ADVERTISEMENT

പുതിയ അധ്യയനവർഷം ശ്രദ്ധിക്കേണ്ട ചിലതും, പരീക്ഷിക്കാവുന്ന ചില മാതൃകകളുമാണ് വിവിധ മേഖലകളിലുള്ളവർ ഇന്നു പങ്കുവയ്ക്കുന്നത്.

ഉച്ചഭക്ഷണത്തിന്; തുറക്കാം, സമൂഹ അടുക്കള

സ്കൂളുകളിൽ ഉച്ചഭക്ഷണം കൊടുക്കാൻ അധ്യാപകർ നെട്ടോട്ടമോടുന്നത് അവസാനിപ്പിക്കണം. അവരുടെ ആ മണിക്കൂറുകൾ പാഠ്യകാര്യങ്ങൾക്ക് ഉപയോഗിച്ചാൽ ഗുണം വിദ്യാർഥികൾക്കു തന്നെയാണ്. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് സ്കൂളുകളിൽനിന്നു മോചിപ്പിച്ച് തദ്ദേശഭരണ സംവിധാനത്തിന്റെ കീഴിലാക്കുകയും കുറച്ചു സ്കൂളുകളെ ചേർത്ത് സമൂഹഅടുക്കള (കമ്യൂണിറ്റി കിച്ചൻ) രൂപീകരിക്കുകയുമാണു പരിഹാരം. നിലവിലെ പാചകത്തൊഴിലാളികളെ പൂൾ ചെയ്ത് കുടുംബശ്രീ രൂപത്തിൽ സംഘടിപ്പിക്കാം. ഉച്ചഭക്ഷണത്തിനു ശേഷമുള്ള സമയം അവർക്കു മറ്റു ഭക്ഷണ വിപണന സാധ്യതകൾ പരീക്ഷിച്ച് അധികവരുമാനവും കണ്ടെത്താം.

ഈ പൊതു അടുക്കളയിൽനിന്നു സ്കൂളുകളിലേക്ക് ഉച്ചഭക്ഷണം എത്തിക്കണം. രാവിലെ ഓട്ടം കഴിഞ്ഞ സ്കൂൾ വാഹനങ്ങൾ ഇതിനായി ഉപയോഗിക്കാം. വിവിധ സ്കൂളുകൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ വാഹനങ്ങൾ വിട്ടുകൊടുക്കണം.

സംസ്ഥാന- ജില്ല- പഞ്ചായത്ത്/ നഗരസഭാതലങ്ങളിൽ മേൽനോട്ട സംവിധാനമേർപ്പെടുത്തണം. സർക്കാർ ഫണ്ടിനു പുറമേ പ്രാദേശിക ജനപങ്കാളിത്തത്തോടെ വിഭവസമാഹരണം നടത്തി പദ്ധതി വിപുലപ്പെടുത്തണം.

വി. മനോജ് (മുൻ അധ്യാപകൻ,സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ ദേശീയ റിവ്യു മിഷനിൽ സുപ്രീംകോടതി നിയോഗിച്ച പ്രതിനിധി)

തദ്ദേശസ്ഥാപനങ്ങൾക്ക് എന്തു ചെയ്യാം ?; കരിയർ വിങ്സിൽ പറക്കാം

ഇഷ്ടപ്പെട്ട കരിയർ, അതിനു ചേരേണ്ട കോഴ്സ് ഇതെപ്പറ്റി വലിയ ഗ്രാഹ്യമില്ലാതെയാണു കുട്ടികൾ പ്ലസ്ടു കോഴ്സ് തിരഞ്ഞെടുക്കുന്നത്. ഇതു പിന്നീട് ദിശാബോധമില്ലായ്മയിലേക്കും നിരാശയിലേക്കും നയിക്കും. ഇതിനു പരിഹാരമാണു മലപ്പുറം ജില്ലാ പഞ്ചായത്ത് രൂപപ്പെടുത്തിയ ‘കരിയർ വിങ്സ്’ പദ്ധതി.

