽ നടക്കുന്ന ചോദ്യോത്തര വേള പകർത്താൻ കോവിഡ് വ്യാപനത്തിനു മുൻപ് ദൃശ്യമാധ്യമങ്ങൾക്ക് അനുമതി ഉണ്ടായിരുന്നു. കോവിഡ് വ്യാപനത്തോടെ നിയമസഭയിലും നിയന്ത്രണങ്ങൾ വന്നു. പിന്നീട് കോവിഡ് ഭീഷണി അകന്നിട്ടും ചോദ്യോത്തരവേള പകർത്താൻ അനുവാദമുണ്ടായില്ല. കോവിഡ്കാലത്തെ നിയന്ത്രണം തുടർ‌ന്നുകൊണ്ട് ഫലത്തിൽ മാധ്യമ സെൻസർഷിപ് നടപ്പാക്കുകയാണു ചെയ്യുന്നത്. ദൃശ്യങ്ങൾ കാണാൻ സഭാ ടിവി ഉണ്ടല്ലോ എന്നു സ്പീക്കർ വാദിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പൂർണമായി ഒഴിവാക്കിയാണ് ഇപ്പോൾ സഭാ ടിവിയുടെ സംപ്രേഷണം. ഇക്കാര്യം പുനഃപരിശോധിക്കുമെന്നു സ്പീക്കർ അറിയിച്ചിട്ടുണ്ട്. 

രാഹുൽ ഗാന്ധിയുടെ ലണ്ടൻ പരാമർശങ്ങളും അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യവുമാണ് ഭരണ –പ്രതിപക്ഷ സംഘർഷത്തിലും പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായി തടസ്സപ്പെടുന്നതിലുമെത്തിയത്. ലോക്സഭയിൽ സ്പീക്കർ ഓം ബിർല ഇരുപക്ഷത്തെയും കഴിഞ്ഞ ദിവസം ചർച്ചയ്ക്കു ക്ഷണിച്ച് ഇരുകൂട്ടർക്കും പറയാനുള്ളതു പറയാമെന്നും സഭ നടത്തിക്കൊണ്ടുപോകാൻ അനുവദിക്കണമെന്നും അഭ്യർഥിച്ചെങ്കിലും ആരും വഴങ്ങിയില്ല. പാർലമെന്റ് സ്‌തംഭനം ഒരു ദേശീയനഷ്‌ടമാണെന്ന് ആദ്യം തിരിച്ചറിയേണ്ടതു നമ്മുടെ എംപിമാർതന്നെയാണ്. ലോക്‌സഭയും രാജ്യസഭയും ഒരു മണിക്കൂർ ചേരുന്നതിനുള്ള ചെലവു മൂന്നരക്കോടിയിലേറെ രൂപയെന്നാണ് ഏകദേശ കണക്ക്. അർധപട്ടിണിക്കാർക്കും പാവപ്പെട്ടവർക്കും ഭൂരിപക്ഷമുള്ള ഈ രാജ്യത്തെ 140 കോടിയോളം ജനങ്ങളുടെ വിയർപ്പിന്റെ വിലയാണിത്. അതാണു നിഷ്ഫലം ചോർന്നുപോകുന്നത്. 

പാർലമെന്റിന്റെ ശീതകാല സമ്മേളനം 2016ൽ തുടർച്ചയായി സ്തംഭിച്ചപ്പോൾ, അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി വേദനാപൂർവം നടത്തിയ രൂക്ഷപരാമർശം പലരും മറന്നിരിക്കാനിടയില്ല: ‘ദൈവത്തെയോർത്ത് പാ‌ർലമെന്റ് ചർച്ചയുടെയും സംവാദത്തിന്റെയും വേദിയാക്കുക’ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന. പാർലമെന്റിൽ അനിശ്ചിതത്വം തുടരുമ്പോൾ തനിക്കു രാജിവയ്ക്കാനാണു തോന്നുന്നതെന്ന് അക്കാലത്തു ലോക്സഭയിൽ മുതിർന്ന നേതാവ് എൽ.കെ.അഡ്വാനിയും തുറന്നടിക്കുകയുണ്ടായി. 

പാർലമെന്റിൽ പാസാക്കുന്ന ബില്ലുകളുടെ എണ്ണം കുറഞ്ഞുവരികയുമാണ്. ഇത്തവണയും പല ബില്ലുകളും പാസാകാത്ത ദുരവസ്‌ഥയിലാണ്. വേണ്ടവിധം പഠിച്ചു നിയമനിർമാണം നടത്തുക, ആഴമേറിയ ചർച്ചകളിൽ പങ്കാളികളാകുക എന്നതാണ് അംഗങ്ങളിൽനിന്നു പ്രതീക്ഷിക്കുന്നതെങ്കിലും ഇക്കാര്യത്തിൽ എത്രപേർ ആത്മാർഥത കാണിക്കുന്നുണ്ട്? ചർച്ചകളിലൊന്നിലും പങ്കെടുക്കാതെ, കാലാവധി പൂർത്തിയാക്കുന്ന ജനപ്രതിനിധികളുമുണ്ട്. രാജ്യസഭയിലേക്കു നോമിനേറ്റ് ചെയ്യപ്പെടുന്ന പ്രഗല്ഭരിൽ മിക്കവരും സഭയോടു കാണിച്ചുപോരുന്ന നിർജീവ നിലപാട് എത്രയോ കാലമായി നമ്മുടെ മുന്നിലുണ്ട്. 

രാഷ്ട്രീയ ബലപരീക്ഷണങ്ങൾക്കിടയിലും സഭാനടപടികൾ തടസ്സപ്പെടുത്താതെ മുന്നോട്ടുപോകണമെന്ന കാര്യത്തിൽ ഭരണ, പ്രതിപക്ഷ കക്ഷികൾ യോജിപ്പിലെത്തേണ്ടതു പ്രധാനമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇരുകൂട്ടർക്കുമിടയിൽ നിരന്തരം ആശയവിനിമയം നടത്താനും ഒത്തുതീർപ്പുകൾക്ക് അവസരമൊരുക്കാനും മുതിർന്ന നേതാക്കൾ മുൻകയ്യെടുക്കേണ്ടതുണ്ട്. പാർലമെന്റിലായാലും നിയമസഭയിലായാലും അലങ്കോലമല്ലല്ലോ ജനഹിതം. 

English Summary : Editorial about Parliament and Kerala Assembly issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com