ADVERTISEMENT

എഴുപതിലധികം പേർ കൊല്ലപ്പെടുകയും 40000 ആളുകളെ ബാധിക്കുകയും ചെയ്ത മണിപ്പുരിലെ വംശീയ കലാപം ആളിക്കത്തിച്ചത് വർഷങ്ങളായി നീറിക്കിടന്ന വെറുപ്പും വിദ്വേഷവും. സമീപഭാവിയിലൊരിക്കലും തിരിച്ചുവരാൻ പറ്റാത്തവിധം മുറിവേറ്റ നിലയിലാണ് മണിപ്പുർ. നൂറുകണക്കിനു ഗ്രാമങ്ങളാണ് പൂർണമായും തുടച്ചുനീക്കപ്പെട്ടത്. സംസ്ഥാനത്തെ ജനസംഖ്യയുടെ ഒന്നര ശതമാനം പേർ ഇരകളായ  അക്രമത്തിന്റെ യഥാർഥചിത്രം ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. 

മണിപ്പുരിലെ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന മെയ്തെയ് വിഭാഗവും ന്യൂനപക്ഷമായ കുക്കി ഗോത്രവിഭാഗവും തമ്മിൽ ഈ മാസം മൂന്നിന് ആരംഭിച്ച് പിറ്റേന്ന് ആളിക്കത്തിയ കലാപം ഫലപ്രദമായി നേരിടാൻ സംസ്ഥാനത്തെ ബിജെപി സർക്കാരിനു കഴിഞ്ഞില്ല. പലയിടത്തും പൊലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമികൾ അഴിഞ്ഞാടിയതെന്നു വ്യാപകമായ പരാതിയുണ്ട്. ക്രമസമാധാനപാലനത്തിന്റെ മേൽനോട്ടം ഇപ്പോൾ വഹിക്കുന്നത് കേന്ദ്ര സർക്കാർ നിയമിച്ച പ്രത്യേക സുരക്ഷാ ഉപദേഷ്ടാവാണ്. കുക്കി വംശജനായ ഡിജിപിയെ മാറ്റി പൊലീസിൽ അഴിച്ചുപണി നടന്നെങ്കിലും  ഒറ്റപ്പെട്ട അക്രമങ്ങളും കലാപങ്ങളും  തുടരുകയാണ്.

വംശീയ സംഘർഷം എന്ന നിലയിലാണ് മെയ്തെയ് -കുക്കി കലാപം തുടങ്ങിയതെങ്കിലും ഇതിനു പിന്നിൽ പല കാരണങ്ങളുണ്ട്. 220ൽ പരം പള്ളികളാണ് മണിപ്പുരിൽ അക്രമികൾ കത്തിച്ചതെന്ന് ഇംഫാൽ അതിരൂപതാ വക്താവ് പറഞ്ഞു. ഇതിൽ നൂറിലധികം പള്ളികൾ മെയ്തെയ് ക്രിസ്ത്യൻ വിഭാഗത്തിന്റേതാണ്. 12 ഹിന്ദു ദേവാലയങ്ങൾ തകർക്കപ്പെട്ടതായി മെയ്തെയ് സംഘടനകളും ആരോപിച്ചു.