എസ്എസ്എൽസി എഴുതിയ മുഴുവൻ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പ്ലസ്ടു കോഴ്സ് തിരഞ്ഞെടുക്കുന്നതിനു മുൻപ് കരിയർ ഗൈഡൻസ് ക്ലാസ്. എല്ലാ ഹൈസ്കൂളിലും മേയ് മുപ്പതിനകം നടത്താൻ നിർദേശിച്ചു. 90% പൂർത്തിയായി.

ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ കരിയർ ഗൈഡൻസ് ചുമതല വഹിക്കുന്ന അധ്യാപകരിൽ സേവന സന്നദ്ധരായ 70 പേരെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകി. പിന്നാലെ ജില്ലയിലെ മുഴുവൻ ഹൈസ്കൂൾ പ്രധാനാധ്യാപകരുടെയും അധ്യാപക രക്ഷാകർതൃ സമിതി (പിടിഎ) ഭാരവാഹികളുടെയും യോഗം വിളിച്ചു. എങ്ങനെ ക്ലാസുകൾ നടത്തണമെന്ന നിർദേശം നൽകി. കരിയർ വിദഗ്ധർ ഓരോ സ്കൂളിലും 3 മണിക്കൂർ വീതം ക്ലാസെടുത്തു. കുട്ടികളുടെ സംശയനിവാരണത്തിനും അവസരമുണ്ടായി.

ഹയർ സെക്കൻഡറി തലത്തിലെ ഇടപെടൽ

educational-region
എം കെ റഫീഖ, വി മനേജ്, ഡോ.ശങ്കരനാരായണൻ പാലേരി, ഡോ.പി വി പുരുഷോത്തമൻ

∙ സ്കൂളുകളിൽ അഭിരുചി പരീക്ഷ നടത്തി തിരഞ്ഞെടുത്ത 1250 കുട്ടികൾക്ക് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി) എഴുതാൻ പരിശീലനം നൽകി. കഴിഞ്ഞ വർഷം മാത്രം 200 വിദ്യാർഥികളാണ് ഇത്തരത്തിൽ ദേശീയ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയത്.

∙ പ്ലസ്ടു കൊമേഴ്സ് വിദ്യാർഥികൾക്കായി അഭിരുചി പരീക്ഷ നടത്തി. വിജയിച്ചവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ ജിഎസ്ടി ക്രാഷ് കോഴ്സ് പരിശീലനം നൽകി. 197 പേർ കോഴ്സ് സർട്ടിഫിക്കറ്റ് നേടി സ്കൂൾകാലം കഴിയും മുൻപേ ജോലിക്കു പ്രാപ്തരായി.

∙ മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷാപരിശീലനം, സിവിൽ സർവീസ് പരിശീലനം, തൊഴിൽ സംരംഭകത്വ പരിശീലനം, എസ്‌‌സി വിദ്യാർഥികൾക്കു പിഎസ്‌സി പരിശീലനം എന്നിവ ഉടൻ തുടങ്ങും.

എം.കെ.റഫീഖ ( മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് )

ഭിന്നശേഷിക്കാർക്ക്; വേണം, പ്രത്യേക പരിഗണന

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളെല്ലാം നടന്നിരുന്നെങ്കിൽ കേരളത്തിൽ ഭിന്നശേഷിക്കാരുടെ ജീവിതംതന്നെ മാറിമറിഞ്ഞേനെ. എസ്എസ്കെ (സമഗ്ര ശിക്ഷ -കേരളം) പദ്ധതിയിലൂടെ ബ്ലോക്ക് റിസോഴ്സ് സെന്ററു(ബിആർസി)കൾ വഴിയാണ് സ്‌കൂളുകളിൽ ഇപ്പോൾ ഭിന്നശേഷി കുട്ടികൾക്കു പൊതുവിദ്യാഭ്യാസം ഉറപ്പാക്കുന്നത്. പഠനകിറ്റ് നൽകൽ, പരീക്ഷ എഴുതാൻ സഹായികളെ (സ്ക്രൈബ്) ഏർപ്പാടാക്കൽ, പഠനസംവിധാനം ചിട്ടപ്പെടുത്തൽ, കിടപ്പുരോഗികളായ കുട്ടികളുടെ വീട്ടിലെത്തി അധ്യയനം നൽകൽ, ഓഡിയോ ക്ലാസുകൾ കേൾക്കാൻ സ്പീക്കർ ലഭ്യമാക്കൽ, കണ്ണട വിതരണംചെയ്യൽ, വിവിധ ഉപകരണങ്ങളും പഠന സഹായികളും നൽകൽ തുടങ്ങി സാമൂഹികക്ഷേമ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പദ്ധതികൾ നിലവിലുണ്ട്. പക്ഷേ, ഇതെല്ലാം ആ മേഖല അർഹിക്കുന്നതിന്റെ പാതിയേ ആവുന്നുള്ളൂ.

ശ്രദ്ധിക്കേണ്ട ചിലതുണ്ട്

∙ ഓരോ കുട്ടിയുടെയും ഭിന്നശേഷി തിരിച്ചറിഞ്ഞ് പ്രത്യേകം പരിശീലനമാണു നൽകേണ്ടത്. പൊതുവായ കരിക്കുലം ഗുണം ചെയ്യില്ല. അതിനു പരിശീലനം നേടിയ സ്പെഷൽ അധ്യാപകരുടെ എണ്ണം കൂട്ടണം.

∙ ഒരു സ്പെഷൽ എജ്യുക്കേറ്റർ ഒന്നിലേറെ സ്കൂളുകളിൽ സേവനം ചെയ്യുന്ന ഇപ്പോഴത്തെ രീതിയിൽ ഒരു സ്കൂളിൽ പരമാവധി 2 ദിവസമാണു കിട്ടുന്നത്. ദിവസവും സ്പെഷൽ എജ്യുക്കേറ്ററുടെ സേവനമുണ്ടാകണം.

∙ വീട്ടിൽ തന്നെ കഴിയേണ്ടിവരുന്ന കുട്ടികൾക്ക് മൊബൈലിൽ സ്കൂളിലെ ക്ലാസിൽ ലൈവ് ആയി പങ്കെടുക്കാൻ സൗകര്യമൊരുക്കാം. ഇവർക്ക് ഡേറ്റാ ലഭ്യതകൂടി സർക്കാർ ഉറപ്പാക്കണം.

∙ കുട്ടികളുടെ പ്രാപ്തിയും ആവശ്യവും പരിഗണിക്കാതെ കുറെ സാധനങ്ങൾ ഒന്നാകെ വാങ്ങിക്കൂട്ടി വിതരണം ചെയ്യുന്ന രീതി മാറണം.

∙ എൻഡോസൾഫാൻ ഇരകളെപ്പോലെ ദുരിതമനുഭവിക്കുന്ന കുട്ടികൾക്കു പ്രത്യേക വിദ്യാഭ്യാസ സഹായരീതി ഏർപ്പെടുത്തണം.

∙ ജോലിഭാരം കൂടുതലായിട്ടും തീരെ ശമ്പളം ലഭിക്കാത്തവരാണു സ്‌പെഷൽ ടീച്ചേഴ്സ്. ജോലിഭാരത്തിനനുസരിച്ച് അവർക്ക് അർഹിക്കുന്ന വേതനം ഉറപ്പാക്കണം.

∙ ഓരോ ഭിന്നശേഷിക്കും ആവശ്യമായ തെറപ്പിസ്റ്റുകളും വേണം. സ്പീച്ച് തെറപ്പി വേണ്ടിടത്ത് ഒക്യുപേഷനൽ തെറപ്പിസ്റ്റിനെ നിയമിക്കുന്നതൊക്കെ പതിവാണ്.

∙ ‘നിരാമയ’ പോലെയുള്ള ഇൻഷുറൻസ് പദ്ധതികളെക്കുറിച്ചുള്ള അറിവ് രക്ഷിതാക്കൾക്കു നൽകണം. പക്ഷേ, ഇത്തരം കുട്ടികളെ വച്ചുള്ള സെമിനാറുകളിലെ ദീർഘപ്രസംഗങ്ങൾ കഷ്ടം തന്നെ. രണ്ടു നിമിഷം പോലും അടങ്ങിയിരിക്കാൻ കഴിയാത്ത കുട്ടിയെയുംകൊണ്ട് വിവിധ ആവശ്യങ്ങൾക്കും പരിപാടികൾക്കും രക്ഷിതാക്കൾ കയറിയിറങ്ങേണ്ടി വരുന്നത് ഒഴിവാക്കണം. 

