ADVERTISEMENT

വൈക്കം സത്യഗ്രഹ സമരം മുൻനിർത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രമുഖ എഴുത്തുകാരൻ എൻ.എസ്. മാധവനും തമ്മിലുള്ള സംഭാഷണം. ആധുനിക കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയജീവിതത്തെ രൂപപ്പെടുത്തിയ ആ സമരത്തെ വർത്തമാന കാലത്തുനിന്ന് വിശകലനം ചെയ്യുന്നു.

വി.ഡി.സതീശൻ ∙ വൈക്കം സത്യഗ്രഹത്തിന്റെ തുടക്കം കോൺഗ്രസിന്റെ കാക്കിനഡ സമ്മേളനത്തിൽനിന്നാണ്. ഗാന്ധിജി കോൺഗ്രസിന്റെ നേതൃത്വത്തിലെത്തിയശേഷമുള്ള സമ്മേളനമാണത്. അതുവരെയുള്ള കോൺഗ്രസ് പ്രവർത്തനത്തിൽ ഘടനാപരമായ ഒരു മാറ്റം സംഭവിച്ച, നിർണായകമായ ഒരു സന്ദർഭമാണത്. നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രത്യേകത അതു രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടി മാത്രം നടന്ന സമരമായിരുന്നില്ല എന്നതാണ്. നൂറ്റാണ്ടുകളായി തിരസ്കൃതരായിരുന്ന ഒരു സമൂഹത്തെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻവേണ്ടി, സാമൂഹികനീതിക്കുവേണ്ടി നടത്തിയ സമരം കൂടിയായിരുന്നു. അതിന്റെ തുടക്കം 1923ൽ അയിത്തോച്ചാടന പ്രമേയം പാസാക്കിയ കാക്കിനഡ സമ്മേളനമാണ്. അന്ന് ആ പ്രമേയം അവതരിപ്പിച്ചതു ടി.കെ. മാധവനായിരുന്നു. അതിന്റെ തുടർച്ചയായാണു 1924ൽ വൈക്കം സത്യഗ്രഹസമരം ആരംഭിച്ചത്. ഇതു നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു.

എൻ.എസ്. മാധവൻ ∙ 1917ൽ ആണ് ടി.കെ.മാധവൻ ശ്രീമൂലം അസംബ്ലിയിൽ ഈ വിഷയം അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. എന്നിട്ടാണ് അദ്ദേഹം 1921ൽ തിരുനെൽവേലിയിൽപോയി ഗാന്ധിജിയെ കാണുന്നത്. അവിടെനിന്നാണ് നാടകീയമായി കാര്യങ്ങൾ മാറുന്നത്. അതോടെ കേരളീയ സമൂഹത്തിന്റെ സമീപനവും മാറി. കേരളത്തിലെ അന്നത്തെ നാലു വലിയ സവർണസംഘടനകൾ- കേരള ഹിന്ദുസഭ, യോഗക്ഷേമ സഭ, കേരള ക്ഷത്രിയസഭ, നായർ സർവീസ് സൊസൈറ്റി– ഈ സാമൂഹിക മുന്നേറ്റത്തോട് ആഭിമുഖ്യം കാണിച്ചുവെന്നതാണു പ്രധാനം. ഇതു ഗാന്ധിജിയുടെ കൈമുദ്ര പതിഞ്ഞ വലിയ സാമൂഹിക വിപ്ലവമായിരുന്നു. അഹിംസയിൽ അടിത്തറയിട്ട അദ്ദേഹത്തിന്റെ സമരമാർഗം എന്താണെന്ന് ഇന്ത്യയും ലോകവും ആദ്യം മനസ്സിലാക്കിയത് ഒരുപക്ഷേ വൈക്കം സത്യഗ്രഹത്തിലൂടെയായിരുന്നു. ഇതിൽ ഗാന്ധിജിയെ വിമർശിക്കുന്നവരുണ്ട്. ഈ സമരത്തെ ഹിന്ദുമതത്തിനകത്തെ പരിഷ്കരണമാക്കി മാറ്റി, മറ്റുള്ളവരെ മാറ്റിനിർത്തി എന്നെല്ലാം പറഞ്ഞായിരുന്നു അത്.

