ADVERTISEMENT

കേരളത്തിലെ പൊതുവിതരണ സമ്പ്രദായം രാജ്യത്തിനാകെ മാതൃകയാണെന്നു നാം പെരുമ പറഞ്ഞുപോരുന്നു. ആ അഭിമാനം നിലനിർത്തണമെങ്കിൽ റേഷൻ വിതരണം മുടങ്ങുന്ന ഒരു സാഹചര്യവും ഇവിടെ ഉണ്ടായിക്കൂടാത്തതാണെങ്കിലും നിർഭാഗ്യവശാൽ അതല്ല സംഭവിക്കുന്നത്. സർക്കാർ സംവിധാനങ്ങളോടെ‍ാപ്പം, 92 ലക്ഷത്തിലേറെ കാർഡ് ഉടമകളും പതിനാലായിരത്തോളം വ്യാപാരികളും ഉൾപ്പെടുന്ന കേരളത്തിലെ റേഷൻ വിതരണ ശൃംഖല നേരിടുന്ന പ്രതിസന്ധി ഗൗരവമുള്ളതാണ്.  

ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിൽ തകരാർ പതിവായതു റേഷൻ വിതരണത്തെ കാര്യമായി ബാധിക്കുന്നു. നിരന്തര തകരാറിനു കാരണം സോഫ്റ്റ്‌വെയർ കാലപ്പഴക്കമെന്നാണു നിഗമനം. ഹൈദരാബാദിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി) പുറത്തിറക്കിയ 2017 ലെ സോഫ്റ്റ്‌വെയറാണ് നിലവിൽ കേരളത്തിൽ ഉപയോഗിച്ചുവരുന്നത്. ഇന്ത്യയിലെ ഇരുപത്തഞ്ചിലേറെ സംസ്ഥാനങ്ങൾ നൂതന സോഫ്റ്റ്‌വെയർ ഉപയോഗിക്കുമ്പോഴാണിത്. 

ഇ പോസുമായി ബന്ധപ്പെട്ട് ഇതുവരെ ഏകദേശം 65,000 പിഴവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇ പോസ് സംവിധാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ആദ്യം വേണ്ടത് ഇതിന്റെ പ്രധാന ഇന്റർനെറ്റ് സേവനദാതാവായ ബിഎസ്‌എൻഎലിന്റെ ബാൻഡ് വിഡ്‌ത് പരിഷ്കരണമാണെന്ന് ഇതുസംബന്ധിച്ചു ചേർന്ന ഉന്നതതല യോഗം വിലയിരുത്തിയിരുന്നു. സംസ്ഥാനത്തു റേഷൻ വിതരണത്തിൽ വർഷങ്ങളായി തുടരുന്ന സാങ്കേതികതടസ്സങ്ങൾക്കു പിന്നിലെ യഥാർഥകാരണം സർക്കാർ സംവിധാനത്തിലെയും സേവനദാതാവിന്റെയും പാളിച്ചകളാണെന്നു വ്യക്തമാക്കുന്നതായിരുന്നു ഉന്നതതലയോഗം.  

ഏപ്രിലോടെ എല്ലാവിധ സാങ്കേതിക തടസ്സങ്ങളും പരിഹരിച്ച് റേഷൻ വിതരണം സാധാരണ നിലയിലാക്കാമെന്നാണു സർക്കാർ പ്രതീക്ഷിക്കുന്നത്. അതേസമയം, റേഷൻ വാങ്ങുന്നതിനു മാസത്തെ അവസാന ആഴ്ച വരെ കാത്തുനിൽക്കാതെ കാർഡ് ഉടമകൾ നേരത്തേ എത്തണമെന്ന് അഭ്യർഥിക്കുന്ന പ്രചാരണ പരിപാടിക്ക് ഒരുങ്ങുകയാണു ഭക്ഷ്യപൊതുവിതരണ വകുപ്പ്. മാസത്തിന്റെ അവസാന ആഴ്ചയിൽ റേഷൻ കടകളിൽ തിരക്കേറുന്നതും ഇ പോസ് സംവിധാനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതായാണു വിലയിരുത്തൽ.

ഇപ്പോഴത്തെ കഠിന സാഹചര്യം മൂലം റേഷൻ വ്യാപാരികളും നിരാശയിലാണ്. ഈ മാസം ഇന്നലെവരെ സംസ്ഥാനത്ത് 70% കാർഡ് ഉടമകൾക്കു മാത്രമാണു റേഷൻ കിട്ടിയത്. ഈ തോതിൽപ്പോലും റേഷൻ വിതരണം നടക്കാതിരുന്ന കടകളുമുണ്ട്. വിതരണം കുറഞ്ഞതോടെ പല റേഷൻ വ്യാപാരികളുടെയും സപ്പോർട്ടിങ് പേയ്മെന്റും മുടങ്ങുകയോ കുറയുകയോ ചെയ്തു. കട വാടക, വൈദ്യുതിച്ചെലവ്, തൊഴിലാളിക്കുള്ള കൂലി തുടങ്ങിയവയ്ക്കുള്ള തുകയാണു സപ്പോർട്ടിങ് പേയ്മെന്റ്. റേഷൻ വിതരണം അവതാളത്തിലായതിനാൽ വരുമാനം 10,000 രൂപയിൽ താഴെയായി പല റേഷൻ കടകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നാണു പരാതി.  

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരമുള്ള അരി വിതരണം ഡിസംബറോടെ നിർത്തിയതിനാൽ അതിൽനിന്നു ലഭിച്ചിരുന്ന കമ്മിഷനും ഇപ്പോൾ ലഭിക്കുന്നില്ല. മാസവേതനവും വൈകിയാണു കിട്ടുന്നത്. മാസമാദ്യം കൃത്യസമയത്തു റേഷൻ സാധനങ്ങൾ വിതരണത്തിനെത്തിക്കാത്തതും പ്രശ്നമാണ്. 

ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യവും അവകാശവുമായ റേഷൻ വിതരണം സുഗമമായി നടക്കാത്ത സാഹചര്യം ഇനിയും ഉണ്ടായിക്കൂടാ. ജനങ്ങളുടെ അന്നംമുട്ടാതിരിക്കാൻ, രാജ്യത്തു ലഭ്യമായ മികച്ച സാങ്കേതിക വൈദഗ്ധ്യം ഇക്കാര്യത്തിൽ കേരളം തേടേണ്ടതുണ്ട്. റേഷൻ വ്യാപാരികളുടെ ആവശ്യങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാവുകയും വേണം.

English Summary : Editorial about Ration distribution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com