ADVERTISEMENT

അഡോൾഫ് ഹിറ്റ്ലർ ആത്മഹത്യ ചെയ്തിട്ട് 2023 ഏപ്രിൽ 30ന് 78 വർഷം പൂർത്തിയാകുകയാണ്. 78ാം വാർഷികം എന്നതിനു പ്രത്യേകതയൊന്നുമില്ല. ഹിറ്റ്ലറെ അനുസ്മരിക്കാൻ അതൊരു നിമിത്തം മാത്രം. മനുഷ്യചരിത്രത്തിൽ ഹിറ്റ്ലർക്കു പകരം വയ്ക്കാൻ ഒരു സ്വേച്ഛാധിപതിയുമുണ്ടായിട്ടില്ല – ഇതേവരെ. സമാനരുണ്ട്, പക്ഷേ ഹിറ്റ്ലറുടെ ക്രൂരതയുടെയും രക്തദാഹത്തിന്റെയും ആഴങ്ങളിലും ഉയരങ്ങളിലുമെത്താൻ അവർക്കു കഴിഞ്ഞിട്ടില്ല. 

ഒരൊറ്റ മനുഷ്യന്റെ തലച്ചോർ ഉൽപാദിപ്പിച്ച വിദ്വേഷത്തിനും വംശവെറിക്കും അധികാരഭ്രാന്തിനും ഈ ഭൂഗോളത്തെ മുഴുവൻ വിഴുങ്ങാനുള്ള ശേഷി സമ്പാദിക്കാൻ കഴിയുമെന്നാണ് രണ്ടാം ലോകയുദ്ധത്തിലൂടെ ഹിറ്റ്ലർ പഠിപ്പിച്ചത്. അതുകൊണ്ടാണ് എക്കാലത്തെയും സ്വേച്ഛാധിപതികൾക്ക് ഹിറ്റ്ലർ കൊതിപ്പിക്കുന്ന മാതൃകയായിത്തീരുന്നത്. അദ്ദേഹത്തിന്റെ വിഷംപൂണ്ട ആത്മകഥ ‘മെയിൻ കാംഫ്’ ലോകത്തിലെ ഏറ്റവും വിൽപനയുള്ള പുസ്തകങ്ങളിലൊന്നാണ്. ഒട്ടേറെയാളുകളിലും ഭരണാധികാരികളിലും‍ ഒരു ഹിറ്റ്ലർ ഒളിച്ചിരിപ്പുണ്ടെങ്കിൽ അദ്ഭുതപ്പെടേണ്ട. 

ഹിറ്റ്ലറെപ്പോലെ ഇത്രയേറെ ആസൂത്രിതമായും നിശ്ചയദാർഢ്യത്തോടെയും രാക്ഷസീയമായ തോതിലും മൃത്യുവിന്റെ മൊത്തക്കച്ചവടം നടത്തിയ മറ്റൊരു സർവാധിപതിയില്ല. ആ പൈശാചിക ദൗത്യത്തിന്റെ ഭാഗമായാണ് അദ്ദേഹം ലോകം കണ്ടിട്ടുള്ള ഏറ്റവും വിപുലമായ വിഷവാതകക്കൊലയറകളുടെ – ഗ്യാസ് ചേംബർ – ശൃംഖല സൃഷ്ടിച്ചത്. 1941 മുതൽ 1945 വരെയുള്ള കാലഘട്ടത്തിൽ ഹിറ്റ്ലർ കൊന്നൊടുക്കിയ 60 ലക്ഷം യഹൂദരിൽ ഭൂരിപക്ഷവും ഗ്യാസ് ചേംബറുകളിലാണ് മരിച്ചത്. ആദ്യകാലങ്ങളിൽ അവരെ കൂട്ടമായിനിർത്തി വെടിവച്ചു. വെടിവച്ച പട്ടാളക്കാർക്കു മാനസികാസ്വാസ്ഥ്യം ഉണ്ടാകുകയും അവരിൽ ചിലർ അതൃപ്തി പ്രകടിപ്പിക്കുകയും ചിലർ ആത്മഹത്യ ചെയ്യുകയുമുണ്ടായി. അപ്പോഴാണ് യഹൂദ ഉന്മൂലനപദ്ധതിയുടെ മേധാവിയായിരുന്ന ഹിംലറും ഹിറ്റ്ലറും ചേർന്ന് കൂട്ടക്കൊലയെ വിപ്ലവവൽക്കരിച്ച ഗ്യാസ് ചേംബറുകൾ സൃഷ്ടിച്ചത്. 800 –1000 പേരെ ഒന്നിച്ചുകൊല്ലാൻ 20 മിനിറ്റേ വേണ്ടിവന്നുള്ളൂ. ദൃക്സാക്ഷിവിവരണങ്ങൾ പറയുന്നു: ‘ചേംബറിന്റെ വാതിലടച്ചാൽ ആദ്യത്തെ രണ്ടു മിനിറ്റ് വലിയ കോലാഹലമാണ്. വിഷവാതകം പ്രവഹിച്ചുതുടങ്ങുന്നതോടെ പൂർണ നിശ്ശബ്ദതയും.’

പല സ്വേച്ഛാധിപതികളെയുംപോലെ ഹിറ്റ്ലറും ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെയാണ് അധികാരത്തിൽ വന്നത്. അദ്ദേഹം ജർമൻകാരെ വരുതിയിലാക്കാൻ പ്രധാനമായും മുന്നു പ്രചാരണായുധങ്ങളാണ് ഉപയോഗിച്ചത്: ഒന്ന് – ഒന്നാം ലോകയുദ്ധത്തിലെ ജർമനിയുടെ തോൽവിക്കു പകരം വീട്ടണം; രണ്ട് –  യഹൂദരാണ് ജർമനിയുടെയും ലോകത്തിന്റെതന്നെയും എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാർ, അവരെ നിർമാർജനം ചെയ്യണം; മൂന്ന് – ആര്യന്മാരായ ജർമൻകാരാണ് ഏറ്റവും ശ്രേഷ്ഠ മനുഷ്യവംശം, അവർ ലോകത്തെ ഭരിക്കണം. അതിനുവേണ്ടി താൻ 1000 വർഷം നീണ്ടുനിൽക്കുന്ന ആര്യസാമ്രാജ്യം സ്ഥാപിക്കും. 

പോൾ സക്കറിയ
പോൾ സക്കറിയ

ഈ ലക്ഷ്യത്തിന്റെ തുടക്കമായാണ് 1939ൽ, അയൽരാജ്യമായ പോളണ്ടിനെ പിടിച്ചെടുത്തത്. അതായിരുന്നു രണ്ടാം ലോകയുദ്ധത്തിന്റെയും തുടക്കം. ആറു വർഷം കഴിഞ്ഞ്, 1945ൽ യുദ്ധം അവസാനിക്കുമ്പോൾ ഹിറ്റ്ലറുടെ 1000 വർഷ സാമ്രാജ്യം ഒരു അഗ്നിഗോളമായിത്തീർന്നിരുന്നു. 53 ലക്ഷം ജർമൻ പട്ടാളക്കാരെയാണ് ഹിറ്റ്ലർ തന്റെ ആര്യരാഷ്ട്ര സംഹാരദേവതയ്ക്കു കുരുതികൊടുത്തത്. 6.5 ലക്ഷത്തോളം സാധാരണ ജർമൻകാരും മരിച്ചു. ജർമനിതന്നെ രണ്ടായി വിഭജിക്കപ്പെട്ടു. ലോകമൊട്ടാകെ എട്ടു കോടി മനുഷ്യർ രണ്ടാം ലോകയുദ്ധത്തിൽ മരിച്ചു. ലോകത്തിന്റെ രാഷ്ട്രീയ ഭൂപടംതന്നെ മാറി. സമ്പദ്‌വ്യവസ്ഥകൾ തകർന്നു. കോടിക്കണക്കിനാളുകൾ ദുരിതത്തിലും പട്ടിണിയിലുമാഴ്ന്നു. ഒരു മനുഷ്യന്റെ തലച്ചോറിലുദിച്ച വർഗീയതയുടെയും പകയുടെയും സർവാധികാരമോഹത്തിന്റെയും വിഷം ഒരു തീക്കാറ്റുപോലെ ഭൂഗോളത്തെ ഗ്രസിക്കുകയായിരുന്നു. 