വി.ഡി.സതീശൻ ∙ വൈക്കം സത്യഗ്രഹം ഗാന്ധിജിയുടെ കൈമുദ്ര പതിഞ്ഞ സമരം തന്നെയായിരുന്നു. ഗാന്ധിജിയാണു സമരക്കാരോടു പറഞ്ഞത്, ഇതിൽ സവർണരെക്കൂടി പങ്കാളികളാക്കണമെന്ന്. പറ്റുമെങ്കിൽ അവരുടെ കയ്യൊപ്പുകൾതന്നെ ശേഖരിച്ച് റീജന്റ് മഹാറാണിക്കു സമർപ്പിക്കണമെന്നും. അപ്പോഴാണു മന്നത്ത് പത്മനാഭന്റെ നിർണായക ഇടപെടലുണ്ടാകുന്നത്. മന്നത്ത് പത്മനാഭൻ നേതൃത്വം നൽകിയ ജാഥ, നഗ്നപാദരായി നവംബർ ഒന്നിനു തുടങ്ങി 11നു തിരുവനന്തപുരത്ത് എത്തി. അതേസമയംതന്നെ, നാഗർകോവിലിൽനിന്നു മറ്റൊരു ജാഥയും തിരുവനന്തപുരത്തെത്തി. 20,000 പേരുടെ ഒപ്പുകൾ ശേഖരിച്ചു മഹാറാണിക്കു സമർപ്പിക്കുകയായിരുന്നു. ഇത് ഇന്നത്തെ സാഹചര്യത്തിൽ നോക്കുമ്പോൾ അവിശ്വസനീയമായി തോന്നും, അതായത് അവർണരുടെ വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനായുള്ള ഒരു സമരത്തിനുവേണ്ടി സവർണജാഥ നടത്തി പിന്തുണ പ്രഖ്യാപിക്കുകയെന്നതു സംഭവിച്ചത് 100 വർഷം മുൻപുള്ള കേരളത്തിലാണ്. നാം ഓർക്കേണ്ടത്, സവർണ സമുദായത്തിലെതന്നെ വലിയൊരു വിഭാഗം ഈ സമരത്തെ ശക്തമായി എതിർത്തുകൊണ്ട് ഗുണ്ടകളെ ഇറക്കി സമരം അടിച്ചമർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മറ്റൊരു വിഭാഗം സമരത്തെ പിന്തുണച്ചു രംഗത്തുവന്നത്. ഇന്നത്തെ കാലത്തുപോലും പിന്നാക്ക സമുദായങ്ങളുടെ എന്തെങ്കിലുമൊരു ആവശ്യത്തിനായി മുന്നാക്ക പിന്നാക്ക വിഭാഗങ്ങളിലെ ആളുകൾ ഒരുമിക്കുമോ? നമുക്ക് ഉറപ്പില്ല. പക്ഷേ, 100 കൊല്ലം മുൻപ് അതു സംഭവിച്ചു. ഗാന്ധിജിയായിരുന്നു ഈ വഴിത്തിരിവുണ്ടാക്കിയത്.

