ADVERTISEMENT

കേന്ദ്രഭരണം കയ്യാളുന്നത് ഒരു പാർട്ടിയും സംസ്ഥാനം ഭരിക്കുന്നതു മറ്റൊരു പാർട്ടിയുമാകുമ്പോഴുണ്ടാകുന്ന സംഘർഷം, ജനാധിപത്യ മര്യാദകളുടെയും ഫെഡറൽ സംവിധാനത്തിന്റെയും സീമകളെല്ലാം ലംഘിച്ചു വഷളാകുന്നതാണു ഡൽഹിയിൽ കാണുന്നത്.

ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനാണെന്നും ദേശീയ തലസ്ഥാന പ്രദേശത്തെ (എൻസിടി) പൊതുസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങൾ സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിലാണെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഈ മാസം 11ന് ഏകകണ്ഠമായി വിധിച്ചിരുന്നു. ഈ വിധിയെ മറികടക്കാനാണ്, ആറാഴ്ചത്തെ വേനലവധിക്കായി സുപ്രീം കോടതി അടച്ച വെള്ളിയാഴ്ച രാത്രി കേന്ദ്രസർക്കാർ അപ്രതീക്ഷിതമായി ഓർഡിനൻസ് ഇറക്കിയത്.

ദേശീയ തലസ്ഥാന പ്രദേശത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നീ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതു നാഷനൽ ക്യാപ്പിറ്റൽ സിവിൽ സർവീസ് അതോറിറ്റിയാണെന്ന് നാഷനൽ ക്യാപ്പിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) 2023 എന്നു പേരിട്ട ഓർഡിനൻസ് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാന ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് അതോറിറ്റിയിലെ അംഗങ്ങൾ. വിയോജിപ്പുകളുണ്ടായാൽ അന്തിമ തീരുമാനം ലഫ്. ഗവർണറുടേതാണെന്നും ഓർഡിനൻസിലുണ്ട്. സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രം പുനഃപരിശോധനാ ഹർജി നൽകിയിരിക്കുകയാണ്. ഓർഡിനൻസിനെതിരെ കോടതിയെ സമീപിക്കുമെന്നു സംസ്ഥാന സർക്കാരും പറയുന്നു.

സുപ്രീം കോടതിയുടെ അനുകൂല വിധിയുണ്ടായതിനു പിന്നാലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെമേൽ നിയന്ത്രണം കൊണ്ടുവരാൻ ഡൽഹി സർക്കാർ നടത്തിയ നീക്കങ്ങളാണ് ഇത്തരമൊരു ഓർഡിനൻസ് വേഗമെത്താൻ കാരണമെന്നു വിമർശനമുയർന്നിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവു വന്ന ദിവസം തന്നെ സേവന വിഭാഗം സെക്രട്ടറിയെ സ്ഥലം മാറ്റിയ ഡൽഹി സർക്കാർ പല ഉദ്യോഗസ്ഥർക്കെതിരെയും കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നീക്കങ്ങളാണ് ഡൽഹി സർക്കാരിന്റേതെന്ന് ആരോപണമുയരുകയും ചെയ്തു.

മറുഭാഗത്ത്, സുപ്രീം കോടതി വിധിയെ മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവന്ന കേന്ദ്രം ജനാധിപത്യ, നീതിന്യായ സംവിധാനങ്ങളെ വെല്ലുവിളിക്കുകയാണെന്നാണ് ആരോപണം. ഭരണഘടനാ വ്യവസ്ഥകൾക്കുള്ളിൽനിന്നാണു ഓർഡിനൻസ് കൊണ്ടുവന്നതെന്നു വിശദീകരിക്കാമെങ്കിലും അതു ജനാധിപത്യ സംവിധാനത്തിന്റെ ശോഭ കെടുത്തുന്നതാണെന്നതിൽ സംശയമില്ല. രാഷ്ട്രീയപ്രേരിതമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

രാജ്യതലസ്ഥാനമെന്ന നിലയിൽ ഡൽഹിക്ക് ഏറെ പ്രാധാന്യമുണ്ട്. എന്നാൽ, ഡൽഹിയുടെ ജനാധിപത്യ സംവിധാനങ്ങൾ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള അധികാരത്തർക്കത്തിൽ കുടുങ്ങിപ്പോകുന്നു. വികസനപദ്ധതികളെ ഇതു സാരമായി ബാധിക്കുകയും ചെയ്യുന്നു. വർഷങ്ങളായി തുടരുന്ന അധികാരത്തർക്കത്തിനു പരിഹാരമായി ഡൽഹിയെ രണ്ടായി വിഭജിക്കുകയെന്ന നിർദേശം പല ഭാഗങ്ങളിൽനിന്നും വീണ്ടും ഉയരുന്നുണ്ട്. 2003ൽ എൽ.കെ. അഡ്വാനി ഡൽഹി സംസ്ഥാനം രൂപീകരിക്കാനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും പ്രതികരണം അനുകൂലമായിരുന്നില്ല. പാർലമെന്റും രാഷ്ട്രപതിഭവനും കേന്ദ്രസർക്കാർ സംവിധാനങ്ങളുമെല്ലാം ഉൾപ്പെടുന്ന ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) മേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കാനും ബാക്കി ഭാഗങ്ങളെ വേർതിരിച്ച് ഇന്ദ്രപ്രസ്ഥ സംസ്ഥാനമാക്കി മാറ്റാനും ചില കേന്ദ്രങ്ങളിൽനിന്നു നിർദേശമുയർന്നിട്ടുണ്ട്.

ഡൽഹിയുമായി ബന്ധപ്പെട്ടു കേൾക്കുന്ന വാർത്തകൾ ഫെഡറൽ സംവിധാനം പിന്തുടരുന്ന ഒരു രാജ്യത്തിനു ചേർന്നതല്ലെന്നു തീർച്ച. സംസ്ഥാനങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങൾ മുൻഗണനയോടും കരുതലോടുംകൂടി പരിഗണിക്കണമെന്ന് പ്രധാനമന്ത്രിയായി സ്‌ഥാനമേറ്റശേഷം തന്റെ ഓഫിസിലെ ഉദ്യോഗസ്ഥരുടെ ആദ്യ യോഗത്തിൽത്തന്നെ നരേന്ദ്ര മോദി നിർദേശിച്ചതാണ്. രാജ്യത്തെ ഫെഡറൽ വ്യവസ്ഥ ശക്‌തിപ്പെടുത്തുന്നതിനാകും താൻ പ്രവർത്തിക്കുകയെന്നും അദ്ദേഹം അന്നു വ്യക്തമാക്കിയിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും സഹകരണത്തോടെയും സഹവർത്തിത്വത്തോടെയും നിലനിൽക്കണമെന്നു സുപ്രീം കോടതി 2018ൽ എടുത്തുപറഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾക്ക് ഒരു നിശ്ചിത പരിധിവരെ സ്വാതന്ത്ര്യം അനുവദിക്കുന്നതാണ് ഫെഡറൽ സമതുലിതാവസ്ഥയ്ക്കു വേണ്ടതെന്നും അന്നു കോടതി വ്യക്തമാക്കിയിരുന്നു.

കേന്ദ്ര–സംസ്ഥാന അധികാരത്തർക്കത്തിന്റെ പേരിൽ ഡൽഹിയിലെ മൂന്നു കോടിയിലേറെ ജനങ്ങളുടെ അവകാശങ്ങൾ നിരാകരിക്കാനാകില്ല. വിഷയത്തിനു ശാശ്വത പരിഹാരം കാണേണ്ടതു ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും ആവശ്യംതന്നെയാണ്.

English Summary : Editorial about Delhi state ruling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT