ADVERTISEMENT

സംസ്ഥാനത്തെ മാലിന്യസംസ്കരണ രംഗത്തു മുന്നേറ്റമുണ്ടാകാൻ പൊതുജന പങ്കാളിത്തോടെയുള്ള ശ്രമങ്ങളുണ്ടാകണമെന്ന് മാലിന്യമുക്ത കേരളത്തിനായി ‘മലയാള മനോരമ’ സംഘടിപ്പിച്ച വിദഗ്ധചർച്ച. മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കുമെന്നപോലെ ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്കിന് ഏർപ്പെടുത്തിയ നിരോധനം ഫലപ്രദമാണോയെന്നും ചർച്ചയിൽ പങ്കെടുത്തവർ ആശങ്ക പ്രകടിപ്പിച്ചു.

എന്നു നിർത്തും നമ്മൾ ഈ ശീലം

ദേശീയതലത്തിൽ ശുചിത്വനഗരങ്ങളുടെ പട്ടികയിൽ നമ്മൾ ഏറെ പിന്നിലാണ്. ‘എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്തം’ എന്ന്  ഓരോരുത്തരും തീരുമാനിച്ചാൽതന്നെ മാലിന്യ സംസ്കരണരംഗം മെച്ചപ്പെടും. പല തദ്ദേശസ്ഥാപനങ്ങളിലും ഹരിതകർമസേനയോ മാലിന്യശേഖരണ തൊഴിലാളികളോ  വീടുകളിൽവന്നു മാലിന്യമെടുക്കുന്നുണ്ട്. എന്നാൽ, പലരും മാലിന്യം  പൊതുസ്ഥലങ്ങളിലേക്കു വലിച്ചെറിയുന്ന ശീലം തുടരുന്നു. അതു മാറിയേ തീരൂ. 

മൂല്യവത്താകുന്ന പാഴ്‌വസ്തുക്കൾ

മാലിന്യ സംസ്കരണ പദ്ധതികൾ വിജയിക്കണമെങ്കിൽ അതു വിജയകരമായ ബിസിനസ് മാതൃകയായി വികസിപ്പിക്കണം. ഉൽപന്നം ഏതാണെങ്കിലും അതു വിജയിക്കണമെങ്കിൽ ഉപയോഗിക്കാൻ ആളുവേണം. മാലിന്യത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന മൂല്യവർധിത ഉൽപന്നങ്ങളുടെ കാര്യത്തിലും ഉപയോക്താവുണ്ടാകേണ്ടതു പ്രധാനപ്പെട്ട കാര്യമാണ്.

ഒരിടത്തു പുറന്തള്ളുന്ന പാഴ്‌വസ്തുക്കൾ മറ്റൊരിടത്ത് ഏതെങ്കിലും ഉൽപന്നത്തിന്റെ അസംസ്കൃത വസ്തുവാണ്. ഇതു തമ്മിൽ ബന്ധിപ്പിക്കുകയാണു പ്രധാനകാര്യം. കാര്യക്ഷമമായി അതു സാധിച്ചാൽ പാഴ്‌വസ്തുക്കളിൽനിന്ന് ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കാനും വരുമാനം സൃഷ്ടിക്കാനും കഴിയും. റീസൈക്കിൾ ചെയ്യാനാകാത്ത പ്ലാസ്റ്റിക്, റോഡ് നിർമാണത്തിൽ ഉപയോഗിക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കണം.

വരുമോ, ബ്രഹ്മപുരത്ത് റീസൈക്കിൾ പാർക്ക്

ബ്രഹ്മപുരം പ്ലാന്റിന്റെ നടത്തിപ്പിനു സംസ്ഥാന സർക്കാരിനും കൊച്ചി കോർപറേഷനും സമീപ നഗരസഭകൾക്കും പങ്കാളിത്തമുള്ള സ്പെഷൽ പർപ്പസ് വെഹിക്കിളിനു (എസ്പിവി) രൂപം നൽകണമെന്നു കൊച്ചി മേയർ എം. അനിൽകുമാർ മുന്നോട്ടുവച്ച നിർദേശത്തോടു ചർച്ചയിൽ പങ്കെടുത്തവർ പൂർണമായി അനുകൂലിച്ചു. വ്യത്യസ്ത രീതിയിലുള്ള മാലിന്യ സംസ്കരണ പദ്ധതികൾ ഒരിടത്തു നടപ്പാക്കി ജനങ്ങളിൽ അവബോധം പകരുന്ന റീസൈക്കിൾ പാർക്കായി ബ്രഹ്മപുരം മാറണമെന്ന ആശയവും ചർച്ചയിലുയർന്നു. ജൈവ മാലിന്യ സംസ്കരണ പ്ലാന്റ്, അറവു മാലിന്യ സംസ്കരണ പ്ലാന്റ്, പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റ് തുടങ്ങി വ്യത്യസ്തമായ പദ്ധതികൾ ഇവിടെ നടപ്പാക്കാമെന്ന ആശയങ്ങളും പങ്കുവച്ചു.