എൻ.എസ്. മാധവനും വി.ഡി.സതീശനും സംഭാഷണത്തിൽ

എൻ.എസ്.മാധവൻ ∙ മലയാളി സമൂഹത്തിന്റെ ആധുനികതയെ നിർവചിക്കാൻ സഹായിച്ച ഒന്നായിരുന്നു വൈക്കം സത്യഗ്രഹം. അതിനുശേഷമാണ് കേരളത്തിൽ ജാതിവ്യവസ്ഥയുടെ ബാഹ്യമായിട്ടുള്ള ബുദ്ധിമുട്ടുകൾ ജനങ്ങൾക്ക് ഒഴിവായിക്കിട്ടിയത്. ഇപ്പോഴും ഉത്തരേന്ത്യയിലും മറ്റും ജാതിപീഡനങ്ങൾ പ്രകടമായിരിക്കുന്നതു വൈക്കം സത്യഗ്രഹംപോലെ ഒരു പരിശീലനമോ നേതൃത്വമോ അവർക്കു കിട്ടാതിരുന്നതുകൊണ്ടാണ്. ജാതി ഇവിടെ ഇല്ലാതായി എന്നല്ല. ശാരീരികമായും സാമൂഹികമായും ഇവിടെ ജാതി മേധാവിത്വം ദുർബലമായത് അന്നു ഗാന്ധിജി നടത്തിയ ഇടപെടൽ മൂലമാണ്. ഗാന്ധിജിയുടെ ഇടപെടലിനു വേറൊരു മാനം കൂടിയുണ്ട്. എങ്ങനെ രാഷ്ട്രീയത്തിൽ ആത്മീയത അല്ലെങ്കിൽ മതം കൊണ്ടുവരാം എന്നത്. ഈ സമരത്തിലെ രണ്ടു വ്യത്യസ്ത ധ്രുവങ്ങളായിരുന്നു ഗാന്ധിജിയും പെരിയാറും. പെരിയാർ നാസ്തികനായിരുന്നു; ഗാന്ധിജി ആസ്തികനും. പക്ഷേ, സമരത്തിന്റെ കടിഞ്ഞാൺ എപ്പോഴും ഗാന്ധിജിയുടെ കയ്യിൽതന്നെയായിരുന്നു. അദ്ദേഹം ഇതിനെ ഹിന്ദുസമുദായത്തിലെ ഏറ്റവും വലിയ പ്രശ്നമായിരുന്ന അയിത്തത്തെ ഉച്ചാടനം ചെയ്യാനുള്ള അവസരമായി കാണുകയുണ്ടായി.

സമരം തുടങ്ങിയപ്പോൾത്തന്നെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണു ബാരിസ്റ്റർ ജോർജ് ജോസഫ്. അദ്ദേഹമാണു പെരിയാറിന് എഴുത്തയച്ചതും മറ്റും. പക്ഷേ, ഗാന്ധിജി ജോർജ് ജോസഫിനോടു മാറിനിൽക്കാൻ പറഞ്ഞു. പഞ്ചാബിൽനിന്ന് അകാലികൾ വന്നു. അവരോടും മാറിനിൽക്കാൻ പറഞ്ഞു. ഹിന്ദുമതത്തെ നവീകരിക്കാനുള്ള ഒരു ശ്രമമായിരുന്നു ഗാന്ധിജി നടത്തിയത്. ഇതുപക്ഷേ, സർവസമ്മതമായിരുന്നില്ല. സമരത്തിൽ പങ്കെടുത്തവരെ ഗാന്ധിജിയുടെ പല നടപടികളും വളരെയധികം നിരുത്സാഹപ്പെടുത്തി. എന്നിരുന്നാലും, ഇന്നത്തെ കേരളസമൂഹത്തിന്റെ ഒരു ഡിഎൻഎ അവിടെ സ്ഥാപിക്കാൻ ഗാന്ധിജിക്കു കഴിഞ്ഞു. ഇന്നു നാം കാണുന്ന രീതിയിലുള്ള ആധുനികതയുടെ തുടക്കം ഒരുപക്ഷേ വൈക്കത്തായിരിക്കും എന്ന് എനിക്കു തോന്നുന്നു. കേരളം മുഴുവനും വലിയ സ്വീകാര്യതയായിരുന്നു ആ സമരമുണ്ടാക്കിയത്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ സമരത്തിന് അനുഭാവം പ്രകടിപ്പിക്കാൻ വൈക്കത്തേക്കു വരേണ്ട എന്ന് ആളുകളോടു പറയേണ്ടിവന്നു.

