വാക്കുകൾക്കപ്പുറത്തെ സ്ത്രീപക്ഷം

HIGHLIGHTS
  • തിരുവനന്തപുരം, കോഴിക്കോട് സംഭവങ്ങൾ നാടിനു നാണക്കേട്
woman-representational-image
പ്രതീകാത്മക ചിത്രം
SHARE

രാജ്യത്താദ്യമായി പൂർണമായും സ്ത്രീപക്ഷത്തുനിന്ന് എഴുതപ്പെട്ടതെന്ന സവിശേഷതയോടെ പൊതുജനാരോഗ്യ ബിൽ നിയമസഭ പാസാക്കിയിരിക്കുകയാണ്. പുരുഷകേന്ദ്രീകൃതമായ പതിവുഭാഷ വിട്ട് ഉടമസ്ഥ, ഉദ്യോഗസ്ഥ, രോഗമുക്ത എന്നിങ്ങനെ സ്ത്രീവിശേഷണങ്ങളുള്ള ബിൽ പെൺമയോടും ഈ കാലത്തോടുമുള്ള ആദരംതന്നെ എന്നതിൽ സംശയമില്ല. ജെൻഡർ  തുല്യതയിലേക്കുള്ള സഞ്ചാരത്തിൽ ഇതെ‍ാരു നിർ‌ണായക അടയാളപ്പെടുത്തലാണുതാനും. അതേസമയം, കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽക്കൂടി ഇതേ അളവിൽ ശ്രദ്ധയും കരുതലും ഉണ്ടാകുമ്പോൾ മാത്രമാണ് സർക്കാരിന്റെ സ്ത്രീപക്ഷം സാർഥകമാകുന്നതെന്ന് ഓർക്കേണ്ടതുണ്ട്. ആ ശ്രദ്ധ ഇല്ലാത്തതുകെ‍ാണ്ടാണു സ്ത്രീകൾ ഇവിടെ നിരന്തരം ആക്രമിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും. 

‘സ്ത്രീക്ക് ഏത് അർധരാത്രിയിലും വഴിനടക്കാൻ കഴിയുന്ന ഇന്ത്യയാണ് എന്റെ സ്വപ്നം’ എന്നു പറഞ്ഞതു നമ്മുടെ രാഷ്ട്രപിതാവാണ്. മഹാത്മാഗാന്ധി ഇങ്ങനെ പറഞ്ഞതു സ്വാതന്ത്ര്യപ്പുലരിക്കും മുൻപായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും ആ സ്വപ്നത്തിന് ഇപ്പോഴും രാത്രി മാത്രമല്ല, പകൽപോലും വഴി കണ്ടെത്താനാകാതെ പോകുന്നുവെന്നത് അത്യധികം നിരാശാജനകമാണ്. 

തിരുവനന്തപുരം നഗരമധ്യത്തിൽ പേട്ട പൊലീസ് സ്റ്റേഷനു വിളിപ്പാടകലെ, രാത്രി സ്കൂട്ടറിൽ സഞ്ചരിച്ച വനിതയ്ക്കുനേരെ ലൈംഗികാതിക്രമവും വധശ്രമവും ഉണ്ടായതാണ് ഏറ്റവും ഒടുവിലുണ്ടായ സംഭവങ്ങളിലെ‍ാന്ന്. ഈ സംഭവത്തിൽ പെ‍ാലീസ് ആദ്യം കാണിച്ച നിരുത്തരവാദിത്തവും സ്ത്രീവിരുദ്ധതയും അങ്ങേയറ്റം അപലപനീയമാണ്. ഉടനടി ഫോണിൽ സഹായം അഭ്യർഥിച്ചെങ്കിലും നേരിട്ടെത്തി പരാതി നൽകാതെ കേസെടുക്കാനാകില്ലെന്നാണു പൊലീസ് പറഞ്ഞത്. കമ്മിഷണർക്കു പരാതി നൽകിയതോടെ മൂന്നു ദിവസത്തിനുശേഷം കേസെടുത്ത പൊലീസ് അന്വേഷണം ഉഴപ്പിയെന്നും ആരോപണം ഉയർന്നു. 

