ADVERTISEMENT

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ തലേദിവസം കൂടിയായ നാളെ ഇ.കെ.നായനാർ ദിനമായി  സിപിഎം ആചരിക്കുകയാണ്. മുൻ മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ ജനകീയ നേതാവ് വിടവാങ്ങിയിട്ട് 19 വർഷം തികയുന്നു. 

1996ൽ നായനാർ മുഖ്യമന്ത്രിയായിരിക്കെ, സിപിഐ എംഎൽഎമാരായ കെ.പ്രകാശ് ബാബുവും പി.രാജുവും കൂടി രാജുവിന്റെ മണ്ഡലമായ പറവൂരിലെ സർക്കാർ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനത്തിനു മുഖ്യമന്ത്രിയെ ക്ഷണിക്കാൻ ഓഫിസിലെത്തി. ഇപ്പോൾ സിപിഐ ദേശീയ നിർവാഹകസമിതി അംഗമായ പ്രകാശ് ബാബുവിനെ രാജു ഒപ്പം കൂട്ടിയതാണ്. കയ്യോടെ നായനാർ ‘നോ’ പറഞ്ഞു. 

രണ്ട് എംഎൽഎമാരും അമ്പരന്നു. നായനാർ കാരണം നിരത്തി. ഭരിക്കുന്നത് എൽഡിഎഫാണെങ്കിലും എറണാകുളം ജില്ലയിൽ  യുഡിഎഫ് ആധിപത്യത്തിന് ഇളക്കമില്ല. ജില്ലയിലെ രാഷ്ട്രീയത്തെ ഇടതുപക്ഷത്തിന് അനുകൂലമാക്കാൻ സിപിഎമ്മിനോ രാജുവിന്റെ സിപിഐക്കോ സാധിക്കുന്നില്ല. പിന്നെന്തിന് വിളിക്കുമ്പോൾ ഞാൻ വരണം? ഇതായിരുന്നു പാതിനർമം കൂടി കലർത്തി നായനാരുടെ നിലപാട്.  

എന്നിട്ട് നായനാർ ഒരു ചോദ്യം ചോദിച്ചു. ‘ചാലക്കുടിയെ ഇന്നു കാണുന്ന ചാലക്കുടിയാക്കിയത് ആരാണെന്ന് അറിയാമോ?’ ഉത്തരവും അദ്ദേഹം പറഞ്ഞു: കോൺഗ്രസ് നേതാവ് പനമ്പിള്ളി ഗോവിന്ദമേനോൻ. ഇക്കണ്ട വികസനമെല്ലാം അദ്ദേഹം നടത്തിയിട്ടും 1955ൽ തിരു–കൊച്ചി മുഖ്യമന്ത്രിയായ പനമ്പിള്ളിയെ ‘57ൽ ജനം തോൽപിച്ചു. പാലവും റോഡും ഷോപ്പിങ് കോംപ്ലക്സും അല്ല പ്രധാനം. പാർട്ടിയുടെയും മുന്നണിയുടെയും രാഷ്ട്രീയം ഉയർത്തിപ്പിടിക്കാനും അതു ജനങ്ങളെ ബോധ്യപ്പെടുത്താനും അതിനു പിന്നിൽ അവരെ അണിനിരത്താനും കഴിയുന്നുണ്ടോ എന്നതാണ്.

പിണറായി സർക്കാരിന്റെ രണ്ടാം വാർഷികവേളയിൽ ഇടതു കേന്ദ്രങ്ങളിൽതന്നെ ഉയരുന്ന ചോദ്യവും മറ്റൊന്നല്ല. സംഘടനാപരമായി സിപിഎമ്മും എൽഡിഎഫും ശക്തമാണ്. പക്ഷേ, രാഷ്ട്രീയം? അതിൽ വെള്ളം ചേർക്കപ്പെടുന്നോ? 

പാർട്ടിയും ഏറ്റുപറയുന്നു 

ഡിസംബറിൽ ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഈ ദൗർബല്യത്തെ മറ്റൊരു തരത്തിൽ വിശകലനം ചെയ്ത്  വീഴ്ച ഏറ്റുപറഞ്ഞിരുന്നു: തുടർഭരണം ആഹ്ലാദകരമായ ചരിത്രസംഭവമാണ്. എന്നാൽ, അധികാരത്തുടർച്ചയെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്തില്ലെങ്കിൽ പാർട്ടിക്കും സർക്കാരിനും ദുർമേദസ്സാകും. ഓരോ വിഷയവും പാർട്ടി ചർച്ചചെയ്ത് നയം രൂപീകരിച്ച് അതിന്റെ അടിസ്ഥാനത്തിൽ രേഖകൾ തയാറാക്കി താഴോട്ട് റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാൽ, അതിന്റെ  വായനയ്ക്ക് അപ്പുറം രാഷ്ട്രീയാവബോധം പാർട്ടിയിലാകെ ഉണ്ടാക്കാൻ സാധിക്കുന്നുണ്ടോ? ഇക്കാര്യത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുന്നില്ലെന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്.