വി.ഡി. സതീശൻ ∙ ഇന്ത്യൻ സെക്കുലറിസത്തിനു ഗാന്ധിജിയാണു തുടക്കം കുറിച്ചത്. ഇതു പാശ്ചാത്യ സെക്കുലറിസത്തിൽനിന്നു വ്യത്യസ്തമാണ്. പാശ്ചാത്യ മതനിരപേക്ഷത മതനിരാസമാണ്. ഇവിടെ മതത്തെ മാറ്റിനിർത്തുന്നതല്ല മതനിരപേക്ഷത. അതു ഗാന്ധിജിയാണു ചെയ്തത്. ഗാന്ധിജി ഹൈന്ദവവിശ്വാസിയായിരുന്നു. അദ്ദേഹം ക്ഷേത്രാചാരങ്ങളെ അംഗീകരിക്കുകയും ചെയ്തു. അതേസമയം, ഇവിടെ ബാക്കിയുള്ളവരുടെ മതവിശ്വാസത്തിനും ഇടമുണ്ടാകണം, അതുകൂടി സംരക്ഷിക്കാൻ നമുക്കു കഴിയണം, അപ്പോഴാണ് ഇന്ത്യൻ സെക്കുലറിസം പൂർണമാകുന്നത് എന്നതാണു ഗാന്ധിജി മുന്നോട്ടുവച്ച ആശയം. മതത്തിനകത്തു നിന്നാൽ മതത്തിനകത്തെ നവീകരണത്തിൽകൂടി പങ്കാളിയാകാം.

ഇവിടെ, ഹിന്ദുമത നവീകരണത്തിന്റെ ഭാഗമായി ഗാന്ധിജി വൈക്കം സത്യഗ്രഹത്തെ കണ്ടു. ഓരോ മതത്തിലുമുണ്ടാകേണ്ട നവീകരണം അതതു മതങ്ങളിൽനിന്നു തന്നെയാണു ഉണ്ടാകേണ്ടത്. അയിത്തത്തിന്റെ ആനുകൂല്യം അനുഭവിച്ചിരുന്ന സവർണർതന്നെ ഒടുവിൽ അതിനെതിരായി രംഗത്തുവന്നതു നാം വൈക്കത്തു കണ്ടു. നെഹ്റു വ്യത്യസ്തമായ കാഴ്ചപ്പാടിൽ നിന്നയാളാണ്. മതപരിഷ്കരണം അടക്കം എല്ലാ സാമൂഹിക മാറ്റങ്ങളും ഭരണകൂടമാണു കൊണ്ടുവരേണ്ടതെന്ന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ടുവച്ചത്. സ്റ്റേറ്റിസം എന്ന ഈ നിലപാടാണു ശബരിമലയുമായി ബന്ധപ്പെട്ട കോടതിവിധിയിൽ നാം കണ്ടത്. അവിടെ സ്ത്രീപ്രവേശം എന്നത് സ്റ്റേറ്റ് പുറത്തുനിന്നു ചെയ്യാൻ നോക്കുകയാണ്. ഗാന്ധിജി ഇക്കാര്യത്തിൽ ഇതിൽനിന്നു ഭിന്നമായ വഴിയാണു തിരഞ്ഞെടുത്തത്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നല്ല, അതതു സമുദായങ്ങൾക്കത്തുനിന്നുതന്നെ പരിഷ്കരണനടപടികൾ വരണമെന്നു ഗാന്ധിജി വിശ്വസിച്ചു. വൈക്കത്ത് അദ്ദേഹം ചെയ്തത് അതായിരുന്നു. ആ സമരം വിജയിക്കുകയും ചെയ്തു.