പടയാളിക്കു വേണം വാളും പരിചയും

മാലിന്യ സംസ്കരണരംഗത്തു കാര്യക്ഷമമായി ഇടപെടണമെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്കു കൂടുതൽ അധികാരം വേണം. അധികാരങ്ങൾ പല സർക്കാർ സ്ഥാപനങ്ങളിലായി ചിതറിക്കിടക്കുകയാണ്. ഒരാളുടെ കയ്യിൽ വാളും മറ്റെയാളുടെ കയ്യിൽ പരിചയും നൽകി യുദ്ധത്തിനു വിടുന്നതു പോലെയാണു തദ്ദേശ സ്ഥാപനങ്ങളുടെ അവസ്ഥയെന്നു ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.

വികേന്ദ്രീകരണത്തിൽ ഉറച്ചുനിൽക്കണം; പുനരുപയോഗം പ്രോത്സാഹിപ്പിക്കണം

ചർച്ചയിൽ സർക്കാരിന്റെ പരിഗണനയ്ക്കായി ഉയർന്ന നിർദേശങ്ങളിൽ ചിലത്: 

∙ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവയുടെ പുനരുപയോഗത്തിലൂടെ നിർമിക്കുന്ന ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കണം. ഇതിനു നികുതി ഇളവും പരിഗണിക്കാം.

∙ വികേന്ദ്രീകൃത മാലിന്യസംസ്കരണം പ്രോത്സാഹിപ്പിക്കണമെന്നു പറയുന്ന സർക്കാരിന്റെ നടപടികൾ പക്ഷേ, കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനുള്ളതാണ്. ഇതിൽ വ്യക്തത വേണം. വികേന്ദ്രീകൃത മാലിന്യ സംസ്കരണം തന്നെയാണു കേരളത്തിനു യോജിച്ചത്. 

∙ പ്ലാസ്റ്റിക് പൊടിച്ചെടുക്കുന്ന ചെറുതരികൾ റോഡ് നിർമാണത്തിന് ഉപയോഗിക്കാമെന്നു മരാമത്തു വകുപ്പ് റോഡ് മാന്വലിൽ ഭേദഗതി വരുത്തിയിട്ടും വേണ്ടത്ര പുരോഗതിയില്ല. പ്ലാസ്റ്റിക് തരി ഉപയോഗിക്കാൻ തയാറുള്ള കരാറുകാരേ ടെൻഡർ നടപടികളിൽ പങ്കെടുക്കാവൂ എന്ന മട്ടിൽ നിലപാട് കർശനമാക്കണം. 

∙ ബ്രഹ്മപുരത്തു ശേഷിക്കുന്ന മാലിന്യം ഒന്നിലേറെ ഏജൻസികളെ ഉപയോഗിച്ചു ശാസ്ത്രീയമായി സംസ്കരിക്കണം. അവിടെ പുനരുപയോഗ മാർഗങ്ങളിലൂടെ ഇൻഡോർ മാതൃകയിൽ പാർക്ക് സ്ഥാപിക്കണം. 

∙ മാലിന്യസംസ്കരണം സേവനവും ഉത്തരവാദിത്തവും എന്ന നിലയിൽനിന്നു ബിസിനസ് മോഡൽ ആക്കാൻ കഴിയണം.

∙ കേരളത്തിലെ എല്ലാ മാലിന്യ സംസ്കരണ പ്ലാന്റുകളിലും തീയണയ്ക്കൽ സംവിധാനമുൾപ്പെടുന്ന സുരക്ഷാമാർഗങ്ങളും തണൽ മരങ്ങളടക്കമുള്ള ഗ്രീൻ ബെൽറ്റും ഉറപ്പാക്കണം. 

∙ ഭക്ഷണവിതരണത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്നർ വ്യാപകമായതുപോലെ മാലിന്യത്തിന്റെ സ്വഭാവം മാറുന്നു. ഏതു രൂപത്തിലുമുള്ള നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗവും കർശനമായി തടയണം. 

∙ പല കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഹെൽത്ത് ഓഫിസർ ഇല്ല. ഇത്തരം തസ്തികകളിൽ നിയമനത്തിനു തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുകയോ  കാലതാമസം ഒഴിവാക്കുകയോ വേണം. 