ഒരുങ്ങിയിരുന്നു; ആരെയും ഒഴിവാക്കിയുമില്ല

മെയ്തെയ് -കുക്കി കലാപം പൊട്ടിപ്പുറപ്പെടുന്നതിനു മുൻപുതന്നെ അതു മുന്നിൽകണ്ട് ഒരു വിഭാഗമെങ്കിലും സജ്ജമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇംഫാൽ താഴ്‌വരയിൽ മെയ്തെയ്കൾക്കൊപ്പം ചെറിയതോതിൽ കുക്കികളും നാഗകളും ഇടകലർന്നു താമസിക്കുന്നുണ്ട്. കലാപം പൊട്ടിപ്പുറപ്പെട്ട് മണിക്കൂറുകൾക്കകം ആയിരക്കണക്കിനാളുകൾ ഉൾപ്പെടുന്ന സംഘങ്ങൾ കുക്കി വീടുകൾ തിരഞ്ഞുപിടിച്ച് അഗ്നിക്കിരയാക്കി;   കുക്കികളെ കണ്ടുപിടിച്ചു കൊലപ്പെടുത്തി. കലാപങ്ങളുടെ ഇരകൾ പലപ്പോഴും സാധാരണക്കാരാണെങ്കിൽ ഇത്തവണ ആരും ഒഴിവാക്കപ്പെട്ടില്ല. കുക്കി നേതാവും ബിജെപി മന്ത്രിയുമായ ലെറ്റ്പാവോ ഹവോകിപിന്റെ ഇംഫാലിലെ വീട് കത്തിച്ചു. പ്രമുഖ ബിജെപി എംഎൽഎയും കുക്കി വംശജനുമായ വുങ് സാഗിൻ വാൾട്ടെയെ മർദിച്ചു മൃതപ്രായനാക്കി. ഡൽഹി അപ്പോളോ ആശുപത്രിയിലേക്കു വിമാനത്തിൽ കൊണ്ടുപോയ അദ്ദേഹം മരണത്തെ മുഖാമുഖം കണ്ടശേഷം ജീവിതത്തിലേക്കു മടങ്ങുകയാണ്. കുക്കി ഭൂരിപക്ഷ മേഖലകളിൽ ചെറിയ തുരുത്തുകളിലായി താമസിച്ചിരുന്ന മെയ്തികളും ആക്രമണത്തിനിരയായി. ഒട്ടേറെ മെയ്തെയ് ഗ്രാമങ്ങൾ ചാമ്പലായി. അനേകം മെയ്തെയ്കൾ കൊല്ലപ്പെട്ടു.

സംസ്ഥാന പൊലീസ് മേധാവിയും കുക്കി വിഭാഗക്കാരനുമായ പി.ഡൊംഗലൊഴികെ മുഴുവൻ കുക്കി ഐഎഎസ്, ഐപിഎസ്, എം സിഎസ് (മണിപ്പുർ സിവിൽ സർവീസ്) ഉദ്യോഗസ്ഥരും ഇംഫാൽ വിട്ടു. കുക്കി എംഎൽഎമാരെല്ലാം മിസോറം തലസ്ഥാനമായ ഐസോളിലേക്കു പലായനം ചെയ്തു. കുക്കി മേഖലകളിൽ ജോലി ചെയ്തിരുന്ന മെയ്തെയ് ഉദ്യോഗസ്ഥർ ഇംഫാലിലേക്കു മടങ്ങി.

കുന്നുകളും താഴ്‌വരയും തമ്മിൽ...

ഭൂമിശാസ്ത്രപരമായി രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ് മണിപ്പുർ. ഇംഫാൽ താഴ്‌വരയും കുന്നുകളും എന്ന നിലയിൽ. സംസ്ഥാനത്തെ പ്രബല വിഭാഗമായ മെയ്തെയ്കൾ താമസിക്കുന്നത് ഇംഫാൽ താഴ്‌വരയിലാണ്. ജനസംഖ്യയുടെ 40 ശതമാനം വരുന്ന കുക്കികളും നാഗകളും മറ്റു ഗോത്രവിഭാഗങ്ങളും താമസിക്കുന്നത് സംസ്ഥാനത്തിന്റെ 90 ശതമാനം ഉൾപ്പെടുന്ന കുന്നുകളിലും. വികസനപ്രവർത്തനങ്ങളും ജീവിതസൗകര്യങ്ങളും താഴ്​വരയിലാണ്. 

    ഗോത്രമേഖലയായ കുന്നുകളിൽ ജീവിതം ദുരിതപൂർണമാണ്. അവിടെ ഭൂഉടമസ്ഥാവകാശം ഗോത്രവിഭാഗങ്ങൾക്കു മാത്രമാണ്. താഴ്​വരയിൽ ഭൂമി വാങ്ങുന്നതിനും അവർക്കു തടസ്സമില്ല. 90 % ഭൂമി ഗോത്ര വിഭാഗങ്ങൾ കൈവശം വയ്ക്കുന്നതും അതോടൊപ്പം താഴ്​വരയിലേക്കു കുടിയേറുന്നതും മെയ്തെയ്കളിലെ പുതിയ തലമുറയെ രോഷം കൊള്ളിച്ചു. മ്യാൻമറിലുള്ള കുക്കി ഗോത്രങ്ങൾ അതിർത്തികടന്ന് മണിപ്പുരിലേക്ക് എത്തിയത് ഈ പ്രതിഷേധം ആളിക്കത്തിച്ചു. തങ്ങളുടെ വിഭവ സ്രോതസ്സുകൾ പുതിയ കുക്കികളും പഴയ കുക്കികളും ചേർന്നു കയ്യടക്കുകയാണെന്നു മെയ്തെയ്കൾ ആരോപിച്ചു. ജനപ്പെരുപ്പംമൂലം ഇംഫാൽ താഴ്​വരയിൽ ജീവിതം ഇടുങ്ങിയതോടെ കുന്നുകളിൽ തങ്ങൾക്കും അവകാശം വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു തുടങ്ങി. 

കുക്കി ഗോത്രത്തിന്റെ വിദ്യാഭ്യാസപരമായ മുന്നേറ്റവും താഴ്‌വരകളിൽ അസ്വസ്ഥത സൃഷ്ടിച്ചു. ചുരാചന്ദ്പുരിലെയും മറ്റും മിഷനറി സ്കൂളുകളിൽ പഠിച്ച കുക്കികൾ ഭരണസിരാകേന്ദ്രം കയ്യടക്കിത്തുടങ്ങി. ജനറൽ മെറിറ്റിൽ മത്സരിക്കുന്ന മെയ്തെയ്കൾ പിന്നിലായിപ്പോകുന്നുവെന്ന് ബുദ്ധിജീവികൾ അസ്വസ്ഥത പ്രകടിപ്പിച്ചു. അഖിലേന്ത്യ സർവീസിൽ മാത്രമല്ല, സ്റ്റേറ്റ് സിവിൽ സർവീസിലും പ്രധാനജോലികളിൽ കുക്കികളാണ്. അടുത്ത പത്തുവർഷത്തേക്കുള്ള ചീഫ് സെക്രട്ടറി, ഡിജിപി സീനിയോറിറ്റി പട്ടികയിലും കുക്കികളാണുള്ളത്. മെയ്തെയ് അസോസിയേഷനുകൾ പുറത്തുവിട്ട കണക്കുകളനുസരിച്ച് സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ് ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരിൽ 80 ശതമാനവും കുക്കികളാണ്. താഴെത്തട്ടിലുള്ള ജീവനക്കാരിൽ ഭൂരിപക്ഷം മെയ്തെയ്കളും.

maipur-graph

ആരംഭായുടെ ആരംഭവും പാരമ്പര്യചിന്തയും

ഗോത്രവിഭാഗങ്ങൾക്കെതിരെയുള്ള എതിർപ്പ് ആളിക്കത്തിച്ചതിൽ മെയ്തെയ് വിഭാഗത്തിലെ തീവ്രവാദചിന്തകൾക്കും പങ്കുണ്ട്. ക്രിസ്തുമതം  പുരാതന മെയ്തെയ് സംസ്കാരത്തെ നശിപ്പിക്കുകയാണെന്നു പറഞ്ഞുള്ള പരസ്യവിചാരണകൾ ആരംഭിച്ചത് സമീപകാലത്താണ്. മെയ്തെയ്കളിൽ ചെറിയൊരു വിഭാഗം ക്രിസ്തുമത വിശ്വാസികളും മുസ്‌ലിംകളുമാണ്. കലാപത്തിന്റെ മറവിൽ ക്രിസ്ത്യൻ മെയ്തെയ് വിഭാഗത്തിന്റെ പള്ളികൾ കത്തിച്ചത് അതിനാലാണ്.   

മണിപ്പുർ ജനത ഹിന്ദുവിഭാഗത്തിലേക്കു പരിവർത്തനം ചെയ്യുന്നതിനു മുൻപുണ്ടായിരുന്ന മെയ്തെയ് സനാമഹിസ(പ്രകൃതി ആരാധന)ത്തിന്റെ ഉയിർത്തെഴുന്നേൽപിന് മറ്റൊരു വിഭാഗം ശ്രമിച്ചു. മണിപ്പുർ സംസ്കാരത്തെ സംരക്ഷിക്കാൻ ആരംഭിച്ച ആരംഭായ് ടെൻഗോൾ, മെയ്തെയ് ലീപുൻ എന്നീ തീവ്രവാദ ഗ്രൂപ്പുകളിൽ ആയിരക്കണക്കിനു മെയ്തെയ് ചെറുപ്പക്കാർ ചേർന്നു. മുഖ്യമന്ത്രി ബിരേൻ സിങ്ങാണ് ആരംഭായുടെ തലതൊട്ടപ്പനെന്നു കുക്കി വിഭാഗം ആരോപിച്ചു. ഇംഫാൽ താഴ്‌വരയിൽ നൂറുകണക്കിനു പള്ളികളും വീടുകളും അഗ്നിക്കിരയാക്കിയതിൽ കറുത്ത വസ്ത്രങ്ങളണിഞ്ഞ ആരംഭായുടെ പങ്ക് മെയ്തെയ്കൾപോലും തള്ളിക്കളയുന്നില്ല.

ചരിത്രപരമായി പോരാളികളായ മെയ്തെയ്കൾ ആയുധപരിശീലനം നടത്തുന്നത് അടച്ചടക്കത്തിന്റെയും പാരമ്പര്യത്തിന്റെയും സംരക്ഷണത്തിനായാണെന്നാണ് സംഘടനാ ഭാരവാഹികൾ പറയുന്നത്. ഇംഫാൽ സ്മാർട് സിറ്റിയുടെ സർവേ എന്ന വ്യാജേന ആരംഭായുടെ പ്രവർത്തകർ തങ്ങളുടെ വീടുകൾ ചുവന്ന സ്പ്രേ പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തിയിരുന്നുവെന്ന് കുക്കി സംഘടനകൾ ആരോപിക്കുന്നു. 

ആരംഭായുടെ സമ്മേളനം.
ആരംഭായുടെ സമ്മേളനം.

പ്രത്യേക ഭരണപ്രദേശം ആവശ്യപ്പെട്ട് കുക്കികൾ

‘രണ്ടാംതവണ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ മുഖ്യമന്ത്രി ബിരേൻ സിങിന് കലാപം തടയാൻ സാധിക്കാത്തതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാൻ കഴിയില്ല. തിരഞ്ഞെടുപ്പിൽ 10 കുക്കി സീറ്റുകളിൽ ഏഴെണ്ണത്തിൽ ബിജെപിയെ ജയിപ്പിച്ച ഗോത്രവിഭാഗം ഇപ്പോൾ ബിരേൻ സിങ്ങിനെയോ മണിപ്പുർ സർക്കാരിനെയോ വിശ്വാസമില്ലെന്ന് തുറന്നടിക്കുന്നു. ഗോത്ര മേഖലകൾക്കായി പ്രത്യേക ഭരണപ്രദേശം വേണമെന്ന് 10 കുക്കി എംഎൽഎമാരും ഒപ്പിട്ട നിവേദനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കൈമാറിയിരിക്കുകയാണ്.

പതിറ്റാണ്ടുകളായി മരവിപ്പിക്കപ്പെട്ടിരുന്ന വനം നിയമങ്ങൾ ബിരേൻ സിങ് ഉരുക്കുമുഷ്ടിയോടെ നടപ്പാക്കിയതാണ് കുക്കി ഗോത്രങ്ങളെ  ചൊടിപ്പിച്ചത്. സംരക്ഷിതവനത്തിലുള്ളിലാണെന്ന് പറഞ്ഞ് കുക്കി ഗ്രാമങ്ങൾ ബുൾഡോസർ ഉപയോഗിച്ചു തകർത്തു. കുക്കി കുന്നുകളിൽ വ്യാപകമായിരുന്ന നിയമവിരുദ്ധ പോപ്പി കൃഷി സർക്കാർ നശിപ്പിച്ചു. മ്യാൻമറിൽനിന്നെത്തുന്ന കുക്കി കുടിയേറ്റക്കാർക്കു നേരെ ശക്തമായ നടപടി  സ്വീകരിച്ചു. ഏറ്റവും ഒടുവിൽ മെയ്തെയ് വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കം കൂടിയായതോടെ ഗോത്ര വിഭാഗം പ്രതിഷേധവുമായി തെരുവിലിറങ്ങി. മൂന്നിനു നടന്ന ട്രൈബൽ സോളിഡാരിറ്റി മാർച്ചിനോടു ചേർന്നു നടന്ന അക്രമങ്ങളാണ് സംസ്ഥാനമൊട്ടാകെ വ്യാപിച്ചത്. 

കലാപം ആര് ആദ്യം തുടങ്ങി എന്നതു സംബന്ധിച്ച് ഇരുവിഭാഗവും പരസ്പര ആരോപണങ്ങളാണുന്നയിക്കുന്നത്. സർക്കാരുമായി സമാധാനക്കരാർ ഒപ്പിട്ട കുക്കി സായുധ സേനകളിലെ അംഗങ്ങൾ ചുരാചന്ദ്പുരിലെ റാലിയിൽ തോക്കുകളുമായി പങ്കെടുത്തെന്നും തങ്ങളുടെ ഗ്രാമങ്ങൾ ചുട്ടെരിച്ചെന്നും മെയ്തെയ് സംഘടനകൾ ആരോപിച്ചു. സമാധാനപരമായ റാലി കഴിഞ്ഞു മടങ്ങിയവരെ മെയ്തെയ്കളാണ് ആക്രമിച്ചതെന്നും ലെയ്സാങ്ങിലെ ആംഗ്ലോ കുക്കി സെന്റിനറി ഗേറ്റ് മെയ്തെയ് വിഭാഗത്തിലെ അക്രമികൾ തകർത്തതാണ് പ്രശ്നങ്ങൾക്കു കാരണമെന്നും മറുവിഭാഗവും ആരോപിക്കുന്നു. 

‘പലവട്ടം സഹായം തേടിയിട്ടും പൊലീസ് എത്തിയില്ല’

കലാപത്തിൽ പട്ടാപ്പകൽ പള്ളിയും വൈദികപഠനശാലയും കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തപ്പോൾ പൊലീസ് സഹായം ലഭിച്ചില്ലെന്ന് ഇംഫാൽ നഗരഹൃദയത്തിലുള്ള സെന്റ് പോൾസ് ഇടവക വികാരിയും പാസ്റ്ററൽ ട്രെയ്നിങ് സെന്റർ ഡയറക്ടറുമായ ഫാ. ഐസക് ഹൊൻസാങ് മനോരമയോടു പറഞ്ഞു. ജീവൻ പണയം വച്ചാണ് പാസ്റ്ററൽ സെന്ററിലെ കുക്കി വൈദിക വിദ്യാർഥികളെ ഒളിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നിനു രാത്രി ഒരു സംഘം അക്രമികളെത്തി കുക്കി വിദ്യാർഥികൾക്കായി ഓരോ മുറിയിലും തിരച്ചിൽ നടത്തി. പൊലീസിനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിറ്റേന്നു രാവിലെ 9 മണിയോടെ വീണ്ടും പുതിയ സംഘങ്ങളെത്തി കൊള്ളയാരംഭിച്ചു.  കോഴിയും താറാവും ഉൾപ്പെടെയുള്ളവ വരെ കൊള്ളയടിച്ചു. വൈകുന്നേരം വരെ അഴിഞ്ഞാടിയ സംഘം പാസ്റ്ററൽ സെന്ററിനും പള്ളിക്കും തീയിട്ടു. പലവട്ടം പൊലീസിനെ വിളിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല: അദ്ദേഹം പറഞ്ഞു.

പെട്രോളും ഗ്യാസ് സിലിണ്ടറുകളും ഉപയോഗിച്ചു കത്തിച്ചതിനാൽ പള്ളിയുടെ ടൈൽ വരെ ഇളകിപ്പോയി. സ്പെയിനിൽനിന്നു കൊണ്ടുവന്ന ക്രൂശിതരൂപം തല്ലിത്തകർത്തു. ഇടവകയിലെ ഭൂരിപക്ഷം പേർ മെയ്തെയ് ക്രിസ്ത്യൻ വിശ്വാസികളാണ്. പള്ളിയോടു ചേർന്നുള്ള ഇംഫാൽ സെന്റ് ജോസഫ് സ്കൂളിൽ പഠിക്കുന്നവരിലേറെയും മെയ്തെയ്കൾ ഉൾപ്പെടെയുള്ള ഇതര മതസ്ഥരാണെന്നും ഇത്തരം അക്രമം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫാ. ഐസക് പറഞ്ഞു. താങ്കുൽ എന്ന നാഗാ ഗോത്രക്കാരനായതുകൊണ്ടുമാത്രമാണ് ഫാ. ഐസക്കിനു ജീവൻ തിരിച്ചുകിട്ടിയത്. പാസ്റ്ററൽ സെന്ററിനും പള്ളിക്കുമായി കോടികളുടെ നഷ്ടമാണു സംഭവിച്ചത്.

English Summary : Writeup about Manipur riots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com