ADVERTISEMENT

മൺസൂൺ മഴയിൽ ശുചിമുറി മാലിന്യം വന്നടിയുന്നതുമൂലം വേമ്പനാട്ടുകായലിൽ ഇ– കോളി ബാക്ടീരിയയുടെ സാന്നിധ്യം ആയിരക്കണക്കിനു മടങ്ങ് വർധിക്കുന്നുവെന്നു പഠന റിപ്പോർട്ടുകൾ. കായലിനെ ആശ്രയിക്കുന്ന മേഖലകളിൽ വ്യാപകമായ തോതിൽ വയറിളക്ക രോഗങ്ങൾക്ക് ഇതു കാരണമാകുന്നു.

മഴക്കാലത്തു കായലിലെ ഇ– കോളി ബാക്ടീരിയയുടെ അളവ് അനുവദനീയമായതിന്റെ 3950 മടങ്ങു വരെ കൂടുന്നുവെന്നു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി (എൻഐഒ), കേരള മത്സ്യ സമുദ്ര പഠന സർവകലാശാല (കുഫോസ്), കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം (സിഎംഎഫ്ആർഐ) തുടങ്ങിയ സ്ഥാപനങ്ങൾ ചേർന്നു 2018– 2020 കാലത്തു നടത്തിയ പഠനത്തിൽ കണ്ടെത്തി. ഒരു മില്ലി ലീറ്റർ വെള്ളത്തിൽ 5 കോളനി ഇ– കോളി ബാക്ടീരിയയാണ് അനുവദനീയം. എന്നാൽ, 2018ലെ തെക്കു പടിഞ്ഞാറൻ മൺസൂൺ കാലത്ത് (ജൂൺ– ജൂലൈ) വേമ്പനാട്ടുകായലിൽ ഇത് 19,773 കോളനി വരെയായി ഉയർന്നു.

മഴക്കാലത്ത് വേമ്പനാട്ടുകായലിലെ ഇ– കോളി ബാക്ടീരിയയുടെ സാന്നിധ്യവും എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ വയറിളക്ക രോഗങ്ങൾ കൂടുന്നതും തമ്മിൽ ബന്ധമുണ്ട്. 2018 ജൂലൈയിൽ ഏകദേശം 4000 കേസുകളാണു റിപ്പോർട്ട് ചെയ്തതെങ്കിൽ ഡിസംബർ ആയപ്പോഴേക്കും 2800 കേസുകളായി കുറഞ്ഞു. കോവിഡ് ലോക്ഡൗൺ ഏർപ്പെടുത്തിയ 2020 മേയിൽ ഇത് 2000 കേസായി താഴ്ന്നു.

മഴക്കാലത്തു ഭൂഗർഭ ജലനിരപ്പ് ഉയരുമ്പോൾ സെപ്റ്റിക് ടാങ്കുകളിൽ വെള്ളം നിറയും. ഇതുവഴി ശുചിമുറി മാലിന്യം വെള്ളത്തിൽ കലർന്നൊഴുകി കായലിലെത്തും. 2018 ഓഗസ്റ്റിൽ പ്രളയം രൂക്ഷമാകുന്നതിനു മുൻപുതന്നെ വേമ്പനാട്ടുകായലിൽ ഇ– കോളി ബാക്ടീരിയയുടെ അളവ് ഏറ്റവും ഉയർന്നിരുന്നു. മഴക്കാലത്ത് കായൽജലത്തിൽ ചൂടും ലവണാംശവും കുറയുന്നതും ബാക്ടീരിയയ്ക്കു വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു.

ഇ– കോളി ബാക്ടീരിയകൾക്ക് ആന്റിബയോട്ടിക് പ്രതിരോധശേഷി

കായലിൽ ശുചിമുറി മാലിന്യമെത്തുന്നത് അപകടകരമായ തോതിൽ കൂടുന്നതു മൂലം ഇ– കോളി ബാക്ടീരിയകൾക്ക് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷി ലഭിക്കുന്നുവെന്നും പഠനത്തിൽ പറയുന്നു. ശുചിമുറി മാലിന്യത്തിലൂടെ ആന്റിബയോട്ടിക് പ്രതിരോധ ശേഷിയുള്ള ബാക്ടീരിയകളും ജീനുകളും നമ്മൾ കഴിക്കുന്ന ആന്റിബയോട്ടിക്കുകളുടെ അവശിഷ്ടങ്ങളും കായലിലെത്തും. ബാക്ടീരിയകൾക്കിടയിൽ ജീൻ കൈമാറ്റത്തിനുള്ള ഇടമായി ജലാശയങ്ങൾ പ്രവർത്തിക്കുകയും ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള കൂടുതൽ ബാക്ടീരിയകളെ സൃഷ്ടിക്കാൻ ഇടയാക്കുകയും ചെയ്യുമെന്ന് ഡോ. അനസ് അബ്ദുൽ അസീസ് (എൻഐഒ), ഡോ.നന്ദിനി മേനോൻ (നാൻസെൻ എൻവയൺമെന്റൽ റിസർച് സെന്റർ), ഡോ.ഗ്രിൻസൻ ജോർജ് (സിഎംഎഫ്ആർഐ), ഡോ. ശുഭ സത്യേന്ദ്രനാഥ് (പ്ലിമത്ത് മറൈൻ ലബോറട്ടറി, യുകെ.) തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പഠനം പറയുന്നു.

വേമ്പനാട്ടുകായലിൽ നടത്തിയ പഠനത്തിൽ ഇ– കോളി ബാക്ടീരിയകൾക്ക് 12 ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നു കണ്ടെത്തി. വ്യാപകമായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കായ എരിത്രോമൈസിനെ ഇ– കോളി ബാക്ടീരിയകളിൽ ഭൂരിഭാഗവും പ്രതിരോധിക്കും.

തണ്ണീർമുക്കം ബണ്ട് കായലിനെ തകർത്തെന്നു വിദഗ്ധർ

നികത്തൽ സർക്കാർ– സ്വകാര്യ മേഖലകളിൽ
ഡോ. ബി. മധുസൂദനക്കുറുപ്പ് (മുൻ വൈസ് ചാൻസലർ, കേന്ദ്ര മത്സ്യ– സമുദ്ര പഠന സർവകലാശാല)

വേമ്പനാട്ടുകായലിന്റെ വിസ്തൃതിയിൽ 60 ശതമാനത്തിലേറെയും ആഴത്തിൽ 70 ശതമാനത്തിലേറെയും ശോഷണം നേരിട്ടതു ഗൗരവമായി കാണണം. സർക്കാർ– സ്വകാര്യ മേഖലകളിൽ കായൽ നികത്തിയതുവഴി വിസ്തൃതി അനുദിനം കുറഞ്ഞുവരുന്നു. നദീതടങ്ങളിലെ വർധിച്ച കൃഷിരീതി മൂലം കായലിൽ നിക്ഷേപിക്കുന്ന ചെളിയുടെ തോതു വർധിക്കുകയും തോട്ടപ്പള്ളി സ്പിൽവേയുടെ കാര്യക്ഷമത 30% താഴെ മാത്രമാകുകയും ചെയ്തതിനാൽ എക്കൽ അടിയുന്ന പ്രക്രിയയ്ക്കു വേഗം കൂടി.

കായലിൽ തള്ളുന്ന ജൈവ– അജൈവ മാലിന്യങ്ങളുടെ അളവും കൂടി വരുന്നു. മത്സ്യ ഇനങ്ങൾ 150ൽ നിന്നു നൂറിൽ താഴെയായി. വാണിജ്യ പ്രാധാന്യമുള്ള മീനുകളുടെ കുഞ്ഞുങ്ങളെ വ്യാവസായികാടിസ്ഥാനത്തിൽ കായലിൽ നിക്ഷേപിച്ചു മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. തണ്ണീർമുക്കം ബണ്ട് വർഷത്തിൽ മൂന്നു മാസം മാത്രമേ അടയ്ക്കാൻ പാടുള്ളൂ എന്നു വൈദ്യനാഥൻ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. ബണ്ട് അടച്ചിടുന്ന സമയം ജനുവരി മുതൽ ഏപ്രിൽ വരെയാക്കി കുട്ടനാട് നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണണം. തോട്ടപ്പള്ളി സ്പിൽവേയുടെ പോരായ്മ പരിഹരിച്ച് അനുബന്ധ കനാലുകൾ നവീകരിക്കണം.

madhusuthan
ഡോ.ബി.മധുസൂദനകുറുപ്പ്

ചില പരിഹാര നിർദേശങ്ങൾ
∙ നദീതടങ്ങളിലെ കൃഷിക്കു ശക്തമായ നിയന്ത്രണം ഏർപ്പെടുത്തണം
∙ അടിത്തട്ടിലെ എക്കൽ സമയബന്ധിതമായി നീക്കണം
∙ മാലിന്യം തള്ളൽ തടയാൻ തദ്ദേശസ്ഥാപനങ്ങൾ നടപടിയെടുക്കണം

കായലിനെ രക്ഷിക്കാൻ ‘റിവൈവൽ’ പദ്ധതി
ഡോ.നന്ദിനി മേനോൻ (പ്രിൻസിപ്പൽ സയന്റിസ്റ്റ്, നാൻസെൻ എൻവയൺമെന്റൽ റിസർച് സെന്റർ, കുഫോസ്)

വേമ്പനാട്ടുകായൽ നേരിടുന്ന വിവിധ മലിനീകരണങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ പലതും നടന്നിട്ടുണ്ട്. പരിഹാരങ്ങൾക്കാണ് ഇനി ഊന്നൽ നൽകേണ്ടത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി (എൻഐഒ), യുകെയിലെ പ്ലിമത്ത് മറൈൻ ലബോറട്ടറി, കുഫോസിലെ നാൻസെൻ എൻവയൺമെന്റൽ റിസർച് സെന്റർ, സിഎംഎഫ്ആർഐ എന്നിവരടങ്ങുന്ന സംഘം കായലിന്റെ മാലിന്യപ്രശ്നത്തിനു ശാശ്വതപരിഹാരം ലക്ഷ്യമിട്ടുള്ള പദ്ധതികൾ തുടങ്ങിക്കഴിഞ്ഞു. ‘റിവൈവൽ’ എന്ന പദ്ധതിയിൽ കായലിനെ സംരക്ഷിക്കാനുള്ള മാർഗങ്ങളാണ് നടപ്പാക്കുന്നത്.

ജനങ്ങളെക്കൂടി ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾകൊണ്ടേ ഗുണമുണ്ടാകൂ എന്ന തിരിച്ചറിവിൽ നിന്നാണ് ‘സിറ്റിസൻസ് സയൻസ് നെറ്റ്‌വർക്കി’നു രൂപം കൊടുത്തിട്ടുള്ളത്. ജലത്തിന്റെ നിറവും തെളിമയും അളക്കാനുള്ള ചെറിയ ഉപകരണവും ഇതിന്റെ വിവരങ്ങൾ രേഖപ്പെടുത്താനുള്ള മൊബൈൽ ആപ്ലിക്കേഷനുമാണ് ഈ പദ്ധതി വഴി ജനങ്ങൾക്കു നൽകുന്നത്. ഇതുപയോഗിച്ച് സാധാരണക്കാരനു തന്നെ വെള്ളം പരിശോധിക്കാം. ആ വെള്ളം എന്തൊക്കെ കാര്യങ്ങൾക്ക് ഉപയോഗിക്കാം എന്ന കാര്യങ്ങൾ ആപ്പ് വഴി മനസ്സിലാക്കാം. .

nandhini
ഡോ.നന്ദിനി മേനോൻ

ചില പരിഹാര നിർദേശങ്ങൾ
∙ പൊതുജന ഇടപെടലിലൂടെയേ കായലിനെ രക്ഷിക്കാനാകൂ. അതിനുള്ള നടപടികൾ ശക്തമാക്കണം
∙ കായലിൽ പ്ലാസ്റ്റിക് തള്ളുന്ന ശീലം മാറണം, മനോഭാവം മാറ്റണം.

കയ്യേറ്റം അനാഥമാക്കിയ കായൽ
ഡോ.പി.കെ.ദിനേശ്കുമാർ (ദേശീയ തീരപരിപാലന അതോറിറ്റി വിദഗ്ധ അംഗം, ചീഫ് സയന്റിസ്റ്റ്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി)

3 ജില്ലകളെ നേരിട്ടും വ്യത്യസ്തമായ സാമ്പത്തിക പ്രവർത്തനങ്ങളെ നിർണായകമായും സ്വാധീനിക്കുന്ന ആവാസ വ്യവസ്ഥയാണു വേമ്പനാട്ടുകായൽ. ഇതിലേക്ക് എത്തിച്ചേരുന്ന നദികളും അതിന്റെ നീരൊഴുക്കു പ്രദേശങ്ങളും ചേർന്നാൽ കേരളത്തിന്റെ മൂന്നിലൊന്നോളം വരും. എന്നാൽ, ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട ജലാശയമായി മാറി വേമ്പനാട്ടുകായൽ. 2011ലെ തീരദേശ നിയന്ത്രണ വിജ്ഞാപനപ്രകാരം വേമ്പനാട്ടുകായൽ അതിലോല തീരപ്രദേശമാണ്. തണ്ണീർമുക്കം ബണ്ട് നിർമിതി മുതൽ കയ്യേറ്റങ്ങളും നികത്തലുകളും ഭൂവിനിയോഗത്തിൽ വന്ന വൻമാറ്റങ്ങളുമാണു പ്രശ്നം ഇത്രയും രൂക്ഷമാക്കിയത്.

