ക്യാമറ വിവാദത്തെക്കുറിച്ചു പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനു ‘മനസ്സില്ലെന്ന്’ ഒന്നാം പിണറായി സർക്കാരിലെ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ.ബാലൻ തുറന്നടിച്ചത് ദിവസങ്ങൾ പിന്നിട്ടിട്ടും രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചയാണ്. എകെജി സെന്ററിന്റെ മുന്നിൽ തന്റെ പതിവുസൗമ്യത വിട്ടാണ് ബാലൻ കത്തിക്കയറിയത്.
‘ഏട്ടന്റെ പീടികയിൽ പോയി പറയ്’ എന്നുവരെ പ്രതിപക്ഷത്തോടു ചൂടായതോടെ എന്തുപറ്റി ബാലന് എന്ന ചർച്ച പാർട്ടിയിലും എൽഡിഎഫിലും കൊഴുത്തു. വിവാദങ്ങളും ആരോപണങ്ങളും ഉയരുമ്പോൾ രണ്ടാം പിണറായി സർക്കാർ രാഷ്ട്രീയമായി കാര്യമായി പ്രതിരോധിക്കപ്പെടുന്നില്ല എന്ന ഉത്തരമാണ് അതിനു പലരും കണ്ടെത്തിയത്. മുഖ്യമന്ത്രി ഒറ്റയ്ക്കാകുന്ന പ്രതീതി. പ്രതിപക്ഷം പല പാളയങ്ങളിൽ നിന്നുകൊണ്ട് സർക്കാരിനെതിരെ കാഞ്ചി വലിക്കുമ്പോൾ അതേ നാണയത്തിൽ മറുപടി നൽകാനോ പ്രത്യാക്രമണത്തിനോ സിപിഎമ്മിനും എൽഡിഎഫിനും കഴിയാതെ പോകുന്നു. ഭരണപക്ഷമല്ല, അജൻഡ തീരുമാനിക്കുന്നതു പ്രതിപക്ഷമാണ് എന്ന സ്ഥിതിയുണ്ടാകുന്നു.
എഐ ക്യാമറ ഏർപ്പാടുമായി ബന്ധപ്പെട്ട തെളിവുകൾ വി.ഡി.സതീശനും രമേശ് ചെന്നിത്തലയും മത്സരിച്ചു പുറത്തുവിട്ടപ്പോൾ സർക്കാർ മൗനത്തിന്റെ മാളത്തിൽ ഒളിച്ച പ്രതീതിയാണുണ്ടായത്. പാർട്ടി നേതൃത്വമോ സംസ്ഥാന സെക്രട്ടേറിയറ്റോ മന്ത്രിമാരോ എൽഡിഎഫ് കക്ഷി നേതാക്കളോ പ്രതിരോധവുമായി എന്തുകൊണ്ടു രംഗത്തുവന്നില്ല എന്ന ചോദ്യം ഇടതുമുന്നണിയിലും സിപിഎമ്മിലും കനത്തു. ആ നിശ്ശബ്ദതയ്ക്കെതിരെ ഒരു വിഭാഗം നേതാക്കളിൽ തിളച്ചുപൊന്തിയ രോഷമാണ് ബാലന്റെ വാക്കുകളിൽ മറനീക്കിയത് എന്നു കരുതുന്നവരാണേറെ. രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാർ സർക്കാരിനെ രാഷ്ട്രീയമായി സംരക്ഷിക്കുന്നതിൽ ശ്രദ്ധ പുലർത്തുന്നില്ല എന്ന വികാരം മുന്നണിയിൽ ശക്തമാണ്.
