ADVERTISEMENT

ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലുള്ളവർ ഇപ്പോൾ അനുഭവിക്കുന്ന ആശങ്കയുടെ ആഴമേറെയാണ്. ആ ആശങ്കയുടെ പേര് അരിക്കെ‍ാമ്പൻ എന്നാണെന്ന് ഇപ്പോൾ കേരളത്തിനു മുഴുവനുമറിയാം. അരിക്കൊമ്പനെ ഈ ഘട്ടത്തിൽ പിടികൂടി ആനക്യാംപിൽ ഇടുന്നതു ഹൈക്കോടതി തടഞ്ഞതോടെ പ്രശ്നം പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നു. ആന ജനവാസമേഖലയിൽ കടക്കുന്നതു തടയാനുള്ള നടപടിയാണു സ്വീകരിക്കേണ്ടതെന്നു പറഞ്ഞ കോടതി, പ്രശ്നത്തിൽ ഉപദേശം നൽകാനായി അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിച്ചതോടെ ഇതു സംബന്ധിച്ച അനിശ്ചിതത്വം ഇനിയും നീളുമോ എന്ന ആശങ്കയിലാണു നാട്ടുകാർ. 

അരിക്കൊമ്പൻ 18 വർഷത്തിനിടെ 180 കെട്ടിടങ്ങൾ തകർത്തതായും വീടുകൾ തകർന്നുവീണ് 30 പേർക്കു പരുക്കേറ്റതായും വനംവകുപ്പ് കണക്കുകൾ പറയുന്നു. ഈ പ്രദേശത്തെ രണ്ടു റേഷൻ കടകൾ മുപ്പതോളം തവണയാണ് കൊമ്പൻ തകർത്ത് അരി തിന്നത്. ദശാബ്ദങ്ങളായി നാട്ടുകാർ അനുഭവിച്ചുവരുന്ന കാട്ടാനക്കലിയുടെ ഒടുവിലത്തെ പേരാണ് അരിക്കെ‍ാമ്പന്റേത്. കാരണം, ചിന്നക്കനാലും പരിസരമേഖലകളും നേരിട്ട കാട്ടാനയാക്രമണത്തിന്റെ ചരിത്രത്തിനു കുടിയേറ്റത്തോളംതന്നെ പഴക്കമുണ്ട്. ദേവികുളം റേഞ്ചിനു കീഴിൽ മാത്രം 44 ജീവനാണ് ഇതിനിടെ കാട്ടാനയാക്രമണത്തിൽ നഷ്ടമായത്. 

വനം വകുപ്പിന്റെ എതിർപ്പു മറികടന്ന്, ഭൂരഹിതരായ ആദിവാസി കുടുംബങ്ങളെ 2002-2003ൽ 301 എന്ന കോളനിയിലുൾപ്പെടെ കുടിയിരുത്തിയതുമുതൽ കാട്ടാനശല്യവും വന്യമൃഗ ആക്രമണവും ഇവരുടെ ഉറക്കം കെടുത്തിത്തുടങ്ങി. ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനൊപ്പം കാട്ടാനശല്യവും കൂടിയായതോടെ കഴി‍ഞ്ഞ 10 വർഷത്തിനിടെ ഒട്ടേറെ കുടുംബങ്ങൾ വീടും കൃഷിയും ഉപേക്ഷിച്ചുപോകാൻ നിർബന്ധിതരായിട്ടുണ്ട്. ശേഷിക്കുന്ന കുടുംബങ്ങളിലുള്ളവരാകട്ടെ പോകാൻ മറ്റിടങ്ങളില്ലാത്തവരാണ്. 

ഒരു ദിവസത്തെ പ്രതിഷേധത്തിന്റെ ഫലമല്ല അരിക്കൊമ്പനെ കൂട്ടിലാക്കാനുള്ള വനംവകുപ്പു നീക്കം. 2017ലും 2021ലും കാട്ടാനയെ പിടികൂടാനുള്ള തീരുമാനം വന്നെങ്കിലും നടപ്പാക്കാൻ സാധിച്ചിരുന്നില്ല. പുതിയ സാഹചര്യത്തിൽ, ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായിവരികയാണ്. ഇന്നലെ നടന്ന ഹർത്താലിൽ കക്ഷിരാഷ്ട്രീയഭേദമന്യേ ഏറെപ്പേർ കൈകോർക്കുകയുണ്ടായി. അരിക്കൊമ്പന്റെ ശല്യം 301 കോളനിയിൽ മാത്രം ഒതുങ്ങുന്നതല്ല. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ പല മേഖലകളിലേക്കും ഈ കാട്ടാന കടന്നുചെല്ലാറുണ്ട്. ആളുകളെ ഒഴിപ്പിച്ച് കാട്ടാനശല്യത്തിനു പരിഹാരം കാണാനാണെങ്കിൽ ഇൗ മേഖലകളിലെ ആയിരക്കണക്കിനു കുടുംബങ്ങളെ കുടിയിറക്കേണ്ടിവരും. ഇതെ‍ാരു പ്രായോഗിക പരിഹാരമാണോ എന്ന സംശയം ന്യായം. തങ്ങളുടെ അഭിപ്രായംകൂടി കേട്ടശേഷം വിദഗ്ധസമിതി റിപ്പോർട്ട് തയാറാക്കി കോടതിയിൽ സമർപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. 

കഴിഞ്ഞ 10 വർഷത്തിനിടെ ഇടുക്കി ജില്ലയിൽ വന്യജീവി ആക്രമണം  തടയാനായി 9 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ചിന്നക്കനാലിൽ പുതിയ കർമപദ്ധതിക്കായി ഈയിടെയും 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഫെൻസിങ്, ട്രഞ്ച്, എസ്എംഎസ് അലർട്ട്, ദ്രുത പ്രതികരണ സേനയുടെ സേവനം തുടങ്ങിയ പദ്ധതികളാണ് വനം വകുപ്പു നടപ്പാക്കിയത്. എന്നാൽ, ഇതിലേതെങ്കിലുമെ‍ാന്ന് കൃത്യമായി നടപ്പാക്കിയിരുന്നെങ്കിൽ അരിക്കൊമ്പനെപ്പോലുള്ള കാട്ടാനകൾ തങ്ങളുടെ വാസസ്ഥലത്തെത്തി അക്രമം കാണിക്കില്ലായിരുന്നുവെന്നാണു നാട്ടുകാർ പറയുന്നത്.

കേരളത്തിൽ വനമേഖലയോടു ചേർന്ന ജനവാസകേന്ദ്രങ്ങളിൽ തുടരെയുണ്ടാവുന്ന കാട്ടാന ആക്രമണങ്ങൾ നാടിന്റെ സ്വസ്ഥത കവരുന്നു. അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തു കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 105 പേരാണെന്ന് ഓർമിക്കാം. ഈ വർഷമാദ്യം, റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന തമിഴ്നാട്ടിൽനിന്നു വനത്തിലൂടെ വയനാട് ബത്തേരി പട്ടണത്തിലെത്തിയിട്ടും അക്രമം നടന്നതിനുശേഷം മാത്രമാണു വനംവകുപ്പിനു തളയ്ക്കാനായത്. പാലക്കാട് മലമ്പുഴ മേഖലയിൽ 20–25 കാട്ടാനകളാണ് ഒരേസമയം കൂട്ടത്തോടെ ഇറങ്ങുന്നത്. ഇത്തരത്തിൽ, സംസ്ഥാനത്തെ മിക്ക വനയോര മേഖലകളും കാട്ടാനഭീതിയിലാണ്. 

കാടിറങ്ങി വരുന്ന ഭീഷണിയെപ്പേടിച്ചു നമ്മുടെ മലയോര മേഖല ഉറക്കംകളയുമ്പോൾ പരിഹാരം കാണാൻ സർക്കാർ ഇനിയും വൈകരുത്. അരിക്കെ‍ാമ്പന്റെ ഭീതിയിൽനിന്നു നാട്ടുകാർക്കു മോചനമുണ്ടാവുകതന്നെ വേണം.

English Summary: Editorial about catching wild elephant Arikomban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com