ഡോ.ശങ്കരനാരായണൻ പാലേരി (ഒറ്റപ്പാലം എൻഎസ്എസ് ട്രെയ്നിങ് കോളജ് സോഷ്യൽ സയൻസ് വിഭാഗം മേധാവി, ഭിന്നശേഷി രംഗത്തെ ഗവേഷകൻ)

പ്രീ പ്രൈമറി മാ‌റണം; കുഞ്ഞുങ്ങൾ ദേശീയസമ്പത്ത്

സ്കൂൾ പഠനത്തിന്റെ മികച്ച അടിത്തറയായി 6 വയസ്സിനു മുൻപുള്ള വിദ്യാഭ്യാസം മാറ്റണം. സ്വീഡൻ, ഫിൻലൻ‍ഡ് തുടങ്ങിയ സ്കാൻഡിനേവിയൻ രാജ്യങ്ങൾ കുഞ്ഞുങ്ങളെ ദേശീയ സമ്പത്തായി പരിഗണിച്ചാണു നയരൂപീകരണം നടത്തുന്നത്. നമ്മുടെ നാട്ടിൽ റോഡും പാലവും വികസന മുൻഗണന നേടുമ്പോൾ കുഞ്ഞുങ്ങളുടെ വളർച്ചയും വിദ്യാഭ്യാസവും പിന്തള്ളപ്പെടുന്നു. 

ചില നിർദേശങ്ങൾ ചുവടെ:

∙ മുടങ്ങിക്കിടക്കുന്ന പ്രീ സ്കൂൾ ബിൽ നിയമമാക്കണം. ഇതിലെ നിബന്ധനകൾ പാലിച്ചു മാത്രമേ ഭാവിയിൽ പ്രീ സ്കൂളുകൾക്ക് അംഗീകാരം നൽകാവൂ.

∙ പ്രീസ്കൂൾ നയവും ദേശീയ കരിക്കുലത്തിലെ പ്രസക്ത നിർദേശങ്ങളും അനുസരിച്ച് എസ്‌സിഇആർടി തയാറാക്കുന്ന കരിക്കുലവും പ്രവർത്തന മാർഗരേഖയും സർക്കാർ, എയ്ഡഡ്, സ്വകാര്യ ഭേദമെന്യേ എല്ലാ സ്കൂളിലും നടപ്പാക്കണം.

∙ പ്രീപ്രൈമറി പഠനം എങ്ങനെ വേണമെന്നതിൽ രക്ഷിതാക്കൾക്കു വേണ്ടത്ര ധാരണയില്ല. ഇതു പരിഹരിക്കാനുള്ള ക്യാംപെയ്നിനു സർക്കാർ തുടക്കമിടണം. പരിശീലനച്ചുമതല ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളെ (ഡയറ്റ്) ഏൽപിക്കണം.

∙ കൂടുതൽ പ്രീ പ്രൈമറി അധ്യാപക പരിശീലനകേന്ദ്രങ്ങൾ തുടങ്ങണം. അവരുടെ കരിക്കുലവും പരിഷ്കരിക്കണം. കുട്ടികളുമായി ഇടപെടുന്നതിൽ മികവുള്ളവരെ ആകർഷിക്കണം. ഇതിന് അർഹമായ ശമ്പളവും സേവന വേതന വ്യവസ്ഥകളും ഉറപ്പാക്കണം.

∙ പ്രീ പ്രൈമറി അധ്യാപകർക്ക് എല്ലാ വർഷവും നിശ്ചിത ദിവസത്തെ തുടർപരിശീലനവും പ്രതിമാസ ക്ലസ്റ്റർതല കൂടിച്ചേരലും നിർബന്ധമാക്കണം. പഞ്ചായത്തുതലത്തിൽ ഇത് ഉറപ്പുവരുത്തണം.

ഡോ. പി.വി.പുരുഷോത്തമൻ (റിട്ട. ഡയറ്റ് ഫാക്കൽറ്റി, വിദ്യാഭ്യാസ ഗ്രന്ഥകാരൻ)

English Summary : write up about Kerala's education structure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com