∙ കോർപറേഷനുകളിലെങ്കിലും മാലിന്യ പ്ലാന്റ് പോലെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാൻ എൻവയൺമെന്റൽ എൻജിനീയർമാരെ നിയമിക്കണം

Malayala Manorama Eranakulam Debate
1) ഡോ.എം.രാമചന്ദ്രൻ 2) ജി.കെ.സുരേഷ് കുമാർ 3) എം. അനിൽകുമാർ

ബ്രഹ്മപുരത്ത് പ്രശ്നമായത് ചുഴലിക്കാറ്റും

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ തീ പടർന്നുപിടിക്കാൻ ചുഴലിക്കാറ്റും കാരണമായെന്നു വിലയിരുത്തൽ. അഗ്നിരക്ഷാ സേനയ്ക്കായി മലയാള മനോരമയുടെ ആദരം ഏറ്റു വാങ്ങിയ റീജണൽ ഫയർ ഓഫിസർ ജെ.എസ്.സുജിത്കുമാറാണിതു വ്യക്തമാക്കിയത്. തീയും പുകയും കൊടുംചൂടും ചതുപ്പുനിലങ്ങളും– അഗ്നിരക്ഷാ സേനയ്ക്ക് ബ്രഹ്മപുരം കടുത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. പ്രകൃതിദുരന്തം നാശം വിതച്ച മേഖലകളിലുൾപ്പെടെ അഗ്നിരക്ഷാ സേന നേരത്തെ കഠിനപ്രയത്നം നടത്തിയിട്ടുണ്ട്. എന്നാൽ, തീയോടു മല്ലിട്ട്, യുദ്ധസമാനമായ സാഹചര്യത്തിൽ ഇത്രയും ദിവസം പൊരുതേണ്ടി വന്നിട്ടില്ല. പലരും മാനസികമായി തളർന്നു. 

ഉമി പോലെ മാലിന്യം നീറിക്കിടക്കുന്ന മണ്ണിൽ, ചവിട്ടിയാൽ താഴ്ന്നുപോകുന്ന ചതുപ്പിൽ ജീവനും കയ്യിൽ പിടിച്ചായിരുന്നു ഓരോ ചുവടും. യന്ത്രസഹായത്തോടെ മാലിന്യം ആഴത്തിൽ നീക്കി അതിലേക്കു വെളളം പമ്പു ചെയ്താണ് ഒടുവിൽ തീയും പുകയും പൂർണമായി അടച്ചത്.

കൃത്യമായ ഡേറ്റ വേണം

മാലിന്യ സംസ്കരണം തദ്ദേശ സ്ഥാപനങ്ങൾക്കു മാത്രം നിർവഹിക്കാൻ കഴിയുന്ന കാര്യമല്ല. സാമ്പത്തികമായി ഉൾപ്പെടെ സർക്കാരിന്റെ സഹായം ആവശ്യമാണ്. ഇക്കാര്യത്തിൽ വ്യക്തമായ നയം വേണം. മാലിന്യത്തിന്റെ അളവ്, അതിന്റെ ഘടകങ്ങൾ എന്നിവ സംബന്ധിച്ചു കൃത്യമായ ഡേറ്റയുണ്ടാകണം. എങ്കിൽ മാത്രമേ അനുയോജ്യ പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയൂ’’.

ഡോ.എം.രാമചന്ദ്രൻ, മോഡറേറ്റർ മുൻ സെക്രട്ടറി, കേന്ദ്ര നഗരവികസന മന്ത്രാലയം 

തരംതിരിച്ച് പണമുണ്ടാക്കാം

അജൈവ പാഴ്‌വസ്തുക്കൾ വീടുകളിൽനിന്നുതന്നെ കൃത്യമായി തരംതിരിച്ചു ഹരിതകർമ േസനയ്ക്കു നൽകണം. ഫലപ്രദമായി തരംതിരിക്കാൻ കഴിഞ്ഞാൽ അതു മൂല്യവത്താക്കാനും പണം നേടാനും കഴിയും. 23 മാസത്തിനിടെ 7.15 കോടി രൂപയാണ് അജൈവ പാഴ്‌വസ്തുക്കൾ റീസൈക്കിൾ ചെയ്തതു വഴി ക്ലീൻ കേരള കമ്പനി ഹരിത കർമസേനയ്ക്കു നൽകിയത്.