എൻ.എസ്.മാധവൻ ∙ സ്വാതന്ത്ര്യസമരത്തിന്റെ ഒരു വാർപ്പായിരുന്നു അത്. ഗാന്ധിജി ആദ്യം ഇറങ്ങിയതു പ്രശ്നം ഭരണഘടനാപരമായി പരിഹരിക്കാനാണ്. മഹാറാണി മഹാമനസ്കതയോടുകൂടിയാണ് ഈ പ്രശ്നം കൈകാര്യം ചെയ്തത്. പ്രശ്നം കൗൺസിലിൽ വച്ചു. പക്ഷേ, വോട്ടെടുപ്പിൽ തോറ്റു. ഈ ശ്രമത്തിൽ ഗാന്ധിജി വിജയിച്ചില്ല. ഗാന്ധിജി നിർദേശിച്ച ആദ്യ പരിഹാരമാർഗം റഫറണ്ടം ആയിരുന്നു; ഹിതപരിശോധന. രണ്ടാമതൊരു മാർഗം, ദിവാനു മുന്നിൽ രണ്ടുപക്ഷക്കാരും വാദം നിരത്തുക; തുടർന്ന് ദിവാൻ തീരുമാനമെടുക്കുക. ഹിന്ദുമതത്തിലെ ഏതെങ്കിലുമൊരു ആധികാരിക ഗ്രന്ഥം കാണിച്ച് അതിൽ അയിത്തം ശരിയാണെന്നു പറയുന്നുണ്ടെങ്കിൽ സമരം നിരുപാധികം പിൻവലിക്കാം എന്നാണു ഗാന്ധിജി മൂന്നാമത്തെ മാർഗമായി പറഞ്ഞത്. ഇണ്ടംതുരുത്തി മനയിലൊക്കെ പോകുന്നത് അതിനാണ്. ശാങ്കരസ്മൃതി എന്നൊരു ഗ്രന്ഥമാണു ഇണ്ടംതുരുത്തി നമ്പൂതിരി ഗാന്ധിജിയുടെ മുന്നിൽ വയ്ക്കുന്നത്, അയിത്തത്തെ സാധൂകരിക്കുന്ന ഹിന്ദുമത ഗ്രന്ഥം ഇതാ എന്ന വാദത്തോടെ. ഗാന്ധിജി ഈ കൃതി വള്ളത്തോളിനെ കാണിച്ചെന്നാണു കേട്ടിട്ടുള്ളത്. പുസ്തകം കണ്ടതേ വള്ളത്തോൾ അതൊരു വ്യാജകൃതിയാണെന്നു വ്യക്തമാക്കി. ഗാന്ധിജിയുടെ ഈ സമീപനങ്ങൾ സമരക്കാരെ വലിയ തോതിൽ നിരുത്സാഹപ്പെടുത്തുന്നതായിരുന്നു. സമരക്കാർക്കിടയിൽ ഗാന്ധിജിക്കെതിരെ വലിയ രോഷവും ഉയർന്നു.

വി.ഡി.സതീശൻ ∙ മതപരമോ സാമുദായികമോ ആയ വിഷയങ്ങളിൽ നെഹ്റുവിന്റേതു കുറെക്കൂടി പാശ്ചാത്യമായ സമീപനമായിരുന്നു. പെരിയാർ ഇത്തരത്തിൽ മത– സമുദായിക ബന്ധമില്ലാത്ത ഒരു നിലപാടാണ് സ്വീകരിച്ചത്. അതു ഗാന്ധിജിയുടെ നേരെ എതിർനിലപാടായിരുന്നു. പിന്നീടു ഗാന്ധിജിയുടെ സ്വാധീനഫലമായിട്ടാകാം നെഹ്റു വിഭജനകാലമാകുമ്പോഴേക്കും തന്റെ നിലപാടുകളിൽ ചില മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തു. ടി.കെ.മാധവനൊപ്പം സർദാർ കെ.എം.പണിക്കരും ഈ സമരത്തിൽ വലിയപങ്ക് വഹിച്ചിട്ടുണ്ട്. മാധവനെ ദേശീയപ്രസ്ഥാനവുമായി അടുപ്പിക്കുന്നതിലും കെ.എം.പണിക്കർക്കു പങ്കുണ്ട്.

എൻ.എസ്.മാധവൻ ∙ സർദാർ കെ.എം.പണിക്കർ പട്യാലയിൽ ദിവാനായി സേവനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനു വലിയ ബന്ധങ്ങളുണ്ടായിരുന്നു. ഒരുപക്ഷേ, ഗാന്ധിജി ഇങ്ങോട്ടു വരുന്നതിൽപോലും സർദാർ ഇടപെട്ടിട്ടുണ്ടാവാം.

വി.ഡി.സതീശൻ ∙ രാജഗോപാലാചാരിയും വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ടിരുന്നു.

എൻ.എസ്.മാധവൻ ∙ അന്നത്തെ കോൺഗ്രസ് നേതാവായിരുന്നു പെരിയാർ എന്നും നാമോർക്കണം. അദ്ദേഹം തമിഴ്നാട് കോൺഗ്രസ് ഘടകം അധ്യക്ഷനായിരുന്നു.

വി.ഡി.സതീശൻ ∙ ഗാന്ധിജി ഇടപെടുന്നതോടെയാണു സമരദിശ മാറുന്നത്. അദ്ദേഹം വന്നില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ, വൈക്കം സമരം കുറച്ചുകൂടി കലാപസ്വഭാവമുള്ള ഒരു സമരമായി അവസാനിച്ചു പോയേനെ. എതിരാളികൾ ക്രൂരമായാണു സമരക്കാരെ നേരിട്ടത്. അവർ വലിയ പീഡനങ്ങൾക്ക് ഇരകളായി. ഗാന്ധിജി എല്ലാഘട്ടത്തിലും സമരത്തിന്റെ സംഘർഷസ്വഭാവത്തെ അടക്കിനിർത്തുകയും അതിനെ അഹിംസാപാതയിലൂടെ മുന്നോട്ടുപോകാൻ കൃത്യമായി ശീലിപ്പിക്കുകയും ചെയ്തു. വെള്ളപ്പൊക്കക്കാലത്ത് കഴുത്തിനൊപ്പം വെള്ളത്തിൽനിന്നാണു രാമൻ ഇളയതിനെപ്പോലുള്ള നേതാക്കൾ സത്യഗ്രഹം നടത്തിയത്. അപ്പോഴാണു തോണിയിൽ വന്ന സമരവിരുദ്ധർ ഇളയതിന്റെ കണ്ണുകളിൽ ചുണ്ണാമ്പുതേച്ച് അതിക്രമം കാട്ടിയത്. അദ്ദേഹത്തിനു കാഴ്ച നഷ്ടമായി. സമരത്തിന്റെ ഒരു യഥാർഥ രക്തസാക്ഷിയായിരുന്നു രാമൻ ഇളയത്. അദ്ദേഹം വഴിയിൽ മരിച്ചുകിടക്കുകയായിരുന്നു. അന്നത്തെ സമരനേതാക്കളിൽ ഏറെപ്പേരും ഗാന്ധിജിയുടെ സ്വാധീനത്തിൽ വീട്ടിൽനിന്നു പോന്നവരാണ്. ഇത്തരത്തിലുള്ള വൈക്കം സത്യഗ്രഹ ചരിത്രം വിശദമായി രേഖപ്പെടുത്തുന്നതിൽ നമുക്കു വീഴ്ച വന്നിട്ടുണ്ട്. അതു പരിഹരിക്കാനുള്ള പദ്ധതിക്കു നാം തുടക്കം കുറിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ കാലത്തോടു ചേർത്തുവയ്ക്കുമ്പോൾ വിസ്മയം മാറുന്നില്ല, അത്രയും പുരോഗമനപരമായ ഈ സമരത്തെ നാം എങ്ങനെയാണു വിസ്മരിക്കുക. സമരത്തിൽ പങ്കെടുത്ത മനുഷ്യരുടെ നിശ്ചയദാർഢ്യവും ആവേശവും നമ്മളിൽ ഇപ്പോൾ ഒരു കുറ്റബോധംപോലും ഉണ്ടാക്കുന്നുണ്ട്.

Leaders
ചിറ്റേടത്ത് ശങ്കുപ്പിള്ള, സർദാർ കെ.എം. പണിക്കർ, പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കർ

എൻ.എസ്.മാധവൻ ∙ നാം ഇന്നു സമാധാനത്തിലാണ്. അന്നത്തെ സ്ഥിതി ഇതല്ല. ഇന്നുകാണുന്ന ഒരു സമാധാനവും അന്നില്ല. തീണ്ടൽ, വിവേചനം, അയിത്തം... എല്ലാമുണ്ട്. ഇന്നത്തെ കേരളത്തിൽ ജാതിപരമായ വിവേചനം നടക്കുന്നത് വളരെ അദൃശ്യമായാണ്. ഞാനിതു പറയുന്നത് ബിഹാർ ശരിക്കും കണ്ടറിഞ്ഞിട്ടുണ്ടെന്നതുകൊണ്ടാണ്. അന്നു വിവേകാനന്ദൻ ഇവിടെ വന്നിട്ട് അമ്പലത്തിൽ കയറ്റാതെ മൂന്നുദിവസം നിർത്തി. ഇതു ഭ്രാന്താലയമാണെന്നു പറഞ്ഞ് വിവേകാനന്ദൻ ഇവിടെനിന്നു പോയി വർഷങ്ങൾക്കുശേഷമാണു വൈക്കം സത്യഗ്രഹം വരുന്നത്. ആ പത്തുനാൽപതു വർഷത്തിനിടെ മലയാളികൾ എങ്ങനെ മാറിയെന്നതു നാം പരിഗണിക്കണം. ഇപ്പോൾ നാം കാണുന്ന കേരളത്തിൽ ജാതിയുടെ ബാഹ്യലക്ഷണങ്ങൾ ഇല്ലാതായിക്കഴിഞ്ഞു. ജാതീയമായ ആവാസവ്യവസ്ഥതന്നെ ഇല്ലാതായിട്ടുണ്ട്.

വി.ഡി.സതീശൻ ∙ ഇന്നത്തെ കേരളം ഏറ്റവും മിശ്രിതമാണ്; വിഭജിതമല്ല. സമുദായങ്ങൾ മിശ്രിതമായിത്തീരാൻ ഇവിടുത്തെ ജനസാന്ദ്രതകൂടി കാരണമായിട്ടുണ്ടാവാം. ഇടകലർന്നു ജീവിക്കുകയല്ലാതെ മറ്റു നിവൃത്തിയില്ലാതെ വരുന്ന സാഹചര്യമാണല്ലോ അത്. പക്ഷേ, ഞാൻ വൈക്കം സത്യഗ്രഹത്തെപ്പറ്റി വിചാരിക്കുമ്പോഴെല്ലാം ശ്രദ്ധിക്കുന്ന ഒരു പ്രധാന കാര്യം സവർണ സമുദായത്തിലെത്തന്നെ ഒരു വിഭാഗം സ്വന്തം പ്രിവിലേജുകൾ വേണ്ടെന്നു വയ്ക്കാൻ തയാറായി മുന്നോട്ടുവന്നതാണ്. മന്നത്ത് പത്മനാഭനെപ്പോലെയുള്ള നേതാക്കൾ ഇക്കാര്യത്തിൽ വലിയ ഇടപെടലുകൾ നടത്തി. ടി.കെ.മാധവൻ, കെ.പി.കേശവമേനോൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, കെ.കേളപ്പൻ തുടങ്ങി ഓരോ നേതാവിനെയും നമുക്ക് വലിയ ആദരവോടെയെ ഓർക്കാനാകൂ. അവരുടെയൊക്കെ സമർപ്പണം എത്ര വലുതായിരുന്നു.

എൻ.എസ്.മാധവൻ ∙ഒരുപക്ഷേ ഇന്ത്യയിലാദ്യമായി ഒരു പ്രാദേശിക വിഷയം ദേശീയവും രാജ്യാന്തരവുമായി തീരുന്നത് വൈക്കം സത്യഗ്രഹമാണ്.

വി.ഡി.സതീശൻ ∙ ഇതിൽനിന്നു നാം ക്ഷേത്രപ്രവേശന വിളംബരത്തിലേക്കു പോകുകയും ചെയ്തു. വൈക്കം സത്യഗ്രഹം വലിയ തോതിലുള്ള സാമൂഹിക, സമുദായിക പരിവർത്തനങ്ങളിലേക്കു വഴിതുറന്നുവെന്നതിനു സംശയമില്ല. തുടർന്നുണ്ടായ അവകാശസമരങ്ങളെയെല്ലാം അതു സ്വാധീനിച്ചു.

leaders-1
ബാരിസ്റ്റർ ജോർജ് ജോസഫ്, ബാരിസ്റ്റർ എ.കെ.പിളള , കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്

എൻ.എസ്.മാധവൻ ∙ വൈക്കം സത്യഗ്രഹത്തിൽ ദലിതർ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. ഇതിന്റെ തുടക്കംതന്നെ പുലയ മഹാജനസമ്മേളനത്തിലാണ്.

വി.ഡി.സതീശൻ ∙ ഗുരുദേവന്റെ അനുഗ്രഹവും വൈക്കം സമരത്തിനുണ്ടായിരുന്നു. ഇപ്പോൾ നാം വൈക്കം സത്യഗ്രഹത്തെ വിലയിരുത്തുമ്പോൾ അന്നത്തെ ഭിന്നമായ സാഹചര്യംകൂടി കണക്കിലെടുക്കണം. അന്നു വഴിനടക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനാപരമായിരുന്നില്ല. ഇന്ന് അതു ഭരണഘടനാപരമാണ്.

എൻ.എസ്.മാധവൻ ∙ സമരം അവസാനിക്കുമ്പോഴും വലിയ അസ്വസ്ഥതയുണ്ടായിരുന്നു. കാരണം, മൂന്നുവഴി മാത്രമാണു തുറന്നുകൊടുത്തത്. കിഴക്കേവഴി തുറന്നില്ല. പക്ഷേ നാം ആലോചിക്കേണ്ടത്, എവിടെനിന്നാണ് ഈ മൂന്നുവഴികളിലേക്കു നാം എത്തിയത് എന്നാണ്. അതു വലിയ വിപ്ലവകരമായിരുന്നു.

വി.ഡി.സതീശൻ ∙ അക്കാലത്തെ സാമൂഹികസാഹചര്യങ്ങൾകൂടി ചേർത്തുവച്ചു നോക്കുമ്പോൾ അതു വലിയ വിപ്ലവം തന്നെയായിരുന്നു. 603 ദിവസം അഹിംസാമാർഗത്തിൽ തളരാതെനിന്നത് ആ സമരരീതിയുടെ പ്രത്യേകതയായിരുന്നു. ഒരു പുതിയ സമരരീതി ലോകത്താദ്യമായി പരീക്ഷിക്കുകയായിരുന്നു. സത്യഗ്രഹം പിന്നീടു ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യസമരമാർഗമായി മാറുകയും ചെയ്തു.

എൻ.എസ്. മാധവൻ ∙ ഇതുണ്ടാക്കിയ വലിയൊരു മാറ്റം മനുഷ്യാവകാശത്തെക്കുറിച്ചുള്ള ബോധ്യമാണ്. ജന്മനാ ആൾക്കാർക്കുമേൽ കുതിരകയറാനുള്ള ശക്തി തങ്ങൾക്കുണ്ടെന്ന സവർണരുടെ ചിന്ത, അതുപോലെ അതു സ്വീകരിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന അവർണരുടെ ധാരണ. ഇതു രണ്ടും മാറി മനുഷ്യാവകാശത്തെക്കുറിച്ചുളള ബോധം ഉണ്ടായി.

വി.ഡി.സതീശൻ ∙ വൈക്കം സത്യഗ്രഹത്തിനു വലിയ സന്ദേശമുണ്ടായിരുന്നു. ജാതീയമോ സമുദായികമോ ആയ അടിച്ചമർത്തലുകൾ സംഭവിക്കുമ്പോൾ മറ്റുള്ളവർ അവരുടെ സഹായത്തിന് എത്തണമെന്ന സന്ദേശമാണത്. പക്ഷേ, അതു ശരിയായ വിധം സമൂഹത്തിൽ വ്യാപിച്ചു എന്നും പറയാനാവില്ല. 100 വർഷം മുൻപുണ്ടായിവന്ന ഒരു സമത്വവികാരം ഇന്ന് ആ നിലയിൽ ഇല്ലെന്നു പറയേണ്ടിവരും.

എൻ.എസ്.മാധവൻ ∙ ഞാൻ പറയുന്നത് വൈക്കം സത്യഗ്രഹം പരിപൂർണ വിജയമായിരുന്നു എന്നാണ്. കാരണം, അതു മലയാളിക്കു വലിയ ന്യായബോധം കൊണ്ടുവന്നു. ഈ ന്യായബോധമാണ് ഒരുപക്ഷേ വർഗീയതയും അതിനെച്ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും കേരളത്തിൽ ഇന്നും പച്ചപിടിക്കാതിരിക്കാനുള്ള ഒരു കാരണം.

തയാറാക്കിയത്: അജയ് പി.മങ്ങാട്ട്

English Summary : Discussion; Opposition Leader VD Satheesan and writer NS Madhavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com