ADVERTISEMENT

ഐതിഹാസികമായ ആ സത്യഗ്രഹ സമരത്തിന്റെ ധീരോദാത്ത സ്മൃതികൾ നൂറാം വർഷത്തിലേക്കു പ്രവേശിക്കുന്നു. വൈക്കം കെ‍ാളുത്തിയ ആ നവോത്ഥാന ദീപം ഇന്നും മഹനീയ ദീപ്തി ചെ‍ാരിയുന്നതുകണ്ട് കൈകൂപ്പുകയാണു കാലം. 

ഒരു നൂറ്റാണ്ട് മുൻപ്, വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കുള്ള പാതകൾക്ക് അതിരിടുന്ന കലുങ്കുകൾക്കുമേൽ തീണ്ടൽപലകകൾ സ്ഥാപിച്ചിരുന്നു. മനുഷ്യൻ മറ്റൊരു മനുഷ്യനെ വിവേചനത്തോടെ കാണാൻ ഇടവരുത്തിയ അയിത്തം എന്ന നികൃഷ്ട സങ്കൽപത്തെയാണ് അതു താങ്ങിനിർത്തിയിരുന്നത്. വിവേചനത്തിന്റെ പലകകൾ നീക്കംചെയ്യാനുള്ള സത്യഗ്രഹം 1924 മാർച്ച് 30നു വൈക്കത്ത് തുടങ്ങിയപ്പോൾ അതേറ്റെടുക്കുകയായിരുന്നു രാജ്യമെങ്ങുമുള്ള ഉൽപതിഷ്ണുക്കൾ. 603 ദിവസം നീണ്ടതും യാതനാപൂർണവുമായിരുന്ന സമരം 1925 നവംബർ 23ന് അവസാനിച്ചു. കല്ലേപ്പിളർക്കുന്ന കൽപനയാണെങ്കിലും ഉള്ളടങ്ങിയത് അനീതിയാണെങ്കിൽ അതിനെ കടപുഴക്കിയെറിയുമെന്നു തെളിയിക്കുകയായിരുന്നു മലയാളനാട്. 

അയിത്തോച്ചാടനം ഉത്തരവാദിത്തമായി 1923ലെ കാക്കിനഡ സമ്മേളനത്തിൽ ഏറ്റെടുത്ത കോൺഗ്രസ് അതിനായി ആദ്യം തിരഞ്ഞെടുത്ത സ്‌ഥലമാണു വൈക്കം. അയിത്തോച്ചാടന പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള പ്രമേയം ആ സമ്മേളനത്തിൽ പാസാക്കാൻ വഴിയെ‍ാരുക്കിയതാകട്ടെ ടി.കെ.മാധവനും. സത്യഗ്രഹത്തിന് 1924 മാർച്ച് 15ന് അനുമതി നൽകിയ മഹാത്മാ ഗാന്ധി ഇങ്ങനെ നിർദേശിച്ചു: ‘അടികൊണ്ടാൽപോലും അക്രമമരുത്’. 1924 സെപ്റ്റംബർ 27നു വൈക്കം സത്യഗ്രഹപ്പന്തൽ സന്ദർശിച്ച് ശ്രീനാരായണഗുരുവും നിർദേശിച്ചു: ‘പ്രത്യാഘാതങ്ങൾ നേരിടണം, തിരിച്ചടിക്കരുത്’. സത്യഗ്രഹികൾ വാക്കിലും പ്രവൃത്തിയിലും അക്രമരാഹിത്യത്തെ ഉയർത്തിപ്പിടിച്ചു. എതിരാളികളുടെ ഗുണ്ടകൾ ആക്രമിച്ചപ്പോൾ സത്യഗ്രഹിയുടെ ധർമം പാലിച്ച്, പീഡനങ്ങൾ ഏറ്റുവാങ്ങി 1924 ഡിസംബർ 13നു 38-ാം വയസ്സിൽ അന്തരിച്ച ചിറ്റേടത്ത് ശങ്കുപ്പിള്ള അങ്ങനെ അയിത്തവിരുദ്ധ പോരാട്ടത്തെ ആത്മബലികെ‍ാണ്ട് ബലപ്പെടുത്തി. 

സത്യഗ്രഹത്തിന്റെ തുടക്കംതന്നെ ജാതിക്കോമരങ്ങളെ ഞെട്ടിച്ചുകൊണ്ടായിരുന്നു. പുലയ സമുദായാംഗമായ കുഞ്ഞപ്പി, ഈഴവ സമുദായത്തിൽ നിന്നുള്ള ബാഹുലേയൻ, നായർ സമുദായാംഗം ഗോവിന്ദപ്പണിക്കർ എന്നീ ചെറുപ്പക്കാരാണ് ആദ്യദിനം അറസ്റ്റ് വരിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ പ്രശസ്തരും അപ്രശസ്തരുമായ എത്രയോ ത്യാഗികൾ അറസ്റ്റ് വരിച്ചു. ഒട്ടേറെപ്പേർ കണ്ണിൽ ചുണ്ണാമ്പു തേക്കുന്നതടക്കമുള്ള കൊടിയ പീഡനങ്ങൾ സഹിച്ചിട്ടുണ്ട്. സവർണജാഥ നടത്തി കാൽനടയായി തിരുവനന്തപുരത്തെത്തി സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിവേദനം തിരുവിതാംകൂർ രാജഭരണാധികാരികൾക്കു കൈമാറിയത് എൻഎസ്എസ് ജനറൽ സെക്രട്ടറി മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിലായിരുന്നു. 