ആ സ്ത്രീ ഫോണിൽ താൻ അപകടത്തിലാണെന്ന് അറിയിച്ചിട്ടും പ്രതികരിക്കാതിരുന്നതും സ്റ്റേഷന്റെ ചുമതലയുള്ള ഓഫിസറെ അറിയിക്കാതിരുന്നതും ഗുരുതര വീഴ്ചയാണെന്നു കണ്ടെത്തി നടപടിയെടുക്കാൻ പൊലീസ് മുതിർന്നത് മാധ്യമങ്ങളിൽ വാർത്തയായപ്പോൾ മാത്രമാണ്. സംഭവം വിവാദമായതോടെ ചില പൊലീസുകാരെ സസ്പെൻഡ് ചെയ്തതടക്കമുള്ള നടപടികളുണ്ടായെങ്കിലും ഇതുണ്ടാക്കിയ നാണക്കേട് പെ‍ാലീസിലും സർക്കാരിലും ഏറെക്കാലം മായാതെനിൽക്കും.

കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞു തീവ്രപരിചരണ വിഭാഗത്തിലായിരുന്ന യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ച സംഭവം കേരളത്തെ ഞെട്ടിച്ചതും ഇതേ വേളയിലാണ്. ശസ്ത്രക്രിയയ്ക്കുശേഷം മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. സർക്കാർ ആശുപത്രിയിൽ എത്തുന്ന വനിതയ്ക്ക് അധികൃതർ ഉറപ്പാക്കേണ്ട സംരക്ഷണവും കരുതലും ഇതാണോ എന്ന ചോദ്യത്തിനു തീർച്ചയായും മറുപടിയുണ്ടായേ തീരൂ. 2020ൽ, കോവിഡ് ബാധിച്ച പെൺകുട്ടിയെ സർക്കാർനിയന്ത്രണത്തിലുള്ള ആംബുലൻസിൽ ഡ്രൈവർ പീഡിപ്പിച്ച നീചസംഭവത്തിന്റെ ഓർമയുണർത്തുന്ന സംഭവമാണ് കോഴിക്കോട്ടുണ്ടായത്. 

കേരളീയ സമൂഹം ഇതിനകം നേടിയ നവീകരണത്തെയും സംസ്‌കാരികോന്നമനത്തെയും സാക്ഷരതയെയുമെ‍ാക്കെ ചോദ്യം ചെയ്യുന്ന ആൺക്രൂരത നിരന്തരം ഇതുപോലെ വനിതകളെ അപമാനിച്ചുകെ‍ാണ്ടേയിരിക്കുന്നു. മലയാളിമനസ്സാക്ഷിയെ പൊള്ളിക്കുന്ന എത്രയോ സംഭവങ്ങളാണ് ഇവിടെ ദിനംപ്രതിയെന്നോണം ഉണ്ടാകുന്നത്. സംസ്ഥാനത്ത് ഒരു ദിവസം 47 സ്ത്രീകൾ വിവിധ അതിക്രമങ്ങൾക്ക് ഇരയാകുന്നുവെന്നാണു കണക്ക്. 7 വർഷത്തിനിടെ സ്ത്രീകൾക്കെതിരെ ഏറ്റവുമധികം അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തതു കഴിഞ്ഞ വർഷമാണ് –17,183 കേസുകൾ. 7 വർഷത്തിനിടയിൽ സംസ്ഥാനത്ത് ആകെ റജിസ്റ്റർ ചെയ്തത് 1,03,354 കേസുകളാണെന്നുകൂടി ഓർമിക്കാം. 

നീതിരാഹിത്യത്തിന്റെയും ക്രൂരതയുടെയും തുടരനുഭവങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പെൺമ ആവശ്യപ്പെടുന്നത്  അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമാണ്. ഓരോ നാളും പെൺകുട്ടികൾ ഏതെങ്കിലും തരത്തിലുള്ള അപമാനം അനുഭവിക്കേണ്ടിവരുന്ന ഈ നാട്ടിൽ സ്‌ത്രീസുരക്ഷയ്‌ക്കു വേണ്ടിയുള്ള നടപടികളിൽ ഒരു വിട്ടുവീഴ്‌ചയും ഉണ്ടായിക്കൂടാ. സ്‌ത്രീകളെ അപമാനിക്കുന്നവർക്കു കടുത്ത ശിക്ഷതന്നെയാണു നൽകേണ്ടത്. തിരുവനന്തപുരത്തും കോഴിക്കോട്ടുമുണ്ടായതുപോലുള്ള സംഭവങ്ങൾ ഇനി കേരളത്തിൽ ഉണ്ടാകരുത്.

English Summary : Editorial about women safety

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA