കഥ കേള്‍ക്കാന്‍ വിളിച്ചത് ലഹരിയുടെ മൂര്‍ധന്യത്തില്‍; 18 മാസമായിട്ടും 'ഉണരാത്ത' താരം

HIGHLIGHTS
  • മലയാളത്തിൽ ഈ വർഷം ഇറങ്ങിയ 75 സിനിമകളിൽ ലാഭമുണ്ടാക്കിയത് ഒരേയൊരെണ്ണം മാത്രം. നാലുമാസംകൊണ്ട് 300 കോടി രൂപയുടെ നഷ്ടം. ഇങ്ങനെ എരിതീയിൽ നിൽക്കുമ്പോഴാണ് അച്ചടക്കലംഘനത്തിന്റെ പേരിലുള്ള തർക്കം സിനിമാ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാഴ്ത്തുന്നത്
film-news-cartoon
SHARE

മലയാള സിനിമയിൽ അച്ചടക്കലംഘനങ്ങളും തർക്കങ്ങളും ഇതാദ്യമായല്ല. എന്നാൽ, സിനിമാവ്യവസായം വൻ പ്രതിസന്ധി നേരിടുമ്പോഴാണ് ഈ അച്ചടക്കലംഘനങ്ങളെല്ലാം നടക്കുന്നത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അതുകൊണ്ടുതന്നെയാണ് ചെറിയ തർക്കങ്ങൾ വലിയ പൊട്ടിത്തെറിയായതും. മലയാളത്തിൽ ഈ വർഷം ഇതുവരെ ഇറങ്ങിയ 75 സിനിമകളിൽ നിർമാതാവിനു കാര്യമായ ലാഭം നേടിക്കൊടുത്തത് ‘രോമാഞ്ചം’ എന്ന ഒരേയൊരു ചിത്രം മാത്രമാണ്.

കുറഞ്ഞത് 300 കോടിയുടെ നഷ്ടമാണ് നാലു മാസംകൊണ്ട് ഉണ്ടായത്. പണ്ടു സ്കൂൾ അടച്ചാൽ വിഷു മുതൽ തിയറ്ററുകളിൽ പൂരത്തിരക്കായിരുന്നു. ഇക്കുറി എല്ലാം തകിടം മറിഞ്ഞു. വെള്ളിയാഴ്ചകളിൽ വന്നുപോകുന്ന ചിത്രങ്ങൾ എത്രയെന്നുപോലും ആർക്കുമറിയാത്ത സ്ഥിതി! മാസം ശരാശരി 18 സിനിമകൾ ഇറങ്ങിയിട്ടും വിജയശതമാനം ദയനീയമായി കുറഞ്ഞു. അഞ്ചു കോടി ചെലവാക്കിയ ചിത്രങ്ങൾക്കു തിയറ്ററിൽനിന്നു ലഭിച്ച പ്രൊഡ്യൂസർ ഷെയർ 40 ലക്ഷത്തിൽ താഴെ മാത്രം. പോസ്റ്ററിനും പ്രമോഷനും ചെലവഴിക്കുന്ന പണംപോലും കലക്‌ഷനായി കിട്ടുന്നില്ല.

‘‘ ദിവസം 5000 രൂപ കലക്​ഷൻ ഇല്ലാത്ത തിയറ്ററുകളുണ്ട്. കൊച്ചിയിലെ ചെറിയ ചായക്കടയുടെ വരുമാനത്തെക്കാൾ കുറവ്. പ്രേക്ഷകർക്കു മുന്നിൽ കണ്ടന്റുകൾ ആവശ്യത്തിലേറെയാണ്. ഒടിടിയിൽ നിറയെ സിനിമകളാണ് ’’– കണക്കുകൾ നിരത്തി പ്രമുഖ നിർമാതാവ് പറഞ്ഞു. 

നഷ്ടം കൂടുമ്പോഴും ചെലവ് കുറയുന്നില്ല

സിനിമ പരാജയപ്പെടുമ്പോഴും നിർമാണച്ചെലവു കുറയുന്നില്ല. താരങ്ങളുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രതിഫലം കൂടിക്കൊണ്ടിരിക്കുന്നു. അതിനിടയിലാണ് ചില യുവതാരങ്ങളുടെ അച്ചടക്കമില്ലായ്മ. താരങ്ങൾ കൃത്യസമയത്ത് സെറ്റിലെത്താത്തതുമൂലം നിർമാണച്ചെലവു കുതിച്ചുയരുന്നതായി നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഒൻപതിനു ഷൂട്ടിങ് തുടങ്ങണമെന്നു കണക്കുകൂട്ടിയാലും ചില യുവതാരങ്ങളെത്തുന്നത് 11 മണിക്കാണ്. മേക്കപ്പ് കഴിഞ്ഞ് താരം ഇറങ്ങുമ്പോൾ രണ്ടു മണി. പലരും ഫോൺ വിളിച്ചാൽ എടുക്കാറുമില്ല. 50 ദിവസം കൊണ്ട് ചിത്രീകരിക്കേണ്ട സിനിമകൾ പൂർത്തിയാക്കാൻ 75–100 ദിവസം വേണ്ടിവരുന്ന അവസ്ഥ.

മലയാള സിനിമയിലെ പ്രതിദിന നിർമാണച്ചെലവ് 3 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ്. 10 ദിവസം അധികം ഷൂട്ട് ചെയ്താൽ 50 ലക്ഷം രൂപ വരെയാണ് നിർമാതാവിനു നഷ്ടം. ഷൂട്ടിങ്ങിനു മുൻപുതന്നെ നിർമാതാവും സംവിധായകനും പ്രൊഡക്‌ഷൻ കൺട്രോളറും ചേർന്ന് ബജറ്റ് നിശ്ചയിച്ച് താരങ്ങളുമായി കരാർ ഒപ്പിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നൽകുന്നതാണ് വർഷങ്ങളായുള്ള രീതി. ഈ ബജറ്റിന്റെ ഇരട്ടി മുടക്കിയാലും ഇപ്പോൾ സിനിമ തിയറ്ററിൽ എത്തിക്കാനാവുന്നില്ല.  

ഉറങ്ങിപ്പോയതുമൂലം സ്വന്തം സിനിമയുടെ പൂജയ്ക്ക് എത്താൻ കഴിയാതെ പോയ നായകനടന്മാരുടെ കാലമാണിതെന്നു നിർമാതാക്കൾ പറയുന്നു. ഇത്തരം അമിതമായ ഉറക്കങ്ങളുടെ രഹസ്യമാണ് ചുരുളഴിയേണ്ടതെന്നും അവർ പറയുന്നു. ഈ അന്വേഷണം ചെന്നെത്തുന്നത് രാസ ലഹരിയുടെ കണ്ണികളിലേക്കാണെന്നും തെളിവുനിരത്തി അവർ വാദിക്കുന്നു. സിനിമയിലെ ലഹരിക്കാരുടെ പട്ടിക കൈമാറുമെന്ന ഉറച്ച നിലപാടിലാണ് നിർമാതാക്കൾ. തങ്ങൾ കൊടുക്കാതെതന്നെ പട്ടിക സംസ്ഥാന പൊലീസിന്റെ കയ്യിലുണ്ടെന്നും അവർ പറയുന്നു. എന്നാൽ, ലഹരിയുടെ കാര്യത്തിൽ അടച്ചാക്ഷേപിക്കാൻ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക തയാറല്ല. 

ഇപ്പോൾ നിസ്സഹകരണം പ്രഖ്യാപിച്ച ശ്രീനാഥ് ഭാസിയുടെയും ഷെയ്ൻ നിഗമിന്റെയും കാര്യത്തിൽ ക്ഷമയുടെ നെല്ലിപ്പലക കണ്ടെന്നാണ് സംഘടനകൾ പറയുന്നത്. ഡേറ്റിലെ കൃത്യതയില്ലായ്മയും അച്ചടക്കമില്ലായ്മയുമാണ് ശ്രീനാഥിനു വിനയായത്. 70 ലക്ഷം രൂപ ഒരു നിർമാതാവ് ശ്രീനാഥിനും മറ്റുള്ളവർക്കുമായി പുതിയ പ്രോജക്ടിനു ചെലവിടുന്നു. ഡേറ്റ് സംബന്ധിച്ച തീരുമാനം നീണ്ടുപോയതോടെ നിർമാതാവ് നടനെത്തേടി കൊടൈക്കനാലിലെത്തി. അവിടെ താമസിച്ചു ചർച്ച നടത്തിയെങ്കിലും കാര്യങ്ങൾ വഷളായി. പ്രോജക്ടിലേക്കു കടന്നപ്പോൾതന്നെ നിർമാതാവിന്റെ 20 ലക്ഷം രൂപ വെള്ളത്തിലായി. 

തന്റെ വേഷം കേന്ദ്രകഥാപാത്രമല്ലേ എന്ന ആശങ്കയിൽനിന്നാണ് ഷെയ്ൻ നിഗമിന്റെ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ചിത്രത്തിന്റെ കരാറൊപ്പിടുമ്പോൾ താൻ കേന്ദ്രകഥാപാത്രമായിരുന്നുവെന്നും ചിത്രം മുന്നോട്ടുപോകുമ്പോൾ പഴയ പ്രാധാന്യം നഷ്ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടി ഷെയ്ൻ നിർമാതാവിനു മെയിൽ അയച്ചു. ഇനി ചിത്രത്തിന്റെ പോസ്റ്ററോ പ്രചാരണമോ എന്തുവന്നാലും തന്റെ പ്രാധാന്യം കുറയരുതെന്ന് ഓർമപ്പെടുത്തുകയും ചെയ്തു. ഇത്രയും കാര്യങ്ങൾ അണിയറപ്രവർത്തകരും അംഗീകരിച്ചു. എന്നാൽ, ചിത്രത്തിന്റെ എഡിറ്റ് വേർഷൻ കൂടി കാണണമെന്ന് ആവശ്യപ്പെട്ടതോടെ ഷെയ്നിന്റെ കരിയറിൽ രണ്ടാമത്തെ വിലക്കും വീണു. ഇപ്പോൾ പുറത്തുവന്ന പേരുകൾ രണ്ടു പേരുടേതാണെങ്കിലും ഇത്തരം പ്രശ്നങ്ങളിൽ പേരു പുറത്തുപറഞ്ഞുതന്നെ മുന്നോട്ടു പോകാനാണ് സംഘടനകളുടെ നീക്കം.

18 മാസമായിട്ടും ‘ഉണരാത്ത’ താരം

പ്രശസ്തനായൊരു താരം ലഹരിയുടെ മൂർധന്യത്തിൽ സംവിധായകനെ വിളിക്കുന്നു. തൊട്ടടുത്ത ദിവസം രാവിലെ കഥ പറയാൻ വരാൻ പറയുന്നു. സംവിധായകൻ കണ്ണൂരിൽ മറ്റൊരു സിനിമയെ സഹായിക്കാൻ നിൽക്കുകയാണ്. എത്തിയേ തീരൂവെന്നും ഉടൻ സിനിമ ചെയ്യാമെന്നുമായിരുന്നു താരത്തിന്റെ വാഗ്ദാനം. സംവിധായകൻ നേരത്തെ രണ്ടു മനോഹര സിനിമകൾ ചെയ്ത ആളാണ്. രാവിലെ കൊച്ചിയിലെ വീടിനു മുന്നിലെത്തിയപ്പോൾ സുരക്ഷാ ജീവനക്കാർ അകത്തേക്കു വിടുന്നില്ല. താരത്തെ വിളിച്ചിട്ടു ഫോൺ എടുക്കുന്നുമില്ല. എട്ടുമണിക്കെത്തിയ സംവിധായകന് ഉച്ചയ്ക്കു മൂന്നിനു താരത്തെ ഫോണിൽ കിട്ടി. വരാൻ പറഞ്ഞ കാര്യം താരം ഓർക്കുന്നേയില്ല. ഷൂട്ടിങ്ങിന് ഇടയിൽനിന്നാണു വരുന്നതെന്നും കഥ കേൾക്കണമെന്നും സംവിധായകൻ അഭ്യർഥിച്ചു. ഒരു മാസം കഴിഞ്ഞുള്ളൊരു ദിവസം വരാൻ പറഞ്ഞു ഫോൺവച്ചു. 18 മാസമായിട്ടും കഥ കേട്ടിട്ടില്ല.

ലഹരി ഇറങ്ങിയ വഴി

അഭിമുഖങ്ങളിൽ തലതിരിയുന്ന താരത്തിനു മുതിർന്നൊരു സംവിധായകന്റെ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കെ രണ്ടു ദിവസമായി എന്തോ പ്രശ്നമുള്ളതുപോലെ. വിളിച്ചാൽ അര മണിക്കൂർ കഴിഞ്ഞേ വരൂ. ഷോട്ട് വീണ്ടും വച്ചാൽ അസ്വസ്ഥത. സംവിധായകൻ തോളിൽ കയ്യിട്ടു താരത്തെ പുറത്തേക്കു കൊണ്ടുപോയി. ഇനിയും ഇതു തുടർന്നാൽ പുറത്താക്കുമെന്നും അതിനുശേഷം അടിച്ചു കാലൊടിക്കുമെന്നും വ്യക്തമാക്കി. അതോടെ ലഹരി ഇറങ്ങി, എല്ലാം ശാന്തമായി. 

ഒടിടിയുടെ പേരിൽ ചതിക്കുഴി

സിനിമ നിർമിക്കാനെത്തുന്ന പ്രവാസികളെ സംവിധായകരും പ്രൊഡക്‌ഷൻ രംഗത്തെ പ്രമുഖരും വീഴ്ത്തുന്നതു ഒടിടിയുടെ കഥ പറഞ്ഞാണ്. ഇറങ്ങും മുൻപേ ലാഭമെന്നാകും കണക്ക്. എന്നാൽ, എട്ടുമാസമായി വിരലിലെണ്ണാവുന്ന സിനിമകളേ ഒടിടി പണം കൊടുത്തു വാങ്ങിയിട്ടുള്ളൂ. 170 സിനിമളെങ്കിലും കച്ചവടത്തിനായി വരിയിലുണ്ട്. ഇതിൽ പലതിനും നെറ്റ്ഫ്ലിക്സും ആമസോണും സോണിയും വാഗ്ദാനം ചെയ്യുന്നതു രണ്ടോ മൂന്നോ കോടി രൂപയാണ്. ജനുവരിക്കുശേഷം നിർമാണച്ചെലവിനു തുല്യമായ തുക നൽകി ഒടിടികൾ എടുത്തതു മൂന്നുസിനിമ മാത്രം. 

 ഒടിടികൾ പിന്മാറാനുള്ള പ്രധാനകാരണം വിശ്വാസവ‍ഞ്ചനയാണ്. ഹിറ്റാകുമെന്ന് ഉറപ്പിച്ചു പറയുകയും  തകർന്നു തരിപ്പണമാകുകയും ചെയ്ത സിനിമകളുടെ എണ്ണം കൂടി. 24 കോടി രൂപയ്ക്ക് ഒടിടിയിൽ വിറ്റ സിനിമ തിയറ്ററിൽനിന്നു നേടിയതു 35 ലക്ഷം രൂപ മാത്രം. 

വരും, കണക്കുപുസ്തകം

‘100 കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമ’ എന്നൊക്കെ കണ്ണും പൂട്ടി തള്ളി മറിക്കുന്നവർ ഓർക്കുക; മലയാള ചലച്ചിത്ര വ്യവസായത്തിന് ഒരു ‘കണക്കുപുസ്തകം’ വരുന്നു! പൊട്ടിത്തകർന്നുപോയ സിനിമപോലും കോടി ക്ലബ്ബിൽ ഇടം പിടിച്ചുവെന്ന് അവകാശപ്പെടുന്ന വിപണന തന്ത്രം പൊളിച്ചടുക്കാൻ മുന്നിട്ടിറങ്ങുന്നതു ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തന്നെ. തിയറ്ററിൽ നിന്നുള്ള യഥാർഥ വരുമാനക്കണക്കുകൾ ഉൾപ്പെടുത്തി ധവളപത്രം പുറത്തിറക്കാനാണു തീരുമാനമെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.രഞ്ജിത് പറയുന്നു –‘‘ വ്യാജ പ്രചാരണങ്ങളിലൂടെ നിർമാതാക്കൾ വഞ്ചിക്കപ്പെടുന്നു. പരാജയപ്പെട്ട ചിത്രങ്ങൾ പോലും വിജയിച്ചെന്നു തെറ്റിദ്ധരിപ്പിക്കുന്നു. അർഹതയില്ലാത്ത പലർക്കും വൻതുക പ്രതിഫലം ലഭിക്കുന്ന സ്ഥിതിയുണ്ടാകുന്നുണ്ട്. ഇനി, കൃത്യം കണക്കുകൾ ഞങ്ങൾ പുറത്തുവിടാൻ പോകുകയാണ്. ’’ നിർമാണത്തിന്റെ കാണാച്ചരടുകളെക്കുറിച്ചും ലാഭനഷ്ട സാധ്യതകളെക്കുറിച്ചും പുതിയ തലമുറ നിർമാതാക്കൾക്കു കൗൺസലിങ് നൽകാനും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഒരുങ്ങുകയാണ്. 

producer-suresh-kumar
ജി.സുരേഷ്കുമാർ

താരങ്ങളുടെ പ്രതിഫലമാണോ അച്ചടക്കമില്ലായ്മയാണോ യഥാർഥ പ്രശ്നം ?

രണ്ടും പ്രശ്നങ്ങളാണ്. താരങ്ങളുടെ കൂറ്റൻ പ്രതിഫലത്തിന് അനുസൃതമായ കലക്‌ഷൻ തിയറ്ററുകളിൽ നിന്നു ലഭിക്കുന്നില്ല. ഈയിടെ ഒരു കോടിയിലേക്കു പ്രതിഫലമുയർത്തിയ യുവനടന്റെ ഒടുവിൽ തിയറ്ററിലെത്തിയ സിനിമ 30 ലക്ഷം രൂപ പോലും ഷെയർ ലഭിക്കാത്ത അവസ്ഥയിലാണ്. നാലു കോടി മുടക്കിയിട്ട് രണ്ടു ലക്ഷം രൂപയിൽ താഴെ ഷെയർ വന്ന സിനിമകളുണ്ട്. എല്ലാവരും അച്ചടക്കമില്ലാത്തവരാണെന്നു പറഞ്ഞിട്ടില്ല. അടച്ചാക്ഷേപിച്ചിട്ടുമില്ല. ചിലരുടെ നടപടികൾ പ്രശ്നമാണ്. അതു സഹിച്ചു മുന്നോട്ടു പോകാനാവില്ല. ഒന്നാംനിര താരങ്ങളുടെ പ്രതിഫലംപോലെതന്നെ കൂട്ടുകയാണ് രണ്ടാംനിരയും.  അവരെ ഒഴിവാക്കി പുതിയ അഭിനേതാക്കളെ കണ്ടെത്തേണ്ടി വരും. തിങ്കൾ മുതൽ വ്യാഴം വരെ 50 ശതമാനം നിരക്കു കുറച്ചും തിയറ്റർ ഭക്ഷണത്തിന്റെ വില കുറച്ചും ഫ്ലെക്സി റേറ്റ് നടപ്പാക്കുന്ന കാര്യം തിയറ്റർ ഉടമകളും ആലോചിക്കണം.

ജി.സുരേഷ്കുമാർ, ഫിലിം ചേംബർ പ്രസിഡന്റ്

എഡിറ്റ് ചെയ്ത ഭാഗങ്ങൾ കാണണമെന്നു നടൻ പറയുന്നതും സർഗപരമായ ഇടപെടൽ അല്ലേ? അതിൽ സംവിധായകർ പ്രകോപിതരാകണോ? 

സർഗാത്മകമായ ഇടപെടലിനെ ഫെഫ്ക എന്നും സ്വാഗതം ചെയ്യുന്നു. അതിൽ പരാതിയുമില്ല. മണിച്ചിത്രത്താഴ് എന്ന സിനിമയുടെ ക്ലൈമാക്സിൽ ആശയക്കുഴപ്പമുണ്ടായപ്പോൾ സുരേഷ് ഗോപിയാണ് ഒരു നിർദേശം പറഞ്ഞത്. ഫാസിൽ അതു സ്വീകരിച്ചു. സിനിമയുടെ എഡിറ്റ് കണ്ട് എന്റെ ക്ലോസപ് കുറവാണ്, എന്റെ പ്രാധാന്യം കുറവാണ്... എന്നിങ്ങനെ ആവലാതികൾ പറയുകയും അതു ശരിയാക്കാതെ ഡബ്ബ് ചെയ്യില്ലെന്നു വാശിപിടിക്കുകയും ചെയ്യുന്നതാണ് പ്രശ്നം. നിർദേശങ്ങൾ ആർക്കും നൽകാം. എന്നാൽ, അതു സ്വീകരിക്കുക എന്നതു സംവിധായകന്റെ തീരുമാനമാണ്.

ബി.ഉണ്ണിക്കൃഷ്ണൻ, ഫെഫ്ക ജനറൽ സെക്രട്ടറി

അപ്പുറത്ത് കോടിക്കിലുക്കം; ഇവിടെ കണ്ണീർക്കടം 

കലയിലും തോൽവി, കച്ചവടത്തിലും! മലയാളത്തിന്റെ ബിഗ് സ്ക്രീനിൽ തെളിയുന്നതു കോടികളുടെ നഷ്ടക്കണക്കുകൾ. തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾ ബോക്സ് ഓഫിസിൽ കോടികൾ കിലുക്കുമ്പോൾ കടുത്ത സാമ്പത്തികമാന്ദ്യത്തിലാണു മലയാള ചലച്ചിത്ര വ്യവസായം. 2022 മലയാള സിനിമയ്ക്കു വല്ലാത്ത വർഷമായിരുന്നു. പുറത്തുവന്നത് ഒന്നും രണ്ടുമല്ല, 176 ചിത്രങ്ങൾ. പക്ഷേ, തിയറ്ററിൽ വിജയിച്ചതു വെറും 17 ചിത്രങ്ങൾ. നഷ്ടം 325 കോടിയോളം രൂപ! ഈ വർഷമാകട്ടെ 4 മാസത്തിനിടെയുണ്ടായ നഷ്ടം 300 കോടിയിലേറെ. 

 തയാറാക്കിയത്: ഉണ്ണി കെ. വാരിയർ, എൻ.ജയചന്ദ്രൻ, മനോജ് മാത്യു

English Summary : Issues in malayalam film industry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.