ജി.കെ.സുരേഷ് കുമാർ, മാനേജിങ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി 

Malayala Manorama Eranakulam Debate
1) കെ.ജെ.സോഹൻ 2) ഡോ. രതീഷ് മേനോൻ 3) വി. രവീന്ദ്രൻ

വീടുകളിലെ സംസ്കരണം പ്രധാനം

ജനപങ്കാളിത്തത്തോടെ മാത്രമേ മാലിന്യ സംസ്കരണം വിജയത്തിലെത്തിക്കാൻ സാധിക്കൂ.  പരമാവധി മാലിന്യം വീടുകളിൽതന്നെ സംസ്കരിച്ചു വളമായോ ബയോഗ്യാസായോ മാറ്റുക. ഒപ്പം കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് കൂടി നല്ല രീതിയിൽ നടപ്പാക്കുക.

എം. അനിൽകുമാർ, മേയർ, കൊച്ചി 

അധികാരം കൈമാറണം 

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ എല്ലാ കാര്യങ്ങളും വ്യക്തമാണ്. എന്നാൽ, അടിസ്ഥാനപരമായി ആ കാര്യങ്ങൾ നടപ്പാക്കാൻ കഴിയുന്നില്ല. അധികാര വികേന്ദ്രീകരണം നടപ്പാക്കിയിട്ടുണ്ടെങ്കിലും എല്ലാ കാര്യങ്ങൾക്കും സംസ്ഥാന സർക്കാരിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ആ സാഹചര്യം മാറണം.

കെ.ജെ.സോഹൻ, മുൻ മേയർ, കൊച്ചി

റീസൈക്കിൾ പാർക്ക്

വർഷങ്ങൾക്കു മുൻപുതന്നെ ബ്രഹ്മപുരം ഒരു പരിസ്ഥിതി ദുരന്തമാണ്. മാലിന്യം മുഴുവൻ നീക്കി ബ്രഹ്മപുരത്തെ പുനരുപയോഗ മാർഗങ്ങൾ ഫലപ്രദമായി നടപ്പാക്കുന്ന റീസൈക്കിൾ പാർക്കാക്കി വികസിപ്പിക്കണം. പൊതുജനങ്ങൾക്ക് അവിടേക്കു വരാനും കാര്യങ്ങൾ മനസ്സിലാക്കാനും കഴിയണം.

ഡോ. രതീഷ് മേനോൻ, പ്രഫസർ, എൻവയൺമെന്റൽ എൻജി. വിഭാഗം, എസ്‌സിഎംഎസ്, കൊച്ചി

Malayala Manorama Eranakulam Debate
1) കെ.എം.ജോൺ 2) മിനി ആന്റണി 3) ആർ.എസ്.അമീർഷാ

മൂന്നായി തരംതിരിക്കാം

ഉറവിടത്തിൽ മാലിന്യം തരംതിരിക്കുന്നത് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നിർബന്ധമായി നടപ്പാക്കണം. ഏറ്റവും കുറഞ്ഞത് മൂന്നായി തരംതിരിക്കണം– ജൈവ മാലിന്യം, അജൈവ മാലിന്യം, ഹാനികരമായ മാലിന്യം. 

വി. രവീന്ദ്രൻ, പ്രോജക്ട് ഡയറക്ടർ,ക്രെഡായ് ക്ലീൻ സിറ്റി

തുണിസഞ്ചി മാതൃക

പണ്ടു കടകളിലേക്ക് ആളുകൾ വന്നിരുന്നതു തുണിസഞ്ചിയുമായാണ്. ഇന്ന് ആരെങ്കിലും അങ്ങനെ വരുമോ? സാധനങ്ങൾ വാങ്ങിക്കഴിഞ്ഞാൽ അവർതന്നെ പ്ലാസ്റ്റിക് കവർ ചോദിക്കും. അതു നൽകാൻ കടക്കാർ നിർബന്ധിതരാകുന്നു. 

കെ.എം.ജോൺ, മുൻ പ്രസിഡന്റ്, മർച്ചന്റ് ചേംബർ ഓഫ് കൊമേഴ്സ്

 മിതത്വം ശീലിക്കണം

എന്തും ഉൽപാദിപ്പിച്ചു വിപണിയിലെത്തിച്ചാൽ അതുണ്ടാക്കുന്ന മാലിന്യം കൈകാര്യം െചയ്യാൻ ഒരു സർക്കാർ സംവിധാനത്തിനും കഴിയില്ല. നമ്മുടെ ഉപഭോഗശീലങ്ങളിൽ മിതത്വം വേണം. പ്ലാസ്റ്റിക് ക്യാരിബാഗുകളല്ല, ഭക്ഷണം പാഴ്സലായി നൽകുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകളാണു ഇനി വെല്ലുവിളി.

