ADVERTISEMENT

കഴി‍ഞ്ഞ പൊതുതിരഞ്ഞെടുപ്പുകാലത്ത് കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിന്റെ പേരിലുള്ള കേസിൽ സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽനിന്നു ലഭിച്ച പരമാവധി ശിക്ഷ കാരണം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ലോക്സഭാംഗത്വം നഷ്ടമായിരിക്കുകയാണ്. കോടതിയിലും ലോക്സഭയിലുമായി രാഹുൽ നേരിട്ടിരിക്കുന്ന നടപടികളെ ജനാധിപത്യ ധ്വംസനമെന്നാണ് കോൺഗ്രസും മറ്റ് ഒട്ടുമിക്ക പ്രതിപക്ഷ കക്ഷികളും വിമർശിച്ചത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ‍ രാജ്യമാകെ ശക്തമായ പ്രതിഷേധം തുടരുകയുമാണ്.  

എന്നാൽ, ‘മോദി’ എന്ന കുടുംബപ്പേരുള്ളവരെയെല്ലാം രാഹുൽ അധിക്ഷേപിച്ചുവെന്നും അതിനു കോടതി അദ്ദേഹത്തെ ശിക്ഷിച്ചത് നിയമപരമായ നടപടി മാത്രമാണെന്നും ബിജെപി വാദിക്കുന്നു. ഇതര പിന്നാക്ക വിഭാഗക്കാരെയെല്ലാം രാഹുൽ അപമാനിച്ചെന്നും ബിജെപി ആരോപിച്ചിട്ടുണ്ട്. 

രാഹുൽ നേരിട്ടിരിക്കുന്ന നടപടിയും അതിനു ഭരണപക്ഷ, പ്രതിപക്ഷ നേതാക്കൾ നൽകുന്ന വ്യാഖ്യാനങ്ങളും സമീപകാലത്തെ ചില സംഭവവികാസങ്ങളുമായി കൂട്ടിവായിക്കേണ്ടതുണ്ട്. രാഹുൽ ഈയിടെ ലോക്സഭയിൽ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങളൊക്കെയും സഭയുടെ രേഖകളിൽനിന്നു നീക്കം ചെയ്തിരുന്നു. ഗൗതം അദാനിയുടെ കമ്പനിക്കെതിരെ ഹിൻഡൻബെർഗ് റിപ്പോർട്ടിലൂടെ വന്ന െവളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, അദാനിയും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധമെന്തെന്ന ചോദ്യത്തിൽ ഊന്നിയുള്ളവയായിരുന്നു രാഹുലിന്റെ പരാമർശങ്ങൾ. ഇവ അപകീർത്തികരമെന്ന വിലയിരുത്തലിലാണ് സഭാരേഖകളിൽനിന്ന് ഒഴിവാക്കിയത്. 

ഇതിനുശേഷമാണ്, രാഹുൽ ലണ്ടനിൽ നടത്തിയ ചില പരാമർശങ്ങൾ രാജ്യവിരുദ്ധമാണെന്നു ബിജെപി ആരോപിച്ചതും അതിന് അദ്ദേഹം ലോക്സഭയിൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് അവർ സഭാനടപടികൾ തടസ്സപ്പെടുത്തിയതും. എന്നാൽ, തന്റെ ഭാഗം പറയാൻ അവസരം നൽകണമെന്നു ലോക്സഭാ സ്പീക്കറോടു രണ്ടു തവണ കത്തിലൂടെയും നേരിട്ടും അഭ്യർഥിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ലെന്നാണ് രാഹുൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനിടെയാണ് രാഹുൽ ഒന്നരമാസം മുൻപു ശ്രീനഗറിൽ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ വിവരങ്ങൾ ശേഖരിക്കാനെന്നോണം ഡൽഹി പൊലീസ് അദ്ദേഹത്തിന്റെ വസതിയിൽ ചെന്നത്.  

