ഇനി എട്ടുനാൾ കന്നഡപ്പൂരം!

HIGHLIGHTS
  • കർണാടകയിൽ തിരഞ്ഞെടുപ്പു പ്രചാരണം തീരാൻ എട്ടുദിവസം മാത്രം ബാക്കിയുള്ളപ്പോൾ പതിനെട്ടടവും പയറ്റുകയാണ് പാർട്ടികൾ
karnataka
കർണാടക തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസിന്റെ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ ഹൈദരാബാദ് കർണാടക മേഖലയിലെ ഹൊസ്പേട്ടിൽ റാലി നടത്തിയപ്പോൾ. ചിത്രം: വിഷ്ണു വി.നായർ ∙ മനോരമ
SHARE

ഗജവീരൻ ജഗദീഷ് ഷെട്ടർ ബിജെപിയുടെ കണ്ണിൽ ‘അരിക്കൊമ്പനാ’ണിപ്പോൾ. കോൺഗ്രസിനോ, തൃശൂർ പൂരത്തിന് ആരാധകവലയത്തിൽ തലയുയർത്തി നടന്നെത്തുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും.

പ്രചാരണത്തിന്റെ അവസാന ആഴ്ച ഷെട്ടറിനെ എങ്ങനെയും വീഴ്ത്തി നാടുകടത്തുകയെന്ന ലക്ഷ്യത്തിലേക്കു ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിനായി ലിംഗായത്തിലെ ശക്തനായ യെഡിയൂരപ്പയെന്ന ‘ഷാർപ് ഷൂട്ടറെ’ത്തന്നെ ഹുബ്ബള്ളി–ധാർവാഡ് മേഖലയിൽ രംഗത്തിറക്കിയിരിക്കുന്നു. കോൺഗ്രസാകട്ടെ ഷെട്ടറുടെ ‘കുടമാറ്റം’ ഗുണം ചെയ്യുമെന്നുറപ്പിച്ച് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഷെട്ടറിന്റെ വലംതലയും ഇടംതലയുമായി നിർത്തി ഇതേമേഖലയിൽ പ്രചാരണമേളം തകർക്കുന്നു.

അതെ, ബിജെപിയും കോൺഗ്രസും, തിരുവമ്പാടിയും പാറമേക്കാവും പോലെ എട്ടുനാൾ നീണ്ട പൂരത്തിനു തയാറെടുത്ത് കന്നഡമണ്ണിൽ ഇരുവശവും നിരന്നിരിക്കുന്നു. എങ്ങനെ കലാശിക്കുമെന്നറിയാത്തൊരു ചെറുമേളവുമായി ജനതാദളു(എസ്)മുണ്ട്.

ഈയാഴ്ച സ്പെഷൽ കുട, കുഴിമിന്നൽ, അമിട്ട്... അങ്ങനെ എന്തും പ്രതീക്ഷിക്കാം.

പൂരപ്പറമ്പ് ശാന്തം; പക്ഷേ...

ഇനി എട്ടുനാൾ പ്രചാര! പത്താം നാൾ മതദാന! വഴിനിറയെ പോസ്റ്ററുകളും ചുവരെഴുത്തുകളും അനൗൺസ്മെന്റും വാഹനങ്ങളും നിറഞ്ഞ കർണാടകയാകും പുറത്തുള്ളവരുടെ മനസ്സിൽ. എന്നാൽ, ഒരു ചുവരെഴുത്തോ പോസ്റ്ററോ ഫ്ലെക്സോ കർണാടകയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും കാണാനാകില്ല. യാത്രയ്ക്കിടെ വിരളമായി കട്ടൗട്ട് കാണുമ്പോൾ പ്രതീക്ഷയോടെ നോക്കും. പക്ഷേ, അടുത്തെത്തുമ്പോൾ അതിലുണ്ടാകുന്നത് പുനീത് രാജ്കുമാർ ആകും. കോവിഡ് കാലത്ത് അന്തരിച്ച നടൻ പുനീതിന്റെ കട്ടൗട്ടുകൾ പലയിടത്തും ഇപ്പോഴുമുണ്ട്. തിരഞ്ഞെടുപ്പു റാലി നടക്കുന്ന സ്ഥലങ്ങളിൽ കട്ടൗട്ടും പോസ്റ്ററുകളും വച്ചാലും അന്നുതന്നെ നീക്കം ചെയ്യുന്നതാണ് ഇവിടത്തെ രീതി. നിരത്തുകളിലല്ല, നേതാക്കളുടെയും വലിയ സ്വാധീനശക്തികളായ സമുദായങ്ങളുടെയും ഉള്ളിലാണു തിരഞ്ഞെടുപ്പിന്റെ ആവേശമൊക്കെയും.

സാംപിൾ വെടിക്കെട്ട്

ബിജെപി കാർപെറ്റ് ബോംബിങ് പ്രചാരണം തുടങ്ങി. പല്ലിനു പകരം പല്ല്്, കണ്ണിനു പകരം കണ്ണ് എന്ന നിലയിലാണു കാര്യങ്ങൾ.

പ്രചാരണത്തിനു സജീവമായിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നടത്തിയ ‘വിഷം ചീറ്റുന്ന പാമ്പ്’ എന്ന പ്രയോഗം വലിയ പൊല്ലാപ്പായി. കോൺഗ്രസിനെതിരെ ബിജെപിക്കു നല്ലൊരു ആയുധവുമായി. അതേസമയം, സോണിയ ഗാന്ധിയെ വിഷകന്യക എന്ന് അതേ നാണയത്തിൽ തിരിച്ചുവിളിച്ചു ബിജെപി നേതാവ് ബസനഗൗഡ പാട്ടീൽ യത്‌‌നൽ പ്രതികാരം ചെയ്തു.

കോൺഗ്രസിലേക്കു പോയ ജഗദീഷ് ഷെട്ടർ ജയിക്കില്ലെന്നു ചോരയിൽ എഴുതിത്തരാമെന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പു കപ്പിത്താൻ യെഡിയൂരപ്പ പറഞ്ഞു. ഷെട്ടർ ജയിക്കുമെന്ന് സ്വന്തം ചോരയിൽ എഴുതി പ്രദർശിപ്പിച്ചു മഞ്ജുനാഥ് എന്ന കോൺഗ്രസ് ആരാധകൻ മറുപടി നൽകി. ഷെട്ടർ ഈ പ്രവർത്തകന്റെ വീട്ടിലെത്തി ‘ചോര പാഴാക്കരുത്; അത്യാവശ്യക്കാർക്കു ദാനം ചെയ്യൂ’ എന്നു തിരുത്തുകയും ചെയ്തു.

bengaluru
ബെംഗളൂരു നഗരത്തിനു സമീപം രാമനഗര മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർഥി നിഖിൽ കുമാരസ്വാമിയുടെ പ്രചാരണവാഹനത്തിൽ പ്രവർത്തകർ തിങ്ങിനിറഞ്ഞപ്പോൾ. ചിത്രം: മനോരമ

വരുണ മണ്ഡലത്തിൽ സിദ്ധരാമയ്യയുടെ ജന്മദേശമായ സിദ്ധരാമനഹുണ്ടിയിൽ ബിജെപി–കോൺഗ്രസ് പ്രവർത്തകർ തമ്മിൽ അടിപിടിയുണ്ടായി. സിദ്ധരാമയ്യ ഗുണ്ടകളെ രംഗത്തിറക്കിയതായി ബിജെപി സ്ഥാനാർഥി മന്ത്രി വി.സോമണ്ണ ആരോപിച്ചു. കോരാട്ടഗെരെ മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസിന്റെ മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയ്ക്കു കല്ലേറിൽ പരുക്കേറ്റു.

സാംപിൾ ഇതാണെങ്കിൽ വെടിക്കെട്ട് എന്താകുമെന്നൊരു ആശങ്ക ഇല്ലാതില്ല.

ദേശീയം Vs പ്രാദേശികം

പ്രചാരണത്തിന്റെ കഴിഞ്ഞഘട്ടത്തിൽ ബിജെപിയും കോൺഗ്രസുമല്ല, ദേശീയ രാഷ്ട്രീയവും പ്രാദേശിക രാഷ്ട്രീയവുമാണു പോരടിച്ചത്.

ബിജെപി കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞും മോദിയുടെ വികസന പദ്ധതികൾക്കു കൂടുതൽ പ്രചാരം നൽകിയുമാണു കളം നിറഞ്ഞത്. പരമാവധി ദേശീയ നേതാക്കളെ (93 എന്നു മല്ലേശ്വരത്തെ ബിജെപി ഓഫിസിലെ കണക്ക്) കളത്തിലിറക്കുകയും ചെയ്തു. ലിംഗായത്ത് മേഖലയിൽ ഇത്തവണയേറ്റ തിരിച്ചടിയിൽ ബിജെപി അസ്വസ്ഥരാണു താനും.

അതേസമയം, കോൺഗ്രസിന്റേത് കർണാടകയിലൊതുങ്ങിയുള്ള ശക്തമായ പ്രചാരണരീതിയാണ്. ദേശീയ നേതാക്കളുടെ സാന്നിധ്യം രാഹുൽ, പ്രിയങ്ക, ഖർഗെ എന്നിവരിലൊതുങ്ങുന്നു. കർണാടകയിൽ നെഹ്റുകുടുംബത്തിനുള്ള സ്വാധീനം ഗുണം ചെയ്യുമെന്നാണ് ആത്മവിശ്വാസം. പ്രിയങ്ക പങ്കെടുക്കുന്ന യോഗങ്ങളിൽ സ്ത്രീവോട്ടർമാരുടെ വലിയ പങ്കാളിത്തം കാണാം. കർണാടകയെ ബിജെപി അഴിമതിയിലും വിലക്കയറ്റത്തിലും മുക്കിയെന്ന് ആദ്യഘട്ടത്തിൽത്തന്നെ സ്ഥാപിച്ചെടുത്ത കോൺഗ്രസ് സാധാരണ ജനജീവിതത്തെ സ്പർശിക്കുന്ന 4 ഗാരന്റി പ്രഖ്യാപനങ്ങളിൽ ശ്രദ്ധയൂന്നി.

അതേസമയം, ബിജെപി കൊണ്ടുവന്ന ‘വികസന അജൻഡ’യെ സശ്രദ്ധം വിലയിരുത്തിയ കോൺഗ്രസ് 2 ദിവസമായി കർണാടകയ്ക്കു വികസന പദ്ധതികൾ പ്രഖ്യാപിക്കുന്നുമുണ്ട്. കോൺഗ്രസ് ഭരണത്തിലേറിയാൽ ജീൻസ് നിർമാണത്തിന്റെ കേന്ദ്രമായ ബെള്ളാരിയിൽ 5000 കോടി രൂപയുടെ അപ്പാരൽ പാർക്ക് സ്ഥാപിക്കുമെന്നു രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത് ഇതിനാലാണ്. പിന്നാക്കമേഖലയായ കല്യാണ കർണാടകയുടെ വികസനത്തിന് 5000 കോടി രൂപ നൽകുമെന്നും ഓരോ പഞ്ചായത്തിനും ഒരു കോടി രൂപ നൽകുമെന്നും രാഹുൽ പറഞ്ഞത് പ്രാദേശിക വികസനമെന്ന അജൻഡ ഉയർത്തി മോദിയുടെ ദേശീയ വികസന നയത്തെ പ്രതിരോധിക്കാനാണെന്നു തീർച്ച.

ദേശീയം ജയിക്കുമോ, പ്രാദേശികം ജയിക്കുമോ? 

പ്രാദേശികത്തിനു വളക്കൂറും വിളക്കൂടുതലുമുള്ള മണ്ണാണു കർണാടക എന്നു ചരിത്രം.

ദൾ എന്ന ചെറുപൂരം

കോൺഗ്രസിനോ ബിജെപിക്കോ ഒറ്റയ്ക്കു ഭരണം കിട്ടണമെങ്കിൽ മാജിക് നമ്പറായ 113 മറികടക്കണം. എന്നാൽ, ജെഡിഎസിന് ‘ഡിസ്കൗണ്ട്’ ഉണ്ട്. അവർക്ക് 30–35 സീറ്റ് മതി. അത്രയും കിട്ടിയാൽ ഭരണം പിടിക്കാമെന്നും അതിനു ബിജെപിയുമായോ കോൺഗ്രസുമായോ കൂട്ടുകൂടാമെന്നും ദൾ പണ്ടേ തെളിയിച്ചതാണ്.

modi
മൈസൂരുവിൽ ബിജെപി തിരഞ്ഞെടുപ്പു റാലിയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: പിടിഐ

ഒബിസി സംവരണം വെട്ടിക്കുറയ്ക്കുന്ന വിഷയത്തിൽ മുറിവേറ്റു നിൽക്കുന്ന മുസ്‌ലിം വിഭാഗത്തെ പരമാവധി കൂടെനിർത്താനാണു ശ്രമം. ഭരണം കിട്ടിയാൽ പിറ്റേ ദിവസം സംവരണം പുനഃസ്ഥാപിക്കുമെന്നു പാർട്ടി അധ്യക്ഷൻ ദേവെഗൗഡ പ്രഖ്യാപിച്ചതിനു പിന്നിലെ നയം വ്യക്തം. 1995ൽ ഈ സംവരണം ഏർപ്പെടുത്തിയത് അന്നത്തെ മുഖ്യമന്ത്രി ദേവെഗൗഡയാണെന്നതും പ്രചാരണ വേദികളിൽ അവർ ഓർമിപ്പിക്കുന്നു.

ദേശപ്പറയെടുക്കാൻ പൂരക്കാലത്തു മേളവുമായി വീടുകയറ്റമുണ്ട്. അതുപോലെയാണു ദളിന്റെ പ്രചാരണവും. പഴയ മൈസൂരു മേഖലയിലെ വീടുകളിൽ നേരിട്ടെത്തി നടത്തുന്ന പ്രചാരണരീതി അപകടകരമായേക്കുമെന്നു ബിജെപിക്കും കോൺഗ്രസിനും അറിയാം. അവർ ഈ മേഖലയിൽ കടന്നുകയറ്റം നടത്തുന്നുമുണ്ട്.