dineshkumar
ഡോ.പി.കെ.ദിനേശ്കുമാർ

നികത്തൽ മൂലം ആഴത്തിലും പരപ്പിലുമുണ്ടായ കുറവാണു വലിയ തിരിച്ചടി. തീരദേശ, തണ്ണീർത്തട സംരക്ഷണ നിയമങ്ങൾ നടപ്പാക്കുന്നത് ഇന്ന് 9 വകുപ്പുകളുടെ നിയന്ത്രണത്തിലാണ്. ഈ വകുപ്പുകളുടെ ഏകോപനക്കുറവ് ഈ ജലാശയത്തിന്റെ നാശത്തിൽ പ്രധാന ഘടകമാണ്.

വേമ്പനാട്ടുകായലിനെ വീണ്ടെടുക്കാനുള്ള പോരാട്ടം തുടങ്ങേണ്ടത് ഉപഗ്രഹ സർവേ നടത്തിയാണ്. സർവേയുടെ അടിസ്ഥാനത്തിൽ അളന്ന് അതിരിടണം. തീരദേശ നിയമപ്രകാരം കരുതൽ മേഖലകൾ കണ്ടെത്തി തിരിക്കണം.

ചില പരിഹാര നിർദേശങ്ങൾ
∙ ശാസ്ത്രജ്ഞരും ജനങ്ങളും വിദ്യാർഥികളും ചേർന്നുള്ള ശാസ്ത്ര അവബോധ പരിപാടികൾ നടത്തണം.
∙ കായൽ തീരങ്ങളിലെ 50 മീറ്റർ സർക്കാർ സ്വത്തായി പ്രഖ്യാപിക്കണം.
∙ കായലിന്റെയും നദിയുടെയും തീരങ്ങളിൽ പുതിയ വ്യവസായശാലകൾക്ക് അനുമതി നൽകരുത്.

ഏകോപിത പരിഹാര പദ്ധതി വേണം
പ്രഫ. ബിജോയ് നന്ദൻ (ഡീൻ, ഫാക്കൽറ്റി ഓഫ് മറൈൻ സയൻസസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല)

വേമ്പനാട്ടുകായലിൽ എക്കൽ അടിഞ്ഞുകൂടിയുള്ള പ്രശ്നം നേരിടുന്നത് മത്സ്യമേഖല മാത്രമല്ല. കൃഷി, ജലവിഭവം, ജലസേചനം, വിനോദസഞ്ചാരം, മണൽഖനനം തുടങ്ങിയ മേഖലകളെക്കൂടി ബാധിക്കുന്നുണ്ട്. അതിനാൽ പരിഹാരത്തിനായി ഈ മേഖലകളെയും ഉൾപ്പെടുത്തി ബൃഹത്തായ പദ്ധതി നടപ്പാക്കണം.

bijoy
പ്രഫ. ബിജോയ് നന്ദൻ

എക്കൽ നിക്ഷേപം (മണൽ,ചെളി), കായൽ കയ്യേറ്റം, പായലിന്റെ വ്യാപനം, പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ എന്നിവ മൂലം കായൽ ചുരുങ്ങുന്നതു തടയാനും വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനും കായലിന് നിശ്ചിത ആഴം നിശ്ചയിക്കുന്നതിനും അതിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ശാസ്ത്രീയ നടപടി വേണം. ജലശാസ്ത്രപരമായ കായലിലെ മാറ്റങ്ങൾ, കായലിലേക്കുള്ള 10 നദികളിലെയും പോഷകനദികളിലെയും കായലിലെയും ഒഴുക്ക് എന്നിവ പഠിച്ചായിരിക്കണം തടാകത്തിലെ എക്കൽ പ്രദേശങ്ങൾ നിർവചിക്കുന്നത്. ജലത്തിന്റെ ഗുണനിലവാരം, അജൈവ പോഷകങ്ങൾ, ലവണാംശത്തിലെ മാറ്റങ്ങൾ, എക്കൽ നിലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തത്സമയ നിരീക്ഷണം നടത്തി വിവരങ്ങൾ പൊതുജനങ്ങൾക്ക് കായൽ പരിപാലനത്തിനായി ലഭ്യമാക്കണം. വൃശ്ചിക വേലിയേറ്റം കൊച്ചി നഗരത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം പൂർത്തിയായതിനു ശേഷം തീവ്രമായത് എങ്ങനെയെന്നു കണ്ടെത്താനും ശാസ്ത്രീയ പഠനം നടത്തണം.