ഈ സ്വയംവിമർശനത്തിന്റെകൂടി അടിസ്ഥാനത്തിലാണ് സർക്കാരിന്റെ രണ്ടാം വാർഷികം രാഷ്ട്രീയ പ്രചാരണ പരിപാടിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ എന്നതുപോലെ മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ ജില്ലകളിലും രണ്ടു പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്നു. 140 മണ്ഡലങ്ങളിലും എൽഡിഎഫ് നേതാക്കൾ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളുണ്ട്. സർക്കാരിന്റെ നേട്ടങ്ങളാണ് എല്ലായിടത്തും പ്രതിപാദിക്കുന്നത്.

ബദലിൽ വീഴുന്ന കറകൾ 

‘കേരളമാണ് ബദൽ’ എന്ന അവകാശവാദം രണ്ടാം വാർഷിക വേളയിലും ഉയർത്തുന്ന ഇടതു നേതാക്കളെ നോക്കി  കൊഞ്ഞനം കുത്തുന്നതാണ് കെഎസ്ആർടിസിയിലെ പരിഷ്കാര നടപടികൾ. കോർപറേഷന്റെ തുടക്കം മുതൽ  ഉണ്ടായിരുന്ന ബോർഡിലെ തൊഴിലാളി പ്രാതിനിധ്യം രണ്ടാം പിണറായി സർക്കാർ നിർത്തലാക്കി. 

   തൊഴിലാളി യൂണിയൻ പ്രതിനിധികളെ ഒഴിവാക്കാനുള്ള നിർദേശം ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് എൽഡിഎഫ് യോഗത്തിൽ വച്ചപ്പോൾ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പൊട്ടിത്തെറിച്ചു. കാലോചിതമായ മാറ്റങ്ങളും വേണ്ടേ എന്നു പന്ന്യനെ സമാധാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെട്ടു ചോദിച്ചപ്പോൾ ‘അപ്പോൾ താങ്കൾകൂടി അറിഞ്ഞാണോ ഇതെല്ലാം’ എന്ന മറുചോദ്യമായിരുന്നു സിപിഐ നേതാവിന്റേത്.

സിപിഐയുടെ എതിർപ്പുമൂലം മരവിപ്പിക്കപ്പെട്ട ആ നീക്കമാണ് ഒരു ചർച്ചയും കൂടാതെ രണ്ടാം പിണറായി സർക്കാർ നടപ്പാക്കിയത്. 

മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ അതിന്റെ സുവർണ ജൂബിലി വർഷത്തിൽ വൻ അഴിമതി ആരോപണങ്ങളാണ് നേരിടുന്നത്. ക്യാമറാ വിവാദത്തിൽ സർക്കാരിന് ഒരുപങ്കും ഇല്ലെന്നും കെൽട്രോൺ അല്ലേ എല്ലാം ചെയ്യുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വാദിക്കുമ്പോൾ കെൽട്രോൺ പ്രതിപക്ഷത്തിന്റെ വക കമ്പനി വല്ലതുമാണോ എന്നു തോന്നിപ്പോയേക്കാം. 

സർക്കാരിന്റെ ഡിജിറ്റൽവൽക്കരണ നടപടികൾ ആദ്യമായല്ല അഴിമതി ആരോപണങ്ങൾക്കു വിധേയമാകുന്നത്. 

പഴയതുപോലെ പ്രത്യയശാസ്ത്ര ഭാരമൊന്നും ഈ ഇടതു സർക്കാരിനെ അലട്ടുന്നില്ല. വാർഷിക വേളയിൽ സർക്കാർവിരുദ്ധ വാർത്തകൾ പുറത്തുവരരുതെന്ന നിർബന്ധംതന്നെ പുലർത്തുന്നതിനാൽ സിപിഎമ്മോ സിപിഐയോ ഭരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ചർച്ചപോലും ചെയ്യാതെ മാറ്റിവയ്ക്കുന്നു. വിമർശനവും സ്വയം വിമർശനവുമാണ് ജീവവായു എന്ന അവകാശവാദവും മേനിനടിക്കലും കേരളത്തിനു പുറത്താകാം; ഇവിടെ നിലനിൽപിന്റെ രാഷ്ട്രീയമാണ് പ്രധാനം.

English Summary: keraleeyam column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com