ഇനി കൂട്ടപ്പൊരിച്ചിൽ

പ്രചാരണത്തിന്റെ അവസാന എട്ടുദിവസം ബിജെപിയും കോൺഗ്രസും തൃശൂർ പൂരത്തിന്റെ കൂട്ടപ്പൊരിച്ചിൽ തന്നെ ലക്ഷ്യമിടുന്നു. ബിജെപിയുടെ കാര്യകർത്താക്കളെ പങ്കെടുപ്പിച്ചു നരേന്ദ്ര മോദി നടത്തിയ ‘ഓൺലൈൻ ഇന്ററാക്ടീവ് പ്രചാരണം’ തന്നെ അതിന്റെ തുടക്കം. 25,000 പേരോടാണ് ഈ പരിപാടിയിൽ മോദി സംവദിച്ചത്. പ്രചാരണത്തിനിറങ്ങിയിരിക്കുന്ന പ്രവർത്തകർക്കും അഭിപ്രായം പറയാൻ അവസരമൊരുക്കി. റാലിയും പൊതുസമ്മേളനവുമടക്കം മോദിയുടെ 24 റാലികൾ ഈയാഴ്ച പൂർത്തിയാക്കും. അമിത് ഷാ, ജെ.പി.നഡ്ഡ, യോഗി ആദിത്യനാഥ് എന്നിവരുടെ സാന്നിധ്യവും വർധിപ്പിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്നു കൂടുതൽ നേതാക്കളെ ഗൃഹസമ്പർക്ക പരിപാടിക്കായി ഇറക്കുന്നു. യെഡിയൂരപ്പ 70 മണ്ഡലങ്ങളിൽ ശ്രദ്ധചെലുത്തും. ഇതാണു ബിജെപിയുടെ മാസ്റ്റർ പ്ലാൻ.

‘നാലു ഗാരന്റി’ക്കൊപ്പം അഞ്ചാമതൊരു ഗാരന്റി കൂടി ചേർത്തതാണ് അവസാന ആഴ്ചയിലെ പ്രചാരണത്തിൽ കോൺഗ്രസ് വരുത്തിയ പ്രധാന മാറ്റം. അഞ്ചാം ഗാരന്റിയായി സ്ത്രീകൾക്കു യാത്രാസൗജന്യം കഴിഞ്ഞ ദിവസം മംഗളൂരു റാലിയിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.

സിദ്ധരാമയ്യ ബെളഗാവി മേഖലയിലും ഡി.കെ.ശിവകുമാർ പഴയ മൈസൂരു മേഖലയിലും കേന്ദ്രീകരിച്ചു പ്രചാരണം ശക്തമായി നടത്തുന്നു. കോൺഗ്രസ് അധ്യക്ഷസ്ഥാനം ലഭിച്ചതോടെ കർണാടകയിലെ ദലിത് മേഖലയ്ക്ക് അഭിമാനമായി മാറിയ ഖർഗെയുടെ സാന്നിധ്യം റാലികളിൽ ഉറപ്പിച്ച് കോൺഗ്രസ് ഈ മേഖലയിൽ സ്വാധീനം ചെലുത്തുന്നു.

എത്രയായാലും പരമാവധി 120 സീറ്റിലേക്ക് എത്താനേ കഴിയുകയുള്ളൂവെന്നൊരു ആശങ്ക കോൺഗ്രസ് ക്യാംപിലുണ്ട്. 130 എങ്കിലും കിട്ടിയില്ലെങ്കിൽ ‘ഓപ്പറേഷൻ താമര’യെക്കൂടി നേരിടേണ്ടി വരും.

വൊക്കലിഗ, കർഷക മേഖലയിലും പഴയ മൈസൂരു മേഖലയിലും പരമാവധി വീടുകൾ കയറുക എന്ന തന്ത്രം ദൾ തുടരുകയും ചെയ്യുന്നു.

(ആന)വാൽക്കഷണം

അരിക്കൊമ്പൻ വീണതുപോലെ ഷെട്ടർ വീഴുമോ അതോ വാഴുമോ? തിരഞ്ഞെടുപ്പിനൊടുവിൽ അധികാരത്തിന്റെ കുടമാറ്റമുണ്ടാകുമോ? കാത്തിരിക്കുകയാണു കന്നഡപ്പൂരക്കാണികൾ.

പൂരം കൊടിയിറങ്ങിയാൽ, നെറ്റിപ്പട്ടം കെട്ടിയ നേതാക്കളെല്ലാം വിടചൊല്ലിപ്പിരിയും.

English Summary: writeup about Election campaign in Karnataka

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.