ലോകവും ഭാരതവും എന്നും അദ്ഭുതാദരങ്ങളോടെ കണ്ട മഹദ്‌വ്യക്തികളെ വൈക്കം സത്യഗ്രഹത്തിന്റെ നാൾവഴിയിൽ നമ്മൾ കണ്ടുമുട്ടുന്നു. സത്യഗ്രഹത്തിന്റെ ആയുധമെടുക്കാത്ത പടത്തലവനായ മഹാത്മാഗാന്ധി കേരളത്തിൽ ഏറ്റവും കൂടുതൽ ദിവസം ചെലവഴിച്ചത് വൈക്കത്താണ്. ശ്രീനാരായണഗുരു സാന്നിധ്യവും പിന്തുണയുംകൊണ്ട് അനുഗ്രഹിച്ചു. ജീവിതകാലം മുഴുവൻ ജാതിക്കെതിരെ തീപ്പൊരി ചിതറിച്ച പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കർ ഒന്നിലേറെ തവണ അറസ്റ്റ് വരിച്ചു. സി. രാജഗോപാലാചാരി, വിനോബ ഭാവെ എന്നിങ്ങനെ സത്യഗ്രഹത്തിനെത്തിയവരുടെ പട്ടിക തിളക്കത്തോടെ നീളുന്നു. സത്യഗ്രഹത്തിനുവേണ്ടി ജീവിതം മാറ്റിവച്ച ത്യാഗധനരായ ആയിരക്കണക്കിന് ആളുകളും ഇവർക്കൊപ്പം അമരത്വം കൈവരിച്ചു. ആക്രമണങ്ങളെയും ഭരണകൂട എതിർപ്പുകളെയും മാത്രമല്ല, സത്യഗ്രഹപ്പന്തൽ മുക്കിയ തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കത്തെയും (1924) സമരഭടന്മാർ അതിജീവിച്ചു. 

ജീവിതത്തിന്റെ പുറമ്പോക്കുകളിൽ നിസ്സഹായരായി കഴിയേണ്ടിവന്ന വലിയെ‍ാരു വിഭാഗം ജനതയ്ക്ക് വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രവിജയം ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതുലോകത്തേക്കുള്ള വാതിൽ തുറക്കുകയായിരുന്നു. സഞ്ചാരസ്വാതന്ത്ര്യം ക്ഷേത്ര പ്രവേശനത്തിലേക്കു പരിണമിക്കാനും അധികകാലം വേണ്ടിവന്നില്ല. മാനവവിമോചനത്തിലേക്കുള്ള പടവുകൾ അതിവേഗം ഓടിക്കയറാൻ വൈക്കം സത്യഗ്രഹം കേരളത്തെ പഠിപ്പിച്ചു; ഇന്ത്യയെയും. 

ആ സാമൂഹിക ദശാസന്ധിയിൽ ആവുംവിധം ആവേശം പകരാൻ ‘മലയാള മനോരമ’യും പങ്കുനൽകിയെന്നതു ഞങ്ങൾ വിനയപൂർവം അനുസ്മരിക്കുന്നു. ‘പുലയരുടെ വിദ്യാഭ്യാസം’ എന്ന വിഷയത്തിൽ പത്രത്തിന്റെ ആദ്യ മുഖപ്രസംഗമെഴുതിയ മനോരമ, വൈക്കം സത്യഗ്രഹത്തിനു നൽകിയ പിന്തുണ സ്വയം സ്വീകരിച്ച സാമൂഹിക പരിഷ്കരണ ദൗത്യത്തിന്റെ ഭാഗമായിരുന്നു. ഒട്ടേറെ മുഖപ്രസംഗങ്ങളിലൂടെയും വിശദമായ വാർത്തകളിലൂടെയുമാണ് മനോരമ ആ ചരിത്രവേളയിൽ പങ്കുചേർന്നത്. 

എല്ലാ വിഭിന്നതകൾക്കുമപ്പുറത്തു മനുഷ്യർ ഒരുമയോടെ, ഏകമനസ്സോടെ, സാഹോദര്യത്തോടെ നിലകൊള്ളണമെന്ന് ഓർമിപ്പിക്കുന്ന ഇക്കാലത്ത്, ഈ ശതാബ്ദിയാരംഭം അത്യധികം പ്രസക്തമാകുന്നു. സാമൂഹികമായി കേരളം ഇതിനകം കൈവരിച്ച നേട്ടങ്ങൾക്കെല്ലാം ആധാരശില പാകിയ വിശിഷ്ടദിനങ്ങളിലെ‍‍ാന്നാണത്. തീണ്ടൽപലക മാറ്റുക മാത്രമല്ല, കേരളത്തിന്റെ ഐക്യത്തിനും സമൂഹ പുനർനിർമിതിക്കും അസ്തിവാരമിടുക കൂടിയാണ് വൈക്കം സത്യഗ്രഹം ചെയ്തത്. സമർപ്പിതവും ത്യാഗപൂർണവുമായ പങ്കാളിത്തത്താൽ അമരത്വം കൈവരിച്ച സത്യഗ്രഹികളെയെല്ലാം സമാദരം നമുക്കോർമിക്കാം. ജാതിമതഭാഷാ ദേശാതിവർത്തിയായ വിശ്വമാനവികതയെ ഹൃദയത്തിലേക്കും കർമത്തിലേക്കും ഏറ്റുവാങ്ങാം.

English summary : History of Vaikom Sathyagraha 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com