പ്രതിപക്ഷത്തെ പ്രധാനനേതാവായ രാഹുൽ എന്തു പറഞ്ഞാലും അതിനെയൊക്കെ നിയമം പ്രയോഗിച്ചും അല്ലാതെയും നേരിടുകയെന്നതാണ് മേൽപറഞ്ഞ സംഭവങ്ങളിലൂടെ വ്യക്തമാകുന്ന പ്രവണത. അതു രാജ്യത്ത് അഭിപ്രായപ്രകടനത്തിന്റെ പരമോന്നത വേദിയായ പാർലമെന്റിൽനിന്നു രാഹുലിനെ പുറത്താക്കുന്നതിലേക്കുവരെ എത്തിയിരിക്കുന്നു. ഒരു വ്യക്തിയെ നിങ്ങൾ എത്രനാൾ അപമാനിക്കുമെന്നാണ് ബിജെപിയോടു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം ഉന്നയിച്ച ചോദ്യം. രാജ്യത്തിന്റെ ശബ്ദത്തിനായാണ് തന്റെ പോരാട്ടമെന്നും ജയിലിലടച്ചും അയോഗ്യനാക്കിയും എത്രയൊക്കെ അടിച്ചമർത്താൻ ശ്രമിച്ചാലും താൻ പിന്മാറില്ലെന്നുമാണ് രാഹുലിന്റെ നിലപാട്. 

സ്വതന്ത്രമായി ശബ്ദിക്കാൻ സാധിക്കുന്ന പ്രതിപക്ഷമില്ലാതെ ജനാധിപത്യം പൂർണമാകുന്നില്ല. ജനത്തിനായി ശബ്ദിക്കുകയെന്നതും അവർക്കായി ചോദ്യങ്ങൾ ഉന്നയിക്കുകയെന്നതും പ്രതിപക്ഷത്തിന്റെ അവകാശവും ഉത്തരവാദിത്തവുമാണ്. രാജ്യത്ത് ആ ബോധ്യത്തിന്റെ വർത്തമാനകാല പ്രതീകമായി രാഹുൽ മാറിയിരിക്കുന്നു. കോൺഗ്രസുമായി സഹകരിക്കാനില്ലെന്നു നേരത്തെ പറഞ്ഞിരുന്ന കക്ഷികൾ പോലും രാഹുലിനെതിരെയുള്ള നടപടിയെ അപലപിച്ചു രംഗത്തെത്തിയതിൽ അതാണ് വ്യക്തമാകുന്നത്.  

കോടതിനടപടിയിലൂടെയാണ് രാഹുൽ ലോക്സഭയിൽനിന്ന് അയോഗ്യനാക്കപ്പെട്ടത് എന്നതു വസ്തുതയാണ്. എന്നാൽ, സൂറത്തിലെ കോടതി നടപടിയെക്കുറിച്ച് ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങൾ‍ ഗൗരവമുള്ളതാണ്. ‘മോദി’യെന്നത് ഒരു വിഭാഗത്തിൽപ്പെട്ടവരുടെ മാത്രം കുടുംബപ്പേരല്ലാത്തതിനാൽ ശിക്ഷാവിധിയിൽ പിഴവുണ്ടെന്ന വിലയിരുത്തലാണ് കപിൽ സിബൽ ഉൾപ്പെടെ പല നിയമജ്ഞരും മുന്നോട്ടുവച്ചിട്ടുള്ളത്. ബിജെപിയുടെ പല നേതാക്കളും കഴിഞ്ഞ കാലങ്ങളിൽ നടത്തിയിട്ടുള്ള പ്രസംഗങ്ങളിലെ വിദ്വേഷ സ്വഭാവമുള്ള പരാമർശങ്ങൾ നിയമപരമായി എങ്ങനെ കൈകാര്യം ചെയ്യപ്പെട്ടു എന്ന ചോദ്യവും പ്രസക്തമാണ്. 

ജനത്തിനായി ചോദ്യങ്ങളുന്നയിക്കുന്ന നേതാക്കളെ ഭരണപക്ഷം പലവിധേന നിശ്ശബ്ദരാക്കുമ്പോൾ ഫലത്തിൽ  ജനത്തെത്തന്നെയാണു നിശ്ശബ്ദരാക്കുന്നത്. ജനാധിപത്യം അപകടത്തിലെന്ന മുന്നറിയിപ്പിലൂടെ ഈ അതീവഗുരുതര സ്ഥിതിവിശേഷത്തെ പ്രതിപക്ഷം എടുത്തുകാട്ടുന്നു. ജനാധിപത്യബോധമുള്ള ഭരണകർത്താക്കൾ തങ്ങൾക്കുനേരെ ഉയരുന്ന ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകി ഭരണസംവിധാനത്തിൽ ജനത്തിനുള്ള വിശ്വാസം സംരക്ഷിക്കുകയാണു വേണ്ടത്. അതിനുള്ള താൽപര്യമല്ല രാഹുലിനെതിരെയുള്ള നടപടികളിൽ പ്രതിഫലിക്കുന്നതെന്ന വിമർശനം അസ്ഥാനത്തല്ല.

English Summary : Editorial about Rahul Gandhi disqualification issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com