ADVERTISEMENT

അവധിക്കാലവും ആഘോഷവേളകളും സാധാരണ ഉല്ലാസകാലമാണെങ്കിലും മറുനാട്ടിലുള്ള മലയാളികളെ സംബന്ധിച്ചിടത്തോളം ഇതു യാത്രാക്ലേശത്തിന്റെയും ബസും വിമാനവുമെ‍ാക്കെ ചേർന്നുള്ള പിഴിച്ചിലിന്റെയും കഠിനകാലമാണ്. ഈസ്റ്ററിനും വിഷുവിനും  ഈദുൽ ഫിത്റിനും അയൽ സംസ്ഥാനങ്ങളിൽനിന്നു നാട്ടിലേക്കു വരാനിരിക്കുന്ന മലയാളികളിൽനിന്നു ബസുകൾ ഇത്തവണയും വൻനിരക്കാണ് ഈടാക്കുന്നത്. ഗൾഫിലേക്കുള്ള യാത്രക്കാർക്കാകട്ടെ, ആവശ്യക്കാർ വർധിക്കുമ്പോൾ യാത്രക്കൂലി പരമാവധി ഉയർത്തുന്ന വിമാനക്കമ്പനികളുടെ പതിവുതന്ത്രം ഇത്തവണയും നിസ്സഹായതയോടെ സഹിക്കേണ്ടിവരുന്നു. 

അവധിക്കാലത്തു നാട്ടിലെത്തുകയെന്നത് മറുനാട്ടിലുള്ള ഏതു മലയാളിയുടെയും ആഗ്രഹമാണ്. എന്നാൽ, റോക്കറ്റ്പോലെ കുതിച്ചുയരുന്ന വിമാനനിരക്കും ട്രെയിനുകളുടെ കുറവും ആ ആഗ്രഹത്തിനു മങ്ങലേൽപിക്കുന്നു. ഏറ്റവും കൂടുതൽപേർ ബസ് സർവീസുകളെ ആശ്രയിക്കുന്നതു ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കാണ്. ഇത്തവണയും വിഷുക്കാലത്ത് ബെംഗളൂരുവിൽനിന്നു നാട്ടിലേക്കു സ്വകാര്യ ബസുകളിൽ ടിക്കറ്റെടുക്കുന്നവരുടെ കൈ പൊള്ളും. ഈസ്റ്റർ – വിഷു സീസണിൽ സ്വകാര്യ ബസ് നിരക്കിലെ വർധന 60–90% ആണ്. ചെന്നൈ, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽനിന്നു കേരളത്തിലേക്കുള്ള ട്രെയിനുകളിലും അവധിക്കുശേഷമുള്ള മടക്ക ട്രെയിനുകളിലും ടിക്കറ്റില്ല. 

പ്രവാസികളും കടുത്ത യാത്രാദുരിതത്തിലാണ്. കേരളത്തിൽ മധ്യവേനലവധി തുടങ്ങിയതോടെ ഇവിടെനിന്നു ഗൾഫിലേക്കുള്ള വിമാനനിരക്ക് പലമടങ്ങു വർധിച്ചു. മേയ് പകുതിവരെ ഇതേ നിരക്കിലാണ് സർവീസ്. 4 പേരടങ്ങിയ കുടുംബത്തിനു യാത്ര ചെയ്യണമെങ്കിൽ ഒരു വശത്തേക്കുമാത്രം ടിക്കറ്റ് ചെലവ് രണ്ടു ലക്ഷം രൂപയ്ക്കടുത്തു വരും. യുഎഇയിൽ ഇപ്പോൾ അവധിക്കാലമല്ലാത്തതിനാൽ അവിടെനിന്നു കേരളത്തിലേക്കുള്ള പ്രവാസികളുടെ യാത്ര കുറവാണ്.

രണ്ടു വയസ്സു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് അടിസ്ഥാന നിരക്കിൽ അനുവദിച്ചിരുന്ന 25% ഇളവ് എയർ ഇന്ത്യ എക്സ്പ്രസ് പിൻവലിക്കുകയും ചെയ്തു. സീസൺ സമയത്ത് അഞ്ചിരട്ടി വരെ നിരക്കുവർധന നേരിടുന്ന പ്രവാസികൾക്ക് ഇത് ഇരട്ട പ്രഹരമായി. സീസൺ സമയത്ത് യാത്രക്കാരുടെ തിരക്കനുസരിച്ചു വിമാന സർവീസ് ഇല്ലെന്നതും നിരക്കുവർധനയ്ക്കു കാരണമായി പറയാം. പിൻവലിച്ച എയർ ഇന്ത്യ വിമാനങ്ങൾക്ക് ആനുപാതികമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സർവീസ് നടത്താത്തതും സീറ്റ് ദൗർലഭ്യം രൂക്ഷമാക്കുന്നു. 

കേരളത്തിലേക്കു ചാർട്ടേഡ് ഫ്ലൈറ്റുകളും അധികം വിമാനങ്ങളും ഏർപ്പെടുത്തുന്നതിനുള്ള അനുമതി വേഗത്തിലാക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചിരിക്കുകയാണ്. ഈ മാസം രണ്ടാം വാരം മുതൽ ഫ്ലൈറ്റുകൾ ഏർപ്പെടുത്തുകയാണു ലക്ഷ്യമെന്നു പറയുന്നു. വിമാനനിരക്ക് കുത്തനെ ഉയരുമ്പോൾ ചാർട്ടേഡ് വിമാനങ്ങൾ തുടങ്ങാനുള്ള ശ്രമം പ്രതീക്ഷ പകരുന്നുണ്ട്. എന്നാൽ, വിമാനങ്ങൾ ആരു നൽകുമെന്ന ചോദ്യം പ്രസക്തമാകുന്നു. ഗൾഫിൽനിന്ന് ഏറ്റവും കൂടുതൽ ചാർട്ടേഡ് സർവീസ് നടന്നതു കോവിഡ് കാലത്താണ്. അന്നു സാധാരണ സർവീസുകൾ ഇല്ലാതിരുന്നതിനാൽ ആവശ്യത്തിനു വിമാനങ്ങൾ ലഭ്യമായിരുന്നു. ഇന്നു സ്ഥിതി അതല്ല. എല്ലാ കമ്പനികളും അവരുടെ സർവീസുകൾ പൂർണമായും പുനരാരംഭിച്ചു. 

ഈ ആഘോഷ സീസണിൽ അമിത നിരക്ക് ഈടാക്കുന്ന സംസ്ഥാനാന്തര ബസുകൾക്കെതിരെ കർശന നടപടിക്കായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത് നല്ലതുതന്നെ. സംസ്ഥാനാന്തര ബസുകളിൽ ഭീമമായ നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇന്നലെ അടിയന്തര യോഗം ചേർന്നത്. ഓരോ വർഷവും അവധിക്കാലത്ത് മറുനാട്ടിലുള്ള മലയാളികൾ അനുഭവിക്കുന്ന യാത്രാക്ലേശത്തിനു ശാശ്വത പരിഹാരമുണ്ടാവുകതന്നെ വേണം. ഇതിനായി കേന്ദ്ര– സംസ്ഥാന സർക്കാരുകൾ ആത്മാർഥതയോടെ പ്രായോഗികവഴികൾ തേടേണ്ടതുണ്ട്.

English Summary : Editorial about interstate traveling charge hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com