ഒന്നും രണ്ടും മന്ത്രിസഭകൾ
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിലെ പൊതുവായ പോരായ്മകൾ പാർട്ടി സംസ്ഥാന കമ്മിറ്റി വിലയിരുത്തി തിരുത്തലുകൾ നേരത്തേ ആവശ്യപ്പെട്ടതാണ്. അതു സംബന്ധിച്ച പാർട്ടിരേഖയിൽ ചൂണ്ടിക്കാട്ടാത്തതും കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോൾ നിർദേശിച്ചതുമായ കാര്യം തന്നെയാണ് പ്രസക്തം. പൊതുരാഷ്ട്രീയത്തിൽ ഇടപെട്ടും സർക്കാരിനെ സംരക്ഷിച്ചും പ്രതിപക്ഷത്തിനു മറുപടി പറഞ്ഞും കൂടി മന്ത്രിമാർ സജീവമാകണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും മുൻപു നിഷ്കർഷിച്ചത്. പാർട്ടി ശ്രേണിയിൽ പൊളിറ്റ്ബ്യൂറോ അംഗത്തിനാകും പ്രാധാന്യം. എന്നാൽ, പിബി അംഗത്തിന്റെ പ്രസ്താവനയെക്കാൾ പ്രാധാന്യം മന്ത്രിമാരുടെ പ്രതികരണങ്ങൾക്കു മാധ്യമങ്ങൾ നൽകും. ആ സാധ്യത രണ്ടാം പിണറായി സർക്കാരിലെ പലരും പ്രയോജനപ്പെടുത്തുന്നില്ല. ഭൂരിഭാഗവും ബന്ധപ്പെട്ട വകുപ്പുകളിൽ ഒതുങ്ങുന്നു. വകുപ്പ് തലവന്മാരെപ്പോലെയാണ് പൊതുരംഗത്തെ ഇടപെടലുകളും.
ഒന്നാം പിണറായി സർക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ സർക്കാരിനും മുന്നണിക്കും ഇതു രാഷ്ട്രീയമായി വലിയ പോരായ്മയാണ്. ആ സർക്കാരിൽ ഇ.പി.ജയരാജനും തോമസ് ഐസക്കും എ.കെ.ബാലനും ജി.സുധാകരനും കെ.കെ.ശൈലജയും ഉണ്ടായിരുന്നു. ഉയർന്നുവരുന്ന ഏതു രാഷ്ട്രീയ പ്രതിസന്ധിയെയും കൈകാര്യം ചെയ്യാൻ കഴിയുന്ന പ്രാഗല്ഭ്യവും ഇടപെടൽശേഷിയും ആധികാരികതയും ഉണ്ടായിരുന്ന ഈ മന്ത്രിമാർ സർക്കാരിനു രാഷ്ട്രീയകവചം തീർത്തു. ഇവരിൽ ആരെങ്കിലും ഇടപെടാൻ മടിച്ചാൽ കെ.ടി.ജലീലിനെയും എം.എം.മണിയെയും ഇറക്കുമായിരുന്നു. രാഷ്ട്രീയ നിലപാടുകളുടെ കാര്യത്തിൽ ആ മന്ത്രിസഭയിലെ ജെ.മേഴ്സിക്കുട്ടിയമ്മയോ ടി.പി.രാമകൃഷ്ണനോ മോശമായിരുന്നില്ല. സിപിഐയിൽനിന്നു ശബ്ദിക്കാൻ ഇ.ചന്ദ്രശേഖരനും വി.എസ്.സുനിൽകുമാറും ഉണ്ടായിരുന്നു.
രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാരായ പി.രാജീവും പി.എ.മുഹമ്മദ് റിയാസുമാണ് ചില രാഷ്ട്രീയ പ്രതികരണങ്ങൾ നടത്താറുള്ളത്. ഫെയ്സ്ബുക്കിൽ ട്രോൾ സമാനമായ ചില കുറിപ്പുകളും ചെറുത്തുനിൽപും വി.ശിവൻകുട്ടിയിൽ നിന്നുണ്ടാകാറുണ്ട്. സ്വീകാര്യതയുള്ള നേതാവായ മന്ത്രി കെ.രാധാകൃഷ്ണൻ ദേവസ്വം വകുപ്പിൽ ഒതുങ്ങാൻ തീരുമാനിച്ചതു പോലെയാണ്. കെ.എൻ.ബാലഗോപാലും എം. ബി.രാജേഷും വി.എൻ.വാസവനുമൊക്കെ അവരവരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ പ്രതികരണങ്ങളിലാണ് ശ്രദ്ധിക്കുന്നത്.
പാർട്ടിയും എൽഡിഎഫും
മുഖ്യമന്ത്രിയുടെ അനുവാദം ഇല്ലാത്തതുകൊണ്ടോ അദ്ദേഹത്തിന്റെ അനിഷ്ടം ഭയന്നിട്ടോ ആയിരിക്കാം മന്ത്രിമാർ പിൻവലിഞ്ഞിരിക്കുന്നതെന്നു ചിലർ സംശയിക്കുന്നുണ്ട്. എന്നാൽ, സർക്കാരിനെ രാഷ്ട്രീയമായി സംരക്ഷിക്കാൻ മന്ത്രിമാർ ഉണ്ടാകണമെന്ന പാർട്ടി തീരുമാനത്തിനൊപ്പം തന്നെയാണ് പിണറായി വിജയൻ എന്നാണു മനസ്സിലാക്കാനാകുന്നത്. മാധ്യമങ്ങളെ സമീപിക്കുന്നതിലും പാർട്ടിയുടെ മുഖമായി നിൽക്കുന്നതിലും നയം വ്യക്തമാക്കുന്നതിലും അദ്വിതീയനായിരുന്ന കോടിയേരിയുടെ അഭാവം ഇപ്പോൾതന്നെ പിണറായിയെ അലട്ടുന്നുണ്ട്. പകരക്കാരനായ എം.വി.ഗോവിന്ദൻ ആ റോളിലേക്ക് ഉയരാൻ ശ്രമിക്കുന്നതേയുള്ളൂ. എൽഡിഎഫ് കൺവീനറായ ഇ.പി.ജയരാജൻ ഇണങ്ങിയും പിണങ്ങിയും മുങ്ങിയും പൊങ്ങിയും നീങ്ങുന്ന രീതി തുടരുകയാണ്. ചില ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിന്റെ പരിമിതി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുണ്ട്. ബാക്കി ഘടകകക്ഷി നേതാക്കൾക്കു കാര്യമായ പ്രാധാന്യം ലഭിക്കാറുമില്ല.
എട്ടു പുതുമുഖങ്ങൾ ഉൾപ്പെട്ട സംസ്ഥാന സെക്രട്ടേറിയറ്റിനും പഴയ താരമൂല്യം കേരള രാഷ്ട്രീയത്തിൽ ഇല്ല. പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ പലരും റിപ്പോർട്ടിങ്ങിനായി ജില്ലാ കമ്മിറ്റി യോഗങ്ങളിൽ എത്തുന്നതുതന്നെ അൽപം ടെൻഷനോടെയാണ്. അപ്പോൾ പാർട്ടിക്കു പുറത്ത് അവർക്കു ലഭിക്കാവുന്ന പ്രാധാന്യം ഊഹിക്കാവുന്നതേയുള്ളൂ. കേരളത്തിൽ പിണറായിക്ക് ഉണ്ടാകുന്ന ഏതു പ്രതിസന്ധിയിലും പൊളിറ്റ് ബ്യൂറോയുടെ പിന്തുണ ഉറപ്പാക്കുകയും പരസ്യമാക്കുകയും ചെയ്തുപോന്ന എസ്.രാമചന്ദ്രൻപിള്ളയാകട്ടെ, പിബിയിൽനിന്നു വിരമിച്ചതോടെ ഇപ്പോൾ പൂർണമായും അണിയറയ്ക്കു പിന്നിലുമാണ്.
English Summary : Keraleeyam column about Kerala government