ചില പരിഹാര നിർദേശങ്ങൾ
∙ എക്കൽ മാലിന്യം ജിഐഎസ് അടിസ്ഥാനമാക്കിയുള്ള നിരീക്ഷണവും മാപ്പിങ്ങും വഴി നിയന്ത്രിക്കണം.
∙ തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ പ്രവർത്തനം ഗൗരവമായി അവലോകനം ചെയ്യണം

തടാകമാക്കി; കായലിനെ അപകടത്തിലാക്കി
ഡോ.കെ.ജി.പത്‌മകുമാർ (ഡയറക്ടർ, രാജ്യാന്തര കായൽകൃഷി ഗവേഷണ കേന്ദ്രം, കുട്ടനാട്)

തണ്ണീർമുക്കം ബണ്ട് കെട്ടി തടാകമാക്കി മാറ്റിയതാണു കായലിന്റെ ജീർണതയ്ക്കു പ്രധാന കാരണം. 1974ൽ ബണ്ട് നിർമിച്ചത് നെൽക്കൃഷി വർധിപ്പിക്കാനാണ്. ബണ്ട് വരുംമുൻപ് 34 ശതമാനമായിരുന്ന നെൽക്കൃഷി 16 ശതമാനമായി കുറഞ്ഞെന്നാണു കണക്ക്.

padmakumar
ഡോ.കെ.ജി.പത്‌മകുമാർ

ഒരു വർഷം 13,000 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണു മഴയിലൂടെ വേമ്പനാട്ടുകായലിലെത്തുന്നത്. ഇതു കായലിനെ കഴുകി വൃത്തിയാക്കുന്നുണ്ട്. എന്നാൽ, പ്രകൃതിദത്തമായ വേലിയേറ്റ–വേലിയിറക്കങ്ങളെ ബണ്ട് കെട്ടി തടഞ്ഞതിലൂടെ ഈ കഴുകി വൃത്തിയാക്കൽ ഇല്ലാതായി. മഴക്കാലത്തു കായലിലെത്തുന്ന വെള്ളം അഞ്ചു ദിവസംകൊണ്ടാണു കടലിലെത്തുന്നത്. വെള്ളം കെട്ടിക്കിടക്കുന്നതിലൂടെ എക്കൽ കായലിൽ തന്നെ അടിയുന്നു. അങ്ങനെ കായലിന്റെ ആഴം കുറയുന്നു. കായലിനോടു ചേർന്നുള്ള കോട്ടയം, ചങ്ങനാശേരി, ആലപ്പുഴ നഗരങ്ങളിലൊന്നും ശാസ്ത്രീയമായ മാലിന്യ സംസ്കരണ കേന്ദ്രങ്ങളില്ല. ഇവിടെനിന്നെല്ലാമുള്ള മാലിന്യം വന്നടിയുന്നത് കായലിലാണ്.

മത്സ്യം പിടിക്കുന്നവർ, കക്ക വാരുന്നവർ, കട്ട കുത്തുന്നവർ, കരിമീൻ പിടിക്കുന്നവർ, ടൂറിസം ബോട്ടുകളിലുള്ളവർ... ഇങ്ങനെ സദാസമയവും മനുഷ്യർ ജീവിക്കുന്ന ഇടമാണു വേമ്പനാട്ടുകായൽ. എന്നിട്ടും സെപ്റ്റിക് ടാങ്ക് മാലിന്യം അടക്കം കായലിൽ തള്ളുന്നുവെന്നതു പ്രതിഷേധാർഹമാണ്. 2010 മുതൽ 2022 വരെ കുട്ടനാട് കായൽകൃഷി ഗവേഷണ കേന്ദ്രവും കുമരകം മേഖല കാർഷിക ഗവേഷണ കേന്ദ്രവും നടത്തിയ പഠനങ്ങൾ സർക്കാരിനു സമർപ്പിച്ചതാണ്. തുടർപ്രവർത്തനങ്ങൾ ഒട്ടും നടന്നില്ല.

ചില പരിഹാര നിർദേശങ്ങൾ
∙ അച്ചടക്കമുള്ള കൃഷി വരണം. കൃത്യസമയത്താവണം കൃഷിയിറക്കൽ.
∙ തണ്ണീർമുക്കം ബണ്ട് അടച്ചിടുന്നതിന്റെ കാലദൈർഘ്യം പരമാവധി കുറയ്ക്കണം.
∙ കായൽ സംരക്ഷണത്തിനായി പ്രത്യേക ഭരണസംവിധാനം വേണം.

Content Highlight: Microplastic pollution in Vembanad Lake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com