മിനി ആന്റണി, സെക്രട്ടറി, സഹകരണ– സാംസ്കാരിക വകുപ്പ്

Malayala Manorama Eranakulam Debate
1) ഏബ്രഹാം ജോർജ് 2) എം.ടി. വർഗീസ് 3) ഡിജോ കാപ്പൻ 4) ജെ.എസ്.സുജിത്കുമാർ

പല കമ്പനികൾ വരട്ടെ

ബ്രഹ്മപുരത്തു കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാൻ ഒരു കമ്പനിയെക്കൊണ്ടു മാത്രം കഴിയില്ല. ബ്രഹ്മപുരത്തെ വിവിധ ഭാഗങ്ങളാക്കി തിരിച്ചു മൂന്നോ നാലോ കമ്പനികളെ ഏൽപിച്ചാൽ കുറഞ്ഞകാലംകൊണ്ടു നീക്കാം. ആ സ്ഥലം വീണ്ടെടുത്ത് ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങൾ തുടങ്ങണം.

ആർ.എസ്.അമീർഷാ, സംസ്ഥാന പ്രോഗ്രാം ഓഫിസർ, ശുചിത്വ മിഷൻ

ടൂറിസത്തിനുവേണം വൃത്തി

നാടിനെ ‘ക്ലീൻ, ഗ്രീൻ, ഹെൽത്തി’യായി നിലനിർത്തുകയെന്നതു വിനോദസഞ്ചാര മേഖലയിൽ പ്രധാനപ്പെട്ട കാര്യമാണ്. മാലിന്യം വൃത്തിയോടെ കൈകാര്യം െചയ്യുന്ന സ്ഥലത്തേക്കു നോക്കിയാൽ ഒരു കാര്യം മനസ്സിലാക്കാം. അവിടെയുള്ളത് അച്ചടക്കമുള്ള നാട്ടുകാരും ഭരണകർത്താക്കളുമാണ്. അതാണ് ഇവിടെയും വേണ്ടത്.

ഏബ്രഹാം ജോർജ്, മുൻ പ്രസിഡന്റ്, കേരള ട്രാവൽ മാർട്ട്.

പ്രഫഷനൽ നേതൃത്വം

ഉറവിട സംസ്കരണ രീതി പറ്റാത്തിടത്ത് ബദൽ സംവിധാനം വേണം. എൻവയൺമെന്റൽ എൻജിനീയർ ഉൾപ്പെടെയുള്ള പ്രഫഷനൽ സംഘങ്ങളാകണം മാലിന്യ സംസ്കരണ പ്ലാന്റുകൾ ൈകകാര്യം ചെയ്യേണ്ടത്.

 എം.ടി. വർഗീസ്, മുൻ ജനറൽ സെക്രട്ടറി എറണാകുളം ഡിസ്ട്രിക്ട് റസിഡന്റ്സ് അസോസിയേഷൻ ഏപെക്സ് കൗൺസിൽ (എഡ്രാക്)

കൂടുതൽ ബോധവൽക്കരണം

മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന്റെ പ്രാധാന്യം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ബോധവൽക്കരിക്കണം. ശുചിമുറി മാലിന്യം സമീപ ജില്ലകളിലെ ജലാശയങ്ങളിലും പാതയോരത്തും തള്ളുന്നതിനു തദ്ദേശ സ്ഥാപനങ്ങൾ പരിഹാരം കാണണം.

ഡിജോ കാപ്പൻ, ചെയർമാൻ, ഡമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് ആൻഡ് എൻവയൺമെന്റ് പ്രൊട്ടക്‌ഷൻ

സുരക്ഷ ശക്തമാകണം

ഹാനികരമായതുൾപ്പെടെയുള്ള മാലിന്യം സൂക്ഷിക്കുന്ന സ്ഥലത്തു സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ബ്രഹ്മപുരത്ത് ഉണ്ടായിരുന്നില്ല. അവിടെ എല്ലാത്തരം മാലിന്യങ്ങളും ഒന്നിച്ചുകിടക്കുകയായിരുന്നു. സമാന സാഹചര്യങ്ങളുണ്ടായാൽ അത് അവിടെത്തന്നെ കൈകാര്യം ചെയ്യാനുള്ള സുരക്ഷാ സംവിധാനങ്ങൾ ബ്രഹ്മപുരത്തു വേണം. 

ജെ.എസ്.സുജിത്കുമാർ, റീജനൽ ഫയർ ഓഫിസർ, എറണാകുളം.

English Summary : Malayala Manorama discussion on guidlines for waste management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com