തീരുമാനിച്ചുറപ്പിച്ചിരുന്ന തന്റെ ആത്മഹത്യയ്ക്കു രണ്ടുമൂന്നു ദിവസം മുൻപ്, സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം ഒരു ശവപ്പറമ്പായിത്തീർന്നിരുന്ന ജർമനിയുടെമേൽ യാതൊരു മടിയുമില്ലാതെ ഹിറ്റ്ലർ ചാർത്തി. ഹിറ്റ്ലർ പറഞ്ഞു: ‘ശത്രുക്കളിൽനിന്നു വിജയം പിടിച്ചെടുക്കാൻ ജർമൻകാർക്കു കഴിഞ്ഞില്ലെങ്കിൽ അവർ‍ നശിപ്പിക്കപ്പെടും. ജർമനിയുടെ അന്ത്യം  ഭീകരമായിരിക്കും. ജർമൻകാർ അതർഹിക്കുന്നു.’ 13 വർഷം ജർമനിയെ തന്റെ ഉരുക്കുമുഷ്ടിയിൽ അമർത്തിവച്ച സ്വേച്ഛാധികാരിയാണ് നിർലജ്ജം ഇതു പറഞ്ഞത്. സംഭവിച്ച സർവനാശത്തിന് ഹിറ്റ്ലറുടെ അടുത്ത ഉത്തരമായിരുന്നു ആത്മഹത്യ – കുറ്റബോധംകൊണ്ടുള്ള ജീവത്യാഗമല്ല, തന്നെ ശത്രുക്കൾ പിടികൂടുന്നതിന്റെ അപമാനം ഒഴിവാക്കാൻ. ഏപ്രിൽ 28ന് തന്റെ കൂട്ടാളിയും ഫാഷിസത്തിന്റെ സ്ഥാപകനുമായ സ്വേച്ഛാധിപതി മുസ്സോളിനിയെയും കാമുകിയെയും ഇറ്റാലിയൻ പൗരർ കൊന്ന് തലകീഴായി മുക്കവലയിൽ കെട്ടിത്തൂക്കിയെന്ന വാർത്ത ഹിറ്റ്ലർ വായിച്ചിരുന്നു. ആത്മഹത്യയുടെ തലേന്ന് ഹിറ്റ്ലർ തന്റെ 14 വർഷത്തെ കാമുകി ഈവ ബ്രൗണിനെ വിവാഹം ചെയ്തു. അന്തിമ രാഷ്ട്രീയ പ്രസ്താവനയും ഒസ്യത്തും തയാറാക്കി ഒപ്പിട്ടു. 

ഏറ്റവും അവസാനത്തെ മറ്റൊരു കൃത്യം ഒളിച്ചോടാൻ ശ്രമിച്ചതിന് ഈവ ബ്രൗണിന്റെ സഹോദരീഭർത്താവിനെ കൊലയ്ക്കു വിധിക്കുകയായിരുന്നു. ഏപ്രിൽ 30ന് ഭൂഗർഭ അറയിൽ ഒപ്പമുണ്ടായിരുന്ന എല്ലാ സഹപ്രവർത്തകരോടും യാത്രപറഞ്ഞു. തന്റെയും ഈവയുടെയും മൃതദേഹങ്ങൾ ഉടൻ കത്തിച്ചുകളയാൻ ഇടപാടുചെയ്തു. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കു സഹപ്രവർത്തകർ ആ വെടിയൊച്ച കേട്ടു. ഹിറ്റ്ലർ സ്വയം തലയ്ക്കു വെടിവയ്ക്കുകയും ഈവ സയനൈഡ് ഗുളിക ചവയ്ക്കുകയുമാണ് ചെയ്തത്. ഒരുപക്ഷേ, ഹിറ്റ്ലർ കൂടുതൽ ഭയപ്പെട്ടത് ജർമൻകാരെത്തന്നെ ആയിരിക്കാം. 

ഭീരുത്വം നിറഞ്ഞതായിരുന്നു മനുഷ്യചരിത്രം കണ്ട ഏറ്റവും വലിയ കൊലയാളിയുടെ അന്ത്യം. അതു ചരിത്രത്തിന്റെ ഒരു വിശദാംശം മാത്രം. ഹിറ്റ്ലറുടെ രക്തദാഹത്തിനിരയായ കോടിക്കണക്കിനു നിഷ്കളങ്കരുടെ ജീവിതങ്ങൾ ഒരിക്കലും മടങ്ങിവരില്ല. പക്ഷേ, സ്വേച്ഛാധിപത്യങ്ങൾ അനായാസമായി മടങ്ങിവരികയാണ് - ജനാധിപത്യങ്ങളെ കരുവാക്കിക്കൊണ്ട്. പല ജനാധിപത്യ രാഷ്ട്രങ്ങളും ജീവന്മരണ പ്രതിസന്ധിയിലാണ്. ഹിറ്റ്ലർക്കു സന്തോഷിക്കാം; അത്രയേറെയാണ് അദ്ദേഹത്തിന്റെ അനന്തരാവകാശികൾ.

English Summary: Write up on rememberance of Hitler

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com