രാഷ്ട്രീയക്കളി മൂത്ത് കടുത്ത കള്ളക്കളി

HIGHLIGHTS
  • വ്യാജകൗൺസിലറെ സൃഷ്ടിച്ച് രാഷ്ട്രീയ ധാർഷ്ട്യം
sfi-news-image-2
കേരള യൂണിവേഴ്സിറ്റി രേഖകളിൽ അനഘയുടെ സ്ഥാനത്ത് എ.വിശാഖിന്റെ പേര്.
SHARE

സിപിഎമ്മിന്റെ വിദ്യാർഥി സംഘടനയായ എസ്എഫ്ഐയുടെ രൂപീകരണ സമ്മേളനത്തിന് 53 വർഷം മുൻപു വേദിയായ തിരുവനന്തപുരത്ത് ആ സംഘടനയെയും സിപിഎമ്മിനെത്തന്നെയും നാണം കെടുത്തുന്ന സംഭവങ്ങളാണിപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരള യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കലാലയങ്ങളിൽ കഴിഞ്ഞ ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുത്ത പെൺകുട്ടിയെ ഒഴിവാക്കി എസ്എഫ്ഐയുടെ ഏരിയാ സെക്രട്ടറിയുടെ പേര് വ്യാജമായി തിരുകിക്കയറ്റിയത് കേട്ടുകേൾവിയില്ലാത്ത ക്രമക്കേടാണ്. വ്യാജ കൗൺസിലറെ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനാക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട് 

നൂറുകണക്കിനു വിദ്യാർഥികൾ പഠിക്കുന്ന കോളജിൽ പരസ്യമായി നടന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഒരാളെ ആദ്യം കൗൺസിലറാക്കാനും പിന്നീടു യൂണിവേഴ്സിറ്റി യൂണിയന്റെ തലപ്പത്ത് എത്തിക്കാനുമുള്ള വളയമില്ലാച്ചാട്ടം എല്ലാ മര്യാദകളും ലംഘിക്കുന്നതാണ്. തുടർഭരണത്തിന്റെ തണലിൽ എന്തുമാകാം എന്ന ധാർഷ്ട്യം പാർട്ടിയിലെ ചിലരെയെങ്കിലും ബാധിച്ചോ എന്നു സംശയിക്കണം.

വിദ്യാർഥി– യുവജനപ്രവർത്തകർ മാതൃകാപരമായ പൊതുപ്രവർത്തകരാകാൻ ശ്രദ്ധിക്കണമെന്നാണ് സിപിഎം സംസ്ഥാനകമ്മിറ്റി അംഗീകരിച്ച സംഘടനാരേഖ അടുത്തകാലത്തു നൽകിയ ഉപദേശം. അതേ സംസ്ഥാന കമ്മിറ്റി യോഗം ഇങ്ങനെകൂടി ചൂണ്ടിക്കാട്ടി: ‘ഭരണത്തിൽ വന്നതോടെ അത് ഉപയോഗപ്പെടുത്തി കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം പാർട്ടിയിൽ വേരുറപ്പിക്കുകയാണ്. സ്ഥാനങ്ങൾ നേടിയെടുക്കാനുള്ള ആർത്തിയിൽനിന്നു പാർട്ടി സഖാക്കളെ മോചിപ്പിച്ചേ തീരൂ’. 

കോളജ് പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന അധ്യാപകനും അധ്യാപകരിലെ ഒരു വിഭാഗവും ഇതിനു കൂട്ടുനിന്നത് മാപ്പർഹിക്കാത്തതാണ്. കുട്ടികളുടെ ഭാഗത്തു വീഴ്ച ഉണ്ടായാൽ ചൂണ്ടിക്കാട്ടി തിരുത്തേണ്ടവരാണ് അവർ. ജയിച്ച പെൺകുട്ടിയെ പട്ടികയിൽനിന്നു വെട്ടി സംഘടനാനേതാവിന്റെ പേര് യൂണിവേഴ്സിറ്റിക്കു സമർപ്പിച്ചത് പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന അധ്യാപകൻ തന്നെയാണ്. സംഭവം പുറത്തറിഞ്ഞതിനെത്തുടർന്ന് താൻ പ്രതിസന്ധിയിലാകുമെന്നു വന്നതോടെ മാത്രമാണ് ആ പിശകു തിരുത്താൻ അദ്ദേഹം തയാറായത്.

‘മലയാള മനോരമ’ ഈ സംഭവം പുറത്തുകൊണ്ടുവന്ന അന്നുതന്നെ ക്രമക്കേടു നടത്തിയ സംഘടനാ നേതാവിനെ എസ്എഫ്ഐ സംഘടനയിൽ വഹിക്കുന്ന പദവികളിൽനിന്നു പുറത്താക്കി. പലപ്പോഴുമുണ്ടാകാറുള്ള ന്യായീകരണങ്ങൾക്കൊന്നും സംഘടന മുതിർന്നില്ല. പാർട്ടി അംഗം കൂടിയായ ഈ വിദ്യാർഥി നേതാവിനെതിരെ സിപിഎം  അച്ചടക്ക നടപടി എടുക്കുകയും ചെയ്തു. ജനാധിപത്യത്തിന്റെ പരിശീലനക്കളരിയാകേണ്ട കലാലയ തിരഞ്ഞെടുപ്പ് ഇത്തരം നെറികേടിനു വേദിയാകുന്നത് രാഷ്ട്രീയ നേതൃത്വം ഗൗരവത്തോടെ കാണേണ്ടതുണ്ട്. 

ഈ കുറ്റകൃത്യത്തിനു പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്നു വ്യക്തം. ഈ നീക്കത്തിനു പിന്നിൽ പ്രവർത്തിച്ചവർ ആരായാലും അതു തുറന്നുകാട്ടണം; നടപടി ഉണ്ടാകുകയും വേണം. അത് എസ്എഫ്ഐയുടെയോ സിപിഎമ്മിന്റെയോ  മാത്രം ഉത്തരവാദിത്തമല്ല. യൂണിവേഴ്സിറ്റിയും ഉന്നത വിദ്യാഭ്യാസ വകുപ്പും സർക്കാരും കക്ഷിഭേദമെന്യേ നമ്മുടെ രാഷ്ട്രീയ നേത‍ൃത്വവും ഇതിൽ ഇടപെടണം. ജനാധിപത്യം പഠിക്കേണ്ടത് ഇങ്ങനെയല്ല, പഠിപ്പിക്കേണ്ടതും.

English Summary : Editorial about Kattakada Christian